ജയ് കുളമ്പിൽ (JP)
കേരളാ അസോസിയേഷൻ മുൻ പ്രസിഡണ്ട്
ഏറെക്കാലത്തിനുശേഷം യേശുദാസിന്റെ പല ആഗ്രഹങ്ങളിൽ ഒന്ന് നിറവേറ്റപ്പെടുകയാണ്. പത്മനാഭസ്വാമിക്ഷേത്രത്തിൽ പാടാനുള്ള അനുവാദം അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നു. ഇതേക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?
ഈ ചോദ്യത്തിന് നേരിട്ട് ഉത്തരം പറയുകയാണെങ്കിൽ നല്ലത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യത്തിൽ. അതേ സമയം എന്റെ വ്യക്തിപരമായ അഭിപ്രായം പറയുകയാണെങ്കിൽ ഒരു മനുഷ്യന് ദൈവത്തെ കാണാനോ പ്രാർത്ഥിക്കാനോ അനുവാദം കൊടുക്കുക എന്നത് ഒട്ടും ശരിയല്ല. പ്രത്യേകിച്ച് നമ്മുടെ ദാസേട്ടന്റെ കാര്യത്തിൽ. കാരണം മതസൗഹൃദത്തിന്റെ സ്റ്റാൻഡിങ് ബീക്കണായി തിളങ്ങി നിൽക്കുന്ന ആളാണ് ദാസേട്ടൻ. അദ്ദേഹം അനുവാദം വാങ്ങി ദൈവത്തെ കാണേണ്ട ആളല്ല. എന്നു മാത്രമല്ല, എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ദൈവത്തെ കാണാനായി എവിടെയും പോകേണ്ട കാര്യവുമില്ല. നിന്നിടത്തു നിന്ന് ദൈവത്തെ വിളിച്ചാൽ മതി. എന്നാൽ അദ്ദേഹത്തിന് അമ്പലത്തിൽ പോകണം, തൊഴണം എന്ന് ആഗ്രഹമുണ്ടെങ്കിൽ ഇതിന് അനുവാദം ചോദിക്കേണ്ട യാതൊരാവശ്യവുമില്ല. അദ്ദേഹത്തിന് ഏതൊരു അമ്പലത്തിലും കയറി ദൈവത്തെ തൊഴുതുമടങ്ങാൻ ആകും. യേശുദാസിന്റെ പോലൊരാൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദം വാങ്ങേണ്ടിവന്നു എന്ന കാര്യത്തിൽ ഒരു ഒരു ഹിന്ദു എന്ന നിലക്ക് എനിക്ക് വല്ലാത്ത ഖേദമുണ്ട്. ഇത് വളരെ ദുഃഖകരമായ ഒരു സംഗതിയാണ്. ഒരു ഹിന്ദുവായിക്കുന്നതിൽ ഞാൻ നാണിക്കുന്നു.
ഇതിനകത്ത് ഒരു രാഷ്ട്രീയ അജണ്ടയുണ്ടോ? പ്രത്യേകിച്ചും സുരേഷ് ഗോപി ഇപ്പോൾ ബിജെപിയുടെ എംപിയാണ്. അദ്ദേഹം ഇതിന് അനുവാദം കൊടുക്കണം എന്നു പറഞ്ഞു മുന്നോട്ടു വന്നിരുന്നു. അതുപോലെ സിപിഎമ്മിന്റെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അനുവാദം നൽകണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു ഇതിനെ രാഷ്ട്രീയ വത്കരിക്കാനുള്ള ഒരു ശ്രമം നടക്കുന്നുണ്ട് എന്ന് തോന്നുന്നുണ്ടോ?
യേശുദാസിന് അനുവാദം കൊടുക്കാൻ ഇവർ ആരാണ്. ഇവരൊക്കെ സാധാരണ മനുഷ്യർ മാത്രമാണ്. നമ്മൾ ആണോ ഇങ്ങനെയൊരു മനുഷ്യന് ദൈവത്തെ കാണാൻ അനുവാദം കൊടുക്കേണ്ടത്? മന്ത്രിയായിക്കോട്ടെ, ഏത് രാഷ്ട്രീയ പാർട്ടി ആയിക്കോട്ടെ ഇതിൽ രാഷ്ട്രീയം കടന്നുവരേണ്ട കാര്യമില്ല. ഇത് ആത്മീയത മാത്രമാണ്. ഹിന്ദു മതം എന്നുള്ളത് സഹിഷ്ണുതയുടെ മതമാണ്. ഇന്നു മുതലല്ല, ആയിരം കൊല്ലങ്ങൾക്കു മുൻപ് സ്വന്തം രാജ്യത്തു നിന്നും ആട്ടിപ്പായിക്കപ്പെട്ട് ഇവിടെ വന്ന ജൂതന്മാരെയും പാർസികളെയും സ്വീകരിച്ച മതമാണിത്. പിന്നീട് ഇങ്ങോട്ടേക്ക് ഇസ്ലാംമതം വന്നു. ക്രിസ്ത്യൻ മതം വന്നു. ഇതിനുള്ളിൽ തന്നെ ജൈനമതം, ബുദ്ധമതം തുടങ്ങിയവ വികസിച്ചു. ഇങ്ങനെ എല്ലാവരെയും സ്വീകരിച്ച വലിയൊരു ആലാണ് ഇത്. ഇതിനു താഴെ ഇരുന്നു തണൽ നേടാൻ ആർക്കും അവകാശമുണ്ട്. അത് നിഷേധിക്കരുത്. ഹിന്ദുമതം എന്നത് വളരെ വിശാലമായ മനസുള്ളൊരു മതമാണ്.
അതിനുള്ളിൽ കയറി പ്രാർത്ഥിക്കാൻ ആർക്കും ആരുടെയും അനുവാദം വാങ്ങേണ്ട കാര്യമില്ല. അത് ഒരു ക്രിസ്ത്യാനിയായിക്കോട്ടെ, മുസ്ലിം ആയിക്കോട്ടെ ആർക്കും ആരുടെയും അനുവാദം ആവശ്യമില്ല. സമാനമായ രീതിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ അദ്ദേഹത്തിന് പ്രവേശനം ലഭിക്കാൻ സാധ്യതയുണ്ടോ? അതായിരുന്നല്ലോ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം? കൊല്ലൂരും ശബരിമലയിലും അദ്ദേഹത്തിന് ദർശനം നടത്താനാവുമെങ്കിൽ ആ ദൈവങ്ങൾ തന്നെ ഇരിക്കുന്ന സ്ഥലമല്ലേ ഈ ഗുരുവായൂരും പത്മനാഭസ്വാമി ക്ഷേത്രവുമൊക്കെ? അതോ അവിടെ ശക്തിയില്ല, ഇവിടെ ശക്തിയുണ്ട് എന്നാണോ ഇവരൊക്കെ പറഞ്ഞു വരുന്നത്? ഇതൊക്കെ മനുഷ്യനായി ഉണ്ടാക്കിയ കുറെ നിയമ സംഹിതകൾ ആണ്. പോകാൻ പറയൂ. ഇത്തരത്തിലുള്ള മതിലുകൾ നമ്മൾ മനുഷ്യർക്കിടയിൽ ഉണ്ടാകാൻ പാടില്ല. നല്ലൊരു സമൂഹത്തിന് പരസ്പരമുള്ള വിശ്വാസവും ബഹുമാനവും ആണ് നമുക്ക് വേണ്ടത്. അതിനായി ഈ മതിലുകൾ തകർക്കപ്പെടേണ്ടത് അത്യാവശ്യമാണ്.
Comments