അമേരിക്കയിലെ പുതിയ നിയോഗത്തെ എങ്ങനെ വിലയിരുത്തുന്നു...?
അമേരിക്ക ഏറ്റവും വികസിത രാജ്യമാണ്. അവിടെ കുടിയേറി പാര്‍ത്തിരിക്കുന്ന നമ്മുടെ മലങ്കര മക്കളെയും അവരുടെ ആത്മീയഅജപാലക കാര്യങ്ങള്‍ പ്രത്യേകമായിട്ടും ശ്രദ്ധിക്കുക എന്ന ദൗത്യമാണ് എന്നില്‍ നിക്ഷിപ്തമായിരിക്കുന്നത്. അത് ദൈവനിയോഗമായി സ്വീകരിക്കുന്നു. അതിന് എന്നെ പൂര്‍ണമായും സമര്‍പ്പിക്കുന്നു.
ഞാന്‍ ഇന്ത്യയില്‍ പഠിച്ചവനാണ്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഏഴുവര്‍ഷമായി കര്‍ഷകരുടെയും സാധാരണക്കാരുടെയും ഇടയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അവരുടെ ഇടയില്‍ ജീവിക്കുന്നു, അവരുടെ ഇടയില്‍നിന്നും സോഫിസ്റ്റിക്കേറ്റഡായ ഒരു സമൂഹത്തിലേക്ക് വരുമ്പോള്‍ അതിന്റെ വെല്ലുവിളികള്‍ വളരെ വലുതാണെന്ന് എനിക്ക് ബോധ്യമുണ്ട്. ആ വെല്ലുവിളികള്‍ എന്താണെന്ന് തിരിച്ചറിയുകയും അതിനോട് ആരോഗ്യകരമായ രീതിയില്‍ പ്രതികരിക്കാനും പ്രതിപ്രവര്‍ത്തിക്കാനുമുള്ള ആഗ്രഹം എന്നില്‍ എപ്പോഴുമുണ്ട്.
പുതിയ നിയോഗം ഏറ്റെടുക്കുമ്പോഴുള്ള പ്രതീക്ഷകള്‍...?
ദൈവം വെളിപ്പെടുത്തി തരുന്ന ദൗത്യങ്ങള്‍, അതിന്റെ വിശ്വസ്തതയിലും പൂര്‍ണതയിലും സമഗ്രതയിലും നിര്‍വഹിക്കുക എന്ന വിശാലമായ ആഗ്രഹവും പ്രതീക്ഷയുമാണുള്ളത്. അമേരിക്കയിലെ സാഹചര്യങ്ങള്‍ കൃത്യമായി അറിയാത്തതുകൊണ്ട് കാര്യങ്ങള്‍ കൃത്യമായി പഠിച്ചശേഷം വളരെ വിശാലമായ ആലോചനകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ശേഷമായി കാര്യപരിപാടികളും കര്‍മപരിപാടികളും ഒക്കെ വിഭാവനം ചെയ്യണം, ആവിഷ്‌കരിക്കണം. ഇതൊക്കെയാണ് മനസിലുള്ള ആഗ്രഹങ്ങള്‍.
പ്രവാസികള്‍ക്കിടയില്‍, പ്രത്യേകിച്ചും നോര്‍ത്ത് അമേരിക്കയില്‍ വിശ്വാസികളുടെ വളര്‍ച്ചയെ എങ്ങനെ വിലയിരുത്തുന്നു...?
അമേരിക്കന്‍ സഭയെ കുറിച്ച് ആഴത്തിലുള്ള ഒരു അറിവ് എനിക്കില്ല. അമേരിക്കയില്‍ രണ്ടുവര്‍ഷം മുമ്പ് ഒരു കണ്‍വന്‍ഷനില്‍ പ്രസംഗിക്കാന്‍ വന്ന ഓര്‍മ മാത്രമേ ഉള്ളൂ. കഷ്ടിച്ച് ഒരാഴ്ച മാത്രമേ അവിടെ താമസിച്ചിട്ടുള്ളൂ. വസ്തുനിഷ്ഠമായ ഒരു അറിവ് അമേരിക്കന്‍ സാഹചര്യത്തെ കുറിച്ചില്ല. എങ്കിലും കണ്ടറിഞ്ഞതും കേട്ടതുമായ അറിവില്‍നിന്നും അമേരിക്കന്‍ സഭയെ പറ്റി വളരെ അഭിമാനവും ആദരവുമാണ് എനിക്കുള്ളത്. ആദ്യ തലമുറ കുടുംബത്തിനു വേണ്ടി ചെയ്ത വലിയ ത്യാഗങ്ങള്‍ ഉജ്ജ്വലങ്ങളാണ്. നാട്ടിലുള്ള മാതാപിതാക്കളെ സംരക്ഷിക്കുക, അവിടെ ജനിച്ച കുഞ്ഞുങ്ങളെ വളര്‍ത്തുക...ദൈവവിശ്വാസവും കഠിനാധ്വാനവും ഒരുപോലെ സമന്വയിപ്പിച്ചുകൊണ്ട് ജീവിച്ച ഒരു തലമുറ.
നാളിതുവരെയുള്ള ഇടയശുശ്രൂഷകളിലെ അനുഭവം പുതിയ ദൗത്യത്തിന് എങ്ങനെ മുതല്‍ക്കൂട്ടാകും...?
ദൈവകൃപയാല്‍ വളരെ വ്യത്യസ്തമായ ഇടയ ശുശ്രൂഷയാണ് ഞാന്‍ നിര്‍വഹിച്ചിരിക്കുന്നത്. വൈദികനായ ശേഷം എന്റെ ആദ്യത്തെ അഞ്ചു വര്‍ഷങ്ങള്‍ ഇടുക്കി ജില്ലയിലാണ്. വണ്ടന്‍മേട്, കട്ടപ്പന, ചെറ്റുകുഴി, കഞ്ഞിക്കുഴി, മുളകരമേട് തുടങ്ങിയ മേഖലകളില്‍ തികച്ചും കര്‍ഷകരായ, കുടിയേറ്റക്കാരായ, സാധാരണക്കാരായ ആളുകളുടെ ജീവിത സാഹചര്യങ്ങള്‍ നേരിട്ടു കാണാനും അതിനോടു താദാത്മ്യപ്പെട്ട് ജീവിക്കാനും ആ തലങ്ങളില്‍ എന്റെ ശുശ്രൂഷ നിര്‍വഹിക്കാനും ഇടയായിട്ടുണ്ട്. അത് പൗരോഹിത്യ ജീവിതത്തിന്റെയും ദൈവാലയ ശുശ്രൂഷയുടെയും അടിസ്ഥാന പാഠങ്ങള്‍ എന്നെ പഠിപ്പിച്ച സര്‍വകലാശാല തന്നെയായിരുന്നു.
അതിനുശേഷം ഞാന്‍ റോമിലെ പഠനത്തിനു പോയി. അഞ്ചുവര്‍ഷം യൂറോപ്യന്‍ സംസ്കാരം കുറച്ചുകൂടി ബൗദ്ധികമായ രീതിയില്‍ അടുത്തറിഞ്ഞു. അവധിക്കാലങ്ങളില്‍ ഇറ്റയിലെയും ജര്‍മനിയിലെയും സ്വിറ്റ്സര്‍ലന്റിലെയും പള്ളികളില്‍ ജോലിചെയ്തിട്ടുണ്ട്. അതുകൊണ്ട് വിദേശ സഭയുടെയും അവിടുത്തെ കുടുംബങ്ങളുടെയും സംസ്‌കാരത്തിന്റെ പ്രത്യേകതകള്‍ മനസിലാക്കാന്‍ സാധിച്ചു. പൗരസ്ത്യ സംസ്‌കാരവും പാശ്ചാത്യ സംസ്‌കാരവും തമ്മില്‍ താരതമ്യപ്പെടുത്താനും രണ്ടിന്റെയും മൂല്യങ്ങള്‍ മനസിലാക്കാനും, അതേസമയം ന്യൂനതകള്‍ മനസിലാക്കാനുമായിട്ടുള്ള വലിയൊരു തുറവി ആ കാലഘട്ടത്തിലുണ്ടായിട്ടുണ്ട്.
യുവജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനായിരുന്നു പിന്നീടുള്ള നിയോഗം. രൂപതയിലെ യുവജന പ്രസ്ഥാനത്തിന്റെ ഡയറക്ടറായിട്ടും മൈനര്‍ സെമിനാരിയിലെ വൈദിക പരിശീലനത്തിനായിട്ടും ഇടവകയിലെ പരിശീലനത്തിനും ഒക്കെയാണ് നിയോഗിക്കപ്പെട്ടത്. യുവനജങ്ങളുടെ പ്രശ്നങ്ങള്‍ എന്തൊക്കെയാണ്, അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്തെല്ലാമാണ് എന്നത് 90കളുടെ ആരംഭത്തില്‍ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ആ അനുഭവത്തില്‍നിന്നും വീണ്ടും ഒരു വ്യത്യസ്തമായ അനുഭവത്തിലേക്കാണ് ദൈവം എന്നെ വിളിച്ചത്.
ശേഷം അഡ്മിനിസ്ട്രേറ്റീവ് മേഖലയില്‍, പുഷ്പഗിരി സ്ഥാപനങ്ങളുടെ ചുമതലക്കാരനായിട്ടാണ് നിയമനം കിട്ടിയത്. പുഷ്പഗിരിയിലെ ജീവിതം എന്നുപറയുന്നത് മറ്റൊരു സര്‍വകലാശാലയായിരുന്നു. ഭൂമിയിലെ സര്‍വ വിഷയങ്ങളെപറ്റിയും അറിഞ്ഞിരിക്കേണ്ട സാഹചര്യങ്ങള്‍, സാങ്കേതിക കാര്യങ്ങള്‍, സര്‍ക്കാര്‍ നിയമങ്ങള്‍, ലേബര്‍ നിയമങ്ങള്‍, മെഡിക്കല്‍ നിയമങ്ങള്‍, മെഡിക്കല്‍ എത്തിക്സ്, പബ്ലിക് റിലേഷന്‍ഷിപ്പ്, അഡ്മിനിസ്ട്രേഷന് ആവശ്യമായിരിക്കുന്ന സമഗ്രമായ കാര്യങ്ങളെപറ്റിയും ഒരു പ്രായോഗിക പരിശീലന കേന്ദ്രമായിരുന്നു പുഷ്പഗിരി സിഇഒ ആയി അഞ്ചുവര്‍ഷം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ സാഹചര്യം. അവിടെ തൊഴിലാളി യൂണിയനുകള്‍ കൈകാര്യം ചെയ്യണം. ഡോക്ടേഴ്സിനോട് അവരുടേതായ രീതിയില്‍ ഇടപെടണം.
ആ കാലഘട്ടത്തില്‍നിന്നാണ് വൈദിക പരിശീലനത്തിനുവേണ്ടി സെമിനാരിയുടെ റെക്ടറായും പ്രിന്‍സിപ്പലുമായി ചുമതലപ്പെടുത്തുന്നത്. ഗ്രാമീണ ഇടവകകളില്‍ കണ്ട, അനുഭവിച്ച കാര്യങ്ങള്‍ പിന്നീട് സര്‍വകലാശാലയില്‍ ഡോക്ടറേറ്റ് ചെയ്ത പഠന കാലഘട്ടത്തിലെ അനുഭവങ്ങള്‍, വിദേശ രാജ്യങ്ങളില്‍ കണ്ട അനുഭവങ്ങള്‍, അതിനുശേഷം മെഡിക്കല്‍ മേഖലയിലും ആതുര ശുശ്രൂഷ, ആതുര വിദ്യാഭ്യാസ മേഖലയിലുമുള്ള അനുഭവങ്ങളുമൊക്കെ സമഗ്രതയില്‍ വൈദിക വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാനും നേതൃത്വം നല്കാനും ദൈവം ഇടയാക്കിയതും വലിയ തുറവിയായിരുന്നു.
തിരുവല്ലയിലെ അന്നത്തെ ബിഷപ്പ് ആയിരുന്ന തിമോഥിയൂസ് പിതാവ് റിട്ടയര്‍ ചെയ്തപ്പോള്‍, മൂന്നുവര്‍ഷത്തിനു ശേഷം 2003ല്‍ കൗണ്‍സില്‍ എന്നെ രൂപതയിലെ അഡ്മിനിസ്ട്രേറ്ററായി തെരഞ്ഞെടുത്തു. മെത്രാന്‍ അല്ലാതെ, മെത്രാന്റെ സ്ഥാനമില്ലാതെ ഒരു വൈദികനായിട്ട് തന്നെ രൂപതയുടെ ഭരണ കാര്യങ്ങള്‍ ഏറ്റെടുക്കുകയാണ് ഉണ്ടായത്. അതിനുശേഷം അഭിവന്ദ്യ ക്ലീമ്മിസ് തിരുമേനി അമേരിക്കയില്‍ നിന്നും തിരുവല്ലയിലെ മെത്രാനായിട്ട് വന്നു. ഞാന്‍ അദ്ദേഹത്തിന്റെ വികാരി ജനറാള്‍ ആയി സേവനം ചെയ്തു. അതും ഒരു നല്ല അനുഭവമായിരുന്നു. വൈദികരെ എല്ലാം കൂടുതല്‍ മനസിലാക്കാനും അവരുടെയും ഇടവകയുടെയും ആഗ്രഹങ്ങളും ആവശ്യങ്ങളും ഇടവകയിലെ സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങളും അത് അജപാലനപരമായ കാര്യങ്ങളോ, നൈയാമികമായ കാര്യങ്ങളോ ഏതുമാകട്ടെ, അവയിലെല്ലാം നാം എപ്പോഴും ശ്രദ്ധയും കരുതലുമുള്ളവര്‍ ആയിരിക്കണമെന്നുള്ള ഒരു പാഠം പഠിക്കാനായി സാധിച്ചു. സെമിനാരിയില്‍ തിയോളജി ഫാക്കല്‍റ്റിയുടെ ഡീന്‍ ആയി തിരുവനന്തപുരത്താണ് പിന്നീട് നിയമിക്കപ്പെട്ടത്.
അങ്ങനെ ശുശ്രുഷ നടത്തികൊണ്ടിരിക്കുമ്പോഴാണ് 2010ല്‍ എന്നെ സഹായ മെത്രാനായി നിയമിക്കുന്നത്. സഹായ മെത്രാനായിട്ടും ഒരു ആര്‍ച്ച് ബിഷപ്പിനു കീഴില്‍ ഏഴുവര്‍ഷക്കാലം ഒരു പ്രദേശത്തിന്റെ ചുമതലയോടുകൂടി പ്രവര്‍ത്തിക്കാന്‍ സാധിച്ചതും അനുഭവങ്ങള്‍ ആര്‍ജിക്കാനായതും ചാരിതാര്‍ഥ്യമുള്ള കാര്യങ്ങളാണ്. ആ അനുഭവങ്ങളുടെ തുടര്‍ച്ചയായാണ് ഇനിയുള്ള തുടര്‍ ശുശ്രൂഷ.
പ്രവാസികള്‍ നേരിടുന്ന ആത്മീയ വെല്ലുവിളികള്‍ എന്തൊക്കെയാണ്...?
നാട്ടിലുള്ളവരേക്കാള്‍ അധികമായി ആത്മീയമായ അന്വേഷണ ത്വരയുള്ളവര്‍ പ്രവാസികളാണ് എന്നാണ് എന്റെ നിരീക്ഷണം. പ്രവാസികളെപ്പോഴും ഒരു പ്രവാസ അനുഭവ സാഹചര്യത്തില്‍നിന്നുള്ളവരാണ്. അവിടെ ഒരു സുരക്ഷിതത്വത്തിന്റെ കുറവുണ്ട്. അവിടെ നാട്ടിലെ പോലെയുള്ള ബന്ധങ്ങളില്‍, കൂട്ടായ സാഹചര്യങ്ങളില്‍ എല്ലാം കുറവുണ്ട്. അധികമായി ആശ്രയിക്കാന്‍ ദൈവമാണുള്ളതെന്ന വലിയൊരു തിരിച്ചറിവ് മഹാഭൂരിപക്ഷവും പ്രവാസികള്‍ക്കിടയിലാണ്. ആ തിരിച്ചറിവില്‍ അവര്‍ ജീവിക്കും. ഒരുപക്ഷേ നാട്ടിലെ പോലെ ഭക്താനുഷ്ഠാനങ്ങള്‍ നടത്താന്‍ അവര്‍ക്ക് സാധിച്ചെന്നു വരില്ല. കാരണം അവരുടെ ജീവിതചര്യകള്‍, തൊഴില്‍ സാഹചര്യങ്ങള്‍ എല്ലാം അങ്ങനെയാണ്.
സഭാ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ എങ്ങനെ കൂടുതല്‍ ഉപയോഗപ്പെടുത്താം എന്നാണ് കരുതുന്നത്...?
ആ ചോദ്യത്തിന് വ്യക്തമായ ഒരുത്തരം പറയാന്‍ ഇപ്പോള്‍ ഞാന്‍ ആളല്ല. അമേരിക്കന്‍ സഭയെ പറ്റി ആഴത്തില്‍ അറിയില്ല. പഠിച്ചിട്ടുമില്ല, പഠിച്ചശഷം പറയാന്‍ സാധിക്കും. ഒരു മാനിഫെസ്റ്റോ പറയുവാനായിട്ട് തയാറല്ല. പറഞ്ഞാല്‍ അവിവേകമായി തീരുമെന്ന് വിചാരിക്കുന്നു. നന്മ ചെയ്യണം; വളരണം, എല്ലാവരെയും നന്മയിലേക്ക് നയിക്കണം അതിനുതകുന്ന കര്‍മപരിപാടികള്‍ എല്ലാവരുടെയും ആലോചനയില്‍ രൂപം നല്കി, പ്രാര്‍ഥനയില്‍ ചാലിച്ച് ആവിഷ്‌കരിക്കണമെന്നാണ് വിശാലമായ കാഴ്ചപ്പാട്.
സീറോ മലങ്കര സഭയുടെ വളര്‍ച്ച അജപാലകര്‍ക്കും വിശ്വാസികള്‍ക്കും നല്കുന്ന പ്രതീക്ഷകള്‍...?
മറ്റേത് സഭയും പോലെ മലങ്കര സഭയൂം ദൈവദത്തമായ ദൗത്യ നിര്‍വഹണത്തോട് എന്നും പ്രതിബദ്ധതയുള്ളതായിരിക്കും. അതായത്, യേശുവിന്റെ സുവിശേഷം പ്രസംഗിക്കുക എന്നതാണ് ഏത് സഭയുടെയും അടിസ്ഥാനം. മലങ്കര സഭയെ സംബന്ധിച്ചിടത്തോളം, മാര്‍തോമ ശ്ലീഹയുടെ പൈതൃകത്തില്‍ മലങ്കര സഭയുടെ ആരാധനാപരമായ പാരമ്പര്യങ്ങളോട് നമ്മുടെ തനിമയാര്‍ന്ന, അനന്യമായ ആധ്യാത്മിക പാരമ്പര്യം അര്‍ഥവത്തായും പുതിയ തലമുറയ്ക്ക് സ്വീകാര്യവുമായ രീതിയില്‍ കൈമാറി കൊടുക്കുക എന്നതാണ് അമേരിക്കയിലെയും മറ്റു എവിടെയുമുള്ള സഭയുടെ ദൗത്യം. സഭകളുടെ ഐക്യത്തിനുവേണ്ടിയുള്ള ഒരു പ്രത്യേക ദൗത്യം കൂടി സീറോ മലങ്കര സഭയ്ക്കുണ്ട്.
കര്‍ത്താവിന്റെ സുവിശഷം പ്രസംഗിക്കുക എന്നുപറഞ്ഞാല്‍ മനുഷ്യന്റെ ഒപ്പമായിരിക്കുക എന്നതാണ്. അതില്‍ ദൈവികതയുടെ അനുഭവം പങ്കുവയ്ക്കുക എന്നതാണ്.
ആധുനിക ജീവിതത്തില്‍ വിശ്വാസികള്‍ ആത്മീയ പാതയില്‍നിന്നും വ്യതിചലിക്കുന്നുണ്ടോ...?
എല്ലാ സംസ്‌കാരത്തിലുമുള്ള പ്രതിഭാസമാണ് ആധുനിക സംസ്‌കാരത്തെ സെക്കുലറൈസ്ഡ് ആയി കാണുന്ന സംസ്‌കാരം. കേരളത്തിലും ഭാരതത്തിലുമൊക്കെ ഈ സെക്കുലറൈസേഷന്‍ അത്ര അധികമുണ്ടോ എന്നെനിക്ക് സംശയമുണ്ട്. ഇന്ത്യയില്‍ റോക്കറ്റ് വിക്ഷേപിക്കുന്നതിനു മുമ്പും പൂജ നടത്തിയിട്ടാണ് വിക്ഷേപിക്കുന്നത്. ശാസ്ത്രത്തില്‍ മാത്രം വിശ്വസിക്കുന്നവന്‍, ഈ ശാസ്ത്രത്തിന്റെ അപ്പുറത്തുള്ളതും ശാസ്ത്രത്തെ നിയന്ത്രിക്കുന്നതും ദൈവമാണ് എന്ന വിശ്വാസത്തിലാണ് പൂജ നടത്തുന്നത്. നമ്മുടെ ഡോക്ടേഴ്സ് സര്‍ജറി നടത്തുന്നതിനു മുമ്പ് പ്രാര്‍ഥിക്കുന്നു, അതിബുദ്ധിമാന്മാരായ ശാസ്ത്രജ്ഞന്മാര്‍, സാങ്കേതിക വിദഗ്ധര്‍ എല്ലാം അവരുടെ കഴിവിനും മികവിനും അതീതമാണ് ദൈവത്തിന്റെ ശക്തി എന്നു വിശ്വസിക്കുന്ന മഹാ ഭൂരിപക്ഷം സമൂഹമാണ് ലോകത്തെവിടെയും ഉള്ളതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങൾ
PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
Comments