You are Here : Home / അഭിമുഖം

അവസരങ്ങളിൽനിന്ന് പ്രചോദനവും ഊർജവും

Text Size  

Story Dated: Sunday, November 19, 2017 01:41 hrs UTC

ഏഴുവർഷം മുമ്പു 2010–ൽ സിവിൽ സർവീസ് പരീക്ഷയിൽ നാലാം റാങ്കു നേടിയ അനുപമ. സാമൂഹിക നീതി വകുപ്പ് ഡയറക്ടറായി നിയമതയായി അനുപമ. കണ്ണൂർ, കാസർകോട് ജില്ലകളിൽ സബ് കലക്ടറുമായി. ഒടുവിൽ ആലപ്പുഴയിൽ കലക്ടറായി. മുമ്പ് എസ്‌എസ്‌എൽസി പരീക്ഷയിൽ 13-ാം റാങ്കും പ്ലസ്ടുവിനു മൂന്നാം റാങ്കും നേടിയിട്ടുള്ള അനുപമ ഇപ്പോൾ ആലപ്പുഴ കലക്ടർ എന്ന നിലയിൽ നേടിയിരിക്കുന്നത് ‘ഒന്നാം റാങ്ക്’ – സമ്മർദ്ദത്തിനു വഴിപ്പെടാത്ത ഉദ്യോഗസ്ഥ എന്ന നിലയിൽ. അന്വേഷണത്തിൽ ഇടപെടാൻ ശ്രമിച്ച ഉന്നതഉദ്യോഗസ്ഥരെപ്പോലും മാറ്റിനിർത്തി കടമ പൂർത്തിയാക്കിയതിൽ. തെറ്റു ചെയ്ത ഉദ്യോഗസ്ഥരെയും മുൻഗാമികളെപ്പോലും വെളിച്ചത്തുകൊണ്ടുവന്നതിൽ.

 

ഏതു പദവിയിലിരുന്നാലും സ്വതന്ത്രവും നിർഭയവുമായി പ്രവർത്തിക്കണമെന്ന അടിസ്ഥാനമൂല്യം പുതുതലമുറയ്ക്കു പകരുന്നതിൽ. ഭക്ഷ്യസുരക്ഷാ കമ്മിഷണർ എന്ന പദവിയിൽനിന്നു മാറ്റിയപ്പോൾ തിരിച്ചടിയിൽ അനുപമ തകർന്നിരിക്കും എന്നു കരുതിയവരുണ്ട്. ആവേശത്തിൽ മതിമറന്ന അത്തരക്കെരെ ഞെട്ടിക്കുന്നതായിരുന്നു അനുപമയുടെ അന്നത്തെ പ്രതികരണം:- '' എനിക്ക് നേരെ ഉയർന്ന എല്ലാ വാദങ്ങളെയും വെല്ലുവിളികളെയും ശക്തമായി തന്നെ നേരിട്ടു. ചെയ്യുന്നത് എന്താണെന്ന് അറിയാമോയെന്ന് പലരും ചോദിച്ചു. പക്ഷേ, എന്റെ ജോലിയിൽ നിന്നും എനിക്ക് പിന്മാറാനാകില്ലായിരുന്നു, ഭീഷണികളും ശത്രുക്കളും വർദ്ധിച്ചു. തെറ്റ് ചെയ്യാത്തിടത്തോളം കാലം ഞാൻ ഒന്നിനെയും ഭയപ്പെടേണ്ടതില്ലെന്ന ഉറച്ച വിശ്വാസത്തിൽ തന്നെ മുന്നോട്ട് പോയി. ഇനിയും അങ്ങനെ തന്നെയായിരിക്കും''.- അതേ, അനുപമ വാക്കു പാലിച്ചിരിക്കുന്നു. ഭീഷണികൾ വർധിച്ചാലും ശത്രുക്കൾ കൂടിയാലും ജോലിയിൽനിന്നു പിൻമാറില്ലെന്ന ഉറപ്പ് പാലിക്കുന്നതിൽ.  ആലപ്പുഴയിലെ ലേക് പാലസ് റിസോർട്ടിന്റെ പാർക്കിങ് ഏരിയയിൽ മൂന്നു നികത്തലുകളാണുള്ളത്. ഏറ്റവും വലുത് 20 സെന്റ് നികത്തിയത്. ഇതു പൂർവസ്ഥിയിൽ ആക്കേണ്ടതില്ലെന്നായിരുന്നു ആർഡിഒയുടെ ഉത്തരവ്. മുൻകലക്ടറും ഇതു ശരിവച്ചു.

 

 

ബാക്കിയിലുള്ള നികത്തലുകളും പൂർവസ്ഥിതിയിൽ ആക്കേണ്ടതില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. പക്ഷേ, ഇതിൽനിന്നു വ്യത്യസ്തമായ നിലപാട് എടുത്തു എന്നതാണ് ജില്ലാ കലക്ടർ എന്ന നിലയിൽ അനുപമയെ ശ്രദ്ധേയയായാക്കുന്നത്. അനുമതിയില്ലാതെ നടത്തിയ നിർമാണം പൂർവസ്ഥിതിയിൽ ആക്കേണ്ടതില്ല എന്നു കലക്ടർക്കു തീരുമാനിക്കാനുള്ള അധികാരം നൽകുന്നില്ല എന്നാണ് അനുപമ തന്റെ റിപോർട്ടിൽ എഴുതിയത്. ഇല്ലാത്ത അധികാരം കലക്ടർ പ്രയോഗിക്കുകയാണെന്ന ചില തൽപര കക്ഷികളുടെയെങ്കിലും ആരോപണത്തിന്റെ മുനയൊടിക്കുകയായിരുന്നു അനുപമ. മുൻകലക്ടറും ഉദ്യോഗസ്ഥരുമാണ് അവരിൽ നിക്ഷിപ്തമായ അധികാരസീമയ്ക്കപ്പുറം കടന്നു പ്രവർത്തിച്ചത്: അതാകട്ടെ കയ്യേറ്റത്തെ നിയമവിധേയമാക്കാൻ. കേരളത്തിന്റെ പ്രകൃതിവിഭവത്തെ ചൂഷണം ചെയ്യാൻ. കയ്യൂക്കുള്ളവന്റെ മുന്നിൽ കൈക്കെട്ടി നിന്ന് ‘അന്തസ്സ്’ പുലർത്താൻ. മാർത്താണ്ഡം കായലിൽ ഭൂപരിഷ്കരണ നിയമം ലംഘിച്ചത് ഒരാൾ മാത്രമല്ല. സർക്കാർ ഭൂമി കയ്യേറിയത് ഒരു കായൽരാജാവു മാത്രമല്ല. ഇതിനെല്ലാം കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും കുറ്റക്കാരാണ്: വ്യക്തതയോടെ അനുപമ കലക്ടറുടെ റിപോർട്ടിൽ‌ എഴുതി. ആ വാക്കുകളെ മുഖവിലയ്ക്കെടുത്തിരിക്കുകയാണ് നീതിപീഠം. സംസ്ഥാനത്തിന്റെ പൊതുമനസ്സ്. അതിന്റെ അനന്തരഫലമായാണ് ഇപ്പോഴൊരു മന്ത്രിയുടെ തലയുരുണ്ടിരിക്കുന്നത്. 

 

 

സിവിൽ സർവീസിൽ നാലാം റാങ്ക്  നേടിയപ്പോൾ എല്ലാ വിജയികൾക്കും നേരിടേണ്ടിവന്ന പതിവുചോദ്യം അനുപമയും നേരിട്ടു. ആരാണ് ഏറ്റവും വലിയ പ്രചോദനം? അനുപമയുടെ ഉത്തരം അസാധാരണമായിരുന്നു. അപൂർവവും. ഏതെങ്കിലും ഒരു വ്യക്തിയുടെയോ പ്രസ്ഥാനത്തിന്റെയോ പേരു പറയുന്നതിനുപകരം അന്നവർ പറഞ്ഞു: ഈ രംഗത്ത് കിട്ടാൻപോകുന്ന അവസരങ്ങളാണ് എന്റെ പ്രചോദനം. വെറും വാക്കായിരുന്നില്ല അനുപമയുടേത്. ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മിഷണറായിരുന്നപ്പോഴും പിന്നീടു സാമൂഹിക നീതി വകുപ്പിൽ പ്രവർത്തിച്ചപ്പോഴുമൊക്കെ പുലർത്തിയ സത്യസന്ധതയും ധീരതയും നിലനിർത്തി തനിക്കു കിട്ടിയ അവസരത്തെ കലക്ടർ പദവിയിൽ അവർ ഉപയോഗിച്ചിരിക്കുന്നു. കലക്ടർ ആരാണെന്നു കാട്ടിക്കൊടുത്തിരിക്കുന്നു. വ്യക്തിയല്ല നിയമമാണു വലുതെന്നും കീഴ്‍വഴക്കമല്ല നീതിയാണു പ്രധാനമെന്നും അടിവരയിട്ടുറപ്പിച്ചിരിക്കുന്നു. പരാജയപ്പെടാൻ എളുപ്പമാണെന്നും വിജയിക്കാനാണു ബുദ്ധിമുട്ടെന്നും ധീരമനസ്സുകളെ വിജയം തേടിവരുമെന്നും തെളിയിച്ചിരിക്കുന്നു.   മലപ്പുറം ജില്ലയിലെ മാറഞ്ചേരി സ്വദേശിയായ അനുപമയുടെ കലക്ടർ എന്ന പദവി എന്നന്നേക്കുമുള്ളതല്ല. ബീറ്റ്സ് പിലാനിയുടെ ഗോവ കാമ്പസിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയിട്ടുള്ള അനുപമയ്ക്കും സ്ഥാനചലമുണ്ടാകും. പദവികളിൽ മാറ്റമുണ്ടാകും. പക്ഷേ, എവിടെ, ഏതു പദവിയിലിരുന്നാലും അവസരങ്ങൾ അനുപമയെ തേടിയെത്തട്ടെ എന്ന് ആരും ആഗ്രഹിച്ചുപോകും. ഒരിക്കൽ തിരുവനന്തപുരത്തെ നിരവധി വൻകിട ഹോട്ടലുകളിലും സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ബേക്കറികളിലും റെയ്ഡ് നടത്തി പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് ജനങ്ങളെ ബോധവത്കരിച്ചതുപോലുള്ള അവസരങ്ങൾ. കാരണം അവസരങ്ങളെ തേടുന്ന മനസ്സാണ് അനുപമയുടേത്. അവസരങ്ങളിൽനിന്ന് പ്രചോദനവും ഊർജവും നേടുന്നതാണ് അവരുടെ പ്രവർത്തനരീതി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.