You are Here : Home / അഭിമുഖം

വാരിവലിച്ച് സിനിമ ചെയ്യുന്നത് നിര്‍ത്തി: സലീംകുമാര്‍

Text Size  

Story Dated: Tuesday, February 04, 2014 10:19 hrs UTC




കഴിഞ്ഞ കുറച്ചുകാലമായി സലീംകുമാറിനെ മലയാളസിനിമയില്‍ കാണാറേയില്ല. ദേശീയ
അവാര്‍ഡ് കിട്ടിയതിനുശേഷം സലീമിന് എന്തുസംഭവിച്ചു എന്നാണ് എല്ലാവരുടെയും
ചോദ്യം. നമുക്കിത് അദ്ദേഹത്തോടുതന്നെ ചോദിക്കാം.അശ്വമേധത്തിനു അനുവദിച്ച
അഭിമുഖത്തില്‍ നിന്ന്


''ഞാനിപ്പോള്‍ പുതിയ സിനിമയുടെ റിലീസിംഗ് തിരക്കിലാണ്. ടി.എ.റസാക്ക്
സംവിധാനം ചെയ്യുന്ന മൂന്നാം നാള്‍ ഞായറാഴ്ച. അതിനിടയ്ക്കും ചില നല്ല
സിനിമകളില്‍ അഭിനയിക്കുന്നുമുണ്ട്. മാത്രമല്ല, പഴയതുപോലെ വാരിവലിച്ച്
സിനിമകള്‍ ചെയ്യാന്‍ താല്‍പ്പര്യവുമില്ല. ഇനിയെങ്കിലും മക്കളുടെ കാര്യം
നോക്കണം.''

ഇങ്ങനെയൊരു ചിന്ത വരാന്‍ കാരണം?

ഒരു ദിവസം നാലു സിനിമകള്‍ വരെ ചെയ്യുന്ന കാലമുണ്ടായിരുന്നു. ചതിക്കാത്ത
ചന്തു, ജമീന്ദാര്‍, വെള്ളിനക്ഷത്രം, വിസ്മയത്തുമ്പത്ത് എന്നീ സിനിമകളില്‍
അഭിനയിച്ചത് ഒരു ദിവസമാണ്. അന്നൊന്നും ഒാണവും വിഷുവും കടന്നുപോയത്
അറിഞ്ഞിരുന്നില്ല. ഇന്നതുമാറി. ഇപ്പോള്‍ ഒരു ദിവസം ഒരു പടത്തില്‍
കൂടുതല്‍ അഭിനയിക്കുന്നത് ചിന്തിക്കാനേ കഴിയില്ല. പണം
കൂടിയതുകൊണ്ടൊന്നുമല്ല. പണം എത്ര കിട്ടിയാലും മനുഷ്യന് മതിയാവില്ല.
ഇത്രനാളും ഒാടിനടന്നില്ലേ. അതുമതി. അതുകൊണ്ടാണ് അധികം സിനിമകള്‍ക്ക്
ഡേറ്റ് കൊടുക്കാത്തത്. അല്ലെങ്കില്‍ എത്രയോ സിനിമകളില്‍ ഹീറോ
ആവാമായിരുന്നു. ഇനി എല്ലാ ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും
മക്കള്‍ക്കൊപ്പമുണ്ടാവും. മക്കളുടെ വളര്‍ച്ച കാണുന്നവനായിരിക്കണം
അച്ഛന്‍.

 

 

 

 

 

 

 


ദേശീയ അവാര്‍ഡ് കിട്ടിയതു മുതല്‍ സിനിമാരംഗത്തുനിന്ന് അവഗണനയുള്ളതുപോലെ തോന്നിയോ?

ആരും അവഗണിച്ചിട്ടൊന്നുമില്ല. അവാര്‍ഡ് കിട്ടിയപ്പോള്‍ പലരും
ഞെട്ടിയെന്നത് ശരിയാണ്. മിമിക്രിക്കാര്‍ക്ക് ഇതുപോലുള്ള അവാര്‍ഡൊന്നും
കിട്ടില്ലെന്ന് കരുതിയവര്‍ ഒരുപാടുണ്ട്, മലയാളസിനിമയില്‍. ആദ്യം
ഞെട്ടിയവര്‍ സംസ്ഥാന അവാര്‍ഡുകള്‍ കിട്ടിയപ്പോള്‍ വീണ്ടും ഞെട്ടി. മികച്ച
നടനായും രണ്ടാമത്തെ നടനായും കോമഡി നടനായും തെരഞ്ഞെടുക്കപ്പെട്ട ഏക ആള്‍
ഒരുപക്ഷേ ഞാനായിരിക്കും. മലയാളസിനിമയില്‍ ഒരു സംഘം മിമിക്രിക്കാര്‍
വന്നപ്പോള്‍ മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്

. വലിയ നടന്‍മാര്‍ക്കുവരെ
അസൂയ തോന്നിയിട്ടുണ്ട്. പേരു പറഞ്ഞാല്‍ ഞെട്ടിപ്പോവും. ദേശീയഅവാര്‍ഡ്
കിട്ടിയതുകൊണ്ട് ചിലരൊക്കെ എനിക്ക് കോമഡിവേഷം തരാന്‍ ഭയപ്പെട്ടു.
സുഹൃത്തായ സംവിധായകന്‍ സീരിയസ് റോളുമായി എന്നെ സമീപിച്ചപ്പോള്‍,
എന്തുകൊണ്ട് കോമഡിവേഷം തന്നില്ലെന്നു ചോദിച്ചു.
''സലീമിനെപ്പോലുള്ള വലിയൊരു നടനെ എങ്ങനെയാ കോമഡി ഏല്‍പ്പിക്കുക?''
എന്നായിരുന്നു അയാളുടെ മറുപടി. ദേശീയ അവാര്‍ഡ് കണ്ട് പേടിച്ചുപോയ ആളാണത്.
അതിനുത്തരവാദി അവരാണ്. ഇപ്പോഴൂം കോമഡി ചെയ്യാനാണ് എനിക്കിഷ്ടം.
 
 
 
 
 
 
 


സിനിമാതാരങ്ങളൊക്കെ ഇപ്പോള്‍ കൃഷിയിലേക്കിറങ്ങുകയാണല്ലോ?

എനിക്ക് കൃഷിയോടുള്ള സ്നേഹം ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. ഇൌ നാട്ടിലെ
കര്‍ഷകരെ കണ്ടാണ് ഞാനും വളര്‍ന്നത്. ഞാന്‍ കര്‍ഷകനാണ്.
കര്‍ഷകത്തൊഴിലാളിയല്ല. ഇരുപത്തിനാലു മണിക്കൂറും കൃഷി ചെയîാനൊന്നും
ആര്‍ക്കും കഴിയില്ല. ഒഴിവുകിട്ടുമ്പോഴാണ് ഞാന്‍ കൃഷി ചെയîുന്നത്. അന്യം
നിന്നുപോകുന്ന പൊക്കാളിയെന്ന അപൂര്‍വയിനം നെല്‍വിത്ത് സംരക്ഷിക്കാന്‍
പതിനഞ്ചുവര്‍ഷം മുമ്പാണ് കുറച്ചു സ്ഥലം വാങ്ങിച്ചത്. നൂറു ശതമാനവും
ജൈവകൃഷിയാണത്. പ്രകൃതി തന്നെയാണ് ഇതിന്റെ വളം. എനിക്കിവിടെ
കൃഷിയുണ്ടെന്ന് അധികമാര്‍ക്കും അറിയില്ല. പൊക്കാളിയെക്കുറിച്ച്
ഡോക്യുമെന്ററി എടുത്തപ്പോഴാണ് ചിലരൊക്കെ അറിഞ്ഞത്. ഇപ്പോള്‍ പലരും
ചെയîുന്നതുപോലെ മാധ്യമങ്ങളെ വിളിച്ച് എനിക്കിതു കാണിക്കാന്‍
താല്‍പ്പര്യമില്ല. കൃഷി ഒരു പൌരന്റെ കടമയാണ്.
മൂന്നുവര്‍ഷം മുമ്പ് തറവാട്ടില്‍ കരക്കൃഷി ചെയ്തിരുന്നു. അന്ന്
വളമിട്ടതും വെള്ളം നനച്ചതും ഞാനും ഭാര്യയും മക്കളുമാണ്. തൊഴിലാളിയും
മുതലാളിയും ഞങ്ങളായിരുന്നു. കൃഷിയോട് ആഭിമുഖ്യമുള്ളവരാണ് പറവൂരുകാര്‍.
ഇവിടത്തെ പഞ്ചായത്ത് മെമ്പര്‍ ഷോളിരാജുവിന്റെ ബാഗില്‍ എപ്പോഴും
പച്ചക്കറിവിത്തുകളുണ്ടാവും. അത്രയ്ക്ക് ആത്മാര്‍ഥമായി
പ്രവര്‍ത്തിക്കുന്നവരാണ് അവരെല്ലാം.

ഒരു സിനിമ നിര്‍മ്മിക്കണമെന്ന് തോന്നിയത് എന്തുകൊണ്ടാണ്?

നല്ലൊരു സിനിമ നിര്‍മ്മിക്കണമെന്ന് പണ്ടുമുതലേയുള്ള ആഗ്രഹമായിരുന്നു. കഥ
കേട്ടപ്പോള്‍ ഇഷ്ടം തോന്നി. നിര്‍മ്മാതാവായി. ഞാനും ഇൌ ഇന്‍ഡസ്ട്രിയുടെ
ഭാഗമാണ്. അതുകൊണ്ടാണ് മൂന്നാംനാള്‍ ഞായറാഴ്ച നിര്‍മ്മിച്ചത്.

മലയാളസിനിമയിപ്പോള്‍ ന്യൂജനറേഷന്‍ തരംഗമാണല്ലോ?

സിനിമകളെ എന്തിനാണ് തരംതിരിക്കുന്നത്? പണ്ടൊക്കെ സമാന്തരസിനിമകള്‍,
കച്ചവടസിനിമകള്‍ എന്നിങ്ങനെയായിരുന്നു. ഇപ്പോള്‍ ന്യൂ ജനറേഷന്‍.
സമാന്തരസിനിമ എന്നാല്‍ കൂട്ടിമുട്ടാത്ത സിനിമകള്‍ എന്നാണോ അര്‍ഥം? അങ്ങനെ
വരുമ്പോള്‍ നടന്‍മാരെയും തരംതിരിക്കേണ്ടേ? സമാന്തരനടന്‍മാര്‍,
കച്ചവടനടന്‍മാര്‍ എന്നിങ്ങനെ. അഭിനയം ഒന്നേയുള്ളൂ. രണ്ടിലും ഒരേ ആള്‍
തന്നെയല്ലേ അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം തരംതിരിവുകള്‍
തെറ്റാണ്. ന്യൂ ജനറേഷന്‍ സിനിമയില്‍ പഴയതാരങ്ങള്‍ ഒരുപാടുണ്ട്. പുതിയ
ആളുകള്‍ ഒാരോ കാലത്തും വരാറുണ്ട്. അതിനെ സ്വാഗതം ചെയîുകയാണു വേണ്ടത്.
പുതിയ സിനിമകളെ എഴുതിത്തള്ളേണ്ടതില്ല. വിദേശസിനിമകള്‍ കണ്ടിട്ട് അതുപോലെ
സിനിമയെടുക്കുന്നവരുണ്ട്. അത്തരമൊരു സിനിമ ഇൌയടുത്തകാലത്ത് കണ്ടിരുന്നു.
ഒറിജിനലിനേക്കാളും മികച്ച രീതിയിലാണ് ആ സിനിമയെടുത്തത്. അവരെ
സ്വാധീനിക്കുന്നത് ഇം ീഷ് സിനിമകളായത് അവരുടെ കുഴപ്പം കൊണ്ടല്ല. നല്ല
ഇന്ത്യന്‍ സിനിമകളില്ലാത്തതുകൊണ്ടാണ് അവര്‍ വിദേശസിനിമകളുടെ പിന്നാലെ
പോകുന്നത്. അതിലുള്ള സംസ്കാരം അവരെ സ്വാധീനിക്കുന്നു. അതുകൊണ്ടാണ്
അച്ഛനും അമ്മയ്ക്കുമൊന്നും പുതിയ സിനിമയില്‍ പ്രാധാന്യമില്ലാത്തത്. അതിനു
കുറ്റക്കാര്‍ നമ്മളാണ്. അവരല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.