You are Here : Home / അഭിമുഖം

ലാലുമായി പിരിഞ്ഞതിന്റെ കാരണം പുറത്തുപറയില്ല: സിദ്ധീഖ്

Text Size  

Story Dated: Tuesday, February 25, 2014 11:14 hrs UTC


ലാലുമായി പിരിഞ്ഞതിന് തക്കതായ കാരണമുണ്ടെന്നും അതു പുറത്തുപറയുന്നത്
ഉചിതമല്ലെന്നും സംവിധായകന്‍ സിദ്ധീഖ്. അക്കാര്യം തുറന്നുപറഞ്ഞാല്‍
കുറെപ്പേര്‍ക്ക് വേദനയുണ്ടാകും. അതുകൊണ്ടുതന്നെ ആ സത്യം ഇരുവരുടെയും
മനസില്‍ത്തന്നെ ശേഷിക്കട്ടെയെന്നും സിദ്ധീഖ് ഒരു ചാനലിന് നല്‍കിയ
അഭിമുഖത്തില്‍ വ്യക്തമാക്കി.


മിമിക്രി കാലഘട്ടം മുതല്‍ ഒപ്പം നിന്ന സുഹൃത്താണ് ലാല്‍. ഒരുപാടുകാലം
ഒന്നിച്ചു വര്‍ക്ക് ചെയ്തശേഷമാണ് പിരിയാന്‍ തീരുമാനിച്ചത്. എങ്കിലും ചില
സമയങ്ങളില്‍ ലാലിനെ വല്ലാതെ മിസ് ചെയ്യുന്നതായി തോന്നാറുണ്ട്.
ലാലിന്റെ അച്ഛന്റെ ശുപാര്‍ശയിലാണ് ഞങ്ങള്‍ രണ്ടുപേരും കലാഭവനില്‍
ചേര്‍ന്നത്. ഒരിക്കല്‍ കലാഭവന്റെ സ്റ്റേജ് പ്രോഗ്രാം നടക്കുന്ന സമയം. ടീം
ലീഡര്‍ കലാഭവന്‍ അന്‍സാറായിരുന്നു. പ്രോഗ്രാം തീരുമ്പോള്‍ വായ കൊണ്ട്
ഞങ്ങള്‍ മ്യൂസിക്കുണ്ടാക്കി. അതിന്റെ താളത്തില്‍ കര്‍ട്ടന്‍
താഴ്ന്നുകൊണ്ടേയിരുന്നു. പെട്ടെന്ന് അന്‍സാര്‍, ടീമംഗമായ പ്രസാദിന്റെ
മര്‍മ്മത്ത് കയറി പിടിച്ചു. തമാശയ്ക്ക് ചെയ്തതാണ്.

 

മ്യൂസിക്കിനിടെ
പ്രസാദ് 'അയ്യോ' എന്നു നിലവിളിച്ചു. കര്‍ട്ടന്‍ താഴ്ന്നപ്പോള്‍ ഞാന്‍
അന്‍സാറിനെ വഴക്കുപറഞ്ഞു. ഒട്ടും ആവശ്യമില്ലാത്ത കാര്യമായിരുന്നു അത്.
അന്‍സാറിന് എന്നോട് കടുത്തദേഷ്യം തോന്നിക്കാണണം. ഞങ്ങളെ അഭിനന്ദിക്കാന്‍
സ്റ്റേജിനു പിറകില്‍ വന്നവര്‍ വഴക്ക് കണ്ട് തിരിച്ചുപോയി. പരിപാടി
കഴിഞ്ഞതിനുശേഷം ഞാന്‍ കര്‍ട്ടന്‍ അഴിക്കാന്‍ തുടങ്ങുമ്പോഴാണ്
കര്‍ട്ടനിടയില്‍ രണ്ടു മനുഷ്യരൂപം കെട്ടിമറിയുന്നതുകണ്ടത്. ലാലും
അന്‍സാറും തമ്മില്‍ മല്‍പ്പിടുത്തം നടക്കുകയാണ്. ഞങ്ങളെല്ലാവരും
ചേര്‍ന്ന് അവരെ പിടിച്ചുമാറ്റി. പിന്നീടാണ് ഞാന്‍ സംഭവമറിഞ്ഞത്.
കര്‍ട്ടന്‍ അഴിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്നെ ഒരു പലകക്കഷണമെടുത്ത്
അന്‍സാര്‍ തല്ലാന്‍വന്നു. ഇതുകണ്ടപ്പോള്‍ ലാല്‍ അന്‍സാറിനെയും തല്ലി.
അതായിരുന്നു മല്‍പ്പിടുത്തത്തിനു കാരണം.

 

പ്രശ്നത്തിന്റെ പേരില്‍ എല്ലാവരും എന്നെ കുറ്റപ്പെടുത്തി. കലാഭവനില്‍ ഞാന്‍ ഒറ്റപ്പെട്ടു. ലാല്‍
മാത്രമാണ് എന്റെ കൂടെ നിന്നത്. അതോടെ ഞാന്‍ കലാഭവന്‍ വിട്ടിറങ്ങി. പകരം
ഹരിശ്രീ അശോകന്റെ പേര് നിര്‍ദ്ദേശിച്ചതും ഞാന്‍തന്നെയായിരുന്നു.  അപാരമായ
ഹ്യൂമര്‍സെന്‍സാണ് ലാലിന്. സന്ദര്‍ഭം നോക്കാതെ തമാശ പറഞ്ഞുകളയും.
ലാലിന്റെ ചിന്തകള്‍ എപ്പോഴും പോസിറ്റീവായിരുന്നു. എന്നാല്‍ ഞാന്‍
അങ്ങനെയല്ല. എന്തിന്റെയും നെഗറ്റീവ് വശമാണ് ആദ്യം അന്വേഷിക്കുക. ഒരു
സിനിമയിറങ്ങിയാല്‍ അതെക്കുറിച്ചുള്ള നല്ലതും ചീത്തയുമായ അഭിപ്രായങ്ങള്‍
എസ്.എം.എസിലൂടെ വരും. അതില്‍ നെഗറ്റീവ് അഭിപ്രായം കുറെക്കാലം
സൂക്ഷിച്ചുവയ്ക്കും. ലാല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല.

 


സിനിമയ്ക്കുപറ്റിയ കഥ പറയാന്‍ പാച്ചിക്കയുടെ (സംവിധായകന്‍ ഫാസില്‍)
അടുത്തുചെന്നപ്പോള്‍ അദ്ദേഹം കൂടെനിന്ന് സിനിമ പഠിക്കാനാണ് പറഞ്ഞത്.
അങ്ങനെയാണ് അദ്ദേഹത്തിന്റെ അസിസ്റ്റന്റ്സായി ഞങ്ങള്‍ വര്‍ക്ക് ചെയ്തത്.
കുറെനാള്‍ കഴിഞ്ഞപ്പോള്‍ 'റാംജിറാവ് സ്പീക്കിംഗ്' സംവിധാനം ചെയ്യാന്‍
ആലോചിച്ചു. നായകരായി മോഹന്‍ലാലും ശ്രീനിവാസനുമായിരുന്നു മനസില്‍.
''ഇൌ സിനിമ ആരുചെയ്താലും സൂപ്പര്‍ഹിറ്റാകും.''
എന്ന് പാച്ചിക്ക പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സായികുമാര്‍ എന്ന
പുതുമുഖത്തെ കൊണ്ടുവന്നത്.

ആ വേഷത്തിനുവേണ്ടി ആദ്യം ജയറാമിനെ
സമീപിച്ചെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. അപരനൊക്കെ ചെയ്ത് ജയറാം
ശ്രദ്ധിക്കപ്പെടുന്ന സമയമായിരുന്നു അത്. പുതിയ സംവിധായകര്‍ ആയതിനാലാവാം
ജയറാം ഡേറ്റ് തരാതിരുന്നത്. അതിന് ജയറാമിനെ കുറ്റപ്പെടുത്തിയിട്ട്
കാര്യമില്ല.


'ലേഡീസ് ആന്റ് ജെന്റില്‍മാന്‍' എന്ന സിനിമ പ്രതീക്ഷിച്ചതുപോലെ
വിജയിച്ചില്ലെങ്കിലും അതിന്റെ ത്രെഡ് എനിക്ക് ഭയങ്കര ഇഷ്ടമാണ്.
അതുകൊണ്ടുതന്നെ മറ്റേതെങ്കിലും ഭാഷയില്‍ ആ സിനിമ ചെയ്യണമെന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.