You are Here : Home / അഭിമുഖം

പള്ളിമണികളെ പ്രണയിച്ച അമേരിക്കയുടെ പ്രിയപ്പെട്ട അച്ചന്‍

Text Size  

മധു കൊട്ടാരക്കര

rajanmadhu@hotmail.com

Story Dated: Tuesday, August 12, 2014 11:27 hrs UTC

ജോര്‍ജ് ബുഷ്‌ മുതല്‍ ബരാക് ഒബാമ വരെയുള്ള അമേരിക്കന്‍ പ്രസിഡ്ന്റുമാര്‍ക്ക് ചിരപരിചിതനായ ആലപ്പുഴ പള്ളിപ്പാട്ടെ അലക്സാണ്ടര്‍ ജെ കുര്യന് ലോകമൊരു പാഠപുസ്തകമാണ്. അതിലെ ഓരോ വരികളും മനപാഠമാണ്.ഓഫീസ് ഓഫ് സ്ട്രാറ്റജിക് പ്ലാനിംഗിന്റെ ഡയരക്ടര്‍ എന്ന നിലയില്‍ 180ല്‍ അധികം രാഷ്ട്രങ്ങളില്‍ അമേരിക്കയുടെ സ്വാധീനം ഉറപ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഒരു വൈദീകന്‍ . അലക്സാണ്ടറോട് അതിനെ കുറിച്ചു ചോദിച്ചാല്‍ ഒരു ഉത്തരമേ ഉള്ളു" എല്ലാം ദൈവ നിശ്ചയം" ലോകം മുഴുവന്‍ കോണ്‍സുലേറ്റുകള്‍ നിര്‍മ്മിക്കാന്‍ അമേരിക്ക തേടിയത് പള്ളിപ്പാട്ടെ കടയ്ക്കല്‍ കോശി കുര്യന്റെയും പെണ്ണമ്മയുടെയും ആറു മക്കളില്‍ ഇളയവനായ അലക്സാണ്ടറുടെ വൈദഗ്ധ്യമാണ്. ആ ദൌത്യം ഭംഗിയായി നിര്‍വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഇതുവരെ അദ്ദേഹം തന്റെ അക്കൌണ്ടില്‍ അമേരിക്കയ്ക്കയ്ക്ക് വേണ്ടി വരവുവച്ചത് 5,04000 കോടി രൂപ. കണക്കുകേള്‍ക്കുമ്പോഴേ അതിശയം തോന്നുന്നുവെങ്കില്‍ അതിലും അത്ഭുതം നിറഞ്ഞതാണ്‌ അദ്ദേഹത്തിന്റെ ജീവിത കഥ. അത് അദ്ദേഹം തന്നെ പറയട്ടെ

 

 

 

 

 

 

ആലപ്പുഴയിലെ പള്ളിപ്പാട്ട് ഗ്രാമത്തിലെ ചെപ്പാട്ടു കുടുംബം വൈദിക കുടുംബമാണ്. മാര്‍ ദിയോനിസിയോസ് പരിശുദ്ധ ബാവായുടെ കുടുംബത്തിലെ പിന്‍ തലമുറക്കാരനായ എന്റെ പിതാവ് ഒരു കര്‍ഷകനായിരുന്നു.1996ല്‍ ഞങ്ങളെവിട്ടുപോയി.മകനെ വലിയ ആളാക്കാന്‍ അമ്മ മുട്ടിപ്പായി പ്രാര്‍ഥിച്ചിരുന്നു. വൈദികനാകാനുള്ള താല്പര്യം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. അതിനു വേണ്ടി ഞാന്‍ ചെറുപ്പത്തിലെ മാനസികമായി തയ്യാറായിരുന്നു. എന്നാല്‍ അതൊരു തൊഴിലായി സ്വീകരിക്കാന്‍ ഒട്ടും താല്‍പര്യമില്ലായിരുന്നു. വൈദികവൃത്തി സേവനമാണ്. എന്നാല്‍ ഒരുപാടു ബാധ്യതകള്‍ ജീവിതത്തില്‍ ഉണ്ടാകും.ഭാര്യ, കുട്ടികള്‍..ഇവരെയൊക്കെ നോക്കണം.അതിനെല്ലാം പണം വേണം. അതുകൊണ്ട് തന്നെ ശമ്പളം കിട്ടുന്ന ജോലി വേണം. നടുവട്ടം സ്കൂളില്‍ നിന്ന് പത്താം ക്ലാസും മാവേലിക്കര ബിഷപ്‌മൂറില്‍ നിന്ന് പ്രീഡിഗ്രിയും ചെയ്തു. പിന്നീട് അമേരിക്കയില്‍ ബോസ്റ്റണിലെ ഹോളിക്രോസ് ഗ്രീക്ക് ഓര്‍ത്തഡോക്സ് സെമിനാരിയില്‍ നിന്നും എതെന്‍സ് യൂണിവേര്‍‌സിറ്റിയില്‍ നിന്നും വൈദിക പഠനം പൂര്‍ത്തിയാക്കി. അതിനു ശേഷം യുഎസ് ആര്‍മി വാര്‍ കോളേജില്‍ നിന്ന് സ്ട്രാറ്റജിക് പ്ലാനില്‍ ബിരുദാനന്തര ബിരുദവും നേടി.ഇംഗ്ലണ്ടിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടഡ് സര്‍വേയെര്സില്‍ നിന്ന് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് ഫെലോഷിപ്പും കരസ്ഥമാക്കി. ജോലി സമ്പാദിച്ചത്തിനു ശേഷമാണ് വൈദിക പട്ടം നേടിയത്. സേവന പ്രവര്‍ത്തനങ്ങളിലായിരുന്നു എനിക്ക് താല്പര്യം. അതുകൊണ്ട് തന്നെ ആദ്യം ജോലിചെയ്തത് ജെറിയാട്രിക്ക് ഹോമുകളിലായിരുന്നു. അവിടെ നിരാലംബരായ ഒട്ടെറെ പേരെ പരിചരിക്കാന്‍ സാധിച്ചു.അവരുടെ പ്രാര്‍ഥനകളും അനുഗ്രഹങ്ങളുമാണ് എന്റെ ജീവിതം ധന്യമാക്കിയത്.

 

 

 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കയ്ക്കു വേണ്ടി ഭൂമി ഏറ്റെടുത്തിട്ടുണ്ട്. അമേരിക്കയുടെ കോണ്‍സുലേറ്റുകളും എംബസികളും സ്ഥാപനങ്ങളും എല്ലാം അതില്‍ ഉള്‍പ്പെടും. ഭൂമി ഏറ്റെടുക്കുക എന്നത് പ്രയാസമേറിയ ജോലിയാണ്. ചില രാജ്യങ്ങള്‍ക്കും അമേരിക്കയോടുള്ള എതിര്‍പ്പ് പല പദ്ധതികള്‍ക്കും വിഘാതം ഉണ്ടാക്കും. ചൈന, പാകിസ്താന്‍, റഷ്യ എന്നീ രാഷ്ട്രങ്ങളില്‍ ഭൂമി ഏറ്റെടുത്ത് കരാര്‍ ഉറപ്പിക്കുന്നത് ശ്രമകരമായ ജോലിയാണ്. എന്നാല്‍ നയതന്ത്രവും ദൈവസഹായവും ജോലി എളുപ്പമാക്കുന്നു.

 

 

മരണം മണത്ത ഇറാക്ക് ദിനങ്ങള്‍

 

 

 

 

 

 

 

 

 

 

2003ല്‍ ഇറാക്ക് യുദ്ധകാലത്ത് അമേരിക്കയ്ക്ക് എംബസിയും കോണ്‍സുലേറ്റുകളും പണിയാന്‍ ഭൂമി നോക്കാന്‍ പോയത് ഇന്നും മറക്കാനാകില്ല. 15 മാസത്തോളം യുദ്ധസമയത്തും പിന്നീടുമായി അവിടെയുണ്ടായിരുന്നു. എല്ലാ പ്രദേശങ്ങളും വളരെ അപകടം നിറഞ്ഞ മേഖലകള്‍. സൈന്യത്തിന്റെ കാവലില്‍ ആയിരുന്നു യാത്ര. ഇറാക്കിന്റെ മുക്കിലും മൂലയിലും എത്തി.ആരോടും വഴി ചോദിയ്ക്കാന്‍ പോലുമാകില്ല.പല തവണ ഷെല്ലാക്രമണങ്ങള്‍ നേരിട്ടു.സദ്ദാമിന്റെ റിപ്പബ്ലിക്കന്‍ പാലസിലായിരുന്നു ഞങ്ങളുടെ ഓഫീസ്.ബുള്ളറ്റ് പ്രൂഫ്‌ കോട്ടും കൈയിലൊരു തോക്കും തന്നു സൈന്യം.ബൈബിള്‍ പിടിച്ച കയില്‍ തോക്ക്!. ഒരിക്കലും സാധ്യമല്ല.അത് വേണ്ടെന്നു ഞാന്‍ പറഞ്ഞു. എന്നാല്‍ പട്ടാളം അത് സമ്മതിച്ചില്ല.നിങ്ങളുടെ അല്ലെങ്കില്‍ കൂട്ടുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചേക്കും.സൈന്യത്തിന് നിര്‍ബന്ധം.സ്വയരക്ഷയ്ക്ക് വേണ്ടി അതുപയോഗിച്ചേ തീരു എന്ന് സേന പറഞ്ഞപ്പോള്‍ അത് വാങ്ങിച്ചു. ഒരിക്കല്‍ തികൃത്തില്‍ ഓഫീസില്‍ നിന്ന് റോഡിലേക്കിറങ്ങിയതാണ്. പൊടുന്നനെ ഒരു ഷെല്‍ കാറിനു പിന്നില്‍ പതിച്ചു.മരണത്തെ മുഖാമുഖം കണ്ട നിമിഷം.ബുള്ളറ്റ് പ്രൂഫ്‌ കാറാണ് ഞങ്ങളുടേത്.പക്ഷേ പിന്നീട് തുടരെ ഷെല്‍ കാറിനു മുകളില് പതിച്ചു‍. അംഗരക്ഷകര്‍ എന്നെ വളഞ്ഞു. എന്നാല്‍ അതും ഭേദിച്ചു വെടിയുണ്ടകള്‍ പാഞ്ഞു വന്നു. ധൈര്യം സംഭരിച്ചു ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തു. എന്നാല്‍ പിന്നീട് കാറില്‍ ഞാനും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നോള്ളൂ.അംഗരക്ഷകരെല്ലാം തല്‍ക്ഷണം മരിച്ചു. വസ്ത്രം മുഴുവന്‍ ചോര പുരണ്ടു. നെറ്റിയില്‍ ഒരു ചെറിയ മുറിവല്ലാതെ മാരകമായി ഒന്നുമില്ല. എന്നാല്‍ പ്രത്യാക്രമമുണ്ടായിട്ടും ഒരിക്കല്‍ പോലും തോക്ക് ഉപയോഗിച്ചില്ല. പ്രാര്‍ഥനകൊണ്ട് മാത്രമാണിതിനു കഴിഞ്ഞത്. തോക്ക് ഉപയോഗിക്കുന്നത് എനിക്ക് ഓര്‍ക്കാന്‍ പോലും കഴിയില്ല.

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇറാക്കില്‍ ഒരേ സമയം വൈദികനായും ജോലിചെയ്തു മാനസിക സംഘര്‍ഷം അനുഭവിക്കുന്ന സൈനികര്‍ക്ക് സമാധാന വാക്ക് പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞു എന്നുള്ളത് മഹത്തായ കാര്യമാണ്. നയതന്ത്രത്തിന്റെ ഭാഗമായി മൂന്നു വട്ടം ഇറാക്ക് പ്രസിടന്റ്റ് സദ്ദാം ഹുസൈനിനോടു സംസാരിച്ചു. അദ്ദേഹത്തിന്റെ കൊട്ടാരങ്ങള്‍ അമേരിക്കയ്ക്ക് വേണ്ടി വാങ്ങുകയായിരുന്നു ഉദ്ദേശ്യം. സംസാരത്തിനിടയില്‍, ഞാനായിയിരുന്നു സദ്ദാമിന്റെ ഭാഗത്തെങ്കില്‍ ബില്യണ്‍ ഡോളര്‍ വാങ്ങി രാജ്യം വിട്ടുകൊടുക്കുമായിരുന്നു എന്ന് തമാശയ്ക്ക്പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു "അതിലും ഭേദം ഞാന്‍ മരിക്കുന്നതാണ്". അതാണ്‌ സദ്ദാം. അദ്ദേഹത്തിന്റെ 28 കൊട്ടാരങ്ങളും മാനേജ് ചെയ്തത് ഞാനാണ്. കൊട്ടാരത്തിലെ ഗാരേജ് മുഴുവന്‍ അമേരിക്കന്‍ നിര്‍മിത കാറുകളായിരുന്നു. കാറുകളോടു സദ്ദാമിനു വലിയ ക്രേസ് ആയിരുന്നു.

 

 

സംസാരത്തിനിടയില്‍ സദാം ഇറാക്കിനെ പഴയ പ്രതാപത്തില്‍ എത്തിക്കുന്നതിനെപറ്റി വളരെ താല്പര്യത്തോടെ പറയുന്നുണ്ടായിരുന്നു.സദ്ദാമിന്റെ മകന്‍ ഉദയ ആയിരുന്നു കൊട്ടാരങ്ങള്‍ നോക്കിനടത്തിയിരുന്നത്.എന്നാല്‍ കടുത്ത വിലപേശലിനൊടുവില്‍ അമേരിക്കയ്ക്ക ഒരു പണമുടക്കമില്ലാതെ ആവശ്യമായ ഭൂമിയും കെട്ടിടങ്ങളും സ്വന്താമായി . അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു ഇത്രയും വിലയുള്ള പുറത്തുനിന്നുള്ള ഭൂമിക്ക് പണമുടക്കമില്ലാതെകരാറുറപ്പിക്കുന്നത്. സങ്കീര്‍ണമായിരുന്നു ഇറാക്കിലെ ദൌത്യം. അപകടം ഇപ്പോഴും ഉണ്ടാകാമെന്നും കുവൈത്തില്‍ തങ്ങി ബാഗ്ദാദിലെ കാര്യങ്ങള്‍ നിയന്ത്രിച്ചാല്‍ മതിയെന്നും നിദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഇറാക്കില്‍ പോകാനും അവിടെ നിന്നും കാര്യങ്ങള്‍ മാനേജ് ചെയ്യാനും ആയിരുന്നു എന്റെ തീരുമാനം. ബാഗ്ദാദിലായിരുന്നു ഞങ്ങളുടെ ബ്യൂറോ.ആയിരത്തിലധികം പേരില്‍ എന്നെയാണ് കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നിയോഗിച്ചത് എന്നത് ദൈവനിശ്ചയമായി കാണുന്നു. തുടരും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.