പ്രിയനന്ദനന്‍ (സംവിധായകന്‍)
ഞാനിപ്പോള്‍ സിനിമയുടെ ലഹരിയിലാണ്. 'ഞാന്‍ നിന്നോടു കൂടെ' എന്നു പേരിട്ട സിനിമയുടെ ചിത്രീകരണം തൃശൂരില്‍ ആരംഭിച്ചുകഴിഞ്ഞു. വിനയ്‌ഫോര്‍ട്ടും സിദ്ധാര്‍ഥനുമാണ് നായകര്‍.
ഒരുവര്‍ഷം മുമ്പാണ് സിനിമയ്ക്കുവേണ്ടി ചങ്ങമ്പുഴയുടെ ജീവിതം വിശദമായി പഠിച്ചത്. മദ്യം അദ്ദേഹത്തിന്റെ ജീവിതത്തില്‍ എത്രമാത്രം സ്വധീനമുണ്ടാക്കി എന്നറിഞ്ഞത് അപ്പോഴാണ്. അതൊരു വെളിച്ചമായിരുന്നു. എന്തിന് ഞാന്‍ മദ്യത്തെ തലയിലേറ്റി നടക്കണം എന്ന ചിന്ത വന്നു തുടങ്ങിയത് അതറിഞ്ഞപ്പോള്‍ മുതലാണ്. മദ്യംകൊണ്ട് എനിക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ വല്ലാത്തൊരു സങ്കടം തോന്നി. പല ഉദ്ഘാടനങ്ങള്‍ക്കു പോയാലും എനിക്കു പ്രതിഫലമായി നല്‍കുന്നത് മദ്യമായിരുന്നു. ഞാനത് സന്തോഷത്തോടെ സ്വീകരിച്ചു. സുഹൃത്തുക്കള്‍ക്കും അല്ലാത്തവര്‍ക്കുമൊപ്പമിരുന്ന് ചിയേഴ്‌സ് വിളിച്ചു. എനിക്കൊപ്പം മദ്യപിക്കാനിരിക്കുന്നവര്‍ സെല്‍ഫോണില്‍ സുഹൃത്തുക്കളോട് പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്.
''ഞാനിപ്പോള്‍ സംവിധായകന്‍ പ്രിയനന്ദനനൊപ്പം രണ്ടെണ്ണം വീശുകയാണ്.''
അയാള്‍ക്കൊപ്പം ആ സന്തോഷനിമിഷം ഞാനും അറിയാതെ ആസ്വദിക്കും. മദ്യം ഒരിക്കലും എന്റെ സര്‍ഗാത്മതയ്ക്ക് ഗുണം ചെയ്തിട്ടില്ല. ചെയ്യുകയുമില്ല. ക്രിയേറ്റീവായവര്‍ മദ്യപിച്ചിട്ട് ഒന്നും നേടിയിട്ടില്ലെന്നതാണ് എന്റെ അനുഭവം. ക്രിയേറ്റിവിറ്റിക്ക് മദ്യം ഒരു ഘടകമേയല്ല.
മദ്യപിച്ചാല്‍ ഒരുപാട് കുപ്രചരണങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. മദ്യപിച്ച് ഒരു സത്യം പറഞ്ഞാല്‍പോലും ആളുകള്‍ അംഗീകരിക്കില്ല.
''അവന്‍ വെള്ളമടിച്ചിട്ട് പറയുകയാ, വലിയ കാര്യമാക്കേണ്ടതില്ല.''
എന്നു പറഞ്ഞ് അതിനെ തള്ളിക്കളയും.
കവിയായ മുല്ലനേഴിമാഷും ഞാനും തമ്മില്‍ നല്ല സുഹൃത്തുക്കളായിരുന്നു. എന്നെ സംവിധായകനാക്കിയത് അദ്ദേഹമാണെന്ന് പറയാം. ആദ്യസിനിമയായ 'നെയ്ത്തുകാര'ന്റെ ഷൂട്ടിംഗ് നിലച്ചുപോയപ്പോള്‍ സഹായവുമായി വന്നത് എന്റെ പ്രിയപ്പെട്ട മുല്ലന്‍മാഷാണ്. മദ്യത്തിന്റെ പേരില്‍ അദ്ദേഹത്തെ പഴി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മാഷെ സിനിമയില്‍ അഭിനയിപ്പിച്ചാല്‍ ശരിയാവുമോ എന്നുപോലും ചിലര്‍ സംശയിച്ചു. പക്ഷേ തന്റെ പ്രതിഭയില്‍ അശേഷവും അദ്ദേഹം മദ്യം ചേര്‍ത്തിരുന്നില്ലെന്നതാണ് വാസ്തവം.
ഞാനിപ്പോള്‍ മദ്യം പൂര്‍ണ്ണമായും ഉപേക്ഷിച്ചു. അതുകൊണ്ടുതന്നെ ക്രിയേറ്റിവിറ്റിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയുന്നു. ഇനിയുള്ള ഒരുമാസക്കാലം ഈ സിനിമയ്‌ക്കൊപ്പമാണ്. അതാണെന്റെ ലഹരിയും സന്തോഷവും.
Comments