You are Here : Home / അഭിമുഖം

മമ്മുക്കയെയും ലാലേട്ടനെയും അച്ഛനിഷ്ടമായിരുന്നു: ഷോബി തിലകന്‍

Text Size  

Story Dated: Wednesday, September 24, 2014 04:39 hrs UTC

പ്രശസ്ത നടന്‍ തിലകന്‍ മരിച്ചിട്ട് സെപ്റ്റംബര്‍ 24ന് ഒരു വര്‍ഷം തികയുകയാണ്. അച്ഛനൊത്തുള്ള നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഷോബി തിലകന്‍..
 

 




'തച്ചിലേടത്ത് ചുണ്ട'ന്റെ ചേര്‍ത്തലയിലെ ലൊക്കേഷനില്‍ അച്ഛനൊപ്പം ഞാനുമുണ്ടായിരുന്നു. മമ്മുക്കയും അച്ഛനും തമ്മില്‍ ഉടക്കുള്ള സമയമാണത്. പലപ്പോഴും ഈ ഉടക്കിന് ഞാനും ദൃക്‌സാക്ഷിയായിട്ടുണ്ട്. ഒരു ടൂറിസ്റ്റ്‌ഹോം സെറ്റിട്ട് ആശുപത്രിയാക്കി മാറ്റിയിരിക്കുകയാണ്. ഒരു മുറിയിലെ കട്ടിലില്‍ മമ്മുക്ക കിടക്കുന്നു. തൊട്ടരികില്‍ നിന്ന് മേക്കപ്പ്മാന്‍ മണി മങ്കാമഹേഷിനെ മേക്കപ്പിടുകയാണ്. ആ സമയത്താണ് ഞാനും അച്ഛനും മുറിക്കുള്ളിലേക്കു കയറിയിരുന്നത്. മമ്മുക്ക അച്ഛനെ മൈന്‍ഡ് ചെയ്തതേയില്ല. അതോടെ അച്ഛന്‍ അസ്വസ്ഥനായി.
''എടാ, ആ ബാഗ് തുറന്നിട്ട് ഒരു സ്‌മോള്‍ ഒഴിച്ച് വാ''
അച്ഛന്‍ എന്നെ നോക്കി പറഞ്ഞു. മമ്മുക്ക അപ്പുറത്തിരുന്ന് ഇതൊക്കെ കേള്‍ക്കുന്നുണ്ടെന്ന് എനിക്കറിയാം. എനിക്ക് മമ്മുക്കയെ ഇഷ്ടവുമാണ്.
''ഇപ്പോള്‍ വേണോ അച്ഛാ?''
എന്റെ ചോദ്യം പൂര്‍ത്തിയാക്കുന്നതിനുമുമ്പുതന്നെ അച്ഛന്റെ കടുപ്പിച്ച മറുപടിയും വന്നു. ''വേണം''
മമ്മുക്ക കിടക്കുന്ന കട്ടിലിന്റെ അരികിലാണ് അച്ഛന്റെ ബാഗിരിക്കുന്നത്. ഞാന്‍ പതുക്കെ പോയി ബാഗെടുത്ത് താഴെവച്ചു. അതിനുശേഷം ഒരു സ്റ്റീല്‍ഗ്ലാസ് കൊണ്ടുവന്ന് മമ്മുക്ക കാണാതെ അതിലേക്ക് മദ്യം ഒഴിച്ച് അച്ഛന്റെ കൈയില്‍ കൊടുത്തു. ാസ് വാങ്ങിച്ചശേഷം എന്നെ രൂക്ഷമായൊന്നു നോക്കി.
''സ്റ്റീല്‍ഗ്ലാസിലാണോടാ മദ്യം ഒഴിക്കുന്നത്?''
എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ഥം.
''ചില്ലുഗ്ലാസ് കിട്ടിയില്ല.'' അച്ഛന്‍ ചോദിച്ചില്ലെങ്കിലും ഞാന്‍ മറുപടി പറഞ്ഞു. ഉടന്‍ അച്ഛന്‍ ഉച്ചത്തില്‍ വിളിച്ചു.
''പ്രൊഡക്ഷന്‍''
പ്രൊഡക്ഷനിലെ പയ്യന്‍ അച്ഛന്റടുത്തേക്ക് ഓടിവന്നു.
''ഒരു ചില്ലുഗ്ലാസ് വേണം. എവിടുന്നായാലും വേണ്ടില്ല.''
മമ്മുക്ക ഇതൊക്കെയും കേള്‍ക്കുന്നുണ്ട്. പക്ഷേ നോക്കുന്നേയില്ല. പ്രൊഡക്ഷനിലെ പയ്യന്‍ ാസ് കൊണ്ടുവന്നു. അച്ഛന്‍ മദ്യം ചില്ലുഗ്ലാസിലേക്ക് ഒഴിച്ചു. മമ്മുക്ക കാണാന്‍ പാകത്തില്‍ ഉയര്‍ത്തിപ്പിടിച്ചു. ഓരോ സിപ്പ് പതുക്കെപ്പതുക്കെ കഴിച്ചശേഷം മങ്കചേച്ചിയോടും മണിച്ചേട്ടനോടുമൊക്കെ സംസാരിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് മണിച്ചേട്ടന്‍ എന്തോ ആവശ്യത്തിന് പുറത്തേക്കു പോയി. അഞ്ചുമിനുട്ടു കഴിഞ്ഞില്ല. മമ്മുക്ക ചാടിയെണീറ്റ് വെളിയിലേക്കിറങ്ങുമ്പോള്‍ മണിച്ചേട്ടന്‍ എതിരെവന്നു.
''എടോ മേക്കപ്പ്‌റൂമിലാണോ മദ്യപിക്കുന്നത്? തനിക്കൊന്ന് പറഞ്ഞുകൂടെ?''
എന്നുപറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി. മണിച്ചേട്ടന്‍ തിരിച്ചൊന്നും പറഞ്ഞില്ല. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ വീണ്ടും മങ്കച്ചേച്ചിയെ മേക്കപ്പിട്ടു തുടങ്ങി.
''മണീ, ഞാനിവിടെയിരുന്ന് മദ്യപിക്കുന്നതില്‍ തനിക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?'' ഒരു കുഴപ്പവുമില്ലെന്നായിരുന്നു മണിച്ചേട്ടന്റെ മറുപടി. ഇതെല്ലാം കണ്ടപ്പോള്‍ എനിക്കു ചിരിക്കാനാണ് തോന്നിയത്.
അടുത്ത ദിവസം ചേര്‍ത്തല ആന്ത്രപ്പേര്‍ ഹൗസിന്റെ സിറ്റൗട്ടിലായിരുന്നു ഷൂട്ടിംഗ്. അച്ഛന്‍, മമ്മുക്ക, നെടുമുടിച്ചേട്ടന്‍, അഗസ്റ്റിന്‍ എന്നിവരുടെ കോമ്പിനേഷന്‍ സീന്‍. ഷോട്ടെടുത്തു കഴിഞ്ഞപ്പോള്‍ സംവിധായകന്‍ ഷാജൂണ്‍ ഓകെ പറഞ്ഞു.
''അയ്യോ, ഓകെ ആയില്ലല്ലോ. നമുക്ക് ഒന്നുകൂടി എടുത്താലോ?''
എന്തോ തെറ്റു കണ്ടപ്പോഴാണ് മമ്മുക്ക ചോദിച്ചത്. സംവിധായകന്‍ സമ്മതിച്ചു. ഒന്നു കൂടി എടുത്താലോ എന്നു ചോദിച്ചപ്പോള്‍ അച്ഛന് ദേഷ്യം വന്നു.
''ഡയറക്ടര്‍ ഓകെ പറഞ്ഞുകഴിഞ്ഞിട്ട് വീണ്ടും അഭിനയിക്കണമെങ്കില്‍ തിലകന്‍ ഒന്നുകൂടി ജനിക്കണം.''
മമ്മുക്കയും സംവിധായകനുമൊക്കെ ആകെ വല്ലാതായി.
''ഡയലോഗില്‍ ഒരു ഗ്യാപ്പുണ്ട്. ഡബ്ബിംഗില്‍ ഫില്ലുചെയ്താല്‍ കൊള്ളാം''
മമ്മുക്ക അച്ഛന്റെ മുഖത്തുനോക്കാതെ പറഞ്ഞു.
''താന്‍ എന്നെ പഠിപ്പിക്കുകയൊന്നും വേണ്ട. പത്തു മുപ്പത്തഞ്ചു കൊല്ലമായി ഞാനീപ്പണി തുടങ്ങിയിട്ട്.''
അച്ഛനും മുഖത്തുനോക്കിയതേയില്ല. കൊച്ചുപിള്ളേര്‍ വഴക്കിടുന്നതുപോലെയാണ് എനിക്കുതോന്നിയത്. രണ്ടുപേര്‍ക്കും മനസില്‍ പരസ്പരം ഇഷ്ടമാണ്. പക്ഷേ അത് പുറത്തുകാണിക്കില്ല.
'അമ്മ'യുമായി പ്രശ്‌നമുണ്ടായ സമയത്ത് മമ്മുക്കയോ ലാലേട്ടനോ അച്ഛനോട് നേരിട്ടെത്തി സംസാരിച്ചിരുന്നെങ്കില്‍ പരിഹരിക്കപ്പെടുമായിരുന്നു. വര്‍ഷങ്ങളായി അച്ഛനൊപ്പം പ്രവര്‍ത്തിക്കുന്ന നടന്മാരാണ് അവര്‍. ഒരുപക്ഷേ ഞങ്ങള്‍ മക്കളേക്കാള്‍ കൂടുതല്‍ അച്ഛനെ അച്ഛാ എന്ന് വിളിച്ചത് അവരായിരിക്കും. ഇഷ്ടം പുറത്തുകാണിക്കാന്‍ അച്ഛനറിയില്ല. മക്കളോടും അങ്ങനെതന്നെ.
മരിക്കുന്നതിനു മാസങ്ങള്‍ക്കു മുമ്പ് അച്ഛന് അഭിനയത്തിലും എനിക്ക് ഡബ്ബിംഗിനും അവാര്‍ഡ് കിട്ടി. അതിന്റെ ചടങ്ങ് ദുബായിലായിരുന്നു. അവിടെപ്പോയി സദസിന്റെ മുമ്പിലിരുന്നപ്പോള്‍ മമ്മുക്കയെത്തി അച്ഛനെ വിഷ് ചെയ്തു. അച്ഛന്‍ ഒന്നും മിണ്ടിയില്ല. അവാര്‍ഡ് വാങ്ങിച്ച് പുറത്തിറങ്ങാന്‍നേരം ബാത്ത്‌റൂമില്‍ കയറിയതായിരുന്നു അച്ഛന്‍. പെട്ടെന്നാണ് തൊട്ടപ്പുറത്തെ ബാത്ത്‌റൂമില്‍ നിന്ന് മമ്മുക്കയിറങ്ങിയത്. അവാര്‍ഡിനെക്കുറിച്ച് ചോദിക്കുന്നതിനിടെ ഞാന്‍ അദ്ദേഹത്തിനൊപ്പം നിന്ന് ഒരു ഫോട്ടോയെടുത്തു. അപ്പോഴേക്കും അച്ഛന്‍ ബാത്ത്‌റൂമില്‍ നിന്നും ഇറങ്ങിവന്നു.
''ചേട്ടാ, എന്റെ മോന്റെ അഭിനയം എങ്ങനെയുണ്ട്?''
ഉസ്താദ്‌ഹോട്ടലില്‍ മമ്മുക്കയുടെ മകന്‍ ദുല്‍ഖറും അച്ഛനും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതെക്കുറിച്ചാണ് ചോദിച്ചത്.
''എന്തായാലും അപ്പന്റത്ര കുഴപ്പമില്ല.''
ഗൗരവം വിടാതെയുള്ള അച്ഛന്റെ മറുപടിയില്‍ മമ്മുക്ക ചിരിച്ചുപോയി. ഒപ്പം ഞാനും ആ ചിരിയില്‍ പങ്കുചേര്‍ന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.