വിദ്യാധരന്‍
ബാന്റിനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍ക്കുന്ന സ്ഥലം തൃശൂരിലെ അഞ്ചുവിളക്കാണ്. മരിച്ചുകഴിഞ്ഞാല്‍ കൊണ്ടുപോകുന്ന മഞ്ചകള്‍ വില്‍ക്കുന്ന സ്ഥലം. അറുപതുവര്‍ഷം മുമ്പ് അവിടെ ബാന്റ് കമ്പനിക്കാര്‍ ഒരുപാടു പേരുണ്ടായിരുന്നു. ഗാര്‍നറ്റും ഡ്രംപെറ്റും വായിക്കുന്ന ഒരു കാലഘട്ടം. പിന്നീടവര്‍ സിനിമാപാട്ടുകള്‍ പഠിച്ചുതുടങ്ങി. പെരുന്നാളിനൊക്കെ ബി.ജി.എം ആയിട്ട് വായിച്ച് പ്രചാരത്തിലായി. ഇപ്പോഴത് ഔട്ട് ഓഫ് ഫാഷനായി.
പണ്ട് ഞങ്ങളുടെ കൂടെ മനോഹരമായി ഗാര്‍നറ്റ് വായിക്കുന്ന ഡേവിസുണ്ടായിരുന്നു. ലൈറ്റ് മ്യൂസിക്കിന്റെ റെക്കോര്‍ഡിംഗിനൊക്കെ അവനും ഒപ്പമുണ്ടാകും. കുറച്ചു സിനിമകളിലും അവസരം കിട്ടി. പക്ഷെ മരണം പെട്ടെന്നുതന്നെ ആ പ്രതിഭാശാലിയെ തിരിച്ചുവിളിച്ചു. കോട്ടയത്തെ പാപ്പുവും അനിയന്‍ വര്‍ഗീസുമാണ് ഗാര്‍നറ്റിലെ അന്നത്തെ ഏറ്റവും മികച്ച കലാകാരന്മാര്‍. ഇവരെല്ലാവരും അക്കാലത്ത് പള്ളുരുത്തിയിലെ എം.കെ.അര്‍ജുനന്‍ മാഷിന്റെ മ്യൂസിക് ക്ലബില്‍ ഒത്തുചേരും.
ഞാനും പള്ളുരുത്തി നാരായണേട്ടനും കലാമണ്ഡലം ഹൈദരാലിയുമൊക്കെ ഒന്നിച്ചു പോകുമ്പോള്‍ ഡേവിസും കൂടെയുണ്ടാവും. നാരായണേട്ടന്‍ മൃദംഗവും ഞാന്‍ ഹാര്‍മോണിയവും ഡേവിസ് ഗാര്‍നറ്റും വായിക്കും. ഡേവിസ് വായിക്കുന്ന ഗാര്‍നറ്റും അതിന്റെ കീസുമൊക്കെ വേറെയാണ്. ഫോറിനില്‍ നിന്ന് കൊണ്ടുവന്നതാണ്. അതുമായാണ് ഒരിക്കല്‍ ഞങ്ങള്‍ പള്ളുരുത്തിയിലെ മ്യൂസിക് ക്ലബില്‍ എത്തിയത്. ഡേവിസിന്റെ ഗാര്‍നറ്റില്‍ അന്ന് 'സ' എന്നു തികച്ചു വായിക്കാന്‍ പാപ്പുവിനും വര്‍ഗീസിനും കഴിഞ്ഞില്ല. എന്നാല്‍ ഡേവിസാകട്ടെ അവിടെയുള്ള ഏത് ഉപകരണവും എടുത്തു വായിച്ചുതരും. അതാണ് പ്രതിഭ.
ബാന്റ്‌മേളങ്ങള്‍ പുതിയ രൂപത്തിലാണിപ്പോള്‍ അവതരിച്ചിരിക്കുന്നത്. നല്ല കാര്യങ്ങളൊക്കെ പോയി. പഴയതെന്ന് പറയുന്നത് ഇന്‍സള്‍ട്ട് പോലെയാണ് പലപ്പോഴും തോന്നുന്നത്. പഴയത് എന്നു പറയാതെ കേള്‍ക്കാന്‍ കൊള്ളാവുന്നത് അല്ലെങ്കില്‍ നല്ലത് എന്നു മാത്രം പറയുക.
Comments