ഫോമയുടെ 2020 വര്‍ഷത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട വിന്‍സന്റ് പാലത്തിങ്കല്‍ . അമേരിക്കന്‍ മലയാളികളില്‍ വിന്‍സന്റിനെ അറിയാത്തവര്‍ ചുരുക്കമാണ്. വാഷിംങ്ടണ്‍ റീജിയണിന്റെ പ്രമുഖ നേതാവും വൈസ് പ്രസിഡന്റായി ഫോമയില്‍ പ്രവര്‍ത്തിച്ചിരുന്ന വിന്‍സന്‌റിന് സംഘടനയെ കുറിച്ച് വ്യക്തമായ അവബോധമുണ്ട്.
വാഷിങ്ടണില്‍ കണ്‍വന്‍ഷന്‍ നടത്തും എന്നതല്ല പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമ്പോള്‍ വിന്‍സന്റ് മുന്നോട്ടുവയ്ക്കുന്നത്. കണ്‍വന്‍ഷന്‍ നടത്തുക എന്നതല്ല ഒരു സംഘടനയുടെ പ്രധാന അജണ്ട. എങ്കിലും വാഷിംഗ്ടണില്‍ കണ്‍വന്‍ഷന്‍ നടത്തണമെന്നതാണ് ആഗ്രഹമെന്നും വിന്‍സന്റ് പറയുന്നു. ഭാവി പരിപാടികളെ കുറിച്ചും സ്ഥാനാര്‍ഥിത്വത്തെ കുറിച്ചും വിന്‍സന്റ് അശ്വമേധത്തോടു സംസാരിക്കുന്നു.
2018ല്‍ മാറിനിന്നത്
ഇത്തവണ മത്സരിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ രണ്ടു സ്ഥാനാര്‍ഥികള്‍ നിലവില്‍ ഉള്ളതിനാല്‍ മാറിനിന്നു. കൂടുതല്‍ സങ്കീര്‍ണത ഉണ്ടാക്കേണ്ടെ എന്നു തീരുമാനിച്ചു.
പൂര്‍ണ പിന്‍തുണ
വാഷിംഗ്ടണ്‍ റീജിയണിന്റെ പൂര്‍ണ പിന്‍തുണ ഉണ്ട്. അതില്ലാതെ ആര്‍ക്കും ഇങ്ങിനെ സ്ഥാനാര്‍തിത്വം പ്രഖ്യാപിക്കാനാവില്ല. വാഷിംഗ്ടണ്‍ റീജിയണില്‍ ഉള്ള അംഗങ്ങള്‍ വളരെ ഉത്സാഹത്തോടെയും മലയാളി സമൂഹത്തിനു വേണ്ടിയും പ്രവര്‍ത്തിക്കുന്നവരാണെന്ന് അഭിമാനത്തോടെ പറയാന്‍ എനിക്കു കഴിയും. അതില്‍ ഞാന്‍ സന്തോഷിക്കുകയും ചെയ്യുന്നു. 1996 മുതല്‍ ഞാനിവിടെ പ്രവര്‍ത്തിക്കുന്നു. എന്തു പരിപാടി നടത്തിയാലും എല്ലാവരും കൈമെയ് മറന്ന് ഇറങ്ങിത്തിരിക്കും. മൂന്ന് അസോസിയോഷനുകളാണ് ഇവിടുള്ളത് . ഇവരുടെ പൂര്‍ണപിന്‍തുണ ഉറപ്പാക്കിയ ശേഷമേ ഇവിടെ പ്രവര്‍ത്തിക്കാന്‍ കഴിയൂ.
എന്നും ഫോമയ്‌ക്കൊപ്പം
2008 ല്‍ ആണ് ഫോമ- ഫൊക്കാന ബന്ധം വേര്‍പെടുന്നത്. വഴക്കുകളില്‍ താല്‍പര്യമില്ലായിരുന്നു. അന്നു നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ എല്ലാം നന്നായി അറിയാം. ഫോമയില്‍ സത്യമുള്ളതുകൊണ്ടാണ് ഫോമയ്‌ക്കൊപ്പം നിന്നത്. പ്രസ്ഥാനം ഒരു പ്രതിസന്ധി നേരിട്ടപ്പോള്‍ അവര്‍ക്കൊപ്പം നിന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഫോമ വളര്‍ന്നു വലുതായി. യുവാക്കളുടെ ആഗ്രഹങ്ങള്‍ക്കൊപ്പം നിന്നു ഇനി ഫോമയ്ക്ക് പുതിയ ദിശാബോധം വരുത്തുക എന്നതാണ് ലക്ഷ്യം.
ബൈലോ മാറ്റം
ഫോമയിലെ പ്രതിനിധികളുടെ എണ്ണം അഞ്ചില്‍നിന്നു ഏഴാക്കിയത് നല്ലതുതന്നെയാണ്. ഏഴു പേരെയെങ്കിലും പ്രതിനിധാനം ചെയ്യാനില്ലെങ്കില്‍ ഒരു സംഘടന വെറുതെയാണെന്നാണ് എനിക്കു തോന്നുന്നത്. അതിനാല്‍ എണ്ണം കൂടിയതുകൊണ്ടോ കുറഞ്ഞതുകൊണ്ടോ അതൊന്നും ബാധിക്കുന്ന പ്രശ്‌നമില്ല.
സ്ഥാനാര്‍ഥികളെ ചൂഷണം ചെയ്യരുത്
സ്ഥാനാര്‍ഥി ആയതുകാരണം അവരെ മുതലെടുക്കുന്നത് തെറ്റാണ്. ഫോമയുടെ പ്രസിഡണ്ടുതന്നെ പൈസയിറക്കണമെന്നത് ശരിയല്ല. പൈസ ക്രൈറ്റിരിയയാകരുത്. പബ്ലിസ്റ്റി ആവശ്യമില്ലാത്തവരെ അതിലേക്കു വലിച്ചിഴയ്ക്കരുത്.
സ്ഥാനാര്‍ഥികളുടെ സ്വഭാവം
ഒരു കോഡ് ഓഫ് കണ്ടക്ട് സ്ഥാനാര്‍ഥികള്‍ക്കു വയ്ക്കണമെന്നു പറയാനാകില്ല. അങ്ങിനെ വയ്ക്കുന്നത് സാധ്യവുമല്ല.
ജനങ്ങള്‍ക്ക് വെറുപ്പുണ്ടാക്കുന്ന കാര്യങ്ങള്‍ നേതാക്കള്‍ ചെയ്യാന്‍ പാടില്ല. ഇതു ചെയ്യണം, ഇതു ചെയ്യരുത് എന്നൊന്നും ബൈലോയില്‍ ചേര്‍ക്കാന്‍ പറ്റില്ല. സ്വഭാവം നന്നായിരിക്കണമെന്നു നിര്‍ബന്ധമാണ്. ഫോമയുടെ പ്രസിഡന്റാകുന്നവര്‍ വിശ്വാസ്യതയുള്ളവര്‍ ആയിരിക്കണം. പൊതുജനങ്ങളുമായി ജോലിചെയ്യുക എന്നത് അവരുടെ ഉത്തരവാദിത്വമാണ്.
ഏതൊരു പ്രസ്ഥാനത്തിന്റയും കരുത്ത് അതിന്റെ പ്രവര്‍ത്തകരും നേതാക്കളുമാണ്. നേതാക്കള്‍ പെട്ടെന്നു പൊട്ടിമുളയ്ക്കുന്നവരല്ല. കാലഘട്ടത്തിലെ പ്രവര്‍ത്തനം കൊണ്ട് ഉണ്ടായി വരുന്നവരാണ്. അതിനാല്‍ പെട്ടെന്നു നേതാവായി ആര്‍ക്കും ഒരു സംഘടനയേയും ഏറ്റടുക്കാന്‍ കഴിയില്ല. പരിചയമുള്ളവര്‍ക്കു മാത്രമേ നേതാവാകാന്‍ കഴിയൂ. നേതാക്കളുടെ കഴിവ് ജനങ്ങള്‍ തീരുമാനിക്കേണ്ടതാണ്. അവര്‍ അതെല്ലാം കൃത്യമായി തീരുമാനിക്കുന്നുണ്ട്.
നഷ്ടം പ്രസിഡന്റിന്?
സംഘടനയ്ക്കു ബാധ്യത വരുമ്പോള്‍ അതൊരു വ്യക്തിയിലേക്ക് ഒതുങ്ങുന്നത് ശരിയല്ല. പ്രസിഡന്റാകുമ്പോള്‍ അയാള്‍തന്നെ ചെലവ് വഹിക്കണമെന്നതും ശരിയല്ല. രണ്ടു വര്‍ഷത്തെ ചെലവ് ഫണ്ടു ശേഖരണംവഴി പിരിച്ചെടുക്കുകയാണ്. പിറകെ വരുന്നവര്‍ക്ക് കടമുണ്ടാക്കി വയ്ക്കുന്നത് ശരിയല്ല. പര്‍ഫോമന്‍സ് ബോണ്ട് എന്നതിനേക്കാള്‍ ബാധ്യത വരുത്താതിരിക്കുക എന്നതാണ് വേണ്ടത്. കണ്‍വന്‍ഷന്‍ നടത്തുക എന്നത് കമ്മിറ്റിയുടെ ഉത്തരവാദിത്വമാണ്. 2018 കണ്‍വന്‍ഷന്‍ അതിനൊരു മാതൃകയാകുമെന്നു ഞാന്‍ വിശ്വസിക്കുന്നു.
പാനല്‍ സിസ്റ്റം
പാനലിനൊക്കെ ഞാന്‍ ആദ്യം എതിരായിരുന്നു. എന്നാല്‍ പാനല്‍ സംവിധാനത്തെ തള്ളിപ്പറയാന്‍ പറ്റില്ല. പാനലാകുമ്പോള്‍ എല്ലാറ്റിലും കൂട്ടുത്തരവാദിത്വമണ്ടാകും. കമ്മിറ്റി എന്ന ചിന്തയുണ്ടാകും. നമുക്കതു ചെയ്യണമെന്ന തോന്നലുണ്ടാകും. എല്ലാവരും മനസുവച്ചാലേ സംഘടന വിജയിക്കൂ.
Comments