പിന്നിട്ട വഴികളിൽ ചോദ്യങ്ങളുടെ അസംഖ്യം ഓർമ്മകൾ ശ്രീകണ്ഠൻ നായരുടെ മനസ്സിൽ ഉണ്ടെങ്കിലും ചില വിഷയങ്ങളും ചില ഉത്തരങ്ങളും ചില വ്യക്തികളും മായാതെ പച്ച പിടിച്ചു നിൽക്കുന്നു. വാക്കുകൾ ഒഴുക്കി കേൾവിക്കാരനെ പിടിച്ചിരുത്തുകയും പൊട്ടിചിരിപ്പിക്കുകയും ചെയ്യുന്ന ഇ കെ നായനാർ പങ്കെടുത്ത ‘നമ്മൾ തമ്മിൽ’ ചിത്രീകരണവേള
”ചിത്രീകരണം അനുവദിച്ച സമയവും കടന്നു പോയപ്പോൾ വളരെ ഭവ്യതയോടെ ഞാൻ സമയത്തെ കുറിച്ച് അദ്ദേഹത്തെ ഓർമിപ്പിച്ചു. അതിന്റെ മറുപടി ആയിരുന്നു ഇത്.” വാക്കുകൾ ആയുധമാക്കി ഒരു മാധ്യമ പ്രവർത്തകൻ നടത്തുന്ന ജൈത്രയാത്രയിൽ നിർണായകമായ ഒരു ശ്രമം നടക്കുന്ന ദിവസം ആഗതമാകുമ്പോൾ ആ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ശ്രീകണ്ഠൻ നായർ. രസകരമായ ആ സംഭവം ശ്രീകണ്ഠൻ നായർ ഇങ്ങനെ രേഖപ്പെടുത്തുന്നു.
എന്റെ മാധ്യമ ജീവിതത്തില്‍ ഞാന്‍ പരിചയപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരില്‍ എനിക്ക് ഏറ്റവും പ്രിയങ്കരന്‍ ആരാണ് അഥവാ ആരായിരുന്നു എന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമേ ഉള്ളൂ, ഇകെ നായനാര്‍. നായനാരോട് സംസാരിക്കുമ്പോള്‍ ഒരു സാധാരണ പച്ചയായ മനുഷ്യനോട് സംസാരിക്കുന്ന പ്രതീതിയാണ് ആളുകളില്‍ ഉണ്ടാവുക. ആ വാത്സല്യം ഒരിക്കലെങ്കിലും അനുഭവിച്ച ആളുകള്‍ക്ക് അദ്ദേഹത്തെ ഒരിക്കലും മറക്കാനാകില്ല. മുഖ്യമന്ത്രി കസേരയുടെ ഉയരങ്ങളില്‍ ഇരിക്കുമ്പോഴും ഒരു സാധാരണ കണ്ണൂര്‍ക്കാരന്റെ വാത്സല്യം മുഴുവന്‍ ആവാഹിച്ച് പൊതുജനങ്ങളോട് അദ്ദേഹം ഇടപെഴകുന്നത് ഞാന്‍ ഒരുപാട് തവണ കണ്ടിട്ടുണ്ട്.
നായനാര്‍ക്ക് എന്തെങ്കിലും അനിഷ്ടം വന്നാല്‍ അത് മുഖത്ത് നോക്കിയങ്ങ് പറയും, അത് കാത്ത് വച്ച് നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. എനിക്കും അങ്ങനെ ഒരു കടുത്ത അനുഭവം ഉണ്ടായി, ഞാന്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച അനുഭവം. ഏഷ്യാനെറ്റില്‍ ‘നമ്മള്‍ തമ്മില്‍’ ഏറ്റവും വലിയ ജനകീയ പരിപാടിയായി കത്തിക്കയറുന്ന കാലമായിരുന്നു അത്. ആളുകള്‍ ഒരു പരമ്പര കാണുന്ന അതേ ഇഷ്ടത്തോടെ പരിപാടി കാണുന്ന സമയം. ഒരു ടോക് ഷോ അവതാരകന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ അംഗീകാരം ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഒരു കാലത്ത് ഈ ടോക് ഷോയിലേക്ക് ഇകെ നായനാരേയും എകെ ആന്റണിയേയും ഞാന്‍ ക്ഷണിച്ചു.
അന്ന് ഏഷ്യാനെറ്റില്‍ നില നിന്നിരുന്ന ഒരു പ്രത്യേകത എന്താണെന്ന് ചോദിച്ചാല്‍ ഒരു പരിപാടി അരമണിക്കൂറാണ് സംപ്രേക്ഷണം ചെയ്യുന്നത് എങ്കില്‍ അര മണിക്കൂര്‍ മുമ്പ് വച്ച് തന്നെ ആ പരിപാടിയുടെ ഷൂട്ടിംഗ് നിറുത്തിക്കളയുകയായിരുന്നു പതിവ്. അതിന്റെ കൂടെ ഒരു ടൈറ്റിലും ഇട്ട് അവസാനിപ്പിക്കും. അത് എന്തിനാണെന്ന് ചോദിച്ചാല്‍ അനാവശ്യമായ എഡിറ്റിംഗ് ഒഴിവാക്കുക. ഒരു ലൈവ് പരിപാടി ചിത്രീകരിക്കും പോലെയായിരുന്നു മിക്കവാറും നമ്മള്‍ തമ്മില്‍ ഷൂട്ടിംഗ് നടക്കുക. തുടക്കത്തില്‍ ഞാന്‍ പറയുന്നത് മുഴുവന്‍ ശ്രദ്ധിച്ചോളാന്‍ ഇതിന്റെ പ്രൊഡ്യൂസര്‍ ആവശ്യപ്പെടും.
അങ്ങനെ ഏതാണ്ട് 24 മിനിട്ടാണ് ഈ പരിപാടി അരമണിക്കൂറിനുള്ളില്‍ സംപ്രേക്ഷണം ചെയ്യുക. 22 മിനിട്ടാകുമ്പോള്‍ നിര്‍ത്തിക്കോളാന്‍ പ്രൊഡ്യൂസര്‍ ക്യാമറയുടെ പിന്നില്‍ ഒളിഞ്ഞ് ഇരുന്ന് കൈ കാണിക്കും. 22മിനിട്ടാകുമ്പോള്‍ ഒരു മരണ വിളി വരും. ചിലപ്പോള്‍ ചര്‍ച്ച ഏറ്റവും ചൂടുപിടിച്ച് നില്‍ക്കുന്ന സമയമായിരിക്കും അത്. അതിഥികളോട് പോയി നിറുത്തിക്കോളൂ ഞങ്ങളുടെ സമയം തീര്‍ന്നു എന്ന് പറയേണ്ട അവസ്ഥയാകും. അതിന് പലരും എന്നോട് കയര്‍ത്തിട്ടുണ്ട്.
ഇകെ നായനാരും എകെ ആന്റണിയും പങ്കെടുത്ത നമ്മള്‍ തമ്മിലില്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഇങ്ങനെ സംസാരിച്ച് കൊണ്ടേ ഇരിക്കുകയാണ്, 22 മിനിട്ടായി മരണവിളി വന്നു. കൈ കാണിച്ചു അവസാനിപ്പിച്ചോളാന്‍ പറഞ്ഞു. ഞാന്‍ ഇ കെ നായനാരുടെ മുഖത്തേക്ക് ഒന്ന് നോക്കി. അദ്ദേഹം ഇതൊന്നും അറിയാതെ സംസാരിച്ച് കൊണ്ടേ ഇരിക്കുകയാണ്. സദസ്സ് ആകെ അതില്‍ രസിച്ചിരിക്കുന്നു. ഹൃദയത്തില്‍ നിന്ന് നേരിട്ട് വരുന്ന വാക്കുകള്‍. അതോടൊപ്പം സ്വത സിദ്ധമായ അദ്ദേഹത്തിന്റെ നര്‍മ്മ ശൈലിയും. ആളുകളെ കുടുകുടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നായനാര്‍ കത്തികയറുകയാണ്. 23മിനിട്ടായി. ക്യാമറയുടെ പിന്നില്‍ നിന്ന് കൈയ്യും കാലും മാത്രമല്ല ചുണ്ടനക്കിയുമുള്ള ആംഗ്യവിക്ഷേപങ്ങള്‍ വരെ വന്നു. പരിപാടി നിര്‍ത്തിക്കൊള്ളാന്‍ .ഞാന്‍ വീണ്ടും ദയാപുരസ്സരം ഇകെ നായനാരെ നോക്കി. നായനാര്‍ എന്റെ മുഖത്ത് നോക്കി ഒരു ചിരിയും ചിരിച്ച് സംസാരം തുടരുകയാണ്. ഇത് ഇന്നും നാളെയും അവസാനിക്കുന്ന മട്ടില്ല. ഞാന്‍ വീണ്ടും ദയാപുരസ്സരം പ്രൊഡ്യൂസറെ നോക്കി. പ്രൊഡ്യൂസര്‍ എന്ത് വന്നാലും നിറുത്തിയേ പറ്റൂ എന്ന രീതിയില്‍ കൈ കാണിച്ചു.
സമയം 24ാം മിനുട്ടിലേക്ക് കടന്നു. എന്ന് മാത്രമല്ല, പ്രൊഡ്യൂസറുടെ മുഖത്ത് തൂക്കാന്‍ നില്‍ക്കുന്ന ആരാച്ചാരുടെ മുഖഭാവവും. നിറുത്തിക്കോളൂ അല്ലെങ്കില്‍ നിന്റെ അവതാരകന്റെ പണി പോകും എന്ന മട്ടിലാണ് പ്രൊഡ്യൂസറിന്റെ നില്‍പ്പ്, എനിക്ക് വേറെ വഴിയില്ല. ഞാന്‍ വളരെ പതുക്കെ നായനാരോട് അല്‍പം പേടിച്ചും ഭയന്നും പറഞ്ഞു “സാര്‍ സമയമായി നമുക്ക് നിറുത്തണം”. “ഇതാ ഇയാളുടെ കുഴപ്പം. ഇയാള്‍ക്ക് എന്തെങ്കിലും രണ്ട് കിടുപിടി ഇട്ട് തന്റെ കിണുക്കാ കിണുക്കാ എന്നുള്ള മ്യൂസിക്കും ഇട്ട് തന്റെ ഗുട് ബൈയും പറഞ്ഞ് കഴിഞ്ഞാല്‍ തനിക്കങ്ങ് പോകാം എന്നാല്‍ ഒരു സ്റ്റേറ്റ് ചീഫ് മിനിസ്റ്ററിന് അങ്ങനെ പോകാന്‍ പറ്റില്ല. എടോ ഞാന്‍ സ്റ്റേറ്റ് ചീഫ് മിനിസ്റ്ററാ. എനിക്ക് ഒരുപാട് കാര്യങ്ങള്‍ ജനങ്ങളോട് പറയാനുണ്ട്. പിപ്പിള്‍സിനോട് അത് പറഞ്ഞിട്ടേ ഞാനിത് അവസാനിപ്പിക്കൂ. ഇയാളുടെ സമയം ഒന്നും എനിക്ക് വിഷയമല്ല. പീപ്പിള്‍ ഇത് കേട്ടോണ്ട് ഇരിയ്ക്കാ” എന്ന് അദ്ദേഹം പറഞ്ഞു.പിന്നീട് ഒരു ആറേഴ് മിനുട്ട് കൂടി അദ്ദേഹം സംസാരിച്ച് കാണും. അതിനിടയില്‍ എന്തൊക്കെയോ പുലഭ്യങ്ങള്‍ എന്നെ പറഞ്ഞു. ചമ്മി ഇളിഭ്യനായി മുഖം വിളറി ഞാന്‍ മാറി നിന്നു. നായനാര്‍ സംസാരിച്ച് കൊണ്ടേ ഇരിക്കുകയാണ്. ജനങ്ങള്‍ ആര്‍ത്ത് ചിരിച്ചു. പരിപാടി അവസാനിച്ചു. ആറ് മിനുട്ട് സംസാരിച്ച് കഴിഞ്ഞ നായനാര്‍ എന്റെ മുഖത്ത് നോക്കി പറഞ്ഞു “ഇനി തന്റെ ഗുട് ബൈ പറഞ്ഞ് അങ്ങ് അവസാനിപ്പിച്ചോളൂ എനിക്ക് ഇത്രയൊക്കെയേ പറയാനുള്ളൂ”. ഇത് പറഞ്ഞിട്ട് നായനാര്‍ നമ്മള്‍ തമ്മിലിന്റെ കസേരയില്‍ നിന്ന് എഴുന്നേറ്റു. സന്തോഷസമേതം എകെ ആന്റണിയ്ക്കൊപ്പം പുറത്ത് പോയി.
എഡിറ്റ് ചെയ്യുന്ന സ്ഥലത്ത് ഞാന്‍ ചെന്നപ്പോള്‍ ഒരുപാട് വ്യക്തിപരമായി എന്നെ അറ്റാക്ക് ചെയ്തിരിക്കുകയാണല്ലോ എന്ന് എഡിറ്റര്‍ സൂചിപ്പിച്ചു. അങ്ങയുടെ അഭിമാനം വ്രണപ്പെടുന്നുവെങ്കില്‍ ഇത് നമുക്ക് എഡിറ്റ് ചെയ്ത് കളയാം എന്ന് എഡിറ്റര്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു ഇ കെ നായനാര്‍ എന്നെ വിളിച്ച ഈ തെറി എനിക്ക് കിട്ടിയ ഓസ്കാര്‍ ആണ്. അവസാനം നായനാരുടെ സംഭാഷണം എനിക്ക് കിട്ടിയ ഓസ്കാര്‍ എന്ന പരിഗണനയില്‍ മുഴുവനായി സംപ്രേക്ഷണം ചെയ്തുവെന്ന് മാത്രമല്ല അന്ന് ഏഷ്യാനെറ്റ് വഴി ഈ പരിപാടി കൂടുതല്‍ ആളുകളില്‍ എത്താനുള്ള പ്രൊമോഷണല്‍ ട്രെയിലറായി ഇത് മാറുകയും ചെയ്തു. നായനാര്‍ എന്റെ മുഖത്ത് നോക്കി പറയുന്ന പുലഭ്യ വര്‍ഷം ജനങ്ങള്‍ ആവോളം ആസ്വദിച്ചു.
ഇന്നും അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാന്‍ അറിയാതെ ഓര്‍ത്ത് പോകും എനിക്ക് ജീവിതത്തില്‍ ആദ്യത്തേയും ഒരുപക്ഷേ അവസാനത്തേയുമായ ഓസ്കാര്‍ സമ്മാനിച്ച മഹാമനുഷ്യന്‍ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഞാന്‍ ഒരു നിമിഷം നിശബ്ദനായി പോകുന്നു. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ വീട്ടിലേക്ക് ശാരദ ടീച്ചറെ കാണാനായി ഞങ്ങളുടെ വാര്‍ത്താ സംഘം എത്തിയിരുന്നു. എക്സിക്യൂട്ടീവ് എഡിറ്റര്‍ ലീന്‍ ബി ജെസ്മസിന്റെ നേതൃത്വത്തില്‍, അവരോടും ടീച്ചര്‍ പറഞ്ഞു.ശ്രീകണ്ഠന്‍ നായര്‍ എന്നേയും നായനാര്‍ സഖാവിനേയും ഏഷ്യാനെറ്റിന്റെ സ്റ്റുഡിയോ കൊണ്ട് കാണിച്ചിട്ടുണ്ടെന്ന്. അമ്മയുടെ മനസില്‍ ഇപ്പോഴും നല്ല ചിത്രങ്ങള്‍ ഓര്‍മ്മയില്‍ നില്‍ക്കുന്നു എന്നറിയുമ്പോള്‍ ഞാന്‍ അഭിമാനത്തോടെ ഇകെ നായനാരെ ഓര്‍ക്കുന്നു.
കേരളം കണ്ട ഏറ്റവും നര്‍മ്മ ബോധമുള്ള മുഖ്യമന്ത്രിയെ, ഏത് പ്രശ്നവും ഫലിതത്തിന്റെ കണ്ണാടിയിലൂടെ കണ്ട് എത്രയും വേഗം പരിഹരിക്കാനുള്ള അസാമാന്യ വൈഭവമുള്ള ആളായിരുന്നു ഇകെ നായനാര്‍. ഇകെ നായനാരെ പോലുള്ള മുഖ്യനാണ് കേരളത്തിന് വേണ്ടതെന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ഹൃദയത്തില്‍ നിന്ന് സംസാരിച്ചാല്‍ ജനങ്ങള്‍ തീര്‍ച്ചയായും നിങ്ങളെ അംഗീകരിക്കും. അനാവശ്യമായ നാട്യങ്ങളോ കൃത്രിമങ്ങളോ പൊതു ജനങ്ങള്‍ക്ക് താത്പര്യമില്ല. അത് കൊണ്ട് തന്നെ നേരിട്ട് സംവദിക്കുന്ന ഒരു ഭാഷയുമായി വന്ന് ഇകെ നായനാര്‍ ചരിത്രത്തിലെ ഉയര്‍ത്തിക്കെട്ടിയ ഒരു വിളക്കാണ് നമുക്ക്. ആ വിളക്ക് നമ്മുടെ മനസില്‍ അണയാതെ സൂക്ഷിക്കാം.
മാർച്ച് 18 ഞായറാഴ്ചയാണ് ആർ ശ്രീകണ്ഠൻ നായർ ചോദ്യങ്ങൾ തൊടുക്കുന്നതിൽ ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറുന്നത്. ജന്മ സ്ഥലമായ കൊട്ടാരക്കരയിലെ എം ജി എം ഹൈസ്കൂളിൽ വെച്ചാണ് നീണ്ട ആറു മണിക്കൂറാണ് ചോദ്യ ശരങ്ങളുമായി ശ്രീകണ്ഠന്‍ നായര്‍ ചരിത്രത്തില്‍ ഇടംനേടുന്ന ടോക്ക് ഷോ അവതരിപ്പിക്കുന്നത്.
Comments