ഏതെങ്കിലും വ്യക്തിക്കോ, വ്യക്തികൾക്കോ എതിരേയല്ല......
പാർട്ടിയുടെ ജനകീയ അടിത്തറ മെച്ചപ്പെടുത്തുന്നതാണ് ലക്ഷ്യം..
...അങ്കമാലി MLA ശ്രീ റോജി എം ജോൺ മനസ്സ് തുറക്കുന്നു ...
ചെറുപ്പത്തിന്റെ ആവേശവും, പ്രവർത്തനമികവിന്റ്റെ ഊർജസ്വലതയും കൈമുതലാക്കി, ഊഷ്മളമായ പെരുമാറ്റവും ,വ്യത്യസ്തതയാർന്ന വികസന കാഴ്ചപ്പാടുകളുമായി ജനശ്രദ്ധയാർജ്ജിച്ച നിയമസഭാ സാമാജികനാണ് അങ്കമാലിയുടെ യുവ MLA ശ്രീ റോജി എം ജോൺ. അമേരിക്കൻ മലയാളികൾക്കു വേണ്ടി ശ്രീ റോജി എം ജോണുമായി ജിനേഷ് തമ്പി നടത്തിയ പ്രത്യേക അഭിമുഖം
1) ചെങ്ങന്നൂർ ഉപ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി കനത്ത തോൽവിയാണല്ലോ ഏറ്റു വാങ്ങിയത് . ഈ തോൽവിയെ റോജി എം ജോൺ എങ്ങനെയാണ് വിലയിരുത്തുന്നത് ?
ചെങ്ങന്നൂർ ഉപ തെരെഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട പരാജയം അംഗീകരിക്കുന്നു . മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ നടപ്പിലാക്കിയ വൻ തോതിലുള്ള വർഗീയ ദ്രുവീകരണമാണ് കോൺഗ്രസിന്റെ പരാജയത്തിൽ കലാശിച്ചത് . അത് പോലെ സംഘടനാതലത്തിൽ മണ്ഡലത്തിൽ പോരായ്മകളുമുണ്ടായിരുന്നു . ആ ദൗർബല്യങ്ങളും പരിഹരിക്കപെടേണ്ടതുണ്ട് . സമഗ്രമായ നടപടികൾ സ്വീകരിച്ചു പാർട്ടിയുടെ അടിത്തറ കൂടുതൽ മെച്ചപ്പെടുത്തേണ്ട യാഥാർഥ്യവും മനസിലാകുന്നു . കൂടുതൽ ജനപങ്കാളിത്തം ഉറപ്പു വരുത്തി വരും തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പാർട്ടി ശക്തമായി തിരിച്ചു വരും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ചെങ്ങന്നൂർ ഉപ തെരഞ്ഞെടുപ്പിലെ തോൽവിയിലൂടെ കോൺഗ്രസ് പാർട്ടി നശിച്ചു പോവുകയൊന്നുമില്ല . ഇത് പോലത്തെ പരാജയങ്ങൾ പാർട്ടി മുൻപും ഏറ്റു വാങ്ങിയിട്ടുണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്തി പൂർവാധികം ശക്തിയോടെ തിരിച്ചു വരും.
2) ചെങ്ങന്നൂരിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ പാളിച്ച പറ്റി എന്നും, കോൺഗ്രസ് അടുത്തയിടെ സ്വീകരിക്കുന്ന മൃതു ഹിന്ദുത്വം തിരിച്ചടിയായി എന്നും പരക്കെ ആക്ഷേപമുണ്ടല്ലോ ?
അതൊക്കെ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് .ചെങ്ങന്നൂരിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച വിജയകുമാർ എന്ത് കൊണ്ടും അനുയോജ്യനായ, പൊതുസമ്മതനായ സ്ഥാനാർത്ഥിയാണ് .
അയ്യപ്പ സേവാ സംഘത്തിൽ അംഗമായത് കൊണ്ട് ആരെങ്കിലും RSS കാരനാണ് എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്. അത് പോലെ കുറി തൊട്ടതു കൊണ്ട് ആരെങ്കിലും വർഗീയവാദിയാകുമോ ? അതെല്ലാം ഓരോ മതപരമായ വിശ്വാസങ്ങളല്ലേ . കോൺഗ്രസ് പാർട്ടി എന്നും മതേതര ജനാധിപത്യത്തിൽ വിശ്വസിച്ചു പ്രവർത്തിച്ചു വരുന്ന പാർട്ടിയാണ്. എല്ലാ വിഭാഗത്തിലുമുള്ള ആളുകൾക്ക് വേണ്ടി നിലകൊണ്ടു, ജനക്ഷേമ പദ്ധതികളോടെ കോൺഗ്രസ് മുന്നോട്ട് പോവുക തന്നെ ചെയ്യും
3) രാജ്യസഭാ സീറ്റ് വിഷയത്തിൽ റോജി എം ജോൺ, വി ടി ബൽറാം, ഹൈബി ഈഡൻ , അനിൽ അക്കര, ഷാഫി പറമ്പിൽ മുതലായ ഒരു പിടി യുവ നേതാക്കൾ പരസ്യമായി പി ജെ കുര്യന് എതിരായി നിലകൊണ്ടല്ലോ . കോൺഗ്രസിലെ യുവതുർക്കികൾ എന്ന് അറിയപ്പെടുന്ന നിങ്ങളുടെ ഈ പടയൊരുക്കത്തിന്റെ കാരണമെന്താണ് ?
പി.ജെ. കുര്യൻ കോൺഗ്രസിന്റെ സമുന്നതനായ നേതാവാണ്. പാർട്ടിക്ക് വേണ്ടി അദ്ദേഹം ഇക്കാലമത്രെയും നൽകിയിട്ടുള്ള സേവനങ്ങൾ ഏറെ അഭിനന്ദനാർഹമാണ്. അതിനൊന്നും യാതൊരു സംശയവുമില്ല.
ഞങ്ങൾ ഏതെങ്കിലും വ്യക്തിക്കോ, വ്യക്തികൾക്കോ എതിരേയല്ല സംസാരിക്കുന്നതു. കോൺഗ്രസ് പാർട്ടിയുടെ ജനകീയ അടിത്തറ കൂടുതൽ സുദൃഡമാക്കാൻ വനിതകൾ /യുവാക്കൾ /ദളിതർ ഉൾപ്പെടെ സമൂഹത്തിലെ നാനാതുറകളിലുള്ള പാർട്ടി പ്രവർത്തകരുടെ പ്രാധിനിത്യം പാർട്ടി ഫോറംകളിലും , പാർട്ടി നേതൃത്വത്തിലും ഉറപ്പു വരുത്തണം എന്ന അഭിപ്രായമാണ് ഞങ്ങൾ മുന്നോട്ട് വെച്ചത് .
പ്രതിഭാസമ്പന്നരായ എത്രയോ പാർട്ടി പ്രവർത്തകരും, നേതാക്കളും ഇപ്പോൾ കോൺഗ്രസിലുണ്ട്.. ശ്രീ. പി ജെ കുര്യനെ പോലുള്ള മുതിർന്ന നേതാക്കൾ അത് ഓർക്കണമെന്നും, അർഹതയുള്ള മറ്റ് പല നേതാക്കൾക്കും അവസരങ്ങൾ ലഭിക്കേണ്ടത് പാർട്ടിയുടെ വളർച്ചക്കും, ജനസമ്മതിക്കും അത്യന്താപേക്ഷികമാണെന്ന് തിരിച്ചറിയേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. .സാധാരണ പാർട്ടി പ്രവർത്തകരുടെ അഭിപ്രായവും , പൊതു വികാരവും ഇത് തന്നെയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഞങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് ലഭിച്ച ജന സ്വീകാര്യതും അത് തന്നെയാണ് കാണിക്കുന്നത്.തലമുറ മാറ്റത്തിന് വേണ്ടി ഒരു കാലത്ത് ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വം ഉചിതമായ നടപടികൾ എടുക്കും എന്ന് ഉറപ്പായും വിശ്വസിക്കുന്നു. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് യാതൊരു കാര്യവുമില്ല , സാധാരണ പ്രവർത്തകർ ആഗ്രഹിക്കുന്നത് പ്രകടമായ മാറ്റങ്ങളാണ്.അത് പ്രാവർത്തികമാവും എന്ന് പ്രതീക്ഷിക്കാം
4) ശ്രീ വി ടി ബൽറാം ഫേസ്ബുക് പോസ്റ്റിൽ രാജ്മോഹൻ ഉണ്ണിത്താൻ, ഷാനിമോൾ ഉസ്മാൻ, ടി സിദ്ദിഖ് , എം ലിജു, മാത്യു കുഴൽനാടൻ എന്നീ നേതാക്കളുടെ പേരുകൾ എടുത്തത് പറഞ്ഞു പി ജെ കുര്യന് പകരം ഇവരെ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാം എന്ന് പറഞ്ഞിട്ടുണ്ട് . താങ്കൾക്ക് ഇങ്ങനെ പേരെടുത്തു ആരെയെങ്കിലുമൊക്കെ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കണം എന്ന് അഭിപ്രായമുണ്ടോ ?
ഇല്ല അങ്ങനെയില്ല. കഴിവുറ്റ ഒട്ടേറെ നേതാക്കൾ ഉള്ള പാർട്ടിയാണ് കോൺഗ്രസ് . രാജ്യസഭ സീറ്റ് നോമിനേഷനെ പറ്റി അന്തിമ
തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈ കമാൻഡ് ആണ് . വി ടി ബൽറാം തന്നെ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിൽ
പറഞ്ഞിട്ടുണ്ട് , അദ്ദേഹം പറഞ്ഞ പേരുകൾക്ക് അപ്പുറം കഴിവും , യോഗ്യതയും ഉള്ള ഒട്ടേറെ നേതാക്കളുണ്ടെന്നു .
5) തൊണ്ണൂറുകളിൽ കോൺഗ്രസ് പാർട്ടിയിൽ രൂപം കൊണ്ട തിരുത്തൽ വാദി ഗ്രൂപ്പുമായി , നിങ്ങൾ യുവ MLA മാരുടെ ഇപ്പോഴത്തെ നിലപാടുകൾക്ക് എന്തെങ്കിലും സാമ്യമുണ്ടോ ?
ഞങ്ങൾ തിരുത്തൽവാദികളല്ല , ഞങ്ങൾക്കു പ്രത്യേകിച്ച് ഒരു ഗ്രൂപ്പുമില്ല. കോൺഗ്രസിലെ ഗ്രൂപ്പിനും, ഗ്രൂപ് സമവായങ്ങൾക്കും എതിരായാണ് ഞങ്ങൾ നിലകൊള്ളുന്നത് . മുൻപേ പറഞ്ഞ പോലെ കോൺഗ്രസിലെ ഏതെങ്കിലും പ്രത്യേക വ്യക്തിക്കെതിരെയല്ല രാജ്യസഭാ സീറ്റ് വിഷയത്തിൽ ഞങ്ങൾ അഭിപ്രായം രേഖപ്പെടുത്തിയത് . പാർട്ടിയുടെ ജനകീയ സ്വീകാര്യതയും, അടിത്തറയും കൂടുതൽ സുശക്തമാക്കണം എന്ന ആവശ്യത്തിൽ ഊന്നി മാത്രമായിരുന്നു ഞങ്ങളുടെ അഭിപ്രായപ്രകടനം
6)കർണാടകയിൽ കോൺഗ്രസ് ജനതാദൾ സഖ്യത്തെ റോജി എങ്ങനെ നോക്കി കാണുന്നു ?
കർണാടകയിൽ കോൺഗ്രസ് ജനതാദൾ സംഖ്യം , വരും തെരെഞ്ഞെടുപ്പികളിൽ , പ്രത്യേകിച്ചും 2019 ഇൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ , ബി ജെ പി യെ തോൽപ്പിക്കാൻ മറ്റു പാർട്ടികളുടെ സഹായത്തിൽ രാജ്യമൊട്ടാകെ പല സംസ്ഥാനങ്ങളിലും
കോൺഗ്രസ് സഖ്യത്തിൽ ഏർപ്പെടും എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത് നൽകുന്നത് . താരതമ്യേനെ കോൺഗ്രസ് പാർട്ടിക്കു
ശക്തി ചോർന്ന സംസ്ഥാനങ്ങളിൽ പാർട്ടിയുടെ തിരിച്ചു വരവിനു വേണ്ടി സമാനമായ മതേതര കാഴ്ചപ്പാടുള്ള മറ്റു പാർട്ടികളുമായി ധാരണയും , സഖ്യവും കോൺഗ്രസിന് ഗുണകരമാവും എന്നതിന് സംശയമൊന്നുമില്ല . രാജ്യത്തു വർഗീയത പ്രചരിപ്പിച്ചു കൊടും ആപത്തു വിതക്കുന്ന ബി ജെ പി യെ ചെറുക്കാൻ കോൺഗ്രസ് മറ്റു പാർട്ടികളുമായി കൈ കോർത്ത് പിടിച്ചു മുന്നേറേണ്ടതുണ്ട്
7 ) ഒരു ഫേസ്ബുക് പോസ്റ്റിനെ ചൊല്ലി അടുത്തയിടെ വി ടി ബൽറാം MLA യുമായി ഉണ്ടായ അഭിപ്രായവിത്യാസം വിവാദമായല്ലോ ? അങ്ങനെ ഒരു വിവാദത്തിന്റെ ആവശ്യമുണ്ടായിരുന്നോ?
വി ടി ബൽറാം എന്റ്റെ വളരെ അടുത്ത സുഹൃത്താണ്. നിയമസഭയിൽ മറ്റു പല MLA മാരായി സൗഹൃദം പങ്കിടാറുണ്ട്, പക്ഷെ അതിൽ നിന്നും വ്യത്യസ്തമായി ബൽറാമുമായി എനിക്ക് വളരെ അടുത്ത സുഹൃത് ബന്ധമാണുള്ളത് . മാധ്യമങ്ങളിൽ വന്നത് പോലെ കണ്ണൂർ മെഡിക്കൽ കോളേജ് പ്രശ്നത്തിൽ ഫേസ്ബുക്കിൽ ബൽറാമിനെ ഞാന് വിമർശിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ ഞാന് പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതാണ്. കോൺഗ്രസ് പാർട്ടി മഹുസ്വരത്തിനും, അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള സ്വാതന്ത്രം അനുവദിച്ചിട്ടുള്ള പാർട്ടിയാണ്. പക്ഷെ ഇക്കാര്യത്തിൽ ഞാന് തെറ്റിദ്ധരിക്കപ്പെട്ടതാണ്. ബൽറാമുമായി എനിക്ക് യാതൊരു പ്രശ്നവുമില്ല .
Comments