പന്തയും ചൂതാട്ടവും നിയമവിധേയമാക്കണ മെന്ന ദേശീയ നിയമകമ്മീഷൻ ശുപാർശ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന താണ്. ജനങ്ങളെ മദ്യത്തിന് അടിമകളാക്കുന്നതുപോലെ ചൂതാട്ടത്തിന് അടിമകളാക്കണമെന്നാണോ നിയമ കമ്മീഷൻ ഉദ്ദേശിക്കുന്നത്? ഇക്കാര്യം സമൂഹം ഒറ്റക്കെട്ടായി എതിർക്കേണ്ടതാണ്. ഓൺലൈൻ ലോട്ടറി ചൂതാട്ടം കേന്ദ്രസർക്കാർ നിയമവിധേയമാക്കിയപ്പോൾ അന്ന് ആത്മഹത്യയാണുണ്ടായത്. കേരളം അതിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങി. ഓൺലൈൻ ലോട്ടറി ചൂതാട്ടം അഥവാ ഇൻസ്റ്റന്റ് ലോട്ടറി അവസാനിപ്പിക്കാൻ കഴിഞ്ഞു. സംസ്ഥാനം നിയമവും കൊണ്ടുവന്നു. ഓരോ അരമണിക്കൂർ കഴിയുന്തോറും ഓൺലൈനിലൂടെ ലോട്ടറി എടുക്കുക, കാശ് മുടക്കുന്ന ഭൂരിപക്ഷത്തി നും നഷ്ടപ്പെടുക, ഓൺലൈൻ ലോട്ടറി കടകളിൽ രാവിലെയെത്തുന്നവർ ജോലി ഉപേക്ഷിക്കുകയും ഒരു തവണ കാശ് പോയാൽ പിന്നീട് കിട്ടുമെന്നുള്ള പ്രതീക്ഷയോടെ ഇത്തരം ലോട്ടറിയിൽ ചേരുകയും ചെയ്യുന്ന പതിവ് കാഴ്ചയായിരുന്നു അക്കാലത്ത് ഓൺലൈൻ ലോട്ടറി കടകളിൽ കണ്ടിരുന്നത്. കേരളസർക്കാർ നടത്തുന്ന ഭാഗ്യക്കുറി എല്ലാ നിയമങ്ങളും പാലിച്ച് സുതാര്യമായി നടത്തിവരികയാണ്.
14 സംസ്ഥാനങ്ങളിൽ ലോട്ടറിനടത്തുന്നുണ്ട്. ചൂതാട്ടത്തിന്റെ യാതൊരു ലാഞ്ഛനയുമില്ലാതെ മാതൃകാപരമായി നടത്തുന്ന ലോട്ടറിയാണ് കേരളത്തിന്റേത്. 1998ൽ കേന്ദ്രം ചൂതാട്ടം തടയാനായി സമഗ്രമായൊരു നിയമവും കൊണ്ടുവന്നു. കർശനമായ വ്യവസ്ഥകളാണ് ലോട്ടറിക്ക് അന്ന് ഏർപ്പെടുത്തിയത്. ജനങ്ങൾ വഞ്ചിതരാകാതിരിക്കാൻ സർക്കാർ മാത്രമേ ലോട്ടറി നടത്താവൂ എന്ന വ്യവസ്ഥയും കൊണ്ടുവന്നു. പിന്നീട് കേന്ദ്രസർക്കാർ പേപ്പർ ലോട്ടറി എന്ന വ്യവസ്ഥ ഭേദഗതി ചെയ്ത് ഓൺലൈനും ലോട്ടറിയാണെന്ന നിയമം കൊണ്ടുവന്നു. കേരളം അതിനോട് യോജിച്ചില്ല. ചൂതാട്ടവും പന്തയവും നിയമവിധേയമാക്കിയാൽ കേരള ഭാഗ്യക്കുറി തകരും. മാഫിയാസംഘം വളരും. നികുതി വരുമാനം വർദ്ധിപ്പിക്കാൻ സമാന്തര അധോലോകത്തെ സൃഷ്ടിക്കുകയല്ല വേണ്ടത്. ചൂതാട്ടവും പന്തയവും നിയമവിധേയമാക്കിയാൽ കള്ളപ്പണം തടയാനാവില്ല. കള്ളപ്പണം വെള്ളപ്പണമാക്കാനേ സഹായിക്കൂ.
- എം.വി. ജയരാജൻ
Comments