ചിക്കാഗോ മലയാളീ അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജിമ്മി കണിയാലി യുമായി അശ്വമേധത്തിനു വേണ്ടി രാജന് ചീരന് നടത്തിയ അഭിമുഖം
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ചെയ്യാനുദ്ദേശിക്കുന്ന ചില കാര്യങ്ങൾ ?
അസോസിയേഷൻ അംഗങ്ങൾക്കെല്ലാം, അടിയന്തിര ഘട്ടങ്ങളിൽ സഹായകരമായ വിവരങ്ങൾ ഉൾപെടുവിച്ചു കൊണ്ടുള്ള ഐ ഡി കാർഡുകൾ നൽകുക, എല്ലാ അംഗങ്ങൾക്കും സംഘടനാ പരിപാടികളിൽ സൗജന്യ നിരക്കുകൾ (ഉദാഹരണമായി കലാമേള, ഓണം തുടങ്ങി രെജിസ്ട്രേഷൻ ഫീ ഉള്ള എല്ലാ പരിപാടികൾക്കും അംഗങ്ങൾക്ക് കുറഞ്ഞ നിരക്ക്), സംഘടനയുടെ വിഭാഗങ്ങളായി സീനിയർസ് ഫോറം, വനിതാ ഫോറം എന്നിവയെ വർഷത്തിൽ ഒരു പരിപാടിയിൽ മാത്രം ഒതുക്കാതെ കൂടുതൽ ശക്തമാക്കുകയും യൂത്ത് ഫോറത്തിനു കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യും. ഈ മൂന്നു ഫോറങ്ങളും ശക്തമാകുന്നതോട്കൂടി അസോസിയേഷൻ കൂടുതൽ ശക്തമാകുകയും അത് വഴി എല്ലാ പരിപാടികൾക്കും കൂടുതൽ ജന പ്രധിനിധ്യം ഉറപ്പുവരുത്താനും കഴിയും.
ചാരിറ്റിക്ക് കൂടുതൽ പരിഗണന കൊടുക്കുകയും അതിനായി മാത്രം ഒരു കമ്മിറ്റി ഉണ്ടാക്കുകയും ചെയ്യും.കൂടുതൽ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നൽകുവാൻ പരിശ്രമിക്കും.നാട്ടിൽ നിന്നും പുതുതായി വരുന്നവർക്കും മറ്റുള്ളവർക്കും വിദ്യാഭ്യാസ പരമായും തൊഴിൽ പരമായും കൂടുതൽ മാർഗ നിർദേശങ്ങളും പരിശീലനങ്ങളും നൽകുവാനായി പ്രവർത്തിക്കുന്ന ഒരു കാരീയർ ഗൈഡൻസ് സെൽ ചിക്കാഗോ മലയാളീ അസോസിയേഷൻ ഓഫീസിൽ പ്രവർത്തനമാരംഭിക്കാൻ പരിശ്രമിക്കും.ഒരു വ്യക്തി എത്ര കൂടുതൽ നാൾ സംഘടനയിൽ നിന്നു എന്നതിലുപരി സംഘടനയെ ശക്തിപ്പെടുത്തുവാൻ എന്ത് മാത്രം കഠിനാധ്വാനം ചെയ്തു എന്ന കാഴ്ചപ്പാടാണ് ഏതൊരു സംഘടനയുടെയും വിജയ രഹസ്യം ആ ഒരു കാഴ്ചപ്പാടിലൂടെ പുതിയ പുതിയ ആളുകൾക്ക് അവസരങ്ങൾ കൊടുക്കുക എന്നതായിരിക്കും തങ്ങളുടെ പ്രവർത്തന ശൈലി .ഞങ്ങൾ തുടങ്ങിയ ഓൺലൈൻ മലയാളീ യെല്ലോ പേജസ് , സഹായ ഹസ്തം തുടങ്ങിയ പരിപാടികൾക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. ചിക്കാഗോ യിലെ സകല മലയാളികളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ഒരു ഡയറക്ടറി ആയി പ്രസിദ്ധീകരിക്കുവാൻ പരിശ്രമിക്കും.
ചിക്കാഗോയിലെ മലയാളി സമൂഹത്തിൽ ഉണ്ടാക്കുവാൻ കഴിഞ്ഞാൽ തീർച്ചയായും കൂടുതൽ കൂടുതൽ അംഗങ്ങൾ ഈ സംഘടനയിലേക്ക് അംഗത്വമെടുക്കുവാൻ താല്പര്യ പൂർവം കടന്നു വരുമെന്നും അപ്പോൾ, രണ്ടു വര്ഷം കൂടുമ്പോൾ, കൂടുതൽ അംഗങ്ങളെ തെരഞ്ഞെടുപ്പിനായി മാത്രം സ്ഥാനാർത്ഥികൾ കൊണ്ട് വരിക എന്ന അവസ്ഥയിൽ നിന്നും ഈ സംഘടനക്ക് മോചനം ലഭിക്കുകയും ചെയ്യും.
ജിമ്മിയുടെ സംഘടനാ പ്രവർത്തന പരിചയം ഒന്ന് വിവരിക്കാമോ ?
ഏറ്റുമാനൂർ ടൌൺ യു പി സ്കൂളിൽ നടന്ന തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ സ്കൂൾ ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടതാണ് ഞാൻ നേരിട്ട ആദ്യ തിരഞ്ഞെടുപ്പ്
ഐക്കഫ് എന്ന കത്തോലിക്ക വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മാന്നാനം കെ ഇ കോളേജ് യൂണിറ്റ് ട്രെഷറർ, കോട്ടയം സോണൽ ഓർഗനൈസർ, കോട്ടയം റീജിയണൽ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളോടൊപ്പം 1987-88 ൽ അഖിലേന്ത്യാ ജോയിന്റ് സെക്രെട്ടറി ആയി തിരഞ്ഞെടുക്ക പ്പെടുകയുണ്ടായി,തുടർന്ന് കേരളത്തിലെ ആദ്യ കത്തോലിക്ക യുവജന പ്രസ്ഥാനമായ കെ സി വൈ എൽ രൂപതാ പ്രസിഡന്റ് ആയി രണ്ടു പ്രാവശ്യം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി . ഇതിൽ രണ്ടാമത് പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ ആണ് എന്നത് ആ സംഘടനയുടെ ചരിത്രത്തിൽ തന്നെ അപൂർവം ആണെന്ന് പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട് .കെ സി വൈ എം എന്ന സംസ്ഥാന യുവജന പ്രസ്ഥാനത്തിന്റെ സിണ്ടിക്കേറ്റ് മെമ്പർ ആയും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്
ഗൾഫ് രാജ്യമായ ഒമാനിലും സജീവമായ സംഘടനാ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ചിക്കാഗോയിൽ ഞങ്ങൾ എത്തിയതിന്റെ അടുത്ത ദിവസം ശനിയാഴ്ച ഞങ്ങളെ എന്റെ സഹോദരൻ ജോസ് കണിയാലി കൊണ്ടുപോയി കാണിച്ച ആദ്യ പരിപാടി തന്നെ ചിക്കാഗോ മലയാളീ അസോസിയേഷൻ നടത്തിയ കലാമേള ആയിരുന്നു. തുടർന്ന് ഈ സംഘടനയിൽ അംഗത്വ മെടുക്കുകയും ആയിരുന്നു. തുടർന്ന് 2014 ൽ പി ആർ ഓ ആയി നിയമിച്ചു. 2016 മുതൽ രഞ്ജൻ എബ്രഹാം പ്രസിഡന്റ് ആയും ഞാൻ സെക്രട്ടറി ആയും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നൂ. എന്റെ കർത്തവ്യങ്ങൾ ശരിയായി നിർവഹിക്കുന്ന കാര്യത്തിൽ രഞ്ജൻ എബ്രഹാം നൽകുന്ന പിന്തുണയും നന്ദിയോടെ അനുസ്മരിക്കുന്നു ഏറ്റെടുക്കുന്ന കാര്യങ്ങൾ നന്നായി ചെയ്യുക, ഒരേ സമയം പല സംഘടകളിൽ സ്ഥാനങ്ങൾ വഹിക്കാതെ ഇരിക്കുക തുടങ്ങിയ കാര്യങ്ങൾ ആണ് ഞാൻ എന്നും ശ്രദ്ധിച്ചിരുന്നതും ഇന്നും തുടരുന്നതും. ചിക്കാഗോ മലയാളീ അസോസിയേഷൻ പ്രസിഡന്റ് ആകുവാൻ ഈ അനുഭവ സമ്പത് മതി എന്ന വിശ്വാസം ആണ് എന്നെ തിരഞ്ഞെടുപ്പ് രംഗത്ത് എത്തിച്ചത്
തിരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങി കഴിഞ്ഞപ്പോൾ ഉണ്ടായ ഏതെങ്കിലും പ്രത്യേക അനുഭവങ്ങൾ?
ഞാൻ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ എന്റെ സഹോദരൻ എന്നോട് പറഞ്ഞു ."ചാടിക്കോ ചാടിക്കോ" എന്ന് പറയാൻ ഇപ്പോൾ ധാരാളം പേര് കാണും. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അവർ പലരും ന്യൂട്രൽ ആയി നില്കുന്നത് കാണേണ്ടി വരും. അത് പോലെ വര്ഷങ്ങളായി എന്നെ അറിയാവുന്ന പലരും എന്നെ പിന്തുണക്കുന്നത് തടയുവാനും , കഴിവുള്ള പലരും എന്റെ കൂടെ മത്സരിക്കുവാൻ തയ്യാറായി വന്നപ്പോൾ അവരെ മാറ്റുവാൻ പരിശ്രമിക്കുകയും , സാധിക്കാതെ വരുമ്പോൾ അവരുടെ കുടുംബത്തിൽ നിന്നും വേറെ ആരെ എങ്കിലും സ്ഥാനാര്ഥിയാക്കുകയും ചെയ്യുക തുടങ്ങിയ സ്ഥിരം രാഷ്ട്രീയ കളികൾ ഒക്കെ നടക്കുന്നത് കാണുന്നു .എന്റെ പാനലിൽ മത്സരിക്കുവാൻ തയ്യാറായി വന്നവർ സംഘടന പ്രവർത്തനത്തിൽ താല്പര്യം കൊണ്ട് മുന്നോട്ടു കടന്നു വന്നവരാണ് . സ്ഥാനാർത്ഥിയായാൽ ഇവിടെ നടക്കുന്ന എല്ലാ പരിപാടികളിലും ആരും വിളിച്ചില്ലെങ്കിലും ഓടി ചെല്ലുക, അവിടെ ഒക്കെ പോയി വോട്ട് ചോദിക്കുക. എന്തിനു ഒരാളുടെ ഫ്യൂണറൽ ചടങ്ങുമായി ബന്ധപ്പെട്ട ചടങ്ങുകൾ പോലും വോട്ട് ചോദിക്കാനുള്ള അവസരങ്ങൾ ആയി കാണുന്നത് തികച്ചും അപലപനീയമാണ്. അത്തരം ചടങ്ങുകളെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളാക്കി മാറ്റുന്നത് ആ മരിച്ച ആളോടും കുടുംബാംഗങ്ങളോടുമുള്ള അവഹേളനം ആയി മാത്രമേ എനിക്ക് കാണാൻ പറ്റൂ.
സാമൂഹിക സംഘടനകളിൽ സാമുദായിക ചിന്താ ഗതി വളർത്തുവാൻശ്രമിക്കുന്നത് സംഘടനക്ക് ദോഷം ചെയ്യുമോ ?
സാമൂഹിക സംഘടനയിൽ തിരഞ്ഞെടുപ്പ് വരുമ്പോൾ ജാതീയതയും സാമുദായികതയും കൊണ്ടുവരുവാൻ ശ്രമിക്കുന്നതും കർശനമായി നിരോധിക്കേണ്ടതാണ്. എന്റെ പാനലിനെ ഞാൻ അംഗമായ സമുദായത്തിന്റെ പാനൽ എന്ന നിലയിൽ ചിത്രീകരിക്കുവാനുള്ള ശ്രമം തുടങ്ങി. എന്നാൽ എന്റെ പാനൽ എക്സിക്യൂട്ടീവിൽ ഞാൻ മാത്രമേ ഒരു ക്നാനായ കാരൻ ഉള്ളൂ എന്നത് എല്ലാവര്ക്കും അറിയാം . ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി രണ്ടു പാനലിനും സ്വീകാര്യനായ വ്യക്തിയാണ് . സെക്രട്ടറി, ട്രെഷറർ, ജോയിന്റ് ട്രെഷറർ എന്നിവർ സീറോ മലബാർ ദേവാലയ അംഗങ്ങളും അവിടെ പ്രമുഖമായ സ്ഥാനങ്ങൾ വഹിക്കുന്നവരും ആണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി ഹൈന്ദവ സമുദായത്തിൽ പെട്ട ആളാണ് ..
നമ്മുടെ സമൂഹത്തിലെ പ്രഗത്ഭരായ മുൻ കാല നേതാക്കളുടെ പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഇന്നും ഈ അസോസിയേഷൻ ശക്തമായി നിലകൊള്ളുന്നത് . സാമുദായിക വർഗീയ പ്രചാരണ പരിപാടികൾ നടത്തുന്നവരെ അതെ നാണയത്തിൽ തിരിച്ചടി കൊടുക്കും .ചിക്കാഗോ മലയാളീ അസോസിയേഷനെ സ്നേഹിക്കുന്ന, സംഘടനയുടെ നന്മ ആഗ്രഹിക്കുന്ന എല്ലാ അംഗങ്ങളും തങ്ങളുടെ പിന്തുണ ഈ ടീമിന് നൽകണമെന്നും അഭ്യർത്ഥിക്കുന്നു.
Comments