JOJO KOTTARAKARA
ഏഴാം കടലിന്നക്കരെ നിന്നും ഇത്തവണ റിഥുൻ വിമാനം കയറുന്നത് പതിവുപോലെ മുത്തച്ഛനെയോ മുത്തശ്ശിയെയോ കാണാനല്ല. മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ പോലും സ്വപ്നം കാണുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് വാങ്ങി പറക്കാനാണ്. റിഥുൻ ഗുജ്ജ എന്ന എട്ടു വയസുകാരന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് പ്രഖ്യാപിക്കുമ്പോൾ സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ ഇങ്ങനെ പറഞ്ഞു. "നിഷ്കളങ്കമായ മുഖത്തു വിടരുന്ന വിഭിന്ന ഭാവങ്ങളുടെ കൗതുകമാണ് മാസ്റ്റർ റിഥുൻ പകരുന്നത്. സത്യാന്വേഷണത്തിന്റെ പാതയിലൂടെ അപ്പുവിന്റെ യാത്രയെ യാഥാർഥ്യ ബോധത്തോടെ പകർത്തിയിരിക്കുന്നു." റിഥുൻ അഭിനയിച്ച അപ്പുവിന്റെ സത്യാന്വേഷണം എന്ന സിനിമ കണ്ട ജൂറിയുടെ വിലയിരുത്തലായിരുന്നു അത്. അവാർഡ് സിനിമകളുടെ സംവിധായകൻ എന്നറിയപ്പെടുന്ന സോഹൻലാലിന്റെ നാലാമത് ചിത്രമാണ് അപ്പുവിന്റെ സത്യാന്വേഷണം.
ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ അപ്പുവായുള്ള അഭിനയമാണ് മാസ്റ്റർ റിഥുനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. അമേരിക്കയിൽ സ്ഥിരതാമസക്കാരായ മലയാളിയായ സിമി സൈമണിന്റെയും തെലങ്കാന സ്വദേശി പവിത്രൻ ഗുജ്ജയുടെയും മകനാണ് റിഥുൻ ഗുജ്ജ. വേൾഡ് മലയാളി കൗൺസിലിന്റെ ഭാഗമായി അമേരിക്കയിലെത്തിയ നിർമാതാവ് അനൂപാണ് റിഥുനെ കണ്ടെത്തുന്നത്. കുടുംബ സുഹൃത്തായ സക്കറിയയാണ് റിഥുനെ അനൂപിന് പരിചയപ്പെടുത്തുന്നത്. ഓൺലൈനായായിരുന്നു ഓഡിഷൻ. അഭിനയത്തിന്റെ യാതൊരുവിധ പാരമ്പര്യമോ അനുഭവങ്ങളോ ഇല്ലാതെ ആദ്യ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയ റിഥുൻ ഒരു അത്ഭുതമാവുകയാണ്. കേരളത്തിൽ സിമിയുടെ മാതാപിതാക്കൾക്കൊപ്പം വന്നു താമസിച്ചിട്ടുള്ളതിനാൽ റിഥുനെ സംബന്ധിച്ച് മലയാളത്തിൽ സംസാരിക്കുക എന്നത് പോലും ഒരു കടമ്പയായിരുന്നില്ല. സോഹൻലാൽ എന്ന സംവിധായകനിൽ നിന്നും മികച്ച ചിത്രം പ്രതീക്ഷിച്ചിരുന്നുവെങ്കിലും കേരള സ്റ്റേറ്റ് അവാർഡ് പ്രതീക്ഷകൾക്കുമപ്പുറമായൊരുന്നെന്ന് റിഥുന്റെ അമ്മ സിമി പറയുന്നു.
ഷൂട്ടിങ് പൂർത്തിയാക്കി പിരിയുന്ന ദിവസം ''കുട്ടി നന്നായി അഭിനയിക്കുന്നുണ്ട്, നമുക്കിനി അവാർഡിന് കാണാം' എന്ന് അസോസിയേറ്റ് ഡയറക്ടർമാരും സാങ്കേതിക പ്രവർത്തകരും പറഞ്ഞത് പ്രോത്സാഹനമായി മാത്രമാണ് കരുതിയിരുന്നതെന്നും സിമി പറയുന്നു. അമേരിക്കയിലാണെങ്കിലും പ്രാദേശിക സിനിമകളുടെ ആരാധകനായ റിഥുന്റെ ഇഷ്ട നടൻ മോഹൻലാലാണ്. അവാർഡിൽ വളരെ സന്തോഷവും അഭിമാനവും തോന്നിയെന്ന് പറഞ്ഞ റിഥുൻ അവസരം കിട്ടിയാൽ പഠനത്തെ ബാധിക്കാത്ത വിധത്തിൽ നാട്ടിലെത്തി അഭിനയിക്കാൻ തന്നെയാണ് തന്റെ താൽപ്പര്യമെന്നും പങ്കുവെച്ചു. അഭിനയിക്കാനായി കേരളത്തിലെത്തിയ ഈ രണ്ടാം ക്ലാസുകാരന് ഏറെ ഇഷ്ടമായത് നാട്ടിലെ കരിമീനാണ്. രോഹനാണ് റിഥുന്റെ ഏക സഹോദരൻ.
Comments