; അയ്യപ്പന്റെ കണ്ണമ്മ- ഗൗരി നന്ദന പറയുന്നു ''മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെ ശ്രദ്ധേയയായ താരമായി മാറിയ ഗൗരി നന്ദനയുടെ വിശേഷങ്ങളിലേക്ക്...'' Actress Gowri Nandha Interview അയ്യപ്പനും കോശിയും പ്രേക്ഷകര്‍ നെഞ്ചോടുചേര്‍ത്തുകഴിഞ്ഞു. പൃഥ്വിരാജ്, ബിജുമേനോന്‍ ചിത്രം എന്നാണ് സിനിമ അറിയപ്പെടുന്നതെങ്കിലും സിനിമ കണ്ടവര്‍ ഒന്നടങ്കം പറയും അത് ഗൗരി നന്ദനയുടെ കൂടി ചിത്രമാണെന്ന്. കാരണം ചിത്രത്തില്‍ ബിജുമേനോന്റെ കഥാപാത്രമായ അയ്യപ്പന്റെ ഭാര്യ കണ്ണമ്മയുടെ വേഷം അത്രയ്ക്കും പ്രാധാന്യമര്‍ഹിക്കുന്നു. ബോള്‍ഡായ, തെറ്റ് കണ്ടാല്‍ ക്ഷമിക്കാത്ത ആദിവാസി സ്ത്രീയുടെ വേഷം ഗംഭീരമായാണ് നന്ദന ചെയ്തത്. മലയാള സിനിമയക്ക് ഗൗരി നന്ദന പുതിയ നടിയല്ല. കന്യാകുമാരി എക്സ്പ്രസ്, കനല്‍, ലോഹം തുടങ്ങിയ ചിത്രങ്ങളില്‍ നന്ദന അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴ്, കന്നട ചിത്രങ്ങളിലും ശ്രദ്ധേയയായ അഭിനേത്രിയാണ് ഗൗരി നന്ദന. ഗൗരി നന്ദനയുടെ വിശേഷങ്ങളിലേക്ക്... കണ്ണമ്മയിലേക്കെത്തിയത്? പകടിയാട്ടം എന്നൊരു തമിഴ് സിനിമ ചെയ്തിരുന്നു. അതിലെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലേക്ക് ഡയറക്ടര്‍ സച്ചി വിളിക്കുന്നത്. എന്റെ കരിയറിലെതന്നെ ഏറ്റവും മികച്ച വേഷമാണിതെന്ന് നിസംശയം പറയാം. ഇപ്പോള്‍ എല്ലാവരും കണ്ണമ്മ എന്നാണ് എന്നെ വിളിക്കുന്നത്. അത് കേള്‍ക്കുമ്പോള്‍ വളരെ സന്തോഷമുണ്ട്. Actress Gowri Nandha Interview ചിത്രത്തിലെ ക്യാരക്ടര്‍ പോലെ ബോള്‍ഡാണോ ജീവിതത്തിലും? എങ്ങനെയാണ് ഈ വേഷം ഇത്ര മനോഹരമാക്കാന്‍ കഴിഞ്ഞത്? കുറെയൊക്കെ ബോള്‍ഡായിട്ടുള്ള പെണ്ണാണ് ഞാന്‍. അതുകൊണ്ടാണ് ഈ ക്യാരക്ടറിനെ ഇത്ര ഈസിയായി ഹാന്‍ഡില്‍ ചെയ്യാന്‍ സാധിച്ചത്. എന്നുവച്ച് കണ്ണമ്മയെപ്പോലെ ആരെയും കയറി അടിക്കാനും മുഖത്തുനോക്കി ചീത്തവിളിക്കാനുമൊന്നുമില്ല. അത്യാവശ്യം ബോള്‍ഡാണ് അത്രയേയുള്ളൂ. സിനിമയിലെ കണ്ണമ്മ ഒരു ആദിവാസി സ്ത്രീയാണ്. സത്യംപറഞ്ഞാല്‍ ഞാന്‍ അത്തരം ഒരു സ്ഥലം കണ്ടിട്ടില്ല. അത്തരത്തില്‍ ആദിവാസി സ്ത്രീകളെയും കണ്ടിട്ടില്ല. സ്‌ക്രിപ്റ്റ് പറഞ്ഞുതരുമ്പോള്‍ സച്ചിസാര്‍ വിശദീകരിച്ചുതന്നതാണ് ഇതിന്റെ ക്യാരക്ടര്‍ ഇങ്ങനാണെന്ന്. ഇവളുടെ രീതി ഇങ്ങനാണ്, ഇവള്‍ക്ക് കുറച്ച് രാഷ്ട്രീയമുണ്ട്, എസ്.ഐ അയ്യപ്പന്‍ നായരുടെ ഭാര്യയാണ്, വിദ്യാഭ്യാസമുള്ളവളാണ്, ഒരു കൈക്കുഞ്ഞുണ്ട്, ന്യായത്തിനുവേണ്ടി പോരാടും, അന്യായം കണ്ടാല്‍ പ്രതികരിക്കുന്ന കഥാപാത്രമാണ് എന്നെല്ലാം സര്‍ പറഞ്ഞു തന്നിരുന്നു. അതുപോലെ കണ്ണമ്മയുടെ നടപ്പും ഇരിപ്പും നോട്ടവും എല്ലാം വിശദീകരിച്ചു. അത് ഞാന്‍ അതേപടി അനുകരിച്ചെന്നേയുള്ളൂ. ആദ്യ സിനിമ കന്യാകുമാരി എക്സ്പ്രസിലേക്കെത്തിയത്? സ്‌കൂളില്‍ ഡാന്‍സ് മത്സരത്തിലൊക്കെ പങ്കെടുക്കുമെന്നല്ലാതെ സിനിമയെ ആഗ്രഹിച്ച് വന്നയാളല്ല ഞാന്‍. സുരേഷ്ഗോപി നായകനായെത്തിയ കന്യാകുമാരി എക്സ്പ്രസായിരുന്നു ആദ്യത്തെ ചിത്രം. അതില്‍ നായിക കഥാപാത്രമാണ് ചെയ്തത്. എന്റെ അച്ഛന്റെ സുഹൃത്തായിരുന്നു ആ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. അദ്ദേഹംവഴിയാണ് എനിക്ക് ഈ സിനിമയില്‍ അവസരം ലഭിച്ചത്. പക്ഷേ സിനിമ വിചാരിച്ചതുപോലെ അധികം ആളുകളിലേക്ക് എത്തിച്ചേര്‍ന്നില്ല. ആ സിനിമയ്ക്കുശേഷമാണ് സിനിമയോട് കൂടുതല്‍ ആഗ്രഹം തോന്നിത്തുടങ്ങിയത്. അഭിനയമാണെന്റെ മേഖല എന്ന് തിരിച്ചറിഞ്ഞത്. Actress Gowri Nandha Interview ലോഹം, കനല്‍ പോലുള്ള സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ട്? അത്തരം ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞത് കരിയറില്‍ വലിയൊരു പ്ലസ്പോയിന്റായി കാണുന്നു. കന്യാകുമാരി എക്സ്പ്രസിന് ശേഷം ഞാനൊരു തമിഴ് സിനിമയാണ് ചെയ്തത്. സമുദ്രക്കനി ഡയറക്ട് ചെയ്ത സിനിമയായിരുന്നു. ഒരു സ്ത്രീപക്ഷ സിനിമ. ചിത്രം ശ്രദ്ധിക്കപ്പെട്ടു.ആ ക്യാരക്ടര്‍ കണ്ടിട്ട് മലയാളത്തിലെ പല ഡയറക്‌ടേഴ്‌സും വിളിച്ചിരുന്നു. പിന്നീട് റഹ്മാനിക്കയോടൊപ്പം പകിടിയാട്ടം എന്ന സിനിമയില്‍ ഹീറോയിന്‍ ആയി. കണ്ണമ്മയെപ്പോലെതന്നെ ബോള്‍ഡായിട്ടുള്ള ക്യാരക്ടറായിരുന്നു പകിടിയാട്ടത്തിലെ വേഷവും. പിന്നീട് രഞ്ജിത്ത് സാറിന്റെയൊപ്പം ലോഹം ചെയ്തു. ലാലേട്ടന്റെയൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. എന്‍. പത്മകുമാറിന്റയൊപ്പം കനല്‍ ചെയ്യാന്‍ കഴിഞ്ഞു. ഒരുപാട് സന്തോഷമുണ്ട്. എല്ലാം നല്ല ഡയറക്‌ടേഴ്സ്. അവരില്‍നിന്ന് ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു. അതൊക്കെ കരിയറില്‍ ഗുണം ചെയ്തിട്ടുണ്ട്. സ്ത്രീപക്ഷ സിനിമകള്‍ ചെയ്യാനാണോ കൂടുതലിഷ്ടം? തമിഴില്‍ റഹ്മാനിക്കയോടൊപ്പം ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടുവെന്ന് പറഞ്ഞല്ലോ. അതിലെ ക്യാരക്ടറായ ഇന്ദ്രാണി ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ്. ആ സിനിമ കണ്ടിട്ട് ഒരുപാട് സ്ത്രീകള്‍ എന്നെ വിളിച്ചു. ഞങ്ങള്‍ക്ക് അഭിമാനമാണ് നിങ്ങള്‍, ഇങ്ങനെ ഒരു കഥാപാത്രത്തില്‍കൂടി സ്ത്രീകളുടെ നിലവാരം നിങ്ങള്‍ ഉയര്‍ത്തി എന്നുപറഞ്ഞ് അഭിനന്ദിച്ചിരുന്നു. അയ്യപ്പനും കോശിയും അതുപോലെതന്നെയൊരു വേഷമായിരുന്നു. സ്ത്രീപക്ഷ സിനിമകളെന്നില്ല. നല്ല ക്യാരക്ടര്‍ എന്തായാലും ചെയ്യാന്‍ ഇഷ്ടമാണ്. Actress Gowri Nandha Interview ഏറ്റവുമധികം സപ്പോര്‍ട്ട് നല്‍കുന്നത്? അമ്മ സതിയാണ് എന്നെ ഏറ്റവും സപ്പോര്‍ട്ട് ചെയ്യുന്നതും എന്റെ എല്ലാമെല്ലാമായി കൂടെയുള്ളതും. അച്ഛന്‍ പ്രഭാകരപണിക്കര്‍ പട്ടാളക്കാരനായിരുന്നു. അച്ഛന്‍ മരിച്ചിട്ടിപ്പോള്‍ 20 വര്‍ഷമായി. ഒരു സഹോദരികൂടിയുണ്ട് മായ. ഞാന്‍ എറണാകുളം സ്വദേശിയാണ്. പഠനമൊക്കെ ആലുവയിലായിരുന്നു. പഠനവുമായി പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് സിനിമയിലേക്ക് വന്നത്. പിന്നെ പഠിപ്പ് പലപ്പോഴും ബ്രേക്ക് ചെയ്യേണ്ടിവന്നു. ബികോം കഴിഞ്ഞപ്പോള്‍ സിനിമയില്‍ സജീവമായി. സിനിമയില്‍ത്തന്നെ സജീവമായി നല്ല ക്യാരക്‌ടേഴ്സ് ചെയ്ത് നില്‍ ക്കാനാണ് ആഗ്രഹം. ഷെറിങ്ങ് പവിത്രന്‍
Comments