എണ്‍പത്തിയൊന്ന് സിനിമകള്‍, സീരിയലുകള്‍, മുപ്പത്തിരണ്ട് പാരഡി കഥാപ്രസംഗങ്ങള്‍, ആറായിരത്തിലധികം വേദികള്‍. കേരളത്തെ കുടുകുടാ ചിരിപ്പിച്ച വി.ഡി.രാജപ്പന്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി അസുഖത്തിന്റെ പിടിയിലാണ്. എഴുന്നേറ്റുനില്‍ക്കാന്‍ പോലും കഴിയില്ലെങ്കിലും ആ ശബ്ദത്തിനിപ്പോള്‍ ഒരു മാറ്റവുമില്ല.
മനുഷ്യര്‍ മാത്രം കഥാപാത്രങ്ങളായി വന്ന കഥാപ്രസംഗവേദിയെ ഞെട്ടിച്ചുകൊണ്ടായിരുന്നു 1973-74 കാലഘട്ടത്തില്‍ രാജപ്പനെന്ന ചെറുപ്പക്കാരന്റെ വരവ്. പക്ഷികളെയും മൃഗങ്ങളെയും കഥാപാത്രങ്ങളാക്കിയുള്ള ഹാസ്യ കഥാപ്രസംഗം അന്നത്തെ സാധാരണക്കാരനു വേറിട്ട അനുഭവമായിരുന്നു. അവരത് പൊട്ടിച്ചിരികളോടെയാണ് സ്വീകരിച്ചത്. വേദികളില്‍ കേള്‍ക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടി ഓഡിയോ കാസെറ്റിറക്കിയപ്പോള്‍ അതും ക്ലിക്കായി. കുമാരി എരുമ, ചികയുന്ന സുന്ദരി, ലഹരിമുക്ക്, പൊത്തുപുത്രി, മാക് മാക്, അവളുടെ പാര്‍ട്‌സുകള്‍, പ്രിയേ നിന്റെ കുര, എന്നെന്നും എന്റെ കൊരങ്ങേട്ടന്റെ, അമിട്ട് തുടങ്ങിയ 32 ഹാസ്യ കഥാപ്രസംഗങ്ങള്‍ കാസെറ്റായും സി.ഡിയായും പുറത്തിറങ്ങി. ചികയുന്ന സുന്ദരിയായിരുന്നു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്. രാജപ്പന്‍ പഴയ ഓര്‍മ്മകളിലേക്ക്....
അക്കാലത്ത് മാസത്തില്‍ മുപ്പതു ദിവസവും പ്രോഗ്രാമുണ്ടാവും. എന്നാല്‍ മാസത്തില്‍ ഒരു ദിവസം വിശ്രമത്തിനുവേണ്ടി മാറ്റിവയ്ക്കും. കലണ്ടറില്‍ അത് നേരത്തെതന്നെ മാര്‍ക്ക് ചെയ്തുവയ്ക്കും. അന്ന് രാവിലെ മുതല്‍ എന്റെ ട്രൂപ്പംഗങ്ങള്‍ക്ക് വീട്ടില്‍ പാര്‍ട്ടിയാണ്. ഇഷ്ടംപോലെ കുടിക്കാം, ഭക്ഷണം കഴിക്കാം. പാട്ടുപാടാം.
കഥാപ്രസംഗ വേദികളില്‍ കത്തിനില്‍ക്കുമ്പോഴാണ് ഞാന്‍ സിനിമയിലേക്കു വന്നത്. 1981ല്‍ കാട്ടുപോത്ത് എന്ന സിനിമയിലായിരുന്നു ആദ്യാഭിനയം. പക്ഷേ ആ സിനിമ പുറത്തിറങ്ങിയില്ല. പക്ഷേ, അതിലെ 'പൂവല്ല, പൂന്തളിരല്ല' എന്ന പാട്ട് സൂപ്പര്‍ഹിറ്റായി. പിന്നീട് കുറെക്കാലം സിനിമയായിരുന്നു തട്ടകം. കാട്ടുപോത്ത് മുതല്‍ നഗരവധു വരെ എണ്‍പത്തിയൊന്നു സിനിമകളില്‍ അഭിനയിച്ചു. ഇതിനിടയ്ക്കും പ്രോഗ്രാമുകള്‍ ചെയ്തുകൊണ്ടിരുന്നു.
കോട്ടയത്തെ പഴയ ബോട്ട്‌ജെട്ടിക്കടുത്ത പഴയ ലോഡ്ജായിരുന്നു എന്റെ എഴുത്തുപുര. കൂടെ മിക്കപ്പോഴും ഗിറ്റാറിസ്റ്റ് ഈശോയും തബലിസ്റ്റ് നടേശനുമുണ്ടാവും. പ്രോഗ്രാം ഇല്ലാത്ത ദിവസം രാവിലെ ഒരു കിലോ പേപ്പറും രണ്ടുമൂന്നു പേനയുമായി ലോഡ്ജിലേക്കു കയറും. ഞാന്‍ പാടും. ഈശോ എഴുതും. സന്ദര്‍ശകര്‍ ആരെങ്കിലും വന്നാല്‍ അപ്പോഴേക്കും എഴുത്തുനിര്‍ത്തും. അതിന്റെ ബാക്കി എഴുതുന്നത് ചിലപ്പോള്‍ ഒരാഴ്ചയോ ഒരു മാസമോ കഴിഞ്ഞായിരിക്കും.
പാരഡിപ്പാട്ടുകള്‍ എഴുതിത്തരുന്നത് എന്റെ സിസ്റ്ററാണെന്ന് അക്കാലത്ത് പരക്കെ ആരോപണമുണ്ടായിരുന്നു. അത് ശരിയല്ല. കാരണം എഴുത്തിന്റെ ദിവസങ്ങളില്‍ എന്റെ കൂടെ മിക്കപ്പോഴും ഈശോ ഉണ്ടാവും. അവനറിയാം അതിന്റെ സത്യം.
കോടാലി പള്ളിയില്‍ പ്രോഗ്രാം ചെയ്യാന്‍ പോയ കഥ ഒരിക്കലും മറക്കാന്‍ കഴിയില്ല.
ആലപ്പുഴയില്‍ നിന്നുള്ള ഒരു പയ്യന്റെ ഗാനമേളയും എന്റെ ഹാസ്യ കഥാപ്രസംഗവുമായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. ഗാനമേളയായിരുന്നു ആദ്യം. പാടിപ്പാടി അവന്‍ കൊളമാക്കി. അതിനുശേഷം ഒരുവിധം ആളുകളെ കൈയിലെടുത്തു. പ്രോഗ്രാം കഴിഞ്ഞപ്പോള്‍ പള്ളിക്കമ്മിറ്റിക്കാര്‍ ഞങ്ങളെ ഓഫീസില്‍ കൊണ്ടുപോയി ഭക്ഷണം തന്നു. തിരിച്ചു പോകാനൊരുങ്ങിയിട്ടും കാശ് തരുന്ന മട്ടില്ല. അവസാനം സംഘാടകരോടു ചോദിച്ചു.
''ഇത്രയും ബോറായ ഗാനമേള അവതരിപ്പിച്ചിട്ടും നിങ്ങള്‍ക്ക് കാശു വേണം. അല്ലേ.''
ഞാന്‍ ഒന്നും പറഞ്ഞില്ല.
''പെട്ടെന്നു നാട്ടിലേക്കു വിട്ടോളൂ, അതാണ് നല്ലത്.''
അവിടെ നില്‍ക്കുന്നത് അത്ര പന്തിയല്ലെന്നു തോന്നി. പതുക്കെ ട്രൂപ്പംഗങ്ങളേയും വിളിച്ച് പുറത്തിറങ്ങി. ട്രൂപ്പംഗങ്ങള്‍ക്കു മുഴുവന്‍ എന്റെ പോക്കറ്റില്‍ നിന്നും പണമെടുത്തു കൊടുത്തു. അപ്പോഴാണ് ഗായകന്‍ പിന്നില്‍ നിന്ന് വിളിക്കുന്നത്.
''ചേട്ടാ, എന്റെ കൈയില്‍ ആകെ ഇരുന്നൂറു രൂപയേ ഉള്ളൂ.''
ദേഷ്യമാണ് തോന്നിയത്. അവന്‍ കാരണമാണ് ഞങ്ങള്‍ക്കുപോലും കാശ് കിട്ടാതിരുന്നത്.
''തല്‍ക്കാലം ആ ഇരുനൂറു രൂപ കൊണ്ട് വീട്ടില്‍ പോയാല്‍ മതി.''
എന്നു പറഞ്ഞുകൊണ്ടാണ് അവിടംവിട്ടത്.
Comments