You are Here : Home / അഭിമുഖം

പുലിക്കോടന്‍ എസ്.ഐയും എന്റെ മുടി നീട്ടലും: പന്ന്യന്‍ രവീന്ദ്രന്‍

Text Size  

Geethu Thambi

Aswamedham News Team

Story Dated: Saturday, November 15, 2014 08:10 hrs UTC


അടിയന്തിരാവസ്ഥക്കാലത്തെ ഓര്‍മകളില്‍ മറക്കാനാവാത്ത ഒരു കഥാപാത്രമാണ് പുലിക്കോടന്‍ എസ്. ഐ. ഞാനന്ന് എ.ഐ.വൈ.എഫ് എന്ന സംഘടനയുടെ കണ്ണൂര്‍ ജില്ലാക്കമ്മിറ്റി സെക്രട്ടറിയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനാല്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കില്ല. എല്ലാ പ്രവര്‍ത്തനങ്ങളും മരവിപ്പിച്ചിരിക്കുകയാണ്. ആ സമയത്താണ് എന്റെ നാട്ടില്‍ പുതുതായി ഒരു എസ്. ഐ ചാര്‍ജെടുക്കുന്നത്. പുലിക്കോടന്‍ എന്നാണ് എസ്.ഐയുടെ പേര്. കണ്ടാല്‍ ആളൊരു പുലി തന്നെയാണ്. വലിയ കപ്പടാമീശ രണ്ടു ഭാഗത്തേക്കും ചുരുട്ടി വെച്ച്, ഒരാജാനബാഹു തന്നെയാണ്.
പുതിയ എസ്.ഐ ചാര്‍ജെടുത്തു എന്ന് നാട്ടിലറിയിക്കാന്‍ അവര്‍ എന്തെങ്കിലും പരിപാടിയുണ്ടാക്കും. അതാണ് പതിവ്. ഇദ്ദേഹത്തിനാകട്ടെ അടിയന്തിരാവസ്ഥക്കാലമായതിനാല്‍ എന്തിനും അധികാരവുമുണ്ട്. അന്ന് എന്റ നാട്ടിലെ ചെറുപ്പക്കാര്‍ മുടി നീട്ടി വളര്‍ത്തുന്ന ഒരു പരിപാടിയുണ്ട്. ഹിപ്പി എന്നാണതിനു പറയുക. അത് ഇവിടെയൊരു ഫാഷനാണ്. ശരിക്കും ഹിപ്പി എന്നത് പാശ്ചാത്യസംസ്‌കാരത്തിന്റെ ഭാഗമായി ഇവിടെ വന്നതാണ്.
ലോകത്താകമാനം നിഷേധസാഹിത്യകൃതികള്‍ വന്ന കാലമായിരുന്നു അത്. അസ്തിത്വവാദികള്‍ എന്നാണ് അവരെ പറയുക. വിശ്വസാഹിത്യത്തില്‍ കാമു, കാഫ്ക, സാര്‍ത്ര് എന്നീ മൂന്നു പ്രധാനപ്പെട്ട എഴുത്തുകാര്‍ അതിന്റെ ഭാഗമായിരുന്നു. അവര്‍ പറഞ്ഞത് ഇതുവരെയുള്ള സാഹിത്യകൃതികളെല്ലാം തന്നെ പുറത്തുകാണുന്നവ മാത്രം രേഖപ്പെടുത്തിയിട്ടുള്ളവയാണ്. അകത്തുള്ളത് ആരുമറിയുന്നില്ല. സാഹിത്യത്തിലെ ജീര്‍ണത പുറത്തറിയണം എന്നാണ്. അങ്ങനെയാണ് നിഷേധത്തിന്റെ സാഹിത്യം വരുന്നത്. ഇവിടെ മുകുന്ദനും കാക്കനാടനും അതിന്റെ ഭാഗമായുള്ളവരാണ്.
അസ്ഥിത്വവാദത്തെ പിന്തുണച്ച് ചില ചെറുപ്പക്കാര്‍ മുടി വെട്ടാന്‍ പോലും തല്‍പ്പര്യമില്ലാത്ത അലസന്‍മാര്‍ എന്ന രീതിയില്‍ നടന്നിരുന്നു. അങ്ങനെയുള്ള ചില ചെറുപ്പക്കാര്‍ കണ്ണൂര്‍ എസ്.എന്‍ കോളേജില്‍ പഠിച്ചിരുന്നു. അത്തരം ചെറുപ്പക്കാര്‍ റോഡിലൂടെ നടക്കുന്നതു കണ്ടാല്‍ പുലിക്കോടന്‍ എസ്‌ഐ പിടിച്ച് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ബലമായി മുടി വെട്ടും. പുലിക്കോടന്‍ ഇറങ്ങുന്ന സമയത്ത് മുടി നീട്ടിയ ചെറുപ്പക്കാരാരും പുറത്തിറങ്ങില്ല. അടിയന്തിരാവസ്ഥയായതിനാല്‍ സമരം നടത്താനും വഴിയില്ല.
അങ്ങനെ വന്നപ്പോള്‍ എനിക്ക് തോന്നി ഇതിനെതിരെ പ്രതിഷേധിക്കണം. അതിനാണെങ്കില്‍ മറ്റു വഴികളുമില്ല. എന്റെ മുടി നീട്ടി പ്രധിഷേധിക്കാന്‍ തീരുമാനിച്ചു. അങ്ങനെ മൂന്നു മാസം കൊണ്ട് എന്റെ മുടി നീണ്ടു. നീണ്ട മുടിയുമായി ഞാന്‍ കണ്ണൂര്‍ ടൗണിലൂടെ നടക്കുകയാണ്. ആ സമയത്താണ് നമ്മുടെ പുലിക്കോടന്‍ എസ് ഐ ഇറങ്ങുന്നത്. സമയം ഒരു 11 മണി ആയിക്കാണും. പുള്ളി സ്വന്തമായി ഡ്രൈവ് ചെയ്ത് കണ്ണൂര്‍ ടൗണിലൂടെ വരികയാണ്. ആ സമയം ഞാന്‍ ബസ്സ്‌റ്റോപ്പില്‍ നില്‍ക്കുകയാണ്.
എന്നെ കണ്ട് ഇദ്ദേഹം വണ്ടി ബ്രേക്കിട്ടു നിര്‍ത്തി. എന്നിട്ട് എന്നോടു പറഞ്ഞു. 'ഇതു ഞാന്‍ കാണാത്തതു കൊണ്ടല്ല. ഒഴിവാക്കിയതാണ്' എന്ന്. അന്ന് ആളുകളുടെ മുന്നില്‍ വെച്ച് എന്നോടിങ്ങനെ പറഞ്ഞപ്പോള്‍ എനിക്കത് വളരെ അപമാനമായി. ഉടനെ ഞാന്‍ പറഞ്ഞു. 'എനിക്ക് ഇനിയൊരാഗ്രഹമേയുള്ളൂ. എന്റെ മുടി വെട്ടുന്നത് ഒരു പോലീസ് ഓഫീസറായിരിക്കണം'.
അത് പറഞ്ഞപ്പോള്‍ അദ്ദേഹമെന്നെ രൂക്ഷമായി നോക്കിയ ശേഷം വണ്ടിയോടിച്ചുപോയി. അടിയന്തിരാവസ്ഥ എന്നത് മനുഷ്യന്റെ മൗലികാവകാശങ്ങളുടെ ലംഘനമായിരുന്നു. ആ അടിയന്തിരാവസ്ഥക്കെതിരായ പ്രതിഷേധമായാണ് എന്റെ ഈ നീണ്ട മുടി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.