ധര്‍മ്മജന്‍
മിമിക്രി സ്‌കിറ്റുകള്‍ ചെയ്യുന്ന കാലം. ആ വര്‍ഷത്തെ ക്രിസ്മസ്-ന്യൂ ഇയര്‍ പ്രോഗ്രാം എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിലായിരുന്നു. വിശാലമായ റബ്ബര്‍തോട്ടത്തിനടുത്താണ് സ്‌റ്റേജ്. ശാന്തമായ ഗ്രാമാന്തരീക്ഷം. പൊതുവെ അങ്ങനെയുള്ള സ്ഥലങ്ങളില്‍ പ്രോഗ്രാം അവതരിപ്പിക്കാന്‍ പോകുമ്പോള്‍ സന്തോഷമാണ്. കാരണം ആളുകള്‍ തിരക്കില്ലാതെ ആസ്വദിച്ചിരിക്കും.
കോമഡി സ്‌കിറ്റില്‍ എനിക്ക് സ്ത്രീവേഷമാണ്. പാവാടയും ബ്ലൗസും ധരിച്ച ശാരദ എന്ന പെണ്‍കുട്ടി. സ്‌കിറ്റ് ആരംഭിച്ച് പത്തുമിനുട്ടു കഴിഞ്ഞിട്ടേ എന്റെ റോള്‍ വരികയുള്ളൂ. അതുകൊണ്ടുതന്നെ സ്‌കിറ്റ് തുടങ്ങിക്കഴിഞ്ഞപ്പോഴാണ് ഞാന്‍ മേക്കപ്പിട്ടുതുടങ്ങിയത്. ഒരു പയ്യന്‍ എന്റെടുത്തുതന്നെ നിന്ന് മേക്കപ്പ് കാണുന്നുണ്ടായിരുന്നു. സംഘാടകരില്‍ ആരോ ആയിരിക്കുമെന്ന് കരുതി ഞാനൊന്നും അവനോട് ചോദിച്ചില്ല. മേക്കപ്പ് കഴിഞ്ഞ് കണ്ണാടിയില്‍ നോക്കി. കണ്ടാല്‍ പെണ്ണിന്റെ ലുക്കൊക്കെയുണ്ട്. അത്രനേരവും എനിക്കൊപ്പമുണ്ടായിരുന്ന പയ്യനെ പെട്ടെന്ന് കാണാനില്ല. ഞാന്‍ പതുക്കെ ഡ്രസ് ചെയ്യാന്‍ തുടങ്ങി. മുണ്ട് മാറ്റി പാവാടയിട്ടു. ഷര്‍ട്ടും ബനിയനും അഴിച്ചുവച്ചു. ബ്രായും ബ്ലൗസും ഇട്ടുവച്ച കവര്‍ നോക്കിയപ്പോള്‍ കണ്ടില്ല. അത്രനേരവും അവിടെയുണ്ടായിരുന്നതാണ് കവര്‍. പെട്ടെന്ന് അപ്രത്യക്ഷമായോ? ഞാന്‍ സ്‌റ്റേജിന്റെ പിന്നിലേക്ക് ചെന്നുനോക്കി. അവന്‍ ആ കിറ്റുമായി തിരിഞ്ഞുനോക്കിക്കൊണ്ട് റബ്ബര്‍ തോട്ടത്തിലേക്ക് ഓടുകയാണ്.
''എടാ, ആ ബ്ലൗസ് തന്നേച്ച് പോടാ.''
ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു. അവന്‍ കേള്‍ക്കാത്ത ഭാവത്തില്‍ അകന്നുപോയി. അവന്റെ പിന്നാലെ ഓടാന്‍ എനിക്ക് കഴിയുമായിരുന്നില്ല. കാരണം പുറത്ത് ആളുകള്‍ നിറഞ്ഞിരിക്കുകയാണ്. ഞാനാണെങ്കില്‍ സ്ത്രീയുടെ മേക്കപ്പിലും. എന്തെങ്കിലും ആലോചിക്കുന്നതിന് മുമ്പെ സ്‌റ്റേജില്‍ നിന്നും വിളിയെത്തി.
''ശാരദേ...ഇവിടേക്കുവരൂ.''
എന്റെ കാമുകന്‍ വിളിക്കുകയാണ്. ഇനി എന്തുചെയ്യും. ഉള്ളതുകൊണ്ട് ചെയ്തുനോക്കാം. പാവാട മാത്രം ധരിച്ചുകൊണ്ട് ഞാന്‍ സ്‌റ്റേജിലെത്തി. പേടി കൊണ്ട് നെഞ്ച് കിടുകിടാ വിറക്കുന്നു. ആളുകള്‍ ആര്‍ത്തുവിളിച്ച് കൂവി. കൂവലിനിടെ ആരെങ്കിലും കല്ലെടുത്ത് എറിയുമോ എന്നായിരുന്നു എന്റെ പേടി. ഞാന്‍ പതുക്കെ മൈക്ക് കൈയിലെടുത്തു.
''ഞാനാണ് ശാരദ. പക്ഷേ എനിക്കിടാനുള്ള ബ്രായും ബ്ലൗസും ഈ നാട്ടുകാരനായ ഒരു പയ്യന്‍ എടുത്തുകൊണ്ടുപോയി. ഇനി ഞാനെന്തുചെയ്യും?''
ആളുകള്‍ ആര്‍ത്തുചിരിച്ചകൊണ്ട് കൈയടിച്ചു. കര്‍ട്ടന്‍ പതുക്കെ താണുകൊണ്ടിരുന്നു. അതായിരുന്നു ആ സ്‌കിറ്റിന്റെ ക്ലൈമാക്സും.
Comments