തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയന്‍ ഉപരോധ സമരം നേരിട്ടതെങ്ങനെയെന്ന് പറയുന്നു. അശ്വമേധത്തിനു വേണ്ടി സുനിത ദേവദാസ് തയ്യാറാക്കിയ അഭിമുഖം
പത്താം ക്ളാസ് പരീക്ഷയില്‍ 162 മാര്‍ക്കു വാങ്ങി തോറ്റ ഒരുകുട്ടി പിന്നീട് കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായി. സിമന്റ് തട്ടി കൈയും കാലും പൊള്ളുമ്പോള്‍ അമ്മ ഉപ്പും വെളിച്ചെണ്ണയും പുരട്ടി പൊള്ളല്‍ ശമിപ്പിക്കാന്‍ ശ്രമിച്ചു. 'നത്തിംഗ് ഈസ് ഇംപോസിബിള്‍' എന്നു മനസ്സിലാക്കിയ ആ കുട്ടി പഠനം തുടര്‍ന്നു.ചെയ്യുന്ന കാര്യം നന്നായി, തുടര്‍ച്ചയായി ചെയ്തു. പ്രതിസന്ധികളെയും പ്രയാസങ്ങളെയും പടികളാക്കി ജീവിത വിജയത്തിലേക്ക് പിന്നീടെഴുതിയ പരീക്ഷയിലെല്ലാം ഉയര്‍ന്ന റാങ്ക്. സി.ഡി.എസില്‍ ഗവേഷകന്‍, അദ്ധ്യാപകന്‍.ഇപ്പോള്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ വിജയന്‍ ഐ.പി.എസ്. ഭാര്യ: എം. ബീന, ഐ.പി.എസ്.കുട്ടികള്‍ക്ക് അച്ഛന്‍ കൌതുകമാണ്. അഭിമാനമോ അപമാനമോ അല്ല. മറിച്ച് തികച്ചും വ്യത്യസ്തനായ അച്ഛന്‍. തന്റെ ജീവിതംകൊണ്ട് അവര്‍ക്ക് മാതൃകയായി.തിരുവനന്തപുരത്ത്, ഇടതുജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ നടന്ന ഉപരോധസമരം നേരിട്ടതെങ്ങനെ എന്ന് വിജയന്‍ ഐ.പി.എസ്. വിശദീകരിക്കുന്നു. അശ്വമേധത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നിന്ന്
കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ നടന്ന ഉപരോധസമരം പോലൊന്ന് ഇന്ത്യയില്‍ തന്നെ വളരെ അപൂര്‍വ്വമായിട്ടാണ് നടന്നിട്ടുള്ളത്. കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നുതന്നെ സംശയം. അതുകൊണ്ട് ഉപരോധസമരത്തെ നേരിടാന്‍ വിപുലമായ ഒരുക്കങ്ങള്‍ കേരള പൊലീസ് നടത്തി.
വെല്ലുവിളി
ഞങ്ങളെ സംബന്ധിച്ചിടത്തോളം മൂന്നു പ്രധാനപ്പെട്ട വെല്ലുവിളികളായിരുന്നു മറികടക്കാനുണ്ടായിരുന്നത്.
1. ഉപരോധസമരത്തില്‍ പങ്കെടുക്കാനെത്തുന്ന ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുക.
2. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് നിശ്ചലമാകാതെ സൂക്ഷിക്കുക.
3.തിരുവനന്തപുരത്തെ സാധാരണ ജനജീവിതം ദുസ്സഹമാക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
ഇതിനായി വലിയ പൊലീസ് സേന ആവശ്യമായിരുന്നു. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളും പ്രവര്‍ത്തനങ്ങളുമാണ് ആദ്യഘട്ടം. തയ്യാറെടുത്തു, ഇനി എല്ലാം നേരിട്ടു കാണാം പത്തുദിവസം മുമ്പ് ഞങ്ങള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി.ആദ്യമായി ഉപരോധസമരത്തെ തടയാനാവശ്യമായ സാധ്യമായ എല്ലാ വഴികളും ആരാഞ്ഞു. തിരുവനന്തപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിന്റെ സാദ്ധ്യതകളും തള്ളിക്കളഞ്ഞില്ല.ജനാധിപത്യസംവിധാനത്തില്‍ പ്രതിഷേധിക്കാനും സമരം ചെയ്യാനും ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന വസ്തുത ഞങ്ങള്‍ അംഗീകരിക്കുന്നു. ഒരാവശ്യത്തിനുവേണ്ടിയും സമരം ചെയ്യുന്നവര്‍ ഞങ്ങളുടെ ശത്രുക്കളല്ല എന്ന് മനസ്സില്‍ ആഴത്തില്‍ ഉറപ്പിച്ചുതന്നെയാണ് പൊലീസ് സേന സമരമുഖത്ത് നിലയുറപ്പിക്കുന്നത്. എന്നാല്‍ ഏതുതരം സമരം നടക്കുമ്പോഴും ഭരണസംവിധാനം നിശ്ചലമാകാതെ സൂക്ഷിക്കുക എന്നൊരു ചുമതല പൊലീസിനുണ്ട്. ഉപരോധസമരക്കാര്‍ സെക്രട്ടേറിയറ്റ് വളയുമ്പോള്‍, മൂന്നു ഗേറ്റും അവര്‍ക്കായി വിട്ടുകൊടുക്കുന്നതോടൊപ്പം ഒരു ഗേറ്റ് - കന്റോണ്‍മെന്റ് ഗേറ്റ് - ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കുമായി തുറന്നുകൊടുക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമായിരുന്നു.സമരം തുടങ്ങുന്നതിന്റെ തലേ ദിവസം വരെ പ്രതിപക്ഷം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും എല്ലാ ഗേറ്റും ഉപരോധിക്കുമെന്നും ആണയിട്ടു പറഞ്ഞു.
എന്നാല്‍, ഉപരോധ സമരദിവസം സമരമുഖത്തുള്ളവരും നേതാക്കളും പൊലീസിന്റെ നടപടികളോട് ഒരു പരിധിവരെ സഹകരിക്കാന്‍ തയ്യാറായി.5000 പൊലീസ് സേനാംഗങ്ങളെയാണ് നഗരത്തില്‍ വിന്യസിച്ചത്. 2000 കേന്ദ്രസേനാംഗങ്ങള്‍ എത്തിയതില്‍ 1000 പേരെയാണ് തിരുവനന്തപുരത്ത് വിന്യസിപ്പിച്ചത്. ബാക്കി 1000 പേരെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും കേന്ദ്രീകരിച്ചു.സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനയെയും തിരുവനന്തപുരത്ത് കേന്ദ്രീകരിച്ചിപ്പില്ല. കാരണം ഈ ഉപരോധസമരം നടക്കുന്ന സമയത്ത് സംസ്ഥാനത്തിന്റെ ഏതെങ്കിലും ഭാഗത്ത് എന്തെങ്കിലും കലാപം പൊട്ടിപ്പുറപ്പെട്ടാല്‍ അതു നേരിടാനും ഞങ്ങള്‍ സജ്ജമാവണമായിരുന്നു.യൂണിവേഴ്സിറ്റി കോളേജ്, ആര്‍ട്സ് കോളേജ്, സംസ്കൃത കോളേജ് എന്നിവിടങ്ങളിലാണ് കേന്ദ്രസേനയ്ക്ക് താമസസൌകര്യമൊരുക്കിയത്.തിരുവനന്തപുരത്ത് എന്നെങ്കിലും സമരമുണ്ടാകുമ്പോള്‍ ഈ മൂന്നു കോളേജുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പൊലീസിനെ കൂട്ടംചേര്‍ന്ന് ആക്രമിക്കുന്നതും കല്ലെറിയുന്നതും കഴിഞ്ഞ കുറച്ചുകാലങ്ങളായി പതിവായിരുന്നു. അവര്‍ വിദ്യാര്‍ത്ഥികളായതുകൊണ്ടും കാമ്പസില്‍ പൊലീസ് കയറി പ്രശ്നമുണ്ടാക്കി എന്ന ആരോപണം ഒഴിവാക്കാന്‍ വേണ്ടിയും പൊലീസിന് ഇവരെ ഒരുതരത്തിലും നേരിടാന്‍ കഴിയുമായിരുന്നില്ല.ഉപരോധസമരത്തിന്റെ കൂടെ വിദ്യാര്‍ത്ഥികളുടെ അക്രമവും കൂടിയായാല്‍ സംഘര്‍ഷഭരിതമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോകുമെന്ന് മുന്‍കൂട്ടി കണ്ടാണ് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതും.എത്ര പ്രകോപനമുണ്ടായാലും വിദ്യാര്‍ത്ഥികളെ ആക്രമിക്കാന്‍ കഴിയുമായിരുന്നില്ലല്ലോ.
സമരക്കാരെ കവച്ചുവച്ച സംഘാടനമികവ്
ഏഴു ദിവസം തുടര്‍ച്ചയായി സമരമുണ്ടായാലും നേരിടാന്‍ പൊലീസ് സംഘം സജ്ജമായിരുന്നു. ഉപരോധസമരത്തിന് മുന്നോടിയായി പ്രതിപക്ഷം നടത്തിയ തയ്യാറെടുപ്പുകളെക്കാള്‍ വിപുലമായ ഒരുക്കങ്ങളാണ് ഞങ്ങള്‍ നടത്തിയത്. പൊലീസ് ഓഫീസേഴ്സിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപവല്‍ക്കരിച്ചു. അവരുടെ ആഹാരം, താമസം, യാത്രാസൌകര്യങ്ങള്‍, കുടിവെള്ളം തുടങ്ങിയവയ്ക്ക് സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി. കൊതുകും ഡങ്കിയടക്കമുള്ള വിവിധതരം പനികളും ഉള്ളതിനാല്‍ അസുഖങ്ങള്‍ വരാതിരിക്കാനും വന്നാല്‍ ചികിത്സിക്കാനുമുള്ള സജ്ജീകരണങ്ങള്‍ കണ്ടെത്തി.എന്നിട്ടും വളരെയധികം ദുരിതങ്ങള്‍ അവര്‍ക്ക് സഹിക്കേണ്ടിവന്നു. കല്ലേറില്‍ ഒരു പൊലീസ് ഡ്രൈവര്‍ക്ക് പരിക്കു പറ്റി 4-5 സ്റ്റിച്ച് ഇടേണ്ടിവന്നു. ധാരാളം പ്രകോപനപരമായ നീക്കങ്ങള്‍ അണികളുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്നുമുണ്ടായി.പക്വതയോടെ, ക്ഷമ ഇത് കേരളാ പോലീസ് പൊലീസ് സേന അത്ഭുതാവഹമായ പക്വതയോടെ, ക്ഷമയോടെ എല്ലാം നേരിട്ടു. അത് വിജയം കാണുകയും ചെയ്തു. വനിതാ പൊലീസുകാര്‍ അടക്കമുള്ളവര്‍ 24 മണിക്കൂറും ജോലി ചെയ്തു. പൊലീസ് സേന സഹിച്ചു സഹിച്ച് ക്ഷമയുടെ നെല്ലിപ്പലക കണ്ട പല സന്ദര്‍ഭങ്ങളും ഇതിനിടെയുണ്ടായി. എങ്കിലും ആത്മസംയമനം കൈവിടാതെ അവര്‍ എല്ലാം നേരിട്ടു. സമരക്കാര്‍ക്ക് നന്ദി, സര്‍ക്കാരിനും സമരക്കാര്‍ കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കണമെന്ന് വാശി പിടിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ വഷളായാനേ. കാരണം ജനാധിപത്യസംവിധാനത്തില്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കി നടത്തുവാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ഞങ്ങള്‍ ബാദ്ധ്യസ്ഥരാണ്.അത്തരം സാഹചര്യത്തില്‍ ബലപ്രയോഗം ആവശ്യമായി വന്നേനെ. പൊലീസ് ലാത്തി വീശുകയോ കണ്ണീര്‍വാതകം പ്രയോഗിക്കുകയോ ചെയ്തിരുന്നെങ്കില്‍ ജനക്കൂട്ടം ചിതറി ഓടിയേനെ. അതില്‍ വീണ് പരിക്കുപറ്റി നിരവധി ആളുകള്‍ മരണമടഞ്ഞേനെ. പൊതുമുതല്‍ നശിപ്പിക്കാന്‍ സമരക്കാര്‍ തുനിഞ്ഞിരുന്നെങ്കില്‍ വെടിവയ്ക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായേനെ. ഏതായാലും അതൊന്നും വേണ്ടിവന്നില്ല. സര്‍ക്കാരിന് രണ്ടു ദിവസം അവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയും പൊലീസിന്റെ ജോലി എളുപ്പമാക്കി.ജനാധിപത്യ സംവിധാനത്തില്‍ പെരുമാറാന്‍ പരിശീലിക്കപ്പെട്ട പൊലീസിന്റെ പക്വതയും സഹനശക്തിയുമാണ് വിജയം കണ്ടത്.സ്വാതന്ത്യ്രദിനാഘോഷത്തോടനുബന്ധിച്ചുള്ള റിഹേഴ്സലുകളും പരേഡും നന്നായി നടത്താനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടതും പൊലീസിന്റെ ചുമതലയായിരുന്നു. സെക്രട്ടേറിയറ്റിന് അവധി പ്രഖ്യാപിച്ചതോടെ അതും സുഗമമായി നടത്താനായി.അതിര്‍ത്തിയില്‍ രാജ്യത്തെ സംരക്ഷിക്കാന്‍ നില്‍ക്കുന്നതിനെക്കാളും തീവ്രവാദികളെ നേരിടുന്നതിനെക്കാളും പ്രയാസമാണ് ഒരു ജനക്കൂട്ടത്തെ നേരിടുന്നത്. കാരണം ഈ ജനക്കൂട്ടത്തിന്റെ നൂറു ശതമാനം സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതും പൊലീസിന്റെ ചുമതലയാണ്.
ലാത്തിയല്ലെന്‍ ആയുധം
കേരളത്തിലെ എല്ലാ ജില്ലകളിലും ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അതില്‍ ഏറ്റവും മുള്‍മുനയില്‍ നിന്ന് ജോലി ചെയ്യേണ്ടിവന്നത് തിരുവനന്തപുരത്താണ്. ഭരണസിരാകേന്ദ്രമായതുകൊണ്ട് ഏതു സമയത്തും പൊതുജനസമരങ്ങളുണ്ട്. ഈ പൊതുജന പ്രക്ഷോഭങ്ങള്‍ കണ്ട് അല്ലെങ്കില്‍ ജനക്കൂട്ടത്തെ കണ്ട് ഞാനൊരിക്കലും ഭയന്നിട്ടില്ല. കാരണം കേരളത്തിലെ ഏറ്റവുമധികം ആളുകള്‍ കൂടുന്ന ഉത്സവങ്ങളായ തൃശൂര്‍ പൂരം, ആലുവ ശിവരാത്രി, ശബരിമല, ചോറ്റാനിര മകംതൊഴല്‍, ആറ്റുകാല്‍ പൊങ്കാല, പത്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ട്, ബീമാപള്ളി ഉറൂസ് തുടങ്ങിയവയെല്ലാം എന്റെ കഴിഞ്ഞകാല സര്‍വ്വീസ് ജീവിതത്തിനിടയ്ക്ക് ഞാന്‍ നിയന്ത്രിച്ചിട്ടുണ്ട്. അതുകൊണ്ട് ആള്‍ക്കൂട്ടത്തിന്റെ സൈക്കോളജി എനിക്കറിയാം. എത്ര പ്രകോപനംകൊണ്ട് നില്‍ക്കുന്ന ആള്‍ക്കൂട്ടവും നാം സംസാരിക്കുമ്പോള്‍ ശാന്തരാവും എന്നതാണ് എന്റെ അനുഭവം. ജനങ്ങളെ നേരിടാനുള്ള നിരന്തരമായ പരിശീലനംകൊണ്ട് എനിക്ക് ലഭിച്ചിട്ടുള്ള പാഠങ്ങള്‍ തിരുവനന്തപുരത്തു നടന്ന ഉപരോധസമരം കൈകാര്യം ചെയ്യുന്നതിന് പ്രയോജനപ്പെട്ടു.പൊലീസ് സേന തികഞ്ഞ ആത്മസംയമനത്തോടെ ഉപരോധത്തെ നേരിട്ടതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. സോളാര്‍ പ്രശ്നങ്ങള്‍ ആരംഭിച്ചിട്ട് ഏകദേശം 22 മാസമായി. ഈ 22 മാസവും പൊലീസ് സമരമുഖത്തുതന്നെയാണ്. എന്നാല്‍ സമരക്കാര്‍ എന്നും വേറെയാണ്. പൊലീസ് സേന സമരക്കാരെക്കാള്‍ കൂടുതല്‍ സമയം സമരമുഖത്തും പ്രതികൂലസാഹചര്യങ്ങളെ നേരിട്ടുംകഴിയുന്നു എന്നതുതന്നെയാണ് യാഥാര്‍ത്ഥ്യം.
(തുടരും)
Comments
You are an inspiring role model for other police officers! God bless you and your family.
Dear Vijayan Sir
We met you here in USA. Congratulations for your courage !
Waiting to see more interviews . Good one
Thank you Vijan IPS and Aswamedham.Very good job keep it up.