ഇത്ര വലിയ അഴിമതി വിരുദ്ധനാണോ ചീഫ് വിപ്പ് പിസി ജോര്‍ജ്? സോളാര്‍ പ്രശ്നത്തില്‍ പിസി ഇടപെട്ടു രംഗം വഷളാക്കിയത് എന്തിന്? കൊണ്ഗ്രസ്ന്റെ കാര്യത്തില്‍ പിസി ഇടപെടുന്നതിന്‍റെ കാരണം എന്ത്? ഇടുക്കി എംഎല്‍എ പിടി തോമസിന് ചീഫ് വിപ്പ് പിസി ജോര്‍ജിനെ പറ്റി വ്യക്തമായ അഭിപ്രായമുണ്ട്. അശ്വമേധത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പിടി തോമസ് അത് തുറന്നു പറയുകതന്നെ ചെയ്തു.
അഴിമതി വിരുദ്ധത പിസി ജോര്‍ജിന്‍റെ മുഖംമൂടി
യുഡിഎഫിനും ഉമ്മന്‍ ചാണ്ടിക്കും എതിരെയുള്ള പിസി ജോര്‍ജിന്‍റെ സോളാര്‍ പ്രസ്താവനകള്‍ അഴിമതിക്കെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തിന്‍റെ ഭാഗമൊന്നും അല്ല. കാരണം പിസി ജോര്‍ജ് അത്രവലിയ അഴിമതി വിരുദ്ധനും നാടിന്റെ നന്മയ്ക്ക് വേണ്ടി പോരാടുന്ന വ്യക്തിയുമാണെങ്കില്‍ എന്തുകൊണ്ടാണ് നാട്ടില്‍ പൊതുവായി നടക്കുന്ന അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താത്തത്?.ലാവലിന്‍ കേസ് പ്രതിയായ പിണറായി വിജയന്‍ സോളാര്‍ വിരുദ്ധനായകനായതിനെ എതിര്‍ക്കാത്തത്?.അഴിമതി വിരുദ്ധ പോരാട്ടമോന്നും അല്ല പിസി ജോര്‍ജിന്‍റെ ലക്ഷ്യമെന്ന് ഏതു സാധാരണക്കാരനും അറിയാം. പിസിയെ യുഡിഎഫ് ചീഫ് വിപ്പാക്കിയത് സര്‍ക്കാരിനെയോ യുഡിഎഫിനെയോ ദുര്‍ബലപ്പെടുത്താന്‍ വേണ്ടിയല്ല. അത്തരം നടപടികളുമായി പിസി ജോര്‍ജ് മുന്നോട്ടു പോകുമ്പോള്‍ അത് ചീഫ് വിപ്പ് എന്ന സ്വന്തം സ്ഥാനത്തോട് ചെയ്യുന്ന നീതികേടാണ്. നാടുമുഴുവനുമുള്ള തെറ്റുകള്‍ താന്‍ ചൂണ്ടിക്കാണിക്കാമെന്നു പറയുന്ന പിസി ജോര്‍ജ് തന്റെ തെറ്റുകള്‍ കാണാത്തതെന്ത്?തിരിച്ചറിയാത്തതെന്ത്?
ചീഫ് വിപ്പിന് മീഡിയാ മാനിയ
എല്ലാ ദിവസവും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാനും വാര്‍ത്തയിലെ വ്യക്തിയാവാനും വേണ്ടിയുള്ള ശ്രമമാണ് പിസി ജോര്‍ജ് അഴിമതി വിരുദ്ധ പോരാട്ടം എന്ന മുഖംമൂടി ഇട്ടുകൊണ്ട് ചെയ്യുന്നത്. മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കണമെന്ന കടുത്ത അഭിവാന്ജയായിരിക്കും പിസി ജോര്‍ജിനെ ഇതിനു പ്രേരിപ്പിക്കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന എല്ലാ പൊതുപ്രവര്‍ത്തകരും മനസിലാക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്.ചോദ്യം ചോദിക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് അഭിപ്രായമുള്ള പോലെ തന്നെ ഇഷ്ടമുള്ള മറുപടി പറയാനും മൌനം പാലിക്കാനും നിഷേധിക്കാനും പോതുപ്രവര്തകര്‍ക്ക് അവകാശമുണ്ട്. എല്ലാ ചോദ്യത്തിനും ചോദിക്കുന്ന ആളെ തൃപ്തിപ്പെടുന്ന ഉത്തരം പറയണമെന്നില്ല.സ്വന്തം വ്യക്തിത്വം കളഞ്ഞുകുളിച്ചു ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ട ആവശ്യം പൊതുപ്രവര്തകര്‍ക്കില്ല.അവനവന് പിന്നീട് ജാള്യത അനുഭവപ്പെടുന്ന ഒന്നും ആരും ഏതു സാഹചര്യങ്ങളിലും പറയരുത് എന്നാണു എന്‍റെ പക്ഷം. ജോര്‍ജ് ആദ്യം സ്വന്തം പാര്‍ട്ടിയെ നന്നാക്കട്ടെ കൊണ്ഗ്രസിനകത്തു സ്വതന്ത്ര അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ഉണ്ട്. കോണ്ഗ്രസ് പട്ടാളചിട്ടയുള്ള ഒരു പാര്‍ട്ടിയല്ല.അവിടെ പ്രവര്‍ത്തകര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്.കെ.മുരളീധരനും ചിലപ്പോള്‍ അഭിപ്രായം തുറന്നു പറയുന്ന ആളാണ്. എന്നാല്‍ മുരളീധരനും പിസി ജോര്‍ജും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മുരളീധരന്‍ കൊണ്ഗ്രസുകാരനാണ്.പാര്‍ട്ടിക്കകത്തും ചില സന്ദര്‍ഭങ്ങളില്‍ പുറത്തും അഭിപ്രായവും നിലപാടും പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്.അത് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി അനുവദിച്ചു കൊടുക്കുന്ന ജനാധിപത്യ രീതിയില്‍ ഉള്ള സ്വാതന്ത്ര്യമാണ്.എന്നാല്‍ പിസി ജോര്‍ജ് കേരളാ കൊണ്ഗ്രസുകാരനാണ്.
ജോര്‍ജ് ആദ്യം സ്വന്തം പാര്‍ട്ടിയെ നന്നാക്കാന്‍ നോക്കട്ടെ
.കൊണ്ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഒരു പരിധിയില്‍ കൂടുതല്‍ ജോര്‍ജ് ഇടപെടേണ്ട.ചീഫ് വിപ്പ് എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളും സ്വാതന്ത്യങ്ങളും അംഗീകരിച്ചുകൊണ്ടു തന്നെ പറയട്ടെ പിസി ആദ്യം സ്വന്തം പാര്‍ട്ടിയെ കുറിച്ച് ഓര്‍ത്ത് ദുഖിക്കുകയും സന്തോഷിക്കുകയും ചെയ്യണം.എന്തെങ്കിലും അത്യാവശ്യം വരുമ്പോള്‍ കോണ്ഗ്രസ് ഘടകകക്ഷികളോട് അഭിപ്രായം ചോദിക്കും.പിസി കൊണ്ഗ്രസിനെ കുറിച്ച് അപ്പോള്‍ പറഞ്ഞാല്‍ മതി.ആദ്യം തന്നോടും സ്വന്തം പാര്‍ട്ടിയോടും ചുമതല നിറവേറ്റട്ടെ പിസി ജോര്‍ജ്-പിടി തോമസ് പറഞ്ഞു
Comments