You are Here : Home / അഭിമുഖം

ചാനലുകളിലെ ഒമ്പതുമണി ചര്‍ച്ചകള്‍ കൂട്ടബലാല്‍സംഗങ്ങളായി മാറുന്നു : രാജ്മോഹന്‍ ഉണ്ണിത്താന്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Wednesday, September 04, 2013 02:14 hrs UTC

രാജ്മോഹന്‍ ഉണ്ണിത്താന്‍ അശ്വമേധത്തിനു നല്‍കിയ അഭിമുഖത്തില്‍ നിന്നും

 

 

മാധ്യമങ്ങള്‍ ഇത്രയേറെ വൈരനിര്യാതനബുദ്ധിയോടെ ഭരണകൂടത്തെ തകര്‍ക്കാന്‍ ശ്രമിച്ച കാലം അടുത്തൊന്നും ഉണ്ടായിട്ടില്ല. ചാരക്കേസില്‍ കരുണാകരനെ ക്രൂശിച്ച അതെ ക്രൂരതയോടെയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ സോളാര്‍ക്കേസില്‍ ഉമ്മന്‍ചാണ്ടിയെ പീഡിപ്പിക്കുന്നത്. മുന്‍കൂട്ടി അജണ്ട നിശ്ചയിച്ച മാധ്യമങ്ങള്‍ ഒമ്പതു മണിചര്‍ച്ചകളില്‍ ഒരു കോണ്‍ഗ്രസ്സുകാരനേയും നാലു ഇടതുപക്ഷ പ്രവര്‍ത്തകാരേയുമാണ് വിളിക്കുന്നത്‌. വാര്‍ത്താഅവതാരകരും ഇടതുപക്ഷത്തേക്ക് ചായുന്നതോടെ അവര്‍ അഞ്ചു പേരും ചേര്‍ന്ന് കോണ്‍ഗ്രെസ്സുകാരനെ കൂട്ടബലാല്‍സംഗം ചെയ്യുകയാണ്. ചോദ്യം ചോദിക്കും. എന്നാല്‍ ഉത്തരം പറയാന്‍ അനുവദിക്കില്ല. അഥവാ ഉത്തരം പറയാന്‍ തുടങ്ങിയാല്‍ ഉടനെ ഇടയ്ക്കു കയറി വേറൊരു ചോദ്യം ചോദിക്കും. വാര്‍ത്താ അവതാരകന്‍ ഇതെല്ലാം കണ്ടു ആസ്വദിച്ച് ചിരിക്കും.ആനന്ദസാഗരത്തിലാറാടിയുള്ള ആത്മനിര്‍വൃതിയിലുള്ള അവതാരകന്‍റെ ഇരിപ്പ് ഒന്നു കാണേണ്ടതു തന്നെയാണ്.ഇവരോരോരുത്തരും ചാനല്‍ ചര്‍ച്ചകള്‍ കഴിഞ്ഞു ഫേസ് ബുക്ക്‌ ഒന്ന് തുറന്നു നോക്കണം എന്നൊരഭ്യര്‍ത്ഥനയാണ് എനിക്കുള്ളത്. പ്രേക്ഷകരുടെ അഭിപ്രായം അവരവിടെയാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.കേരളത്തിലെ പൊതുജനങ്ങള്‍ ചാനലുകളുടെ അധികപ്രസംഗത്തെ എങ്ങനെ കാണുന്നു എന്നറിയാനുള്ള ഏറ്റവും എളുപ്പവഴിയായി ഇന്ന് ഫേസ് ബുക്കുകള്‍ മാറിയിരിക്കുന്നു. ചാനല്‍ വാര്‍ത്താചര്‍ച്ചാ അവതാരകര്‍ ഒരു കാര്യം മനസ്സിലാക്കണം. അവര്‍ക്ക് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ അധികാരങ്ങളോന്നും ആരും കല്‍പ്പിച്ചു നല്‍കിയിട്ടില്ല. നീതിന്യായ വ്യവസ്ഥയുടെ നടത്തിപ്പില്‍ ഇടപെടാന്‍ ഇവര്‍ക്കാരാണ് അധികാരം കൊടുത്തത്?

 

കേസുകള്‍ അന്വേഷിക്കുന്നതും പ്രതികളെ നിശ്ചയിക്കുന്നതും സാക്ഷികളെ കണ്ടെത്തുന്നതും തെളിവുകള്‍ ഉണ്ടാക്കുന്നതും വിചാരണ നടത്തി കുറ്റം അടിച്ചേല്‍പ്പിക്കുന്നതും ഇന്ന് ചാനലുകളുടെ ഒമ്പതുമണി ന്യൂസ് നൈറ്റ്‌ ചര്‍ച്ചകളില്‍ വച്ചാണ്.ഇത് മാധ്യമങ്ങള്‍ക്ക് തീരാകളങ്കമാണ്. കേരളത്തില്‍ ഇന്ന് വ്യവസ്ഥാപിതമായ ഒരു കുറ്റാന്വേഷണരീതിയും നീതിന്യായ വ്യവസ്ഥയുമുണ്ട്.അതിനെ മറികടന്നുകൊണ്ട്‌ പത്രപ്രവര്‍ത്തകര്‍ നീതിന്യായ വ്യവസ്ഥയുടെയും കുറ്റാന്വേഷണത്തിന്‍റെയും അധികാരങ്ങള്‍ സ്വയമെടുത്തണിഞ്ഞു ന്യൂസ്‌ റൂമുകളെ വിചാരണക്കോടതികളാക്കി മാറ്റുന്നത് തികച്ചും അപഹാസ്യമാണ്. ഈ മാധ്യമപ്രവര്‍ത്തകരില്‍ പലരെയും എനിക്കടുത്തറിയാം. അവരുടെ പൊതുജീവിതവും സ്വകാര്യജീവിതവും കുടുംബജീവിതവും എനിക്കറിയാം. അതില്‍ പലരുടെയും സ്വകാര്യജീവിതം ഇവര്‍ മോശക്കാരനും സദാചാരവിരുദ്ധരെന്നും ചിത്രീകരിക്കുന്ന പലരേക്കാളും ഹീനമാണ്.ദൃശ്യമാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള കേട്ടാലറയ്ക്കുന്ന കഥകള്‍ നാട്ടിലൊരു പരസ്യമായ രഹസ്യമാണ്.

 

എന്നിട്ടും കുറ്റബോധമോ നാണമോ ലവലേശമില്ലാതെയാണ് ഇവര്‍ സദാചാരത്തിന്‍റെ വക്താക്കളായി മാറുന്നത്.അവരില്‍ പലരുടെയും ജീവിതവുമായി തട്ടിച്ചു നോക്കുമ്പോള്‍ സരിത വെറുമൊരു പാവമാണ്.മത്സരമുണ്ടായാല്‍ സരിത ആദ്യറൗണ്ടില്‍ ഔട്ട്‌ആകും. മാധ്യമപ്രവര്‍ത്തകര്‍ സാഡിസ്റ്റുകളായി മാറി പലരുടെയും കുടുംബജീവിതങ്ങള്‍ വരെ സോളാര്‍വിഷയവുമായി ബന്ധപ്പെട്ട്‌ തകര്‍ത്തു കഴിഞ്ഞു.കപടസദാചാരവാതികളായ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ സത്യസന്ധനായ ജനാധിപത്യരീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ കല്ലെറിയാന്‍ എന്തവകാശമാനുള്ളത്. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നു പറഞ്ഞാല്‍ ബഹുഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരുടെ കയ്യിലെ കല്ലും താഴെ വീഴും.പാഞ്ജാലീ വസ്ത്രാക്ഷേപങ്ങളാണ് ഒമ്പതുമണി ചര്‍ച്ചകള്‍.മുഖ്യമന്ത്രിയെ രാജി വെപ്പിക്കാന്‍ വേണ്ടി അച്ചാരം വാങ്ങിച്ച മാധ്യമപ്രവര്‍ത്തകരാണ് വൈരനിര്യാതന ബുദ്ധിയോടെ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.മലയാളത്തിലെ ഒരു പ്രമുഖ ചാനലിന്‍റെ മേധാവിക്ക് ബിജെപിയുമായി അഭേദ്യമായ ബന്ധമുണ്ട്.വരുന്ന ലോക്സഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ അധികാരത്തില്‍ വരരുതെന്ന നരേന്ദ്രമോഡിയുടെ നയമാണ് അദ്ദേഹം നടപ്പാക്കുന്നത്.മഹാത്മാഗാന്ധി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലിയമഹാന്‍ ബിജെപിയുടെ കേരളത്തിലെ ഒരു ചാനല്‍ ചര്‍ച്ചാ സ്പെഷ്യലിസ്റ്റ് ആണെന്നാണ് അയാളുടെ ധാരണ.എല്ലാ ദിവസത്തേയും ചര്‍ച്ചകളില്‍ ആ മഹാനെ എഴുന്നെള്ളിക്കും.കഴുത കാമം കരഞ്ഞു തീര്‍ക്കുന്നത് പോലെ അയാള്‍ അവിടെക്കിടെന്ന്‍ കരഞ്ഞ് ഇറങ്ങിപോകും.അതു കാണുമ്പോഴുള്ള വാര്‍ത്താവായനക്കാരന്‍റെ ആത്മനിര്‍വൃതി ഒന്നു കാണേണ്ടതുതന്നെയാണ്. മാധ്യമങ്ങളുടെ ഈ വിചാരണാ രീതി ശരിയല്ല. അവര്‍ അത് തിരുത്തണം. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷത്തോടൊപ്പം ചേരുന്നത് ലജ്ജാവഹമാണ്. മാധ്യമങ്ങള്‍ നീചമായ ഈ നടപടിയില്‍ നിന്നും പിന്മാറണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.