പുരുഷമേധാവിത്ത മനോഭാവമുള്ളവര്‍ എഴുതുമ്പോഴും സംസാരിക്കുമ്പോഴും എഴുത്തുകാരന് സമൂഹത്തോട് ഉത്തരവാദിത്തമുണ്ടെന്നും ഇന്ത്യയെ സ്‌നേഹിക്കാന്‍ തയ്യാറുള്ള എഴുത്തുകാരുടെ ഒരു പുതുതലമുറ ഉണ്ടാകണമെന്നും അശ്വമേധത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ എഴുത്തുകാരന്‍ സക്കറിയ അഭിപ്രായപ്പെട്ടു.
കേരളത്തിലെ ഒരു ശരാശരി എഴുത്തുകാരന്‍ പുരുഷമേധാവിത്തത്തിനു വഴങ്ങി, ആ വ്യവസ്‌ഥയെ സ്വാംശീകരിച്ച് വളര്‍ന്ന ഒരു പുരുഷനാണ്. അവന്‍ ജനിച്ചപ്പോള്‍ മുതല്‍ കുടുംബവും സമൂഹവും പിന്നീട് അവനവന്‍ തന്നെയും നട്ടുവളര്‍ത്തിയ പുരുഷമേധാവിത്തത്തിന്റെ വേരുകള്‍ വലിച്ചു പറിച്ചുകളയേണ്ട കാലമായിരിക്കുന്നു. കാരണം ഇത്തരമൊരു എഴുത്തുകാരന്‍ സമൂഹത്തിലേക്കു വമിപ്പിക്കുന്ന വിഷത്തിന്റെ അളവ് നാം മനസ്സിലാക്കുന്നതിനെക്കാള്‍ വലുതാണ്. ഒരു ശരാശരി എഴുത്തുകാരന്റെ മനസ്സില്‍, തലച്ചോറില്‍ അവന്‍ പോലുമറിയാതെ ഈ പുരുഷമേധാവിത്ത അപ്രമാദിത്വം മുദ്രണം ചെയ്യപ്പെട്ടുകഴിഞ്ഞു. അപൂര്‍വ്വം ചിലര്‍ ഭാഗ്യവാന്മാര്‍. അവരില്‍ ഇത് ഇനിയും മുദ്രണം ചെയ്യപ്പെട്ടിട്ടില്ല. എല്ലാ എഴുത്തുകാര്‍ക്കും തന്നെ വിശ്വസിക്കുകയും വായിക്കുകയും തന്റെ പുസ്‌തകങ്ങള്‍ പണം കൊടുത്ത് വാങ്ങി തന്റെ സാമ്പത്തികാടിത്തറ വിപുലപ്പെടുത്തുകയും ചെയ്യുന്ന പൗരന്മാരോട് കൂറുണ്ടാകണമെന്നും പുരുഷമേധാവിത്ത മനോഭാവമുള്ള എഴുത്തുകാര്‍ സമൂഹത്തിന് ആപത്‌കരമാണെന്നും സക്കറിയ ഓര്‍മ്മപ്പെടുത്തുന്നു. പ്രസംഗിക്കുമ്പോഴും സമൂഹത്തിലേക്ക് കാലഹരണപ്പെട്ട മൂല്യങ്ങള്‍ പകര്‍ന്നുകൊണ്ടിരിക്കും. ആത്‌മവിമര്‍ശനത്തിന് ഓരോ എഴുത്തുകാരും തയ്യാറാകേണ്ട സമയമാണിത്. സമൂഹത്തിന്റെ ജീര്‍ണ്ണതയ്‌ക്ക് വളംവച്ചുകൊടുക്കുന്നവരായി എഴുത്തുകാര്‍ മാറാന്‍ പാടില്ല. മിക്കവാറും എല്ലാ മഹത്തായ നോവലുകളിലും കലാസൃഷ്‌ടികളിലും സ്‌ത്രീയെ ഒരു രണ്ടാംതരം ആയാണ് ചിത്രീകരിക്കുന്നത്. ഒരു ശരാശരി മലയാളം സിനിമയിലും 99 ശതമാനം പരമ്പരകളിലും സ്‌ത്രീയെ അധഃസ്‌ഥിതയായിട്ടാണ് ചിത്രീകരിക്കുന്നത്. പുരുഷനാല്‍ ഭരിക്കപ്പെടുന്നവളാണ് എല്ലായിടത്തും സ്‌ത്രീ.
പുരുഷന്റെ ഇംഗിതത്തിന് വഴങ്ങുകയും അവന് ശുശ്രൂഷയും പരിചരണവും ആവശ്യപ്പെടുന്ന പ്രേമവും കാമവും നല്‍കാന്‍ ബാദ്ധ്യതപ്പെട്ടവളായിട്ടാണ് സ്‌ത്രീയെ ചിത്രീകരിക്കുന്നത്. അമ്മ, കാമുകി, എന്നിങ്ങനെ യന്ത്രപ്പാവകളെപ്പോലുള്ള സ്‌ത്രീകളാണ് പല സാധാരണ ചലച്ചിത്രങ്ങളിലെയും സ്‌ത്രീകഥാപാത്രങ്ങള്‍. കാരണം ഇത്തരം സിനിമകളുടെയും സീരിയലുകളുടെയും കഥയും തിരക്കഥയും എഴുതുന്നത് പുരുഷന്മാരാണ്. അവരുടെ മനസ്സില്‍ അവരറിയാതെ തന്നെ പുരുഷമേധാവിത്ത ചിന്തകള്‍ പാകപ്പെട്ടിട്ടുണ്ട്. സിനിമകളിലെ കേന്ദ്രകഥാപാത്രങ്ങള്‍ സ്‌ത്രീകഥാപാത്രങ്ങളെ അധിക്ഷേപിക്കുന്നതു കണ്ടാല്‍ സ്‌ത്രീകളില്‍ ബഹുഭൂരിപക്ഷവും വകവച്ചുകൊടുക്കും. പരമ്പരകളുടെ പിരിമുറുക്കത്തില്‍ ആകൃഷ്‌ടരായിപ്പെട്ടു കിടക്കുന്ന കെണിയില്‍ നിന്നും പുറത്തുവരാന്‍ സ്‌ത്രീള്‍ക്കു പോലും കഴിയുന്നില്ല. ജനസമൂഹം പീഡിത സ്‌ത്രീകഥാപാത്രങ്ങളിലൂടെ, വഞ്ചനയും ചതിയും ഉപയോഗപ്പെടുത്തലും ഇരയുടെ അസ്വസ്‌ഥതയും ആസ്വദിക്കാന്‍ പഠിക്കുന്നത് ആപത്‌കരമായ സംഭവമാണ്. ഇത്തരം പരമ്പരകള്‍ കണ്ടുവളരുന്ന സ്വതന്ത്രമായി ചിന്തിക്കാന്‍ പ്രായമാകാത്ത കുട്ടികള്‍ മാനസികമായ അടിമത്തത്തിന് വിധേയരാകും. ഇതൊക്കെ ഒരരു ജീവിത യാഥാര്‍ത്‌ഥ്യമാണെന്നാവും അവര്‍ കരുതുക. എളുപ്പത്തില്‍ സ്വാധീനിക്കപ്പെടാവുന്ന പ്രായത്തില്‍ ഈ പെണ്‍കുട്ടികളും പുരുഷമേധാവിത്ത മനോഭാവത്തിന് വശംവദരാവും. ഇതിലൊക്കെ ഒരു കച്ചവടക്കണ്ണ് ഉണ്ടാവാം. വിപണിയില്‍ എളുപ്പത്തില്‍ വിറ്റഴിയുന്ന ഉല്‌പന്നങ്ങള്‍ മനപ്പൂര്‍വ്വം സൃഷ്‌ടിക്കുകയുമാവാം. സ്‌ത്രീകളുടെ സഹനത്തിന് എല്ലായിടത്തും താരപരിവേഷം നല്‍കാനാണ് ശ്രമം. പഴയ സിനിമകളില്‍ സ്‌ത്രീകള്‍ പുരുഷനെ പ്രണയമറിയിക്കുന്നതും സ്‌നേഹിക്കുന്നതും കാലുപിടിച്ചും മറ്റുമാണ്. എന്നാല്‍, ഇന്ന് ആക്‌ഷന്‍ പോലുള്ള സിനിമകളില്‍ കാമുകി കാമുകനെ അടിക്കുന്നതായി കാണുന്നു. അതും സ്വീകരിക്കാന്‍ പ്രേക്‌ഷകരുണ്ട്. അത്തരം ചിത്രങ്ങള്‍ വിജയിക്കുന്നതിനര്‍ത്‌ഥം വലിയ വിഭാഗം പ്രേക്ഷകര്‍ ഇതൊക്കെ ആഗ്രഹിക്കുന്നു എന്നതാണ്. 22 ഫീമെയില്‍ കോട്ടയം എന്ന സിനിമ ഇതിനുദാഹരണമാണ്. കദനകഥകളാണ് സ്‌ത്രീകള്‍ക്കു വേണ്ടതെന്ന് പുരുഷനാണ് തീരുമാനിക്കുന്നത്.
പുരുഷന്റെ അടികൊള്ളാനുള്ള യന്ത്രമായി സ്‌ത്രീയെ ചിത്രീകരിക്കുന്നവര്‍ സമൂഹത്തിന്റെ ജീര്‍ണ്ണതയ്‌ക്ക് ആക്കം കൂട്ടുന്നവരാണ്. എഴുത്തുകാരന് സമൂഹത്തോട് ഉത്തരവാദിത്തമുണ്ടോ? എഴുത്തുകാരന് സമൂഹത്തോട് എന്ത് ഉത്തരവാദിത്തമാണുള്ളതെന്ന ചോദ്യമുയരുന്നത് ഇവിടെയാണ്. ഉത്തരവാദിത്തമുള്ള ഒരു എഴുത്തുകാരന്‍ പേനയെടുക്കുമ്പോള്‍ തന്റെ സമൂഹത്തോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് ബോധവാനാകണം. ആധുനികവും പുരോഗമനപരവും ജനാധിപത്യപരവും മതേതരത്വപരവുമായ ഏറ്റവും നല്ല മാനവികമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീക്ഷണമാണോ തന്റെ രചനയില്‍ കടന്നുവരുന്നതെന്ന് വിലയിരുത്തണം. പുരുഷമേധാവിത്തമൂല്യങ്ങളില്‍ നിന്ന് മാറി ചിന്തിക്കണം. പരമ്പരാഗത ജീര്‍ണ്ണതകളും ഫ്യൂഡല്‍ ചിന്താഗതികളും തങ്ങളുടെ സംഭാഷണത്തിലോ സൃഷ്‌ടികളിലോ കടന്നുവരുന്നില്ലെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. ജാതിചിന്ത, മതപരമായ സ്‌പര്‍ദ്ധ, അന്‌ധവിശ്വാസങ്ങള്‍, ഉച്ചനീചത്വങ്ങള്‍, സാമ്പത്തിക അസമത്വം, രാഷ്‌ട്രീയമായ അടിമത്തങ്ങള്‍ എന്നിവയ്‌ക്ക് സ്വന്തം തലച്ചോറും ഭാവനയും എഴുത്തുകാരന്‍ തീറെഴുതിക്കൊടുക്കാന്‍ പാടില്ല. സമൂഹത്തിലെ വ്യാപകമായ അഴിമതിയുടെ സഹായിയായി എഴുത്തുകാരന്‍ മാറരുത്. അഴിമതികളെ വകവച്ചുകൊടുക്കുന്ന അബോധമനശ്ശാസ്‌ത്രത്തിന് അവന്‍ അടിമയാവരുന്നത്. മാനസികമായ അടിമത്തങ്ങള്‍ക്ക് വിധേയനാവുന്ന എഴുത്തുകാരന്‍ തന്നില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന വായനക്കാരനെ കഠിനമായി വഞ്ചിക്കുകയാണ്. കാരണം വായനക്കാരന്‍ എഴുത്തുകാരനെ മഹാനായാണ് കാണുന്നത്. വായനക്കാരനെ സംബന്‌ധിച്ച് ഒരു മാതൃകയാണ് എഴുത്തുകാരന്‍. ആ മാതൃക ഒരു വര്‍ഗ്ഗീയവാദിയോ മതഭ്രാന്തനോ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തലച്ചോറ് കടംകൊടുത്ത ആളോ ആണെങ്കില്‍ അത് വഞ്ചനയാണ്. തങ്ങള്‍ മഹാനെന്ന് കരുതുന്നയാള്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാമെങ്കില്‍ തങ്ങള്‍ക്കും ചെയ്യാം. എന്നവര്‍ കരുതും. വസ്‌തുതാപരമായ ലേഖനമായാലും പ്രതിലോമകാരികളുടേതായാലും വിശ്വസിക്കാന്‍ ആളുണ്ട്.
ആഴത്തില്‍ ആശയസംവേദനം നടത്താന്‍ എഴുത്തുകാര്‍ക്ക് കഴിയും. പലപ്പോഴും എഴുത്തുകാരുടെ അഭിപ്രായങ്ങളാണ് പൗരന്മാരുടെ അഭിപ്രായങ്ങളായി പുറത്തുവരുന്നത്. പൗരന്മാര്‍ക്കുള്ള സംയമനവും സാഹോദര്യ മനോഭാവവും പോലും പല എഴുത്തുകാര്‍ക്കും ഇല്ല. പല എഴുത്തുകാരും സാധാരണക്കാരെക്കാള്‍ മോശമായി പെരുമാറുന്നു. ഇത് വലിയ ആപത്താണ്. അംഗീകൃത മാതൃകകളായ എഴുത്തുകാരന്റെ സ്വത്വമാണ് ഏറ്റവും പ്രധാനം. സാമ്പത്തിക പ്രലോഭനങ്ങള്‍ക്ക് വഴങ്ങില്ലെന്ന് കവയിത്രിയായ കനിമൊഴി തീരുമാനമെടുക്കണമായിരുന്നു. തന്നെ വിശ്വാസത്തിലെടുത്ത വായനക്കാരനോടും രാജ്യത്തോടും ചെയ്‌ത അപരാധമാണ് കനിമൊഴിക്ക് പറ്റിയ തെറ്റ്. അതേസമയം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തീവ്രവാദിയെന്നു വിശേഷിപ്പിച്ച് ഒരു കവിത പിന്‍വലിച്ചതായി കേട്ടു. അതിലെന്ത് ന്യായമാണുള്ളത്? നിഷ്‌ഠുരവും പ്രാകൃതവുമായ രീതിയില്‍ അമേരിക്കയിലെ ജയിലിലടയ്‌ക്കപ്പെട്ടുപോയ ആളാണ് ആ കവി. അയാള്‍ ഭീകരവാദിയാണെന്നതിന് എന്തു തെളിവാണുള്ളത്? കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പണ്‌ഡിതരും ഭാവനാസമ്പന്നരുമായ അദ്ധ്യാപകര്‍ക്ക് തെറ്റുപറ്റി എന്നാണ് എനിക്കു തോന്നുന്നത്. ഒബാമയുടെ ഭരണകൂടത്തിന്റെ വിധിപറയലും തടവിലിടലും ഉണ്ടായാല്‍ മാത്രം ഒരാള്‍ ഭീകരവാദിയാകുമോ? പരിഹാസ്യമായ ഒരു മസ്‌തിഷ്‌കപ്രക്ഷാളനത്തിന്റെ തെളിവാണിത്. എല്ലാ എഴുത്തുകാര്‍ക്കും തന്നെ വിശ്വസിക്കുകയും വായിക്കുകയും തന്റെ പുസ്‌തകങ്ങള്‍ പണം കൊടുത്ത് വാങ്ങി തന്റെ സാമ്പത്തികാടിത്തറ വിപുലപ്പെടുത്തി സമൂഹത്തോടും പൗരന്മാരോടും ഒരു കൂറുണ്ടായിരിക്കണം. അതില്‍ യാതൊരു സംശയവുമില്ല. ആ കൂറ് വാക്കും പ്രവൃത്തിയും ഒന്നായിരിക്കാനും സമൂഹത്തെ പ്രബുദ്ധമാക്കാനും കൂടുതല്‍ സത്യസന്‌ധമായി ചിന്തിക്കാനും വിദ്വേഷവും പകയും ഇല്ലാതെ സമാധാനത്തോടെ ജീവിക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നതുമാകണം.
മറുവശത്ത് ഒരു സമൂഹത്തെ പരമ്പരാഗതമായ സൗന്ദര്യശാസ്‌ത്രസങ്കല്‌പങ്ങളില്‍ നിന്നു മാറ്റി പുതിയ സൗന്ദര്യശാസ്‌ത്ര സങ്കല്‌പം മനസ്സിലാക്കാനും പുതിയ സ്വപ്‌നം കാണാനും വായനക്കാരനെ സഹായിക്കുന്നതായിരിക്കണം. വായനക്കാരനെ പിന്നിലേക്കു തള്ളിവിടാനല്ല, മറിച്ച് ആധുനികമായ ഉന്നത നിലവാരത്തിലേക്ക് നയിക്കുന്നതാണ് എഴുത്തുകാരന്റെ ചുമതല. അതിനുള്ള ആദ്യ നടപടി എടുക്കേണ്ടയാള്‍ എഴുത്തുകാരന്‍ തന്നെയാണ്. അവനവന്റെ ഹൃദയത്തെയും തലച്ചോറിനെയും സ്വതന്ത്രനാക്കി അവനവനില്‍ നിന്നാണ് എഴുത്തുകാരന്‍ ആ ജോലി ആരംഭിക്കേണ്ടത്. എങ്കില്‍ മാത്രമേ വായനക്കാരന് അത് പകര്‍ന്നു കൊടുക്കാന്‍ കഴിയൂ. ഞാന്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ പറയുന്ന വിധത്തിലുള്ള ഒരു ദേശാഭിമാനിയോ ദേശസ്‌നേഹിയോ അല്ല. പക്ഷേ, ഇന്ത്യയിലിപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അവസ്‌ഥാവിശേഷങ്ങള്‍ കണക്കിലെടുത്താല്‍ ഇന്ത്യയെ യാതൊരു നിബന്‌ധനകളുമില്ലാതെ സ്‌നേഹിക്കാന്‍ ഞാന്‍ തയ്യാറാവണം എന്നു ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയെ സ്‌നേഹിക്കാന്‍ തയ്യാറുള്ള ഒരു എഴുത്തുകാരുടെ തലമുറയാണ് ഇനി നമുക്കു വേണ്ടതെന്നാണ് എന്റെ വിശ്വാസം.
Comments