You are Here : Home / അഭിമുഖം

"എല്ലാം ശരിയാക്കുന്ന" ഫിലിപ്പോസ് ഫിലിപ്പ്

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, October 17, 2016 10:41 hrs UTC

അമേരിക്കന്‍ മലയാളി സംഘടനകളുടെ മാതൃസംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 2016-18 കാലഘട്ടത്തിലേക്കുള്ള ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പോസ് ഫിലിപ്പ് അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു പുതുമുഖമല്ല. തന്റെ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥതയുടെ മേമ്പൊടി ചേര്‍ത്ത് അത് മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കുകയും ആ സാഫല്യത്തില്‍ കൃതാര്‍ത്ഥനാകുകയും ചെയ്യുന്ന വ്യക്തിത്വത്തിനുടമയാണ് ഫിലിപ്പ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന പാടവവും ശുഷ്ക്കാന്തിയും നേരിട്ട് കണ്ട ഒരു വ്യക്തിയാണ് ഞാന്‍. 2009-2010 വര്‍ഷങ്ങളില്‍ ആല്‍ബനിയില്‍ വെച്ചാണ് ഫിലിപ്പോസ് ഫിലിപ്പിനെ ആദ്യമായി അടുത്ത് പരിചയപ്പെടുന്നത്. എം‌പയര്‍ സ്റ്റേറ്റ് പ്ലാസയില്‍ സ്ഥിതി ചെയ്യുന്ന ഏജന്‍സി ബില്‍ഡിംഗ്-2ല്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് പബ്ലിക് സര്‍‌വ്വീസ് കമ്മീഷനില്‍ ഫിലിപ്പും, കോണിംഗ് ടവറില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത്, ഡിവിഷന്‍ ഓഫ് ലീഗല്‍ അഫയേഴ്സില്‍ ഞാനും ജോലി ചെയ്യുന്നു. ലഞ്ച് സമയത്ത് അവിടെയുള്ള എല്ലാവരും കോണ്‍‌കോഴ്‌സ് ലവലിലുള്ള റസ്റ്റോറന്റുകളിലും കഫേകളിലും ലഞ്ച് കഴിയ്ക്കാന്‍ ഒത്തുചേരും.

 

 

സകലരും വന്നു ചേരുന്ന സമയം. ഏത് ആള്‍ക്കൂട്ടത്തിലും മലയാളികളെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. അങ്ങനെയാണ് ഫിലിപ്പോസ് ഫിലിപ്പിനെ ഞാന്‍ നേരില്‍ കാണുന്നത്. ആരെക്കണ്ടാലും 'നിറഞ്ഞ ചിരി'യോടെ സംസാരം തുടങ്ങുന്നത് ഫിലിപ്പിന്റെ ഒരു പ്രത്യേകതയാണെന്ന് മനസ്സിലാക്കാന്‍ അധിക സമയമൊന്നും വേണ്ടിവന്നില്ല. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഫൊക്കാനയുടെ കണ്‍‌വന്‍ഷന്‍ ആല്‍ബനിയില്‍ നടത്താനുള്ള പദ്ധതിയെപ്പറ്റി ഫിലിപ്പോസ് ഫിലിപ്പ് അഭിപ്രായം പറഞ്ഞത്. ആല്‍ബനി മലയാളി അസ്സോസിയേഷന്റെ സ്ഥാപക സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന എന്നോട് അസ്സോസിയേഷന്റെ പിന്തുണ കിട്ടുമോ എന്ന് അന്വേഷിച്ച ഫിലിപ്പിനോട് ഞാന്‍ പറഞ്ഞത് "അതു വെണോ" എന്നായിരുന്നു. കാരണം ആല്‍ബനി മറ്റു നഗരങ്ങളെ അപേക്ഷിച്ച് അത്ര വലിയ നഗരമൊന്നുമല്ല. അതൊക്കെ ശരിയാകും എന്നായിരുന്നു ഫിലിപ്പിന്റെ മറുപടി.

 

പിന്നീട് ഞങ്ങള്‍ തമ്മില്‍ നിത്യവും കാണും. ബ്രേക്ക് സമയത്തും ലഞ്ച് സമയത്തുമൊക്കെ ഞങ്ങള്‍ ഒത്തുകൂടും... സംസാരവിഷയം ഫൊക്കാന തന്നെ. അന്ന് ഫിലിപ്പ് ഫൊക്കാനയിലെ യാതൊരു ഔദ്യോഗിക പദവിയും വഹിക്കുന്നുണ്ടായിരുന്നില്ല. പിന്നീട് കാര്യങ്ങളെല്ലാം ധ്രുതഗതിയിലായിരുന്നു. 2010-ലെ കണ്‍‌വന്‍ഷന്‍ ആല്‍ബനിയില്‍ തന്നെ നടത്താന്‍ തീരുമാനിച്ച വിവരം ഫിലിപ്പ് പറഞ്ഞപ്പോള്‍ ഞാനൊന്ന് പരുങ്ങാതിരുന്നില്ല. കോടതി കേസും മറ്റുമൊക്കെയായി ഫൊക്കാന ഒരു പ്രത്യേക സാഹചര്യത്തിലൂടെ കടന്നുപോയതിനുശേഷം നടത്തുന്ന ആദ്യത്തെ കണ്‍‌വന്‍ഷനാണ്. അടി തെറ്റിയാല്‍ ഫൊക്കനയല്ല ഏത് ആനയും വീഴുമല്ലോ. ഇക്കാര്യവും ഞാന്‍ ഫിലിപ്പിനോട് പറഞ്ഞു. അപ്പോഴും ആ നിറഞ്ഞ ചിരി തന്നെ. വെറുതെ പല്ലിളിച്ചു കാണിച്ചാല്‍ പോരാ...ബുദ്ധിപരമായി ചിന്തിക്കാന്‍ ഞാന്‍ പറഞ്ഞുനോക്കി. അപ്പോഴും ചിരി തന്നെ. പക്ഷെ, ഒരു ദൃഢനിശ്ചയത്തില്‍ നിന്ന് രൂപാന്തരം പ്രാപിച്ച ചിരിയായിരുന്നു അതെന്ന് പിന്നീട് എനിക്ക് മനസ്സിലായി.

 

 

 

അന്നത്തെ ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയും മറ്റു നേതാക്കളും ആല്‍ബനിയിലെ കണ്‍‌വന്‍ഷന്‍ വേദി തിരഞ്ഞെടുക്കാന്‍ എത്തുന്നു എന്ന് ഫിലിപ്പ് പറഞ്ഞപ്പോള്‍ അന്തം വിട്ട എന്നോട് പറഞ്ഞത് "എല്ലാം ശരിയാകും" എന്നാണ്. ഓരോ ദിവസവും ഞങ്ങള്‍ തമ്മില്‍ കാണുമ്പോള്‍ കണ്‍‌വന്‍ഷനെക്കുറിച്ച് മാത്രമേ ഫിലിപ്പിന് പറയാനുണ്ടായിരുന്നുള്ളൂ. യാതൊന്നിലും താല്പര്യമില്ലാത്ത, ഒരു സംഘടനയിലും ഭാഗഭാക്കാകാത്ത സാധാരണ മലയാളികള്‍ പറയുന്നതുപോലെ 'ഇയ്യാള്‍ക്ക് വേറെ പണിയൊന്നുമില്ലേ' എന്നു ചോദിക്കാന്‍ എനിക്കാവില്ലായിരുന്നു. കാരണം, ആല്‍ബനി മലയാളി അസ്സോസിയേഷന്‍ ഫൊക്കാനയുടെ അംഗസംഘടനയാണെന്നതു തന്നെ. കൂടാതെ, 1993-ല്‍ സംഘടന രൂപീകരിച്ച നാള്‍ മുതല്‍ ഏഴു വര്‍ഷത്തോളം ഞാന്‍ അതിന്റെ സെക്രട്ടറിയായിരുന്നു. ഇക്കാലയളവിലാണ് ഫൊക്കാനയില്‍ അംഗത്വമെടുത്തതും. ഫൊക്കാനയുടെ നിരവധി പരിപാടികളില്‍ ഈ സംഘടന പങ്കെടുത്തിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഫിലിപ്പിന്റെ ദൃഢനിശ്ചയം എന്നെ സ്വാധീനിക്കുകയും ചെയ്തു.

 

അന്നത്തെ ഫൊക്കാന പ്രസിഡന്റ് പോള്‍ കറുകപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ടീം ആല്‍ബനിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടല്‍ കാണുവാന്‍ വന്ന ദിവസം ഫിലിപ്പ് എന്നേയും കൂടെക്കൂട്ടി. ഹോട്ടല്‍ അധികൃതരുമായി ചര്‍ച്ച നടത്തിയ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. വളരെ ഊര്‍ജ്ജസ്വലതയോടെയായിരുന്നു എല്ലാവരും സംസാരിച്ചത്. അപ്പോഴും എന്റെ മനസ്സിലെ ശങ്ക വിട്ടുപോയിരുന്നില്ല. കാരണം, 1992-ല്‍ വെസ്റ്റ്ചെസ്റ്ററില്‍ നിന്ന് സ്ഥലം മാറി ആല്‍ബനിയിലെത്തിയ എനിക്ക് ആല്‍ബനിയുടെ ഭൂമിശാസ്ത്രവും മലയാളികളുടെ മനോഭാവങ്ങളും നന്നായി അറിയാമെന്നതു തന്നെ. നല്ലതു ചെയ്യുന്നവരെ അംഗീകരിക്കാന്‍ വിമുഖത കാണിക്കുന്നവര്‍ എല്ലായിടത്തും കാണുമല്ലോ. അപ്പോള്‍ ഫൊക്കാന എന്ന ദേശീയ സംഘടന ഒരു കണ്‍‌വന്‍ഷന്‍ ആല്‍ബനിയില്‍ നടത്തിയാലുണ്ടാകാവുന്ന പരിണതഫലം എന്തായിരിക്കുമെന്ന് എനിക്ക് ഊഹിക്കാന്‍ കഴിയും. പക്ഷെ, എതു പറഞ്ഞിട്ടും ഫിലിപ്പിന്റെ തലയില്‍ കയറിയില്ല. ഹോട്ടല്‍ ബുക്കിംഗ് കഴിഞ്ഞ് എല്ലാവരും തിരിച്ചുപോയതിനുശേഷം വീണ്ടും ഫിലിപ്പിനോട് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.

 

 

കണ്‍‌വന്‍ഷന്‍ ചെയര്‍മാനായി ഫിലിപ്പിനെയാണ് നിയോഗിച്ചിരിക്കുന്നതെന്നും, സഹായത്തിനായി എന്നോട് കൂടെ നില്‍ക്കാനും ഫിലിപ്പ് അഭ്യര്‍ത്ഥിച്ചു. ഫൊക്കാനയുടെ യാതൊരു ഔദ്യോഗിക പദവിയും വഹിക്കാത്ത ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നു ചോദിച്ചപ്പോള്‍ "മീഡിയാ കൈകാര്യം ചെയ്താല്‍ മതി" എന്ന ഫിലിപ്പിന്റെ മറുപടി കേട്ടപ്പോള്‍ "ഇടി വെട്ടേറ്റവനെ പാമ്പ് കടിച്ചു" എന്ന പഴഞ്ചൊല്ലാണ് ഓര്‍മ്മ വന്നത്. അത് ശരിയാകുകയില്ല എന്നൊക്കെ പറഞ്ഞുനോക്കിയെങ്കിലും ഫിലിപ്പിന്റെ മറുപടി "എല്ലാം ശരിയാകും" എന്നുതന്നെയായിരുന്നു. ഫൊക്കാനയുടെ പേരും പ്രശസ്തിയും പദവിയുമെല്ലാം ഒന്നുകൂടെ അരക്കിട്ടുറപ്പിക്കാന്‍ 2010-ലെ കണ്‍‌വന്‍ഷനിലൂടെ കഴിയണമെന്ന ഒരൊറ്റ 'മന്ത്രജപം' മാത്രമായി പിന്നീട്. മീഡിയാ ചെയര്‍മാനെന്ന നിലയില്‍ അതെനിക്ക് സാധിക്കുമോ എന്ന സംശയമുണ്ടായിരുന്നെങ്കിലും, കണ്‍‌വന്‍ഷന്‍ ചെയര്‍മാനായ ഫിലിപ്പിന്റെ ശുഭാപ്തി വിശ്വാസവും ദൃഢനിശ്ചയവും എന്നിലും അനുരോധ ഊര്‍ജമുണര്‍ത്തി.

 

 

 

അന്നുമുതലാണ് ഫിലിപ്പിന്റെ സംഘടനാ മികവ് എത്രത്തോളമുണ്ടെന്ന് ഞാന്‍ നേരിട്ട് മനസ്സിലാക്കിയത്. 2010-ലെ കണ്‍‌വന്‍ഷന്‍ ഒരു മഹാസംഭവമാക്കിത്തീര്‍ക്കാനും, ഫൊക്കാനയുടെ ചരിത്ര ഏടുകളില്‍ പുതിയൊരു അദ്ധ്യായം എഴുതിച്ചേര്‍ക്കാനും ഫിലിപ്പിന്റെ അസാമാന്യ പാടവം ഒരു കാരണമായി. മന്ത്രിമാര്‍, എം.പി.മാര്‍, കലാകാരന്മാര്‍, സിനിമാ നടീനടന്മാര്‍, ഗായകര്‍, മാധ്യമ പ്രവര്‍ത്തകര്‍, ബിസിനസ് സം‌രംഭകര്‍ എന്നുവേണ്ട കണ്‍‌വന്‍ഷന്‍ നഗരി ജനസമുദ്രമായി. ആല്‍‌ബനി നഗരത്തെ ഒരു പൂരനഗരിയാക്കാന്‍ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘടനാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞുവെന്നത് അഭിമാനപൂര്‍‌വ്വം പറയാന്‍ കഴിയുന്ന അവസ്ഥയിലേക്ക് ഫിലിപ്പിന്റെ നേതൃത്വപാടവം കാരണമായി എന്നത് നിസ്തര്‍ക്കമായ പരമാര്‍ത്ഥമാണ്.

 

 

 

യാതൊരു ഔദ്യോഗിക പദവിയും അന്ന് ഫിലിപ്പ് വഹിച്ചിരുന്നില്ല എന്ന യാഥാര്‍ത്ഥ്യവും ഇത്തരുണത്തില്‍ പ്രസക്തമാണ്. തിരഞ്ഞെടുത്ത സ്ഥാനമാനങ്ങളില്ലാത്ത ഒരു വ്യക്തി, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനയ്ക്കുവേണ്ടി ഇത്ര ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിച്ചുവെങ്കില്‍ അതേ വ്യക്തി തിരഞ്ഞെടുപ്പിലൂടെ ഔദ്യോഗിക സ്ഥാനത്തെത്തുമ്പോള്‍ ആ സംഘടനയ്ക്കുണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ചാണ് നമ്മള്‍ ചിന്തിക്കേണ്ടത്. 2016-18 കാലഘട്ടത്തിലേക്ക് ജനറല്‍ സെക്രട്ടറിയായി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കഴിവുള്ളവരെ ഫൊക്കാന പ്രോത്സാഹിപ്പിക്കുകയും സംഘടനയുടെ ഭാഗഭാക്കാക്കുകയും ചെയ്യുമെന്ന സന്ദേശമാണ് നല്‍കുന്നത്. ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാനയുടെ മാത്രം സ്വത്തല്ല. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കേരള എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്സ് അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KEAN) ഇന്ന് ലോകമാകെ അറിയപ്പെടുന്ന സംഘടനയായി മാറിക്കഴിഞ്ഞു. കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിക്കുന്ന, നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പ് നല്‍കി അവരെ സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കാന്‍ ശ്രമിക്കുന്നു എന്ന സദ്‌വാര്‍ത്ത നാമെല്ലാം കണ്ടുകൊണ്ടിരിക്കുന്നു.

 

 

ഒരിക്കല്‍ ആ സംഘടനയുടെയും മീഡിയ കൈകാര്യം ചെയ്യാന്‍ എനിക്ക് ഭാഗ്യം ലഭിച്ചത് ഫിലിപ്പോസിന്റെ ആത്മാര്‍ത്ഥത കൊണ്ടാണ്. 1989 മുതല്‍ ഹഡ്‌സന്‍‌വാലി മലയാളി അസ്സോസിയേഷനില്‍ സജീവ പ്രവര്‍ത്തകനാണ് ഫിലിപ്പ്. പ്രസിഡന്‍റ്, ചെയര്‍മാന്‍, അസ്സോസിയേഷന്റെ മുഖപത്രമായ കേരള ജ്യോതിയുടെ ചീഫ് എഡിറ്റര്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. കൂടാതെ മലയാളി കുട്ടികളെ സാംസ്കാരിക മൂല്യങ്ങളിലും കാലാകായിക പാരമ്പര്യങ്ങളില്‍ താല്പര്യമുള്ളവരാക്കുന്നതിന് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനും ശക്തമായ നേതൃത്വവും നല്‍കിവരുന്നു. അമേരിക്കന്‍ മുഖ്യധാരയിലെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ കടന്നുചെല്ലുന്നതിനും ക്രിയാത്മകമായ സംഭാവനകള്‍ നല്‍കുന്നതിനും ഈ സംഘടന അംഗങ്ങള്‍ക്ക് മാതൃകാപരമായ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നു. ഇതിനെല്ലാം നേതൃത്വവും മാര്‍ഗദര്‍ശനവും സഹകരണവും നല്‍കി ഫിലിപ്പോസ് ഫിലിപ്പ് ജനകീയനായി. സഭാ പ്രവര്‍ത്തനങ്ങളിലൂടെ തന്റെ കഴിവ് പ്രകടിപ്പിച്ച് താന്‍ പ്രതിനിധാനം ചെയ്യുന്ന സഭയ്ക്കുവേണ്ടിയും ഫിലിപ്പ് എപ്പോഴും മുന്‍‌പന്തിയില്‍ തന്നെയുണ്ട്.

 

 

 

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍െറ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചുവരുന്നു. താന്‍ പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം പരസ്പരവിശ്വാസത്തിലും സ്‌നേഹത്തിലും അധിഷ്ഠിതമായ ശക്തമായ വ്യക്തി ബന്ധങ്ങളും സാമൂഹ്യ കൂട്ടായ്മകളും ദൃഢതരമാക്കുവാനും നിലനിര്‍ത്തുവാനും ശ്രമിച്ചിട്ടുണ്ടെന്ന് ഫിലിപ്പിന്റെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിച്ചാല്‍ മനസ്സിലാകും. ആത്മവിശ്വാസം കൈമുതലായുള്ള ഫിലിപ്പോസ് ഫിലിപ്പിനെപ്പോലെയുള്ള വ്യക്തിപ്രഭാവങ്ങള്‍ ഫൊക്കാനയുടെ അമരക്കാരനായി വരുന്നത് ഫൊക്കാനയുടെ അടിത്തറ ഒന്നുകൂടെ ബലപ്പെടുമെന്നുതന്നെ വിശ്വസിക്കാം.

 

 

തന്നെയുമല്ല, അമേരിക്കന്‍ മലയാളികളുടെ ഇഛകള്‍ മനസ്സിലാക്കി അവര്‍ക്കുവേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഫിലിപ്പിന് കഴിയുമെന്ന ശുഭാപ്തിവിശ്വാസവുമുണ്ട്. കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും, ന്യൂയോര്‍ക്ക് പോളിടെക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള ഫിലിപ്പോസ് ഫിലിപ്പ് ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡില്‍ കുടുംബസമേതം താമസിക്കുന്നു. ഫിലിപ്പോസ് ഫിലിപ്പിന് എല്ലാ വിജയാശംസകളും നേരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.