You are Here : Home / അഭിമുഖം

ഇടറാതെ പതറാതെ വീണ്ടും

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, August 11, 2017 09:43 hrs UTC

ഫോമ സെക്രട്ടറി സ്ഥാനത്തേക്ക് കഴിഞ്ഞ തവണ മത്സരിച്ചതാണ് ജോസ് എബ്രഹാമിനു അടുത്ത ഇലക്ഷനില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തെ നടത്താന്‍ പ്രചോദനമായത്. അതിനൊരു കാരണവുമുണ്ട്. നേരത്തെ മത്സരിച്ചു പരാജയപ്പെട്ടെങ്കിലും നേരില്‍കണ്ട ആളുകള്‍ മുഴുവന്‍ പറയുന്നു ജോസിന് വോട്ടുചെയ്യണമെന്ന് ഉണ്ടായിരുന്നു, എന്നാല്‍ ചില കെട്ടുപാടുകളില്‍ പെട്ടുപോയതുകൊണ്ടാണ് വോട്ടുചെയ്യാന്‍ കഴിയാതെ വന്നതെന്ന്. സ്‌നേഹമുള്ളവര്‍ ഇതുപറയുമ്പോള്‍ കേള്‍ക്കാതിരിക്കാന്‍ ആവില്ല. അതുകൊണ്ടുതന്നെ ഇത്തവണ ആ കെട്ടുപാടുകള്‍ അഴിക്കാന്‍ തീരുമാനിച്ചു. ഒറ്റയ്ക്ക് മത്സരിക്കും. ഒറ്റയ്ക്കായാലും അല്ലെങ്കിലും ജോസ് എബ്രഹാമിനെ അങ്ങിനങ്ങ് വിട്ടുകളയാനാവില്ല അമേരിക്കന്‍ മലയാളികള്‍ക്ക്.

 

 

വര്‍ഷങ്ങളായി പ്രവര്‍ത്തനരംഗത്തുള്ള ജോസിന് സംഘടനാപാടവം തന്റെ ജീവിതചര്യപോലെയാണ്. ഫോമയുടെ ചരിത്രത്തിലെ എക്കാലത്തേയും വലിയ പദ്ധതിയായ റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ പ്രാവര്‍ത്തികമാക്കാന്‍ ആദ്യന്തം പ്രവര്‍ത്തിച്ച ജോസ് എബ്രഹാം 2018 -2020 ലെ ഫോമ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ കാരണങ്ങളെകുറിച്ചും കാര്യങ്ങളെ കുറിച്ചും അശ്വമേധത്തോടു സംസാരിക്കുന്നു.

 

 

വീണ്ടും മത്സരരംഗത്തേക്ക്

 

കഴിഞ്ഞ ഇലക്ഷനു ശേഷം അനേകം പേര്‍ ജോസ് സെക്രട്ടറിയാകണം എന്നു പറഞ്ഞിരുന്നു. പാനലിന്റെ ഭാഗമാകാതെ നിന്നാല്‍ വോട്ട് ചെയ്യാമായിരുന്നു എന്ന് അവര്‍ പറയുകയുണ്ടായി. അതില്‍നിന്നാണ് -തനിക്ക് പ്രവര്‍ത്തനപരിചയമുള്ള ഒരു മേഖലയായതിനാല്‍- സെക്രട്ടറി സ്ഥാനത്തേക്ക് തന്നെ മത്സരിക്കാന്‍ തയാറെടുക്കുന്നത്. കഴിഞ്ഞ ഇലക്ഷനില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ എത്തിയില്ല എന്ന തോന്നലിനേക്കാള്‍ അത് തെറ്റായ രീതിയില്‍ പ്രചരിക്കപ്പെട്ടു എന്നതിനാണ് സാധ്യതയായി ഞാന്‍ കാണുന്നത്. ചില ആളുകള്‍ ചില രീതിയില്‍ തെറ്റിധരിക്കപ്പെട്ടിട്ടുണ്ട്. അതും കഴിഞ്ഞ തവണ തോല്‍വിക്ക് കാരണമായി.

 

അടിയൊഴുക്കുകള്‍

 

എതിര്‍പക്ഷം കൂടുതല്‍ ജോലി ചെയ്തതുകൊണ്ട അവര്‍ക്കറിയാവുന്ന രീതിയില്‍ എല്ലായിടത്തും പ്രവര്‍ത്തിച്ചു. അവര്‍ ജയിച്ചു. അതല്ലാതെ അടിയൊഴുക്കുകള്‍ ഉണ്ടായെന്നു എനിക്ക് തോന്നുന്നില്ല. പിന്നെ അടിയൊഴുക്കുകള്‍ക്കെല്ലാം ഒരു കാരണമുണ്ട്. ചിക്കാഗോയില്‍ കണ്‍വന്‍ഷന്‍ വേണമെന്ന് ആഗ്രഹിക്കുന്ന ഭൂരിപക്ഷം പേര്‍ ഫോമയില്‍ ഉണ്ടായിരുന്നു. അതായിരിക്കാം കഴിഞ്ഞ തവണ പ്രതിപക്ഷത്തെ വിജയിപ്പിച്ചത്.

 

പാനലിലേക്ക് ഇനി ഇല്ലേയില്ല

 

പാനല്‍ സംവിധാനത്തിന്റെ ഭാഗമാകാന്‍ എനിക്ക് താല്‍പര്യമില്ല. പാനല്‍ സംവിധാനത്തിനെതിരായാണ് ഫോമ ഉണ്ടായതുതന്നെ. അതിനാല്‍ ഒരു വീഴ്ചയില്‍നിന്നു ഞാന്‍ പഠിച്ചു. ഒരു പൊതു സ്ഥാനാര്‍ഥിയായി നില്‍ക്കാനാണ് താല്‍പര്യം. ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച രണ്ടു സ്ഥാനാര്‍ഥികളും എനിക്ക് പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

സംഘടനകളില്‍ ആളുകള്‍ കുറയുന്നു

 

സാമുദായിക സംഘടനകളേക്കാള്‍ കുറവാണ് സാംസ്‌കാരിക സംഘടനകളില്‍ കണ്‍വന്‍ഷനു വരുന്നവര്‍. സമുദായ സംഘടനകളുടെ കണ്‍വന്‍ഷനു വരുന്ന അത്രയും പേര്‍ ഫോമ പോലുള്ള സംഘടനകളില്‍ കണ്‍വന്‍ഷനു വരില്ല. സാംസ്‌കാരിക സംഘടനകളുടെ തലപ്പത്ത് സമുദായ സംഘടനകളുടെ ആധിപത്യം വരുന്നത് ഒരു സ്ഥിര പ്രവണതയാണൊന്നും പറയാന്‍ പറ്റില്ല. പൊതുരംഗത്തെ മദ്യപാനം, സ്ത്രീകളോടുള്ള പെരുമാറ്റം, മദ്യപിച്ച് മീറ്റിങ്ങുകളില്‍ പങ്കെടുക്കുക തുടങ്ങിയവ ഒറ്റപ്പെട്ട കാര്യങ്ങള്‍ ആണെങ്കിലും അത് നേതാക്കളില്‍നിന്ന് ഉണ്ടാകുന്നതിനാല്‍ ചില കുടുംബങ്ങള്‍ കണ്‍വന്‍ഷനില്‍നിന്നു വിട്ടുനില്‍ക്കുന്നു എന്നു പലരും പറയുന്നുണ്ട്. എനിക്ക് അതിനെകുറിച്ച് അത്ര അറിവില്ല. ഫോമ എന്താണെന്ന് അറിയുന്നവര്‍ക്ക് നിരുത്തരവാദപരമായാ പ്രസ്താവന നടത്താന്‍ കഴിയില്ല. എന്നാല്‍ ഫോമ എന്താണെന്ന് അറിയാത്തവര്‍ ആണ് പ്രസ്താവനകളുമായി സോഷ്യല്‍ മീഡിയയിലും മറ്റും അരങ്ങുതകര്‍ക്കുന്നത്.

 

കേരളാ കണ്‍വന്‍ഷനെ പറ്റി അഭിപ്രായങ്ങള്‍ പലത്

 

നാട്ടില്‍ കണ്‍വന്‍ഷന്‍ നടത്തുന്നതുകൊണ്ട് ആളുകള്‍ക്ക് പ്രയോജനം ഉണ്ടാകാം. നാട്ടില്‍ പോയി ചാരിറ്റി നടത്തേണ്ട ആവശ്യം ഇല്ലായിരിക്കാം. എന്നാല്‍ എസ്റ്റാബ്ലിഷ് ചെയ്യുന്ന സംഘടന എന്ന നിലയില്‍ ഫോമയ്ക്ക് നാട്ടില്‍ കണ്‍വന്‍ഷന്‍ വേണം. എന്നാല്‍ അതിന്റെ സംവിധാനത്തില്‍ മാറ്റമാകാം. ജനോപകാരപ്രദമായ രീതിയില്‍ മാറ്റത്തിനുവേണ്ടി ശ്രമിക്കാം. തുടരും...

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.