ജോയ്‌സ്
മരണത്തിന്റെ വിളി കതോര്‍ത്ത് നിന്ന കുറെ നിമിഷങ്ങള്‍... ചിന്തകളും പ്രതികരണശേഷിയും മരവിച്ചുപോയ മണിക്കൂറുകള്‍ ! തണുത്ത വെള്ളത്തിന്റെ ഓളങ്ങള്‍ ചിതറി തട്ടി ദേഹമാസകലം പതിക്കുന്നു.. ഇരുട്ടില്‍ ദിക്ക് അറിയാതെ, ശക്തമായ ഒഴുക്കില്‍ വാഹനം ഇളകിയാടി. റോഡുമാര്‍ഗം ഉള്ള യാത്ര പൊടുന്നനെ വെള്ളത്തിലൂടെയായി.. മുന്നോട്ടും പിന്നോട്ടും പോകാന്‍ ആവാത്ത അവസ്ഥ ... ശ്വാസം അടക്കി സര്‍വ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് അനില്‍ ആറന്മുള വാഹനം നയിക്കുമ്പോള്‍ മറ്റുള്ളവര്‍ മരണം എന്ന യാഥാര്‍ഥ്യം തിരിച്ചറിയുക ആയിരുന്നു.... വെള്ളം ക്രമേണ ഉയരുകയാണ്.. വാഹനം ഒരു ബോട്ട് കണക്കെ വെള്ളത്തെ രണ്ടു വശത്തേക്കും വകഞ്ഞു മാറ്റി കുതിച്ചു. വശങ്ങളില്‍ നിന്നും അടിച്ചുയരുന്ന വെള്ളം ബോണറ്റും കടന്നു വിന്‍ഡ് ഷീല്‍ഡിലേക്കു ആഞ്ഞു പതിക്കുന്നു...
മുന്നോട്ടുള്ള റോഡ് കാണാന്‍ കഴിയുന്നില്ല.. ഇരുട്ടും മഴയും ശക്തമായ ഒഴുക്കും മുന്നോട്ടുള്ള യാത്ര ദുഷ്‌കരമാക്കി. വാഹനം ഇപ്പോള്‍ നിയന്ത്രണത്തിനും അതീതമാണ്.. ചുരുങ്ങിയത് രണ്ടു മൈല്‍ ഇതേ രീതിയില്‍ വെള്ളത്തിലൂടെ പോയെങ്കിലേ വെള്ളം കുറഞ്ഞ റോഡിലേക്കു എത്താന്‍ കഴിയുകയുള്ളു മുന്നില്‍ പോകുന്ന ട്രക്ക്ല്‍ നിന്നും ജെ ഡബ്ല്യൂ വറുഗീസ് അറിയിച്ചു. ഒപ്പം ആത്മ ധൈര്യവും പകര്‍ന്നു. അനില്‍ ആറന്മുളയുടെ സര്‍വ ശക്തിയും ഇപ്പോള്‍ ആക്‌സിലേറ്ററില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. വാഹനം നില്ക്കാന്‍ പാടില്ല.. അടിച്ചുയരുന്ന വെള്ളത്തിനു മുന്‍പില്‍ പക്ഷെ അതുവരെ എതിര്‍ത്തു നിന്ന എന്‍ജിന്‍ മുട്ട് മടക്കുകയാണ്. പൊടുന്നനെ അത് സംഭവിച്ചു... നിഛലമായ വാഹനം പകുതിയിലേറെ വെള്ളത്തില്‍ മുങ്ങിയിരുക്കുന്നു. ഉലഞ്ഞാടുന്ന വാഹനത്തിനകത്തു ഇതികര്‍ത്തവ്യതാമൂഢരായി നാലു പേര്‍. മനസ്സില്‍ അങ്ങകലെ തങ്ങളുടെ വരവ് കാത്തു പ്രാര്‍ത്ഥനാ നിരതരായി ഇരിക്കുന്ന കുടുംബാംഗങ്ങളുടെ മിന്നി മറയുന്ന മുഖങ്ങള്‍... അവര്‍ അനുഭവിക്കുന്ന പ്രകൃതി ക്ഷോഭത്തിന്റെ കാഠിന്യത്തില്‍ അവരോടൊപ്പം ഇല്ലാത്തതിന്റെ നൊമ്പരം....
ഇനി ഒരു പക്ഷെ കാണാന്‍ കഴിയുമോ എന്ന ഉത്ക്കണ്ഠ ..... ഷിക്കാഗോയില്‍ നടന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്തര്‍ ദേശിയ സമ്മേളനം തുടങ്ങുമ്പോള്‍ തന്നെ ഹ്യൂസ്റ്റനില്‍ ശക്തമായ കാറ്റും മഴയും ആരംഭിച്ചു കഴിഞ്ഞിരുന്നു. മടക്കയാത്രക്കുള്ള ടിക്കറ്റ് ഉണ്ടെങ്കിലും ഫ്‌ലൈറ്റുകള്‍ എല്ലാം തന്നെ റദ്ദു ചെയ്തു എന്ന വിവരം തെല്ലു ആശങ്കയോടെ ആണ് ശ്രവിച്ചത്. സമ്മേളനം കഴിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ 6 പേര്‍ എങ്ങെനെ മടങ്ങിപ്പോകാം എന്ന് വിശദമായി ചര്‍ച്ച ചെയതു കൂട്ടത്തില്‍ അസാമാന്യ ഇച്ഛാശക്തിയുടെ ഉടമ ജെ ഡബ്ല്യൂ വറുഗീസ് മൂന്നോട്ടു വച്ച ആശയം എല്ലാവര്ക്കും സ്വീകാര്യമായി. അതിന്‍ പ്രകാരം 6 പേരെ ഉള്‍കൊള്ളുന്ന ജി എം സി യുടെ ഏറ്റവും വലിയ ട ഡ ഢ തന്നെ ബഡ്ജറ്റ് റെന്റ് എ കാറില്‍ നിന്നും എടുത്തു യാത്ര തിരിച്ചു. യാത്രയില്‍ ഉടനീളം ലഭിക്കുന്ന ഫോണ്‍ കോളുകള്‍ ഭയാശങ്കകള്‍ വര്‍ധിപ്പിക്കുന്നവയായിരുന്നു. ആകാശത്തും മുഖത്തും കാര്‍മേഘപടലങ്ങള്‍ ഉരുണ്ടു കൂടുമ്പോഴും മനസ്സില്‍ ശുഭപ്രതീക്ഷയുടെ നാളം മുനിഞ്ഞു കത്തി . നിര്‍ത്താതെ ഉള്ള മണിക്കൂറുകളുടെ െ്രെഡവിംഗ് വാഹനം ടെക്‌സാസ് ബോര്‍ഡര്‍ കടക്കുമ്പോള്‍ അങ്ങകലെ ചക്രവാള സീമകളില്‍ കരിമേഘങ്ങള്‍ അതിന്റെ ജോലി ആരംഭിച്ചു കഴിഞ്ഞുവെന്നു മനസിലായി. 85 മൈലുകള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത് പ്രകൃതി ഭയാനകമായ രീതിയില്‍ മാറുന്നത് മനസിലാക്കി ഷെപ്പേര്‍ഡ് എന്ന പട്ടണത്തില്‍ അന്ന് രാത്രി കഴിച്ചു കൂട്ടുക എന്ന തീരുമാനത്തില്‍ എല്ലാവരും എത്തിച്ചേര്‍ന്നു . കുറെ കാലം വൈദീക പഠനം നടത്തിയത് കൊണ്ടാവാം പൊടുന്നനെ ആത്മികതയുടെ പരിവേഷവുമായി, 'തെറ്റിപോയ ആടുകളെ തേടി വന്ന രക്ഷകന്‍ ഇതാ ഇവിടെ നമുക്കായി' എന്ന ആത്മ വിശ്വാസത്തിന്റെ വാക്കുകളുമായി ജോര്‍ജ് കാക്കനാടന്‍ എല്ലാവര്ക്കും ധൈര്യം പകര്‍ന്നത്.
ഇനി വേണ്ടത് ഏതെങ്കിലും മോട്ടല്‍ റൂം ആണ്. കുറഞ്ഞത് രണ്ടു റൂം . വിശാലമായ ബെഡ് റൂമുകളും ആവശ്യത്തിലധികം െ്രെപവസിയും അനുഭവിക്കുന്നവര്‍ ഇപ്പോള്‍ തല ചായ്ക്കാന്‍ ഒരു ഇടം തേടി അലയുകയാണ് ... റൂമുകള്‍ അനേഷിച്ചുള്ള യാത്രയില്‍ ഞെട്ടിപ്പിക്കുന്ന ആ സത്യം അവര്‍ തിരിച്ചറിയുകയായിരുന്നു .... നിരവധി മോട്ടലുകളും സ്റ്റാര്‍ ഹോട്ടലുകളും ഉള്ള ഷെപേഡ് എന്ന പട്ടണത്തില്‍ ഏങ്ങും ഒരു മുറി പോലും അവശേഷിക്കുന്നില്ല. നാശം വിതക്കുന്ന കാറ്റഗറി 3ല്‍ പെടുന്ന ഹാര്‍വിയെ ഭയന്നു എല്ലാം ഉപേക്ഷിച്ചു പലായനം ചെയ്ത ആയിരക്കണക്കിനു കുടുംബങ്ങള്‍ ഇവിടെ ഇപ്പോള്‍ അഭയാര്‍ത്ഥികള്‍ ആയിരിക്കുകയാണ് അഹങ്കാരവും അഹന്തയും ഇപ്പോള്‍ ഇവിടെ തല കുനിക്കുന്നു... പണവും പ്രതാപവും ഇവിടെ നിഷ്പ്രഭമാകുന്നു ... ജീവന് വേണ്ടി, ജീവന്‍ മാത്രം നിലനിര്‍ത്തണെ എന്ന പ്രാര്‍ത്ഥനാ മന്ത്രം മാത്രം ചുണ്ടുകളില്‍. ഇവിടെ ഇപ്പോള്‍ മനുഷന്റെ നിസ്സഹായാവസ്ഥ മാത്രം. കരഞ്ഞു കലങ്ങിയ കണ്ണുകളും നഷ്ടങ്ങളുടെ കൂട്ടി കിഴിക്കലുകള്‍ നടത്തുന്ന മനസ്സും മാത്രം. കിരാതമായ പ്രകൃതി താണ്ഡവത്തിനു മുന്നില്‍ വിധി കര്‍ത്താവിന്റെ അന്ത്യ വിധിക്കായി കാത്തിരിക്കുന്ന അല്‍പ പ്രാണികളായ മനുഷ്യര്‍ ...
എങ്ങും ദയനീയ ഭാവം. ഇവിടെ ഇപ്പോള്‍ ദയ തേടി അലയുന്ന മനുഷ്യന്റെ മറ്റൊരു മുഖമാണ് കാണാന്‍ കഴിയുന്നത്... കര്‍മ്മങ്ങളും ബന്ധങ്ങളും തമ്മില്‍ തുലനം ചെയ്യുന്ന വൈകിയ നിമിഷങ്ങള്‍! ഒടുവില്‍ അവരുടെ നിസ്സഹാവസഥയുടെ മുന്നില്‍ ഒരു ഗുജറാത്തി മോട്ടല്‍ ഉടമ ദൈവ ദൂതനായി പ്രത്യക്ഷപെട്ടു. റൂം ഒന്നു പോലും ഒഴിവില്ലെങ്കിലും മണിക്കൂറുകളുടെ യാത്ര, തളര്‍ത്തിയ ശരീരത്തിന് അദ്ദേഹത്തിന്റെ വക ഗുജറാത്തി ആഹാരവും ഗണപതി പൂജ കഴിച്ച മധുരവും ശരീരത്തിന് നവ ഓജസ്സും ശക്തിയും പകര്‍ന്നു. കൂട്ടത്തില്‍ പെട്ടന്ന് തളര്‍ന്നു പോകുന്ന മനസ്സിന് ഉടമയായ ജീമോന്റെ കരച്ചിലിന്റെ വക്കില്‍ എത്തിയ മുഖഭാവം കണ്ടിട്ടാവാം രണ്ടു റൂമില്‍ കഴിയുന്ന 2 പേരെ ഒരു റൂമില്‍ ആക്കി ഞങ്ങള്‍ക്ക് ഒരു റൂം തരപ്പെടുത്തി തരാന്‍ വേണ്ടി അദ്ദേഹം ശ്രമിച്ചത്. റൂം ഏതാണ്ട് ശരിയായ ഘട്ടത്തില്‍ ജെ ഡബ്ല്യൂ വറുഗീസിന്റെ ഫോണ്‍ ശബ്ദിച്ചത്. ഇപ്പോള്‍ ശബ്ദിക്കുന്ന ഓരോ ഫോണ്‍ ബെല്ലുകളും ഉള്ളില്‍ ഭയത്തിന്റെ വലിയ തിരയിളക്കമാണ് സൃഷ്ടിക്കുന്നത്. കാരണം അകലെ പ്രിയപ്പെട്ടവര്‍, ബന്ധുക്കള്‍ , ഹ്യൂസ്റ്റണ്‍ നിവാസികള്‍ ഭീതിയുടെ മുള്‍ മുനയില്‍ ആണ്.. ഫോണിന്റെ അങ്ങേ തലക്കല്‍ എന്ധെങ്കിലും ദുഃഖ വാര്‍ത്ത ആകരുതേ എന്ന ഉള്ളുരുകി പ്രാര്‍ത്ഥിച്ചു കൊണ്ട്, ജെ ഡബ്ല്യൂ വറുഗീസ് ഫോണ്‍ എടുത്തു. ദുഃഖംവാര്‍ത്ത കേട്ടാലും ഭൂമി കീഴ്‌മേല്‍ മറിഞ്ഞു എന്ന് കേട്ടാലും മുഖത്തു നേര്‍ത്ത ചിരിമാത്രം വിടര്‍ത്തി അസാമാന്യമായ മനകരുത്തിനു ഉടമ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. പക്ഷെ ഇപ്പോള്‍ വന്ന വിളി ഒരു പക്ഷെ ദൈവം നേരിട്ട് നിയോഗിച്ച, അവരുടെ എല്ലാം രക്ഷകനായി മാറിയ ബിജു മോഹന്‍ എന്ന ദൈവ ദൂതന്റെ ആയിരുന്നു.
ഒരുപക്ഷെ ഇന്ന് ഈ ഭൂമുഖത്തു അവര്‍ ആറു പേരുടെ ജീവന്‍ നിലനിര്‍ത്താന്‍ ദൈവം നേരിട്ട് പറഞ്ഞയച്ച മാലാഖ. ജീവനും മരണവും വെള്ളവും തമ്മില്‍ അവര്‍ക്കു നേരെ പോരടിക്കുമ്പോളും സുസ്‌മേര വദനനായി ഓരോ ചെറിയ ഷോര്‍ട് പോലും ഫേസ് ബുക്ക് ലൈവ് ലൂടെ അറിയിച്ച ജോണിന്റെ ബുദ്ധിപരമായ നീക്കമാണോ അതോ ദൈവം ഇനിയും ആയുസ്സിന്റെ പുസ്തക താള്‍ കീറാതെ ശേഷിപ്പിച്ചതാണോ രക്ഷകന്റെ അവതാരം ആകാന്‍ ബിജുവിനെ പ്രേരിപ്പിച്ചത് ? അറിയില്ല എല്ലാം ഒരു നിയോഗം! ഇനിയും ജീവിക്കണം എന്ന ദൈവിക നിയോഗം ബിജു ഞങ്ങള്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തുവെന്നു മാത്രമല്ല ക്ലീവേലന്‍ഡ് എന്ന സുരക്ഷിതമായ സ്ഥലത്തു എത്തിക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ ടൊയോട്ട ടണ്ട്രയും ആയി ഉടനെ തിരിക്കുകയും ചെയ്തു. ഗുജറാത്തി മോട്ടലുടമയോടെ അദ്ദേഹം കാണിച്ച സന്മനസ്സിനു നന്ദി പറഞ്ഞു ഞങ്ങള്‍ ബിജുവിനെ കാത്തിരുന്നു. കടന്നു പോകുന്ന ഓരോ നിമിഷവവും മുന്‍പില്‍ ഓരോ മണിക്കൂറികള്‍ ആയി തോന്നി. നിശബ്ദമായി കടന്നു പോകുന്ന നിമിഷങ്ങളില്‍ എപ്പോഴോ ജോണിന് ലഭിച്ച മറ്റൊരു വാര്‍ത്ത അവര്‍ക്കിടയില്‍ പങ്കിട്ടു ചിരി മായാത്ത മുഖവുമായി, വളരെ ലാഘവത്തോടെ ആ വാര്‍ത്ത മറ്റൊന്നായിരുന്നില്ല അദ്ദേഹത്തിന്റെ മെര്‍സ്ഡ്‌സ് കാറിനൊപ്പം ബി എം ഡബ്ല്യൂ 7 സീരീസ് കാറും വെള്ളം കൊണ്ട് പോയി.
എല്ലാവരും ദുഖഃര്‍ത്ഥരായി ആ വാര്‍ത്ത കേട്ടപ്പോള്‍ വലിയ പൊട്ടിച്ചിറിയോടെ ജോണ്‍ ബിജു മോഹന്റെ വരവ് അറിയിക്കുകയാണ് ചെയ്തത് ബിജുവെത്തി നിമിഷങ്ങള്‍ക്കകം ജോണ്‍ തന്നെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. കാക്കനാടനും ജോണും ബിജുവിന്റെ ഹൈ വീല്‍ ട്രക്കില്‍ മുന്നില്‍ പോകുക ബാക്കി ഉള്ള നാലുപേര്‍ അനില്‍കുമാര്‍ ആറന്മുള നയിക്കുന്ന സംഘത്തില്‍ പുറകെ വരിക. മുന്നില്‍ എന്തെങ്കിലും ഹൈ ലെവല്‍ വെള്ളം റോഡില്‍ കാണുകയോ യാത്ര ബുദ്ധിമുട്ടാകുകയോ ചെയ്താല്‍ പുറകെ വരുന്ന സംഘത്തിന് മുന്‍കരുതല്‍ എടുക്കാം എന്നതായിരുന്നു അതിലേ സാംഗത്യം. ആലോചിച്ചു നില്‍ക്കാന്‍ ഇവിടെ സമയമില്ല കാരണം റോഡില്‍ നിന്നും പോലീസില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. നിശ്ചയിച്ചുറപ്പിച്ച പ്രകാരം ടൊയോട്ട തുണ്ടറ മൂന്നില്‍. റോഡിലെ സാധാരണയില്‍ കവിഞ്ഞ വെള്ളം ട്രക്ക് തരണം ചെയ്യും. പക്ഷെ എസ് യു വി എങ്ങെനെ ? ഒരു നിമിഷം അനില്‍ ചിന്തിച്ചു. പിന്നെ വാഹനത്തില്‍ ഇരിക്കുന്ന മറ്റു മൂന്നു പേരില്‍ ഏറ്റവും കൂടുതല്‍ ഈ പ്രതിക്കൂല കാലാവസ്ഥയില്‍ പോകണം എന്ന് ശാഠ്യം പിടിച്ച ജീമോനോടായി അനില്‍ ആറന്മുള ഗൗരവം വിടാതെ പറഞ്ഞു ' താങ്കള്‍ക്ക് വേണമെങ്കില്‍ ഇപ്പോള്‍ പ്രാര്‍ത്ഥിക്കാം ... ഒരു പക്ഷെ ഇനി അവസരം ലഭിച്ചില്ലെങ്കിലോ' എല്ലാവരുടെയും മൗന പ്രാര്‍ത്ഥനക്കു ശേഷം അനില്‍ വാഹനം മുന്നോട്ടെടുത്തു. ക്രമേണ മഴയുടെ ശക്തി കനത്തു.
റോഡില്‍ വെള്ളത്തിന്റെ ഉയരവും വഴിയില്‍ എവിടെയോ പോലീസ് ഹൈ വീല്‍ കാറുകള്‍ അവരവരുടെ റിസ്‌കില്‍ കടത്തി വിടുമ്പോള്‍ അനില്‍ ഒരിക്കല്‍ കൂടി സംശയിച്ചു യാത്ര തുടരണോ ??? മുന്നോട്ടു പോകാന്‍ എടുത്ത തീരുമാനം ഇപ്പോള്‍ തെറ്റായി ഭവിക്കുകയാണ്. ഇരുട്ട് പരന്ന വഴിയില്‍ വെള്ളത്തിന്റെ ഓളവും, ഇടയ്ക്കു മിന്നുന്ന കൊള്ളിയാനും മാത്രം. വഴിവക്കില്‍ എവിടെയും നിന്ന് പോയതോ , മറിഞ്ഞു വീണതോ ആയ വാഹനത്തില്‍ നിന്നും കൂട്ട കരച്ചിലും സഹായ അഭ്യര്‍ത്ഥനകളും മാത്രം. പക്ഷെ ആര്‍ക്കും ആരെയും രക്ഷിക്കാന്‍ കഴിയാത്ത അവസ്ഥ....വാഹനത്തിന്റെ പകുതിയില്‍ ഏറെ മുങ്ങിയ വെള്ളത്തില്‍ അനില്‍ അതീവ ജാഗ്രതയോടെ മുന്നോട്ടു. ഇതിനകം മുന്നില്‍ പോയ വാഹനം വെള്ളത്തെ അതിജീവിച്ചു അപ്പുറം കടന്നുവെന്നു ജോണ്‍ അറിയിച്ചു. പിന്നെ അക്ഷമയുടെ കാത്തിരുപ്പ് ... ഒടുവില്‍ അനില്‍ ജോണിനെ വിളിച്ചു വാഹനം നിശ്ചലമായിയെന്നു പറഞ്ഞത് അതുവരെ ലാഘവത്തിടെ എല്ലാം ഉള്‍കൊണ്ട ജോണ്‍ ഞെട്ടലോടെ ആണ് കേട്ടത്. പെട്ടന്ന് തീരുമാനം എടുക്കണം. ഒന്നിനും സമയമില്ല.
അനുനിമിഷം ഉയരുന്ന ജലനിരപ്പില്‍ തിരിച്ചു ട്രക്ക് പോകുന്ന അവസ്ഥയല്ല. പാതിവഴിയില്‍ ചലനമറ്റ വാഹനത്തില്‍ ക്രമേണ ഉയരുന്ന വെള്ളത്തിന് നടുവില്‍ 4 പേര്‍ ! പിന്നെ ജോണ്‍ ഒന്നും ചിന്തിച്ചില്ല. ഒരിക്കല്‍ കൂടെ വന്നയാള്‍ മരിച്ചുവെന്നു അറിഞ്ഞിട്ടും തോളില്‍ ഏറ്റി തൊട്ടടുത്ത ഹോസ്പിറ്റലില്‍ എത്തിച്ച മനക്കരുത്തിന്റെ ഉടമ പിന്നെ അമാന്തിച്ചില്ല.. കൂടെ വന്ന കാക്കനാടനും ബിജുവിനും ധൈരം പകര്‍ന്നു കോരിച്ചൊരിയുന്ന മഴയില്‍ , 4 അടിയില്‍ ഏറെ പൊക്കത്തില്‍ ഒഴുകുന്ന വെള്ളത്തിലൂടെ കാല്‍നടയായി തിരികെ... ഇനി ഇവിടെ ആലോചിക്കാന്‍ സമയമില്ല. ഒന്നുകില്‍ കൂടെ വന്നവരെ രക്ഷിക്കുക അല്ലെങ്കില്‍ അവര്‍ക്കൊപ്പം മരണത്തെ പുല്‍കുക . ജോണും സംഘവും നടക്കുകയല്ലായിരുന്നു ഓടുകയായിരുന്നു.. പക്ഷെ ശക്തമായ വെള്ളം അവരുടെ വേഗം കുറച്ചു. ഒരുവേള വെള്ളം അവരുടെ കാല്പാദം തറയില്‍ നിന്നുയര്‍ത്തി ബാലന്‍സ് തെറ്റിച്ചപ്പോള്‍ ആറു കരങ്ങള്‍ ശക്തമായി പുണര്‍ന്നു നിന്നു പരസ്പരം താങ്ങായി... ഒഴുക്കുവെള്ളത്തില്‍ എപ്പോഴോ ജോണിന്റെ കാല്‍ തൊട്ടു അലിഗേറ്റര്‍ പോയപ്പോള്‍, പാമ്പുകള്‍ കാലുകളെ ചുറ്റി മറിഞ്ഞപ്പോള്‍, വെള്ളത്തിന്റെ തള്ളലില്‍ ഭയന്നു വീണു പോവാതെ ഭദ്രമായി കാത്തു രക്ഷിച്ച അദൃശ്യമായ ശക്തി ഏതായിരുന്നു ???
മുന്നോട്ടും പുറകോട്ടും പോവാന്‍ പറ്റാത്ത അവസ്ഥ... ഇനി പ്രാര്‍ത്ഥന മാത്രം ! മരണത്തിന്റെ നനുത്ത കരം എത്രെയും വേഗം തൊടാന്‍ വേണ്ടി... ഒരു നിമിഷം കണ്ണടച്ച് തുറന്നപ്പോള്‍ തൊട്ടു മുന്നിലൂടെ ഒരു ബോട്ടു പോകുന്നു ... രക്ഷാ പ്രവര്‍ത്തിനു വേണ്ടി ഇറങ്ങിത്തിരിച്ച ഒരു വെള്ളക്കാരന്‍ അത് നിയന്ദ്രിക്കുന്നു.. അതിനു തൊട്ടുപിന്നില്‍ കണ്ണുകളെ വിസ്മയിപിപ്പിച്ചുകൊണ്ടു അനില്‍ ആറന്‍മുളയും മറ്റു മൂന്ന് പേരും... മൂന്നാമത്തെ ദൈവദൂതന്‍ ..... അല്ലെങ്കിലും ജീവിതം അങ്ങേനെയാ... ഒരിക്കല്‍ പോലും കാണാത്തവര്‍ നമ്മുടെ രക്ഷകരാകുക... തുറിച്ചു നോക്കുന്ന മൃതുവിന്റെ കരത്തില്‍ നിന്നും ജീവനെ തിരിച്ചെടുക്കുക! ഒടുവില്‍ ജോണിനും കാക്കനാടനും ബിജുവിനും അരികില്‍ മുരള്‍ച്ചയോടെ ബോട്ടു നില്‍ക്കുമ്പോള്‍ അവര്‍ കേട്ടത് ഒരു വാക്ക് മാത്രം ' പെട്ടന്ന് കയറുക എനിക്ക് ഇനിയും മറ്റു ജീവനുകള്‍ രക്ഷിക്കാന്‍ ഉണ്ട് ' മരവിച്ച ശരീരവും മനസും ഇപ്പോള്‍ ഇവിടെ വീണ്ടും ചൂട് പിടിക്കുകയാണ്. ഒന്നിച്ചു പോയ ആറു പേര്‍ എവിടെയോ വഴിപിരിഞ്ഞപ്പോള്‍ വീണ്ടും മരണ വക്രത്തില്‍ നിന്നും രക്ഷിച്ചു ഒന്നിച്ചു ചേര്‍ത്ത ദൈവിക സാനിധ്യം ഇപ്പോള്‍ തിരിച്ചറിയുകയാണ്... ആദ്യം ഗുജറാത്തി മോട്ടലുടമയുടെ രൂപത്തില്‍... പിന്നീട് ബിജു നായരുടെ രൂപത്തില്‍ ഒടുവില്‍ ബോട്ടോടിച്ചു വന്ന വെള്ള കാരന്റെ രൂപത്തില്‍ ... കാരണം ഈ ആറുപേര്‍ക്കും ഇനിയും ജീവിതത്തില്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഉണ്ടാവും..... കര്‍മ്മ പദത്തിലൂടെ ഇനിയും ഏറെ ദൂരം യാത്ര ചെയ്യാന്‍ ഉണ്ടാവും... തുടങ്ങി വച്ച പലതും പൂര്‍ത്തീകരിക്കാന്‍ ഉണ്ടാവും... എല്ലാം ഈശ്വര നിച്ഛയം.... എല്ലാം ദൈവ നിയോഗം.....
Comments