ഭര്‍ത്താവ് അനിലുമായി പിരിഞ്ഞതില്‍ ഖേദമില്ലെന്ന് നടി കല്‍പ്പന.
ആദ്യകാലത്ത് സങ്കടമുണ്ടായിരുന്നു. പതിനാറുവര്‍ഷം ഒന്നിച്ച് ജീവിച്ച്
പെട്ടെന്ന് രണ്ടുവഴിക്കാവുമ്പോള്‍ ആര്‍ക്കാണ് സങ്കടം വരാത്തത്. നമ്മള്‍
ഒരു കിളിയെ വളര്‍ത്തിയിട്ട് പെട്ടെന്ന് ഒരു ദിവസം അത് പറന്നുപോയാല്‍
ദുഃഖമുണ്ടാവില്ലേ. എന്നിട്ടും ഞാന്‍ കരഞ്ഞില്ല. ആരുടെയും മുമ്പില്‍
കരയരുതെന്നാണ് അച്ഛന്‍ പഠിപ്പിച്ച പാഠം. ജീവിതത്തില്‍ അമ്മയുടെയും
ദൈവത്തിന്റെയും മുമ്പില്‍ മാത്രമേ കരഞ്ഞിട്ടുള്ളൂവെന്നും കല്‍പ്പന
പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
'പോസ്റ്റ് ബോക്സ് നമ്പര്‍ 27' എന്ന സിനിമയിലാണ് ഞാനും അനിലും തമ്മില്‍
ആദ്യമായി കാണുന്നത്. അധികം സംസാരിക്കാത്തയാളായിരുന്നു അനില്‍.
രണ്ടുപേര്‍ക്കും തമ്മില്‍ ഇഷ്ടമായിരുന്നു. എന്നാല്‍ പ്രണയമായിരുന്നില്ല.
അറേഞ്ച്ഡ് മാര്യേജായിരുന്നു ഞങ്ങളുടേത്. അനില്‍ അധികം
സംസാരിക്കാറില്ലെങ്കിലും അത് ബാലന്‍സ് ചെയ്യാന്‍ എനിക്കു
കഴിയുമായിരുന്നു. ഒരുപാടു ചേര്‍ച്ചകള്‍ ഞങ്ങള്‍ തമ്മിലുണ്ട്. നക്ഷത്രവും
ജനനത്തീയതിയും ഒന്നാണ്. അഭിപ്രായവ്യത്യാസവും ഏറെയുണ്ടായിരുന്നു. പുള്ളി
ഗസലിന്റെ ആരാധകനാണ്. ഞാന്‍ ഇഷ്ടപ്പെടുന്നതാവട്ടെ അടിപൊളി പാട്ടുകളും. ഒരു
സിറ്റ്വേഷന്‍ വന്നപ്പോള്‍ ശരിയല്ലെന്നു തോന്നി. തുറന്നുപറഞ്ഞു.
മറ്റു കുടുംബങ്ങള്‍ വേര്‍പിരിയുമ്പോഴും എന്റേത് അതുപോലെയാവരുതേയെന്ന്
പ്രാര്‍ഥിച്ചിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല.
നമ്മള്‍ ശ്രദ്ധയോടെ
വാഹനമോടിച്ചിട്ട് കാര്യമില്ല. എതിരെവരുന്ന ആളും ആ മര്യാദ കാണിക്കേണ്ടേ?
വേര്‍പിരിഞ്ഞശേഷം അദ്ദേഹം എന്നെക്കുറിച്ച് ഒരുപാട് അപവാദങ്ങള്‍
പറഞ്ഞിട്ടുണ്ട്. അതിനോടൊന്നും ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ആരെക്കുറിച്ചും പരദൂഷണം പറയരുതെന്നാണ് അച്ഛന്‍ ഞങ്ങളോട്
പറഞ്ഞുതന്നിട്ടുള്ളത്. എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം.
അതുകൊണ്ടുതന്നെ ഞാനത് ക്ഷമിക്കാന്‍ തയാറാണ്. എല്ലാം എന്റെ കര്‍മ്മമാണ്.
അല്ലെങ്കില്‍ സമയദോഷം. ഇക്കാര്യത്തില്‍ ആരെയും പഴിക്കാന്‍ തയ്യാറല്ല.
ഒരിക്കല്‍ ഞങ്ങള്‍ രണ്ടുപേരെയും ഇരുത്തി ജോത്സ്യന്‍ പറഞ്ഞത് ഇപ്പോഴും
ഒാര്‍മ്മയുണ്ട്.
''രണ്ടുപേരും അത്തം നക്ഷത്രക്കാരായതിനാല്‍ ദാമ്പത്യം അധികനാള്‍ ഉണ്ടാവില്ല.''
അന്ന് അത് ഗൌരവമായി എടുത്തില്ല.
ഇപ്പോഴെനിക്ക് എല്ലാം മകളാണ്. അവള്‍ ഒന്‍പതാം€ാസില്‍ പഠിക്കുന്നു. അധികം
സംസാരിക്കില്ല. എന്നാല്‍ സെന്റിമെന്റല്‍ കൂടുതലാണ്. അവള്‍ എന്റെ
അമ്മയെപ്പോലെയാണ് എന്നോട് സംസാരിക്കുന്നത്. ഒരിക്കല്‍ അവള്‍ പറഞ്ഞു.
''ഇനി സ്വര്‍ണ്ണം ഉപയോഗിക്കരുത്. എനിക്കുവേണ്ടി സ്വര്‍ണ്ണം
സമ്പാദിക്കുകയും വേണ്ട.''
ഞാന്‍ ഞെട്ടിപ്പോയി. എന്റെ അമ്മയാണ് അവള്‍ക്ക് അമ്മ. എന്നെ
മൂത്തചേച്ചിയെപ്പോലെയാണ് കരുതുന്നത്. മിക്ക ദിവസവും അവളാണ് എന്നെ
ശാസിക്കുക. അവളെ പേടിച്ച് ഞാനിപ്പോള്‍ ടി.വി പോലും ഉച്ചത്തില്‍
വയ്ക്കാറില്ല.
ഉര്‍വശിയുമായി ഇപ്പോഴുള്ളത് ചെറിയൊരു പരിഭവം മാത്രമാണ്.
കുട്ടികളെപ്പോലെയാണവള്‍. നിസ്സാര കാര്യം മതി മിണ്ടാതിരിക്കാന്‍. എങ്കിലും
എന്തെങ്കിലും പ്രശ്നം വന്നാല്‍ അപ്പോള്‍ത്തന്നെ അടുത്തെത്തും. ഞാന്‍
പത്തുദിവസം ആശുപത്രിയില്‍ കിടക്കുമ്പോള്‍ പെട്ടെന്ന് അവളെ കാണണമെന്നു
തോന്നി. ഞാന്‍ വിളിച്ചു. അവള്‍ ആശുപത്രിയില്‍ വരികയും ചെയ്തു.
കുറച്ചുനാള്‍ മുമ്പ് ഞാന്‍ ചെന്നൈയില്‍ പോയെങ്കിലും അവളെ കാണാന്‍
കഴിഞ്ഞില്ല.
മത്തങ്ങ പോലുള്ള മുഖവുമായാണ് ഞാന്‍ സിനിമയിലെത്തിയത്. എന്നിട്ടും ഒരുപാട്
റോളുകള്‍ കിട്ടി. പലപ്പോഴും പലരുമെന്നെ കളിയാക്കി. എവിടുന്നാ റേഷന്‍
വാങ്ങുന്നതെന്ന് ചോദിക്കും. അന്നെനിക്ക് പുഴുക്കലരിയുടെ നിറമായിരുന്നു.
ഉര്‍വശിയും കലാരഞ്ജിനിയുമാകട്ടെ വെളുത്തു തുടുത്ത പെണ്‍കുട്ടികള്‍.
അനിയന്മാരും സുന്ദരന്‍മാര്‍. എല്ലാവരോടും എനിക്ക് അസൂയ തോന്നിയിട്ടുണ്ട്.
സഹോദരങ്ങളോട് എതിരിട്ടാണ് ഞാന്‍ 'ചട്ടമ്പി'യായത്. എങ്കിലും എന്റെ
മനസില്‍ നിറയെ സ്നേഹമായിരുന്നു. സ്നേഹം തന്നാല്‍ ഇരട്ടിയായി
തിരിച്ചുകൊടുക്കുന്ന ശീലം അന്നും ഇന്നും എനിക്കുണ്ട്. അക്കാര്യത്തില്‍
എന്നെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല.
Comments