You are Here : Home / അഭിമുഖം

'വൈകിട്ടെന്താ പരിപാടി'യില്‍ തെറ്റില്ലെന്ന് മോഹന്‍ലാല്‍

Text Size  

Story Dated: Monday, February 10, 2014 06:24 hrs UTC

മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതില്‍ തെറ്റില്ലെന്ന് നടന്‍
മോഹന്‍ലാല്‍. 'വൈകിട്ടെന്താ പരിപാടി' എന്ന പരസ്യചിത്രത്തില്‍ താനൊരു
അഭിനേതാവ് മാത്രമാണ്. പരസ്യത്തില്‍ മാത്രമല്ല, സിനിമകളിലും മദ്യപിച്ച്
അഭിനയിച്ചിട്ടുണ്ട്. മദ്യപിച്ച് ബലാല്‍സംഗം ചെയ്യാറുമുണ്ട്.

 

 

 

 

 

 



ഒരു അഭിനേതാവ് എന്ന നിലയില്‍ തന്റെ സ്വാതന്ത്യ്രമാണതെന്നും ഒരു ചാനലിന്
നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. സ്വര്‍ണ്ണക്കടയുടെ
പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്. കാണുന്നവര്‍ക്ക് അതിഷ്ടമല്ലെങ്കില്‍
അവിടെനിന്ന് സ്വര്‍ണ്ണം വാങ്ങാതിരുന്നാല്‍ പേരേ? എയ്ഡ്സിന്റെയും
ഇലക്ട്രിസിറ്റിയുടെയും റെയില്‍വേയുടെയും പൊതുതാല്‍പ്പര്യ പരസ്യങ്ങളില്‍
പ്രത്യക്ഷപ്പെട്ടുണ്ട്. ഇതൊക്കെയുണ്ടായിട്ടും മദ്യപ്പരസ്യത്തിന്റെ
പേരില്‍ മാത്രം വിവാദമുണ്ടാക്കുന്നതില്‍ കാര്യമുണ്ടോ?
സ്വപ്നങ്ങളേക്കാള്‍ മനോഹരമാണ് ജീവിതം. എന്നാല്‍ ചുമ്മാ സ്വപ്നം
കണ്ടിരുന്നാല്‍ പോരാ. അതിനായി പ്രയത്നിക്കണം. ഞാനൊരിക്കലും സ്വപ്നം
കണ്ടിരുന്നില്ല. പക്ഷെ എന്നെ സ്വപ്നം കാണുന്ന ഒരുപാടു പേരുണ്ട്.
അതിലൊരാളാണ് നെടുമുടിവേണു. ഇടയ്ക്കിടെ ഞാന്‍ സ്വപ്നത്തില്‍വന്നു
പോകാറുണ്ടെന്ന് വേണുച്ചേട്ടന്‍ പറയാറുണ്ട്.

അതൊരു ഭാഗ്യമാണ്.
അഭിനയത്തില്‍ ഉന്മാദംകൊള്ളുന്ന ആളാണ് ഞാന്‍. സിനിമയിലേക്ക് വന്ന സമയത്ത്
സീനിയറായ ഒരുപാടുപേര്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്.
അവരില്‍ നിന്നാണ് പലതും പഠിച്ചത്. അവര്‍ അക്കാലത്ത് എന്നോടു കാണിച്ച
സ്നേഹമാണ്  ഇപ്പോള്‍ അഭിനയിക്കുന്നവര്‍ക്കു ഞാന്‍ നല്‍കുന്നത്. 'മഞ്ഞില്‍
വിരിഞ്ഞ പൂക്കളി'ല്‍ അഭിനയിക്കാനെത്തിയ അതേ താല്‍പ്പര്യത്തോടെയാണ് ഒാരോ
സിനിമയെയും ഇപ്പോഴും സമീപിക്കുന്നത്. ആസ്വദിച്ചാണ് അഭിനയിക്കുന്നത്.
എപ്പോള്‍ മടുക്കുന്നുവോ അന്ന് അഭിനയംനിര്‍ത്തും.
മക്കളെയാരെയും അഭിനയിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ല. അവര്‍ക്ക് അവരുടേതായ
നിലപാടുകളും കാഴ്ചപ്പാടുകളുമുണ്ട്.

അവര്‍ക്കു നല്‍കുന്ന സ്നേഹത്തിനും പരിധിയുണ്ട്. അല്ലെങ്കില്‍ പിന്നീട്
വേദനിക്കേണ്ടിവരും. പ്രണവിനെ ചിലര്‍ സിനിമയില്‍ അഭിനയിപ്പിച്ചിരുന്നു.
എന്നാലിപ്പോള്‍ അവന് അഭിനയിക്കാനല്ല താല്‍പ്പര്യം. ഇം ീഷറിയാത്ത
രാജ്യങ്ങള്‍ ഏറെയുണ്ട്. അവിടെപ്പോയി ഇം ീഷ് പഠിപ്പിക്കാന്‍ അവന്‍
ആഗ്രഹിക്കുന്നു. അതിലാണ് അവന്റെ സന്തോഷം. അഭിനയിക്കാനാണ്
താല്‍പ്പര്യമെന്ന് പഠിക്കുന്ന കാലത്ത് അച്ഛനോട് പറഞ്ഞപ്പോള്‍, ആദ്യം
ഡിഗ്രി പൂര്‍ത്തിയാക്ക് എന്നാണ് അച്ഛന്‍ പറഞ്ഞത്. ഞാനത് അനുസരിച്ചു.
പഠനത്തിനുശേഷമാണ് ഞാന്‍ അഭിനയിക്കാന്‍ വന്നത്.

അഭിനയംപോലെ ആസ്വാദ്യമായ മറ്റൊന്നാണ് ഭക്ഷണം. നല്ല ഭക്ഷണം കിട്ടിയാല്‍
വിട്ടുവീഴ്ചയില്ല. കഴിക്കുക മാത്രമല്ല, അതിന്റെ റസിപ്പിയും ചോദിച്ചറിയും.
ചിലപ്പോള്‍ പരീക്ഷിക്കുകയും ചെയ്യും. യു.എസില്‍ പോയാല്‍ ഞാന്‍
താമസിക്കുന്നത് ജോയ് തോമസ് എന്ന സുഹൃത്തിന്റെ വീട്ടിലാണ്. എന്റെ പാചകം
ഇഷ്ടപ്പെടുന്നവരാണ് ജോയിയുടെ മക്കള്‍. അവര്‍ക്കുവേണ്ടി ഞാന്‍
അടുക്കളയില്‍ കയറും. അറിയാവുന്നതൊക്കെ ഉണ്ടാക്കിക്കൊടുക്കും.
ഞാനുണ്ടാക്കിയ ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഒരാഴ്ചക്കാലം
കഴിക്കാറുണ്ടെന്നാണ് ആ കുട്ടികള്‍ പറഞ്ഞത്. കുറെക്കാലം ഞാന്‍
'ഗൃഹലക്ഷ്മി'യില്‍ പാചകക്കോളം കൈകാര്യം ചെയ്യാറുണ്ടായിരുന്നു.

മറ്റുള്ളവരുടെ പ്രോത്സാഹനമാണ് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്.
രതീഷ്വേഗ എന്ന സംഗീതസംവിധായകന്റെ വിശ്വാസമാണ് 'ആറ്റുമണല്‍പ്പായയില്‍'
എന്ന പാട്ടുപാടാന്‍ എനിക്കു ശക്തിയുണ്ടാക്കിയത്. കുട്ടികള്‍ക്കാണ് ആ
പാട്ട് ഏറ്റവുമിഷ്ടപ്പെട്ടത്. നാടകത്തില്‍ അഭിനയിക്കാനും കഥകളിനടനാവാനും
മാജിക്കുകാരനാവാനും നൃത്തംചെയ്യാനുമെക്കെ എനിക്കു കഴിയുന്നതും
മറ്റുള്ളവരുടെ പിന്തുണയും വിശ്വാസവും കൊണ്ടാണ്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.