ഭര്‍ത്താവായിരുന്ന രമേഷ്കുമാറിനോടുള്ള സ്നേഹം പൂര്‍ണ്ണമായും നഷ്ടപ്പെട്ടുകഴിഞ്ഞെന്നും അതു വീണ്ടെടുക്കാന്‍ നിര്‍ബന്ധിച്ചിട്ടുകാര്യമില്ലെ
ആദ്യകാലത്ത് മദ്യം കഴിക്കുന്നവരെയും പുകവലിക്കുന്നവരെയും ഇഷ്ടമായിരുന്നില്ല. പക്ഷെ അതെല്ലാം ഞാന്‍ സഹിച്ചു. പുരുഷാധിപത്യമായിരുന്നു രമേഷിന്റെ മനസില്‍. ഭര്‍ത്താവ് വരുമ്പോള്‍ കാലിന്‍മേല്‍ കാല്‍ കയറ്റിവച്ചാല്‍പ്പോലും കുറ്റമായി വ്യാഖ്യാനിച്ചു. സങ്കുചിതമായ മനോഭാവമായിരുന്നു ആ മനസ് നിറയെ. വേറൊരാളെ ഞാന്‍ പ്രണയിച്ചുവെന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് എന്നെ ഒഴിവാക്കിയില്ല? ഞാനാണ് അവിടെനിന്ന് പിരിഞ്ഞുപോന്നത്.
അഭിനയിക്കാന്‍ അറിയാമായിരുന്നെങ്കില്‍ എനിക്കിപ്പോഴും ഭാര്യയായി രമേഷിന്റെ വീട്ടില്‍ ജീവിക്കാമായിരുന്നു. അവിടെ ഞാന്‍ നല്ലൊരു വീട്ടമ്മയായിരുന്നു. മരുമകള്‍ ആയിരുന്നു. രമേഷിന്റെ അമ്മയ്ക്കും സഹോദരിക്കും എന്നെക്കുറിച്ചു പറയാന്‍ ഒരു കുറ്റവുമുണ്ടാവില്ല. ഇപ്പോള്‍ വിവാഹ വാര്‍ഷികം തകര്‍ത്താഘോഷിക്കുന്നവരില്‍ പലരും അഭിനയിച്ചുജീവിക്കുന്നവരാണ്. അവരെപ്പോലെയാവാന്‍ എനിക്കു കഴിയില്ല.
രമേഷുമൊത്തുള്ള ഒരു ഫോട്ടോ പോലും വീട്ടില്‍ വച്ചിട്ടില്ല. ജീവിതത്തില്‍ നഷ്ടപ്പെട്ട കാര്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ കഴിയില്ല. ഇരുപത്തിരണ്ടാം വയസിലായിരുന്നു വിവാഹം. ഒരുപാടു സ്വപ്നങ്ങളുമായാണ് ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിച്ചത്. പക്ഷെ ഒാരോന്നായി കൊഴിഞ്ഞുവീണു. പിന്നീട് മരവിപ്പിന്റെ അവസ്ഥയിലായി. കുട്ടികള്‍ ജനിച്ചപ്പോഴെങ്കിലും മാറ്റമുണ്ടാവുമെന്ന് കരുതി. ഫലമുണ്ടായില്ല.
ഇനിയൊരു വിവാഹത്തിന് താല്‍പ്പര്യമില്ല. എന്റെ മകന്‍ പറഞ്ഞിട്ടുണ്ട്, അമ്മ ഒരിക്കലും കല്യാണം കഴിക്കരുതെന്ന്. പല ഭാഗത്തുനിന്നും പ്രണയാഭ്യര്‍ത്ഥനകള്‍ വന്നിരുന്നു. അവരോടൊക്കെ ഒന്നേ എനിക്കു പറയാനുണ്ടായിരുന്നുള്ളൂ. പുലിയുടെ വലിന്‍മേലാണ് നിങ്ങള്‍ പിടിക്കുന്നത്. അതു കേട്ടപ്പോള്‍ പലരും ഒാടിപ്പോയി. എനിക്ക് എന്റെ സ്വഭാവം കൃത്യമായി അറിയാവുന്നതുകൊണ്ടാണ് അങ്ങനെ പറയേണ്ടിവന്നത്. പക്ഷെ പ്രണയം ഇപ്പോഴും മനസിലുണ്ട്.
അന്യഭാഷയില്‍ നിന്നെത്തിയ നടിമാര്‍ക്കെല്ലാം വളരെ ബുദ്ധിമുട്ടിയാണ് ഡബ്ബ് ചെയ്തത്. മേഘം, വന്ദനം, അയാള്‍ കഥയെഴുതുകയാണ് തുടങ്ങിയ സിനിമകളിലെ നായികമാര്‍ക്ക് ശബ്ദം നല്‍കിയപ്പോഴാണ് ഏറ്റവും ബുദ്ധിമുട്ടിയത്. അതിമനോഹരമായി അഭിനയിച്ചിട്ടും ഭാവതീവ്രതയോടെ ശബ്ദം കൊടുക്കാന്‍ പറ്റാതിരുന്ന സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. 'എന്റെ സൂര്യപുത്രി'യില്‍ അമല മനോഹരമായാണ് അഭിനയിച്ചത്. ആ സിനിമയുടെ ഡബ്ബിംഗ് സമയത്ത് ഞാനും ഫാസില്‍സാറും വഴക്കുണ്ടായിട്ടുണ്ട്. മുപ്പത് ടേക്ക് വരെയെടുത്തു. ആ സിനിമയ്ക്ക് എനിക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ ശരിക്കും ചമ്മിപ്പോയി.
'ഉള്ളടക്കം' ഡബ്ബ് ചെയ്യാന്‍ വേണ്ടി സുരേഷ്ബാലാജി വിളിച്ചത് 1991 ആഗസ്റ്റ് പതിനാലിനാണ്. ഗര്‍ഭിണിയായ സമയമായിരുന്നു അത്. പതിനേഴിനാണ് ഡോക്ടര്‍ പറഞ്ഞ ഡേറ്റ്. ഇക്കാര്യം പറഞ്ഞിട്ടും സുരേഷ്ബാലാജി സമ്മതിച്ചില്ല.
''പകരം വേറെ ആരു ചെയ്യും?''
എന്ന് സുരേഷ് ചോദിച്ചപ്പോഴാണ്, വഴിയില്‍ പ്രസവിച്ചാലും ശരി ഇത് ഡബ്ബ് ചെയ്യണമെന്ന് തോന്നിയത്. നിന്നുകൊണ്ട് ഡബ്ബ് ചെയ്യുന്ന സമയത്ത് സംവിധായകന്‍ കമല്‍ എനിക്കൊരു കസേര കൊണ്ടുതന്നു. പ്രസവമെങ്ങാനും നടന്നാല്‍ കുട്ടി താഴെ വീഴേണ്ടെന്ന് കരുതിയായിരുന്നു അത്. ചില സീനുകള്‍ക്ക് ഡബ്ബ് ചെയ്യുമ്പോള്‍ ഇരുന്നാല്‍ ശരിയാവില്ല. അതുകൊണ്ട് നിന്നുകൊണ്ടു ചെയ്തു. കുറച്ചുകഴിഞ്ഞപ്പോള്‍ ആകെ അസ്വസ്ഥയായി. ഉടന്‍ ആരെയെങ്കിലും വിളിക്കണമെന്ന് ഞാന്‍ കമലിനോട് പറഞ്ഞു. ആനന്ദവല്ലിചേച്ചി വന്നാണ് അന്ന് എന്നെ ആശുപത്രിയിലെത്തിച്ചത്.
എന്റെ ശബ്ദം കൊണ്ട് അഭിനയിച്ച് അവാര്‍ഡ് വാങ്ങിച്ച ഒരു നടി പിന്നീട് കണ്ടിട്ട് മൈന്‍ഡ് ചെയ്യാതെ പോയിട്ടുണ്ട്. അത്തരക്കാര്‍ക്കെതിരെ പ്രതികരിച്ചിട്ടുമുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമാരില്ലാതെ ഒരു സിനിമയെടുക്കാന്‍ ഒരാള്‍ക്കും കഴിയില്ല. ഇക്കാര്യം സംവിധായകര്‍ മനസിലാക്കണം. ഞാന്‍ ശരിയായ ഒരു തീരുമാനമെടുത്താല്‍ പിറകോട്ടുപോവില്ല. ഒരുപക്ഷെ അതൊരു ചീത്ത സ്വഭാവമായിരിക്കാം. എങ്കിലും മാറ്റാന്‍ ഉദ്ദേശവുമില്ല.
Comments