വിജയ് ഷൂട്ടിംങ്ങ് തിരക്കുകള്‍ക്കു നടുവിലാണ്. അതിനിടയില്‍ അല്പം സമയം കിട്ടിയാല്‍ കാരവാനിലേക്ക് പോകാനല്ല, തന്നെ കാണാനെത്തിയവര്‍ക്ക് ഒപ്പം നിന്ന് ഫോട്ടോയെടുക്കാനാണ് വിജയ്ക്ക് തിടുക്കം. ആര്‍പ്പുവിളികളുമായി അവിടെ കൂടിയിരിക്കുന്നവരെ നിറഞ്ഞ ചിരിയോടെ കൈവീശി കാണിക്കുന്നു. വിശേഷങ്ങള്‍ തിരക്കുന്നു. തമിഴിന്റെ ഇളയ ദളപതിയുടെ ജീവിതത്തിലുമുണ്ട് ആ ലാളിത്യം. മറ്റൊരു സൂപ്പര്‍സ്റ്റാറിലും കാണാത്ത വിനയം. തമിഴ് സിനിമയിലെ ജനപ്രിയ നായകനായി വിജയ് മാറിയതില്‍ അത്ഭുതപ്പെടാനില്ല. താരപദവി ഒരു കാര്യത്തിലും തടസമല്ലെന്ന് തോന്നും വിജയുടെ ഒരോ പ്രവര്‍ത്തിയും കാണുമ്പോള്‍. താരത്തെക്കാള്‍ മനുഷ്യനായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് ഇങ്ങനെയല്ലാതെ പിന്നെങ്ങനെ പെരുമാറാനാകും. ഒരു കൊച്ചു കുട്ടിയുടെ നിളകളങ്കത വിജയുടെ സംസാരത്തിലും ചെരുമാറ്റത്തിലും എപ്പോഴുമുണ്ട്.
സിനമയുടെ ബഹളങ്ങളില്‍ ആരാധകര്‍ ശല്യമാകാറില്ലേ?
ഞാന്‍ ഈ നിലയില്‍ എത്തിയതിനു കാരണം അവരാണ്. അവര്‍ സിനിമാ കാണാന്‍ ടിക്കറ്റ് എടുക്കുന്നതുകൊണ്ടാണല്ലോ എനിക്ക് വരുമാനം കിട്ടുന്നത്. അപ്പോള്‍ അവരെ ഞാന്‍ അംഗീകരിക്കേണ്ടതുണ്ട്. എത്ര തിരക്കാണെങ്കിലും എന്റെ ആരാധകര്‍ക്കൊപ്പംനിന്ന് ഫോട്ടൊയെടുക്കാന്‍ ഞാന്‍ സമയം കണ്ടെത്താറുണ്ട്. എന്നെ കാണാന്‍ വേണ്ടി മാത്രമാണ് അവര്‍ വന്നത്. ഞാന്‍ അവര്‍ക്കായി സമയം നീക്കി വയ്ക്കുമ്പോള്‍ അവരുടെ മുഖത്തെ സന്തോഷം കാണേണ്ടതാണ്.
ചാരിറ്റി പ്രവര്‍ത്തനങ്ങളും ഉണ്ടല്ലോ?
എനിക്ക് ഒരു അനിയത്തി ഉണ്ടായിരുന്നു. വിദ്യ. അവള്‍ ചെറിയ പ്രായത്തിലേ മരിച്ചു. ഞങ്ങള്‍ തമ്മില്‍ നല്ല കൂട്ടായിരുന്നു. അവളുടെ മരണം ശരിയ്ക്കും എന്നെ തകര്‍ത്തു കളഞ്ഞു. ഇപ്പോഴും വിദ്യയെക്കുറിച്ചുള്ള ഓര്‍മകള്‍ എന്നെ വിഷമിപ്പിക്കുന്നുണ്ട്. ഞാന്‍ ഒതുങ്ങിയ പ്രകൃതമാണ് അധികം സംസാരിക്കില്ല എന്നൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. വിദ്യ മരിച്ചതിനുശേഷമാണ് ഞാന്‍ ഇങ്ങനെ ഒതുങ്ങിക്കൂടിയത് .വിദ്യയുടെ പേരിലുള്ള വിദ്യ ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ കുട്ടികള്‍ക്ക് ആവശ്യമായ സഹായങ്ങളൊക്കെ ചെയ്തുകൊടുക്കാറുണ്ട്. അതെനിക്ക് ഒരു ആശ്വാസമാണ്.
മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി സംവിധായകള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടല്ലോ? ആ അനുഭവത്തെക്കുറിച്ച്?
സിദ്ദിഖ് സാറിനൊപ്പം രണ്ടു സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്രണ്ട്സ്,കാവലനും. കോമഡിയുടെ രാജാവാണ് സിദ്ദിഖ്‌സാര്‍. എന്റെ അഭിനയ ജീവിതത്തില്‍ ഒരു ബ്രേക്ക് തന്ന സിനിമയാണ് ഫ്രണ്ട്‌സ്. ആ നന്ദി എനിക്ക് അദേഹത്തോടുണ്ട്. അനിയത്തിപ്രാവിന്റെ റീമേക്കായ കാതലുക്ക് മര്യാദൈയിലാണ് ഫാസില്‍ സാറിനോടൊപ്പം പ്രവര്‍ത്തിച്ചത്. സ്വാഭാവിക രീതിയില്‍ കഥപറയുന്ന രീതിയാണ് അദേഹത്തിന്റേത്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ട്.
നൃത്തമാണല്ലോ വിജയുടെ പ്ലസ്‌പോയിന്റ്?
ഷൂട്ടിംഗ് സമയത്ത് ഡാന്‍സ് മാസ്റ്റര്‍ പറഞ്ഞുതരുന്നത് കൃത്യമായി ചെയ്യുന്നുവെന്ന് മാത്രം. അല്ലാതെ അതിനായി പ്രത്യേക പരിശീലനം ഒന്നുമില്ല.
തിരക്കിനിടയില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താറുണ്ടോ?
തിരക്കിനിടയിലും പരമാവധി സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ശ്രമിക്കാറുണ്ട്.അമ്മ സംഗീതജ്ഞയെന്ന്. ഞാന്‍ ചെന്നൈയില്‍ ഉണ്ടെങ്കില്‍ അമ്മയുടെ സംഗീതപരിപാടികള്‍ ഒഴിവാക്കാറില്ല. ഞാന്‍ അമ്മയുടെ വലിയ ആരാധകനാണ്. ഭാര്യ സംഗീതയാണ് എന്റെ കോസ്റ്റിയൂം തെരഞ്ഞെടുക്കുന്നത്. മകന്‍ സഞ്ജയ്. മകള്‍ ദിവ്യ.
പുതിയ ചിത്രമായ കത്തിയേക്കുറിച്ച്?
കത്തിയില്‍ ഞാന്‍ ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത്. അതുകൊണ്ട്തന്നെ അതിന്റേയായ ചില പുതുമകള്‍ ആ കഥാപാത്രത്തിനുണ്ട്. ദീപാവലിക്കാണ് ചിത്രം റീലീസാവുന്നത്.
Comments