You are Here : Home / അഭിമുഖം

ഞാന്‍ ജീവിതം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്

Text Size  

Story Dated: Wednesday, April 23, 2014 01:02 hrs UTC

രാഷ്ട്രീയത്തിന്റെ തിരക്കുകളില്‍ കുടുംബ ജീവിതം നന്നായി ആസ്വദിക്കാന്‍ ശോഭനാ ജോര്‍ജിന് കഴിഞ്ഞിരുന്നില്ല. പാര്‍ട്ടിയും പ്രവര്‍ത്തനങ്ങളുമൊക്കെയായി തിരക്കോട് തിരക്ക്. അതിനിടയില്‍ വിവാദങ്ങളുടെ വേദനിപ്പിക്കുന്ന കുറേദിനങ്ങള്‍. കുടുംബത്തോടൊപ്പം ചെലവഴിക്കുമ്പോള്‍ ലഭിക്കുന്ന ശാന്തതയും സമാധാനവുമാണ് ഏറ്റവും വലുതെന്ന് ശോഭനയുടെ ഓരോ വാക്കുകളില്‍നിന്നും വ്യക്തം. പ്രതിസന്ധികള്‍ മറികടന്ന് ജീവിതത്തിന്റെ സ്വച്ഛത ആസ്വദിക്കുകയാണിപ്പോള്‍ ശോഭനാ ജോര്‍ജ്. ശോഭനാ ജോര്‍ജിന്റെ വീട്ടുവിശേഷങ്ങള്‍.

രാഷ്ട്രീയത്തിനു വേണ്ടി കുടുംബത്തെപ്പോലും ഉപേക്ഷിക്കേണ്ടി വന്നെന്നു തോന്നുന്നുണ്ടോ ഇപ്പോള്‍?
തിരക്കിനിടയില്‍ കുടുംബത്തിന്റെ കാര്യങ്ങളൊന്നും ശരിയായി നോക്കാന്‍ കഴിഞ്ഞില്ല. മറ്റെല്ലാവരും കുടുംബജീവിതം നന്നായി ആസ്വദിച്ചപ്പോള്‍ എനിക്കത് കഴിഞ്ഞില്ലല്ലോ എന്ന വിഷമമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ വിഷമം ഒക്കെ മാറി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞാന്‍ ജീവിതം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്.

ഭര്‍ത്താവ് ശോഭനയുടെ ഈ തിരക്കുകളുമായി പൊരുത്തപ്പെട്ടിരുന്നോ?
ചാച്ചയ്ക്ക് എന്റെ തിരക്കുകള്‍ അസ്വസ്ഥത ഉണ്ടാക്കിയതായി പറഞ്ഞിട്ടില്ല. എന്നാല്‍ ഉള്ളില്‍ വിഷമം തോന്നിയിരിക്കും. കുടുംബത്തില്‍ എന്തെങ്കിലും വിശേഷങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒന്നിച്ചു പോകണമെന്നൊക്കെ ചാച്ച ആഗ്രഹിച്ചിരുന്നിരിക്കണം. പക്ഷേ എന്റെ തിരക്കുകള്‍ അറിയാവുന്നതുകൊണ്ട് ഒന്നിനും നിര്‍ബന്ധിക്കാറില്ലായിരുന്നു.

തിരക്കുകളില്‍നിന്ന് പെട്ടെന്ന് ഒഴിഞ്ഞു മാറി വീട്ടമ്മയായി ഒതുങ്ങി കൂടുക എളുപ്പമായിരുന്നോ?
തിരക്കുകള്‍ക്കു നടുവില്‍ നില്‍ക്കുമ്പോള്‍ സമയം പോകുന്നത് അറിയില്ല. വീട്ടില്‍തന്നെയിരിക്കേണ്ടി വരുമ്പോള്‍ ബോറടി തോന്നും. അങ്ങനെയാണ് ഞാന്‍ കുറച്ചു ദിവസം ദുബായിലുള്ള സഹോദരങ്ങളുടെ അടുത്ത് പോയി നില്‍ക്കാമെന്ന് തീരുമാനിച്ചത്. അവിടെ എനിക്ക് നല്ല കുറച്ച് സുഹൃത്തുക്കളെ കിട്ടി. പല രാജ്യങ്ങളില്‍നിന്നുള്ളവര്‍. രാഷ്ട്രീയത്തിന്റെ തിരക്കുകളില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ദുബായിലെ ജീവിതം. അത് ഞാന്‍ ആസ്വദിച്ചു.

കേസ്, കോടതി നിരാശയിലേക്ക് വഴുതിവീഴാനുള്ള സാഹചര്യം കൂടുതലായിരുന്നില്ലേ?
തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. ആ സമയത്ത് കുടുംബത്തിന്റെ പിന്‍തുണ വലിയ ധൈര്യമായിരുന്നു. പ്രതിസന്ധികളിലെല്ലാം ഞാന്‍ സ്വസ്ഥമായി ദൈവത്തോട് പ്രാര്‍ഥിച്ചു. അത് മനസിന് കൂടുതല്‍ ധൈര്യംതന്നു. അനുഭവങ്ങള്‍ നമ്മുക്ക് എന്തും നേരിടാനുള്ള ശക്തി തരുമെന്ന് എനിക്ക് മനസിലായി. എന്നെ വിശ്വസിച്ചവരാരും ആ സമയത്ത് സഹായത്തിന് ഉണ്ടായിരുന്നില്ലല്ലോ എന്ന വിഷമമുണ്ട്. ചില തെറ്റായ ധാരണകളുടെ പുറത്ത് എത്ര പെട്ടെന്നാ രാഷ്ട്രീയ ജീവിതം ഒക്കെ ഇല്ലാതായത്.

ആശ്വസിപ്പിക്കാന്‍ ഈ സമയത്ത് ആരും ഉണ്ടായിരുന്നില്ലെന്നാണോ?
ഞാന്‍ പ്രതീക്ഷിക്കാത്ത പലരുമാണ് എന്നെ ആശ്വസിപ്പിക്കാന്‍ ഉണ്ടായിരുന്നത്. പ്രതീക്ഷിച്ചവരെയൊന്നും കണ്ടതുമില്ല. സിനിമ മാധ്യമം സാഹിത്യം തുടങ്ങി എല്ലാ മേഖലയിലുള്ളവരും എന്നെ വിളിച്ച് ആശ്വസിപ്പിച്ചവരിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.