അജു വര്‍ഗീസ്
'ദൈവത്തിന്റെ ക്ലീറ്റസ്' എന്ന സിനിമ ചെയ്യുന്ന സമയം. എനിക്ക് ഒരു പ്രശ്നമുണ്ട്. ഞാന്‍ ഡയലോഗ് പറയുന്നത് വളരെ സ്പീഡിലാണ്. ആ വേഗത എങനെയെങ്കിലും കുറക്കണം. അതിനായി ഡയലോഗ് സാവധാനം പറയുന്നങ്ങനെയെന്ന് മമ്മൂക്ക എനിക്ക് പറഞ്ഞുതരികയാണ്. വളരെ രസകരമായാണ് അദ്ദേഹം അക്കാര്യം എന്നെ പഠിപ്പിക്കുന്നത്.
അജു ലഡു കഴിക്കാറില്ലേ ?
നല്ല മധുരമുള്ള ലഡു എങ്ങനെയാണ് കഴിക്കുക?
വളരെ പതിയെ അതിന്റെ മധുരം ആസ്വദിച്ച് നുണഞ്ഞിറക്കും. അല്ലേ ?
അതുപോലെയാണ് സിനിമയിലെ ഡയലോഗും. അത് വളരെ സാവധാനത്തില്‍ പറയുക. ലഡുവിന്റെ മധുരം അറിഞ്ഞ് കഴിക്കുന്നതുപോലെ ഡയലോഗിന്റെ അര്‍ത്ഥവും അറിഞ്ഞ് പറയുക
അതുപോലെ മറ്റൊരു അനുഭവം ലാല്സാറുമൊത്തുള്ളതാണ്.
ചിത്രത്തില്‍ ലാല്‍ സാറിന്റെ ഡയലോഗ് കഴിഞ്ഞ് ബാബുരാജ് സാറിന്റെ ഒരു ഡയലോഗുണ്ട്. അതു കഴിഞ്ഞാണ് എന്റെ ഡയലോഗ്. ഞാന്‍ പക്ഷേ ആ സമയം മറ്റെന്തോ ആക്ടിവിറ്റിയില്‍ മുഴുകിപ്പോയി.
അപ്പോള്‍ ലാല്‍സാര്‍ പെട്ടെന്ന് എന്നെ കാലു കൊണ്ടു തട്ടി. ഞാന്‍ ഡയലോഗ് പറഞ്ഞു.
അതു കഴിഞ്ഞ് വന്ന് എന്റെ ചെവിക്ക് പിടിച്ചിട്ടു പറഞ്ഞു.
ശ്രദ്ധിച്ചിരിക്കണം….
ഇതാണ് മലയാളസിനിമ. അല്ലെങ്കില്‍ പുതുതായി മലയാളസിനിമയിലേക്ക് വരുന്ന അഭിനേതാക്കള്‍ക്ക് ഇവിടെ നിന്ന് ലഭിക്കുന്ന വരവേല്‍പ്പ്. അത് ലാല്സാറിലോ മമ്മൂക്കയിലോ മാത്രം ഒതുങ്ങിനില്ക്കുന്നതല്ല. ഒപ്പം അഭിനയിക്കുന്ന സീനിയര്‍ നടന്മാര് മുതല്‍ ഛായാഗ്രാഹകര്‍ തുടങ്ങി സംവിധായകര്‍ വരെ ഇത്തരത്തില്‍ പുതുമുഖതാരങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നവരാണ്. ഇതില്‍ എടുത്തു പറയേണ്ട ഒന്ന് നെടുമുടി വേണുച്ചേട്ടനോടൊപ്പം അഭിനയിക്കുമ്പോഴുള്ള അനുഭവങ്ങളാണ്.
നെടുമുടിച്ചേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ അദ്ദേഹം നമ്മുടെ ഡയലോഗ് അഭിനയിച്ചു കാണിച്ചു തരും. അദ്ദേഹത്തിന് അതിന്റെയൊന്നും ആവശ്യമില്ല. എങ്കിലും ഞാന്‍ നന്നായി അഭിനയിക്കേണ്ടത് അദ്ദേഹത്തിന്റെ കൂടി ആവശ്യമാണ് എന്ന രീതിയിലാണത്. അതൊക്കെ വളരെ വലിയ അനുഭവപാഠങ്ങളാണ്.
ബിജു മേനോന് ചേട്ടന്, ജയസൂര്യ ചേട്ടന് അങ്ങനെ എല്ലാവരും സിനിമയിലേക്ക് കടന്നുവരുന്ന പുതുമുഖങ്ങളോട് വളരെ പോസിറ്റീവായാണ് ഇടപെടുക. നമ്മുടെ പരിചയക്കുറവ് മൂലം നമുക്ക് എന്തെങ്കിലും തെറ്റുകള്‍ സംഭവിക്കുമ്പോള്‍ ആരും ദേഷ്യപ്പെടാറില്ല. പകരം വളരെ ക്ഷമയോടെ ഓരോന്നും പറഞ്ഞുമനസിലാക്കിത്തരികയാണ് ചെയ്യുന്നത്. അത് എന്നോട് മാത്രമല്ല, എല്ലാ ജൂനിയര്‍ നടന്മാരോടും അവര്‍ അങ്ങിനെ തന്നെയാണ്.
അതുപോലെ സിനിമയുടെ സാങ്കേതികവശങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, സംവിധായകര്‍… ഒരു ഡയലോഗ് മറന്നുപോയാല്‍ റീടേക്കെടുക്കാന് ആര്‍ക്കും ഒരു പ്രശ്നവുമില്ല. നമ്മുടെ വിവരക്കേടുകള്‍ ക്ഷമിച്ച് റീടേക്കെടുക്കാനും നല്ലതാണെങ്കില്‍ അഭിനന്ദിക്കാനും സംവിധായകാരും മടിക്കാറില്ല.
ഇതൊക്കെ നമ്മളെ കെയര്‍ ചെയ്യുന്നതിന്റെ ഉദാഹരണങ്ങളാണ്.
സിനിമയിലേക്ക് പുതുതായി കടന്നുവരുന്ന ഒരാള്‍ക്ക് അത്ര വലിയൊരു സ്വാഗതമാണ് ഈ ശാസനയിലൂടെ, അധ്യാപനത്തിലൂടെ ഒക്കെ നമുക്ക് ലഭിക്കുന്നത്. ഒരിക്കലും പുതുതായി സിനിമയിലേക്കു വരുന്ന ഒരാള്‍ ഇങ്ങനെയൊന്നുമായിരിക്കില്ല സിനിമയെപ്പറ്റി ധരിച്ചു വെച്ചിരിക്കുക. വളരെ ഭയാശങ്കകളോടെയായിരിക്കും വരവ്. അങ്ങനെയുള്ളവരോട് എനിക്ക് പറയാനുള്ളത് ഇതാണ്
'നമ്മള് നന്നാകണമെന്നാഗ്രഹിക്കുന്നവര്‍ മാത്രമാണ് ഇവിടെയുള്ളത്. അതുകൊണ്ട് ആര്‍ക്കും ധൈര്യമായി മലയാളസിനിമയിലേക്ക് വരാം. ഞാന്‍ ഗാരണ്ടി'………….
Comments