കേരളത്തിലെ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയോടൊപ്പം ഓടിയെത്താന്‍ കഴിയുന്നില്ലന്ന് മുന്‍ മന്ത്രി പന്തളം സുധാകരന് അശ്വമേധത്തിനോട് പറഞ്ഞു
ഉമ്മന്‍ചാണ്ടി 24x7 പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ്. ഒരു അത്ഭുതപ്രതിഭാസം തന്നെയാണ് അദേഹത്തിന്റെ കഠിനാധ്വാനരീതി. കെ കരുണാകരനു ശേഷം കേരളം കണ്ട ഏറ്റവും പ്രതിഭാശാലിയായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി. എന്നാല്‍ മന്ത്രിമാര്‍ക്ക് അദ്ദഹത്തോടൊപ്പം ഓടിയെത്താന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മന്ത്രിമാര്‍ ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തണം. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇവിടെയുണ്ട്.യാതൊരു വിലക്കുകളും അവര്‍ക്കില്ല. മുഖ്യമന്ത്രിയുടെ എല്ലാവിധ സഹകരണവും അവര്‍ക്ക് ലഭിക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് തങ്ങള്‍ക്ക് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയാത്തത് എന്ന് ഓരോരുത്തരും സ്വയം വിലയിരുത്തല്‍ നടത്തണം. ഞാനും മന്ത്രിയയിട്ടുള്ള ആളാണ്. അതുകൊണ്ടും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായതു കൊണ്ടും വ്യക്തിപരമായി ഞാന്‍ ആരെയും കുറ്റം പറയുന്നില്ല. പക്ഷെ എല്ലാവരും മെച്ചപ്പെടെണ്ടാതുണ്ട് എന്നാണ് എന്റെ അഭിപ്രായം. വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുന്നു. വിപണിയില്‍ ഇടപെടലുകള്‍ നടത്താന്‍ ഇനിയും വൈകിക്കൂടാ.ധനകാര്യ മന്ത്രി മാണി സാര്‍ കൂടുതല്‍ പണം സിവില്‍ സപ്ലൈസ് കോര്പറേഷന് നല്‍കണം. എന്നാല്‍ കിട്ടിയ പണം പോലും കോര്പറേഷന് നന്നായി വിനിയോഗിച്ചില്ല എന്ന വാര്‍ത്തകളും മാധ്യമങ്ങളില്‍ കാണുന്നുണ്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അതിനു കാരണം. അവരെ നിയന്ത്രിക്കുകയും ജോലി ചെയ്യിക്കുകയും ചെയ്യേണ്ട വകുപ്പും വേണ്ടത്ര ഇടപെടലുകള്‍ നടത്തിയതായി കാണുന്നില്ല.ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കിനെ നിയന്ത്രിക്കേണ്ടത് മന്ത്രിമാരാണ്. പട്ടികജാതി വര്‍ഗ വകുപ്പിനെക്കുറിച്ചും നിരവധി ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. പി.കെ ജയലക്ഷ്മിയെ എനിക്ക് വ്യക്തിപരമായി പരിചയമില്ല. എങ്കിലും പുതിയതായി മന്ത്രിയാകുന്ന വ്യക്തിയെ സഹായിക്കേണ്ടതും വിജയിപ്പിക്കേണ്ടതും പേര്‍സണല്‍ സ്റ്റാഫ് ആണ്. ജയലക്ഷ്മിയുടെ പേര്‍സണല്‍ സ്റ്റാഫിന് അത് കഴിഞ്ഞില്ല. പല മന്ത്രിമാരുടെയും പേര്‍സണല്‍ സ്റ്റാഫിനെക്കുറിച്ച് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. പാര്‍ട്ടിയുടെ അനുയായികളെ മാത്രമല്ല കോണ്‍ഗ്രസ് പേര്‍സണല്‍ സ്റ്റാഫായി നിയമിക്കുന്നത്. പിന്നെ ചക്കയൊന്നുമല്ലല്ലോ ചൂഴ്ന്നു നോക്കാന്‍? കേരളത്തില്‍ ഭരണ സ്തംഭനം ഉണ്ടെന്നത് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണ്. ഒന്നിന് പുറകെ ഒന്നായി വിവാദങ്ങള്‍ ഉണ്ടാകുന്നതു കൊണ്ട് ചെയ്യുന്ന കാര്യങ്ങള്‍ക്ക് വേണ്ടത്ര മാധ്യമലാളനം ലഭിക്കുന്നില്ല എന്നേയുള്ളു. അശ്വമേധത്തിനു നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം
Comments