പിണറായി വിജയനേക്കാള്‍ എന്തുകൊണ്ടും ഭേദം ഉമ്മന്‍ചാണ്ടിയാണെന്ന് പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പി.സി.ജോര്‍ജ്. മനുഷ്യത്വവും ഹൃദയശുദ്ധിയുമുള്ള ആളാണ് ഉമ്മന്‍ചാണ്ടി. ദീനാനുകമ്പ കൂടുതലാണ്. പക്ഷേ പെണ്ണുങ്ങളൊക്കെ അടുത്തുവരുമ്പോള്‍ 'ഹി ഹി ഹി' എന്നു ചിരിച്ചതാണ് ഉമ്മന്‍ചാണ്ടിക്ക് പറ്റിയ തെറ്റെന്നും ജോര്‍ജ് പറഞ്ഞു.
''ഉമ്മന്‍ചാണ്ടി നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ തെറ്റാണ്. സരിതയുടെ കാര്യം തന്നെ ഉദാഹരണം. സരിതയ്ക്ക് ഇത്രയും സ്വാതന്ത്ര്യം നല്‍കാന്‍ പാടില്ലായിരുന്നു. സ്വന്തം ഭാര്യയോടോ മക്കളോടോ പോലും മിണ്ടാത്തയാളാണ് പിണറായി വിജയന്‍. അച്ഛന്‍ ഞങ്ങളെ സ്‌നേഹിച്ചിരുന്നു എന്നൊക്കെ ഇപ്പോള്‍ പിണറായിയുടെ മക്കള്‍ പറയുന്നുണ്ട്. അത് ഇമേജ് ബില്‍ഡിംഗിന് വേണ്ടിയാണ്. ആ വാക്കുകളില്‍ മറ്റൊരു സത്യവുമുണ്ട്. പിണറായി മക്കളെ മാത്രമേ സ്‌നേഹിച്ചിരുന്നുള്ളൂ. ഒരിക്കലും നാടിനെ സേവിച്ചിരുന്നില്ല എന്നുവേണം കരുതാന്‍.
അധികാരത്തില്‍ വരുന്നതിന് മുമ്പുതന്നെ സ്വന്തം ഇമേജ് ബില്‍ഡ് ചെയ്യാന്‍ ശ്രമിച്ചയാളാണ് നരേന്ദ്രമോഡി. അതേ പാതയാണ് പിണറായി വിജയനും പിന്തുടര്‍ന്നത്. കഴിഞ്ഞ രണ്ടരവര്‍ഷമായി അറുപതോളം ഇമേജ് ബില്‍ഡര്‍മാരെ പിണറായി ശമ്പളം കൊടുത്തുനിര്‍ത്തുകയായിരുന്നു. എന്നാല്‍ എത്രപേര്‍ ജോലി ചെയ്താലും വി.എസിന്റെ ഇമേജ് മോശമാവില്ല. മോഡി അദ്വനിയെ മൂലക്കിരുത്തിയ പോലെ പിണറായിയും വി.എസ്.അച്യുതാനന്ദനെ സൈഡാക്കി നിര്‍ത്തിയിരിക്കയാണ്. മുഖ്യമന്ത്രിയായ സ്ഥിതിക്ക് ഇമേജ് ബില്‍ഡര്‍മാര്‍ വി.എസിനെതിരെ നുണപ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞാചടങ്ങില്‍ കണ്ടത്. ഏതൊക്കെ സ്ഥാനങ്ങള്‍ വേണമെന്ന് ചോദിച്ചപ്പോള്‍, ഇന്നതൊക്കെ വേണമെന്ന് ഒരു പേപ്പറിലെഴുതി യെച്ചൂരിക്ക് നല്‍കുകയാണ് വി.എസ്.ചെയ്തത്.
അതിലെന്താണ് തെറ്റ്?
ഇപ്പോള്‍ എല്ലാ മാധ്യമങ്ങളും പിണറായിയുടെ പിറകിലാണ്. അവര്‍ക്ക് പുതിയൊരു ബിംബത്തെ കിട്ടിയിരിക്കുന്നു. വി.എസിനെ തകര്‍ക്കാന്‍ വേണ്ടി അവര്‍ പിണറായിക്ക് സ്വര്‍ണ്ണ പെയിന്റടിക്കുകയാണ്. ഫാരിസ് അബൂബക്കറിനെയും ചാക്ക് രാധാകൃഷ്ണനെയും വിമര്‍ശിച്ചതുകൊണ്ടാണ് താന്‍ പിണറായിയുടെ ശത്രുവായത്. ഈ മുതലാളിമാരൊക്കെ പിണറായിയുടെ വലംകൈകളാണ്. ജിഷ സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് പറയുന്ന പിണറായി, എന്തുകൊണ്ട് രമ സംഭവങ്ങളെക്കുറിച്ച് മിണ്ടുന്നില്ല?
ഇലക്ഷന്റെ തലേദിവസങ്ങളില്‍ കേരളാകോണ്‍ഗ്രസില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജിനെയും കൂട്ടരെയും അടര്‍ത്തിയെടുത്തത് പിണറായി ആണ്. 'പിണറായി സ്‌പോണ്‍സേഡ് കേരളാകോണ്‍ഗ്രസ്' എന്നാണ് ഞാന്‍ അവരെ വിളിക്കുന്നത്. എന്നിട്ട് അവരുടെ ഗതിയെന്തായി? മത്സരിച്ച നാലിടത്തും തോറ്റില്ലേ? എനിക്കെതിരെ മത്സരിച്ചിട്ട് കെട്ടിവച്ച കാശുപോലും കിട്ടിയില്ല. ഇത്രയും നാണക്കേട് വേറൊന്നുണ്ടോ? ഇക്കാര്യത്തില്‍ ക്ഷമ പറയാന്‍ പിണറായി തയ്യാറാവുമോ?
പിണറായി ഭരണത്തില്‍ റൗഡിസമാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. കേരളത്തിലുടനീളം എത്രയെത്ര അക്രമങ്ങളാണുണ്ടായത്. അഴിമതിയും അക്രമവുമില്ലാത്ത ഭരണമാണ് നയിക്കുന്നതെങ്കില്‍ പിണറായിയെ പിന്തുണയ്ക്കാം. പക്ഷെ എനിക്ക് പ്രതീക്ഷയില്ല. അല്ലെങ്കില്‍ എന്നും പ്രതിപക്ഷമായി പി.സി.ജോര്‍ജുണ്ടാവും, നിയമസഭയില്‍''
Comments