ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം
പ്രപഞ്ച സൃഷ്ടാവായ ദൈവം താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തിലെ സൗകര്യങ്ങളും, സമ്പന്നതകളുമെല്ലാം സ്വന്തമായുണ്ടായിരുന്നിട്ടും സ്വയം ശൂന്യനാക്കി ദാസരൂപം സ്വീകരിച്ചുകൊണ്ട് ഭൂമിയില്‍
മനുഷ്യാവതാരം ചെയ്തു. കുറുനരികള്‍ക്കു കൂടുകളും പറവകള്‍ക്ക് ആകാശവുമുണ്ടെങ്കിലും മനുഷ്യപുത്രനു തലചായ്ക്കാന്‍ സ്വന്തമായി ഒരിടം ഇല്ലാത്തവനായി താഴ്മയുടെയും, വിനയത്തിന്റെയും, ലാളിത്യത്തിന്റെയും ആള്‍രൂപമായി ദൈവപുത്രന്‍ കാലിത്തൊഴുത്തില്‍ പിറന്നു. എല്ലാം ഉള്ളവനായിരുന്നിട്ടും തന്റെ ജനനത്തിലും, ജീവിതത്തിലും, മരണത്തിലും യേശുക്രിസ്തു പരമദരിദ്രനായി ജീവിച്ചു. ഒന്നും സ്വന്തമായി ഇല്ലാത്തവന്‍ .. എല്ലാം കടം വാങ്ങിയത് ..
കടം വാങ്ങിയ മാതൃഉദരം ..
തനിക്കു ജനിക്കുവാന്‍ കടം വാങ്ങിയ കാലിത്തൊഴുത്ത്..
കടം വാങ്ങിയ പുസ്തകം വാങ്ങിവയിച്ചു കഫര്‍ണഹോമില്‍ അഭ്യസനം നടത്തി .
കടം വാങ്ങിയ വഞ്ചിയില്‍ യാത്ര ..
ബാലന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ അപ്പം കൊണ്ട് അകേര്‍ക്ക് വിശപ്പടക്കി ..
കടം വാങ്ങിയ കഴുതകുട്ടി..
സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ല
ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് ..സത്രങ്ങളില്‍ നിന്ന് സത്രങ്ങളിലേക്ക് ..
മരുഭൂമികളിലൂടെ നീണ്ട യാത്രകള്‍..
കടം വാങ്ങിയ മാളിക മുറിയില്‍ അന്ത്യഅത്താഴം
കടം വാങ്ങിയ ബറബാസിന്റെ കുരിശില്‍ തൂക്കപ്പെട്ടു
കടം വാങ്ങിയ കല്ലറയില്‍ അടക്കപ്പെട്ടു.
ഇവയുടെയെല്ലാം തന്റെ ലളിതജീവിതം ആന്തരികമായ സ്വാതന്ത്ര്യമാണ് എന്ന് താന്‍ ശിഷ്യര്‍ക്ക് കാട്ടിക്കൊടുത്തു. അധികാരത്തോടോ, അംഗീകാരത്തോടോ, സമ്പത്തിനോടോ, സ്വന്തം ജീവനോടു പോലുമോ അടിമപ്പെടാതെ അത്യാവശ്യമായതു മാത്രം മതി എന്നു തീരുമാനിച്ചുകൊണ്ട്, അതിനപ്പുറത്തുള്ളവയില്‍ അള്ളിപ്പിടിക്കാനോ, ഒട്ടിപ്പിടിക്കാനോ സ്വയം അനുവദിക്കാതിരിക്കുന്ന ഉള്ളിന്റെ സ്വാതന്ത്ര്യമനുഭവിച്ചുകൊണ്ട് യഥാര്‍ത്ഥ ആന്തരിക സ്വാതന്ത്ര്യം പരിധികളില്ലാതെ സ്നേഹിക്കാനുള്ള കഴിവാണ് എന്ന് യേശുക്രിസ്തു തന്റെ ജീവിതത്തിലൂടെ മാനവകുലത്തിനു കാട്ടിക്കൊടുത്തു. തികച്ചും ലളിതങ്ങളായ ജീവിതശൈലിയിലൂടെ വയലും, വീടും കടല്‍തീരവും, കുന്നിന്‍ചെരിവുകളും തന്റെ പ്രബോധനവേദികളാക്കികൊണ്ട് അനുദിനജീവിതത്തിന്റെ ഭാഗമായ പുളിമാവും, വീഞ്ഞുഭരണികളും എണ്ണവിളക്കുകളും, മുറുവിലൊഴിക്കുന്ന എണ്ണയും, പാടത്തു മുളക്കുന്ന വിത്തുകളും, കടുകുമണിയും, ആകാശത്തിലെ പറവകളും എല്ലാം തന്റെ വചനപ്രഘോഷണത്തിന്റെ ഭാഗമാക്കികൊണ്ട് നിശ്ചയദാര്‍ഢ്യത്തോടും തികഞ്ഞ ദൗത്യബോധത്തോടുംകൂടി യേശുക്രിസ്തു കാട്ടിക്കൊടുത്ത ജീവിതരീതി ലളിതവും ജീവിതസ്പര്‍ശിയുമായി ദൈവജനത്തിന് അനുഭവപ്പെട്ടു.
എന്നാല്‍ ഇന്ന് നമ്മുടെ ജീവിത ശൈലിയും ആരാധനാലയങ്ങളും സമ്പത്തിന്റെ പ്രൗഢിയെ ധ്വനിപ്പിക്കുന്ന വേദികളായി മാറ്റിയിരിക്കുന്നു. ദൈവപുത്രന്‍ ലോകത്തില്‍ അവതരിച്ചത് കൊട്ടാരത്തിലെ മായികലോകത്തിലല്ല മറിച്ചു കേവലം കാലിത്തൊഴുത്തിലാണ്. തന്റെ ഉന്നതസ്ഥാനത്തെ പ്രദര്‍ശിപ്പിക്കുന്നതിന്, പ്രൗഢിയും ആഡംബരവും അവിടുന്നു സ്വീകരിച്ചില്ല. മനുഷ്യനെ ദൈവത്തിങ്കലേയ്ക്ക് ഉയര്‍ത്തുന്നതിന് ഉപകരിക്കുംവിധത്തില്‍ പണിയപ്പെടേണ്ട പ്രാര്‍ഥനാലയങ്ങള്‍ കാഴ്ചസ്ഥലങ്ങളായി മാറിയിരിക്കുന്നു എന്നത് സത്യമാണ്. അവിടെ തങ്കസിംഹാസനങ്ങളും കൊത്തുപണികളും, രൂപക്കൂടുകളും, സ്വര്‍ണകോടിമരങ്ങളുമെല്ലാം കേവലം കാഴ്ചവസ്തുക്കളായി മാറുന്നു. സമ്പത്തിന്റെ പ്രകടനത്തിലല്ല, ക്രൈസ്തവമായ ലാളിത്യത്തിന്റെ താളലയത്തിലായിരിക്കണം നാം അഭിമാനംകൊള്ളേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇന്ന്, നമ്മുടെ പള്ളിയും പള്ളിയകവും സമ്പത്തിന്റെയും കരവിരുതിന്റെയും പ്രദര്‍ശനശാലകളായി മാറുന്നു. എല്ലാം ഒരു കാഴ്ചവസ്തുവായി മാറ്റുന്നു.
ദേവാലയത്തെ കച്ചവടസ്ഥലമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന സദുക്യരുടെ നേര്‍ക്ക് യേശുക്രിസ്തു ചാട്ടവാറെടുത്തു. കല്ലിന്മേല്‍ കല്ലുശേഷിക്കാതെ യറുസലേം ദേവാലയം തകര്‍ന്നടിയും എന്ന യേശുക്രിസ്തുവിന്റെ ശാസന ആഡംബരത്തിലും കച്ചവടമനോഭാവത്തിലും ഊന്നിയുള്ള അജപാലനപ്രവര്‍ത്തനങ്ങളുടെ അന്ത്യമെങ്ങനെയായിരിക്കും എന്ന താക്കീതാണെന്നു ഓര്‍ത്താല്‍ നന്ന്. വിശുദ്ധ വേദപുസ്തകത്തില്‍ ലാളിത്യം എന്നതിന് ഉപയോഗിച്ചിരിക്കുന്ന ''ഹപ്ലോതെസ്'' എന്ന ഗ്രീക്കുപദം ആണ്. ഇത് പങ്കുവയ്ക്കലിന്റെ ലാളിത്യത്തെയാണ് അവതരിപ്പിക്കുന്നത്. ആദിമസഭയുടെ ജീവിതശൈലിയെ ഏറ്റവും മനോഹരമായി അവതരിപ്പിക്കുന്ന പദമാണിത്. വിശ്വസിച്ചവര്‍ എല്ലാവരും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായി കരുതുകയും, ഏക മനസ്സോടെ ദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനം തോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടുംകൂടെ ആരാധനയില്‍ പങ്കുചേരുകയും ചെയ്തിരുന്നു.
ഒരാളുടെ വസ്ത്രധാരണത്തിലും, ജീവിതശൈലിയിലും, ഭവനത്തിലുമാണ് സമൃദ്ധിയുടെ പ്രതിഫലനം ദൃശ്യമാകുന്നത്. എന്നാല്‍ ഇന്ന് സഭയുടെ സാമ്പത്തികശക്തി പ്രതിഫലിക്കുന്നത് പള്ളി പണിയിലാണ്. പഴയ പള്ളികള്‍ പൊളിച്ചുപണിയാനുള്ള വ്യഗ്രത എങ്ങും ഏറിവരുന്നു. ഒരുകാലത്തു മനോഹരമായി പണിത ദേവാലയങ്ങള്‍, ഇന്നത്തെ പുരോഗമന ചന്താഗതിക്കു പറ്റിയതല്ലാ എന്ന തോന്നല്‍, അവയൊക്കെ പൊളിച്ചുകളഞ്ഞിട്ട്, അത്യന്താധുനിക രീതിയില്‍ സിമന്റു,കമ്പി,തടി കൂനകളുടെ കൂമ്പാരങ്ങളായി, പലപ്പോഴും ദൈവം വസിക്കുന്ന ആലയമാണെന്നുപോലും തിരിച്ചറിയാന്‍ പാടില്ലാത്ത രീതിയില്‍ ദേവാലയങ്ങള്‍ പണിയുന്നതിന് നെട്ടോട്ടമാണെവിടെയും. പരിശുദ്ധ റൂഹായാല്‍ ആത്മീയനല്‍വരം ലഭിച്ച ശിഷ്യന്മാരാരും ഇത്തരത്തിലുള്ള പള്ളിപണിയിക്കാന്‍ ആഹ്വാനം ചെയ്തതായി കാണുന്നില്ല. ദൈവപുത്രന് പടുകൂറ്റന്‍ ആലയങ്ങള്‍ പണിത് ഊറ്റം കൊള്ളുവാനല്ല അവര്‍ തങ്ങളില്‍ അര്‍പ്പിതമായിരിരുന്ന കടമയേ വിനിയോഗിച്ചത്. നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നിച്ചുകൂടുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരിക്കുമെന്നാണ് യേശുക്രിസ്തു അരുളിച്ചെയ്തത്.
കേരളത്തില്‍ ക്രൈസ്തവരുടെ അംഗസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതുകൊണ്ടാണോ വമ്പന്‍ ദേവാലയങ്ങള്‍ പണിതുയര്‍ത്തുന്നത് എന്ന ചോദ്യം ഉയരുന്നു? 2011 -ലെ സെന്‍സസ് രേഖകള്‍ പ്രകാരം കേരളത്തിലെ ക്രൈസ്തവരുടെ എണ്ണം 18 ശതമാനമായി കുറഞ്ഞതായി കാണുന്നു. ജനനനിരക്കാവട്ടെ ക്രൈസ്തവരുടേതാണ് ഏറ്റവും കുറവ്(15.41). ഉന്നത വിദ്യാഭ്യാസം നേടുന്നവരൊക്കെ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്യുന്നു. ചിലപ്പോള്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ നടവരവുണ്ടാകാം. അത് മുഴുവന്‍ കല്ലും,സിമന്റും, കമ്പിയുമായിട്ട് മാറ്റേണ്ടതാണെന്ന് തീരുമാനമെടുക്കുന്നത് ആരാണ്? സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരെ, കടബാധ്യതകളില്‍ പെട്ട് ഉഴലുന്നവരെ സഹായിക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാത്തതെന്തുകൊണ്ട് എന്ന ചോദ്യം ഇവിടെ ബാക്കിയാകുന്നു?
ഇന്ന് എവിടെ പള്ളിയുണ്ടോ അവിടൊക്കെ ഒന്നിലധികം കുരിശടികളും നേര്‍ച്ചപെട്ടികളും, കല്‍വിളക്കുകളും, സ്വര്‍ണ കൊടിമരങ്ങളും പ്രതിഷ്ഠിക്കപ്പെടുന്നു. നിറപ്പകിട്ടാര്‍ന്ന ഘോഷയാത്രകളിലൂടെയും, പെരുന്നാള്‍ ആഘോഷങ്ങളുടെയും, വെടിക്കെട്ടുകളുടെയും മാസ്മരികതയില്‍ സായൂജ്യമടയുവാന്‍ ശ്രമിക്കുന്ന പുതുപുത്തന്‍ ആധ്യാത്മികത.
ഒരിക്കല്‍ വായിച്ച കഥ ഇവിടെ ഓര്‍ക്കുന്നത് ഉചിതമായിരിക്കും. ഒരിക്കല്‍ സാത്താന്‍ ദൈവത്തോടുപറഞ്ഞു 'അങ്ങേയുടെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള മതങ്ങളും
സ്ഥാപനങ്ങളും, പ്രസ്ഥാനങ്ങളുമില്ലാതിരുന്നെങ്കില്‍ ലോകത്തില്‍ ദാരിദ്ര്യവും അസമത്വവും
കുറെയൊക്കെ ഇല്ലാതാകുമായിരുന്നു.' ദൈവം ചോദിച്ചു - 'സാത്താനെ നീ എന്താണ് അങ്ങനെ പറഞ്ഞത് ? സാത്താന്‍ മറുപടി പറഞ്ഞു; 'അങ്ങ് എന്റെകൂടെ വരാമെങ്കില്‍ ഞാന്‍ ചിലതു കാട്ടിത്തരാം'. സാത്താന്‍ ദൈവത്തെ സോമാലിയയിലെ വിശന്നുവലഞ്ഞ പട്ടിണിക്കോലങ്ങളെ കാണിച്ചു. നിരവധി ചേരിപ്രദേശങ്ങളും, സിറയയിലെയും ഇറാക്കിലെയും, നൈജീരിയയിലെയും, ഇങ്ങു അട്ടപ്പാടിയിലെയും പട്ടിണിമരണങ്ങളും, വയനാട്ടിലെയും ഇടുക്കിയിലെയും ആത്മഹത്യചെയ്ത കര്‍ഷക കുടുംബങ്ങളെയും കാണിച്ചു കൊടുത്തു. ഇതെല്ലാം കണ്ട് അത്ഭുതപ്പെട്ട ദൈവം ചോദിച്ചു. ' ലോകത്ത് എല്ലാവര്‍ക്കും കഴിയാനുള്ള സമ്പത്ത് ഞാന്‍ ആവശ്യംപോലെ സൃഷ്ട്ടിച്ചു നല്കിയതാണല്ലോ അതെവിടെ?'. സാത്താന്റെ മറുപടി ഇതായിരുന്നു ' അത് ചില ക്ഷേത്രങ്ങളിലെ ഭൂഗര്‍ഭ അറകളിലേക്കും, പള്ളികളിലെ ഭണ്ഡാരപ്പെട്ടികളിലേക്കും, സമുദായ നേതാക്കന്മാരുടെ കൊട്ടാരങ്ങളിലേക്കും,. അഴിമതിയില്‍ കുളിച്ച രഷ്ട്രീയ നേതാന്ക്കന്മാരുടെ അന്തപുരങ്ങളിലേക്കും, സ്വാശ്രയകോളോജ് മുതലാളന്മാരുടെയും, ഭക്തിവ്യാപാരികളുടെയും, ബ്ലയിഡ് കമ്പനിക്കാരുടെയും, മദ്യലോബികളുടെയും ലോക്കറുകളിലേക്കും കുന്നുകൂട്ടിയിരിക്കുന്നത് അങ്ങ് കാണുന്നില്ലേ? അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ഈ മതങ്ങളും, സംഘടനകളും, രാഷ്ട്രീയ പാര്‍ട്ടികളും ഇല്ലാതിരുന്നെങ്കില്‍ ലോകത്ത് ദാരിദ്ര്യം ഉണ്ടാകുമായിരുന്നില്ല എന്ന്.
ദൈവത്തെ ആരധിക്കാനാണോ അതോ ഒരൊ മതത്തിന്റെയും അന്തസ്സ് ഉയരത്തി കാണിക്കാന്‍ വേണ്ടിയാണോ ഈ കോടികള്‍ സ്വരുക്കൂട്ടി വച്ചിരിക്കുന്നത് ? നിധിയൊളിച്ചുവച്ചിരിക്കുന്ന അനന്തപദ്മനാഭന്റെ നിലവറകള്‍ തുറന്നപ്പോള്‍ ഈ ലോകം അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിച്ചുപോയി. കോടതി ഉത്തരവ് പ്രകാരം ക്ഷേത്രത്തിലെ ആറ് രഹസ്യ നിലവറകളില്‍ നാലെണ്ണം തുറന്ന് പരിശോധിച്ചപ്പോള്‍ കണ്ടത് സ്വര്‍ണക്കീരിടവും രത്നങ്ങളുമടക്കം ഏകദേശം ഒന്നേകാല്‍ ലക്ഷം കോടിയോളം രൂപ വിലമതിക്കുന്ന വിസ്മയിപ്പിയ്ക്കുന്ന നിധിക്കൂമ്പാരം. ഇതുവരെ തുറന്നിട്ടില്ലാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിന് എതിരാണെന്നായിരുന്നു നിലവറ തുറക്കുന്നതിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടിയത്. ദേവഹിതം നേരിട്ട് ചോദിച്ച് മനസ്സിലാക്കിയതുപോലെയാണ് ചിലര്‍ ഈ പ്രശ്നത്തോട് പ്രതികരിക്കുന്നത്. എന്നാല്‍ ഇതിന് മുമ്പ്, ബി നിലവറ തുറന്നപ്പോള്‍ ആരും ദേവഹിതം ചോദിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. അപ്പോള്‍ പ്രശ്‌നം ദേവഹിതമല്ല, വ്യക്തിഹിതമാണെന്ന് വ്യക്തം. രാജഭരണകാലത്തെ നിധികുംബങ്ങള്‍ ജനാതിപത്യ സംവിധാനത്തില്‍ സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. രാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അത് മുതല്‍ക്കൂട്ടാകണം, ഒപ്പം രാജഭരണകാലത്തെ നിഷ്ടൂരതകള്‍ക്ക് അതാകട്ടെ പ്രായശ്ചിത്യം.
കേവലം രണ്ടോ മൂന്നോ പേര്‍ക്ക് താമസിക്കുവാന്‍ വേണ്ടി പണിതുയര്‍ത്തിയ കോടികളുടെ കണക്കുകള്‍ പറയുന്ന അരമനകളില്‍ ചിലതെങ്കിലും ആളനക്കമില്ലാതെ മാറാലകള്‍പിടിച്ചു അസ്ഥികഷണങ്ങളായി വിലപിക്കുന്നു. ചേലയില്‍ക്കൂടിയവരും, കത്തങ്ങളും, ചില സംരംഭകരും കൈകോര്‍ത്ത് കൊട്ടാരസൗധങ്ങളും, ഫ്‌ലാറ്റ് സമുച്ചയങ്ങളും, റീയല്‍എസ്റ്റേറ്റ് സംരംഭങ്ങളും പണിതുയര്‍ത്തുവാന്‍ ശ്രമിക്കുമ്പോള്‍ ഉള്‍ക്കാഴ്ച നഷ്ടമാക്കിയ പദികന്റെ മുഖമാണ് ഓര്‍മ്മയില്‍ ഊളിയിട്ടു വരുന്നത്. അവിടെ മനസ്സിലെവിടെയോ ഒരു തേങ്ങല്‍ മാത്രം ബാക്കിയാകുന്നു. മോഹങ്ങളുടെ പര്‍ണശാലയില്‍ പണിതുയര്‍ത്തിയ അരമനകെട്ടിടങ്ങളില്‍ ചിലതെങ്കിലും ഇന്ന് അനാഥമായി കിടക്കുന്നതു കാണുമ്പോള്‍ ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നു? എന്തിനു വേണ്ടിയായിരുന്നു ഇവയൊക്കെ?
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വരുന്ന ഭാരിച്ച ചിലവ് കൊടുക്കാന്‍വേണ്ടി മാത്രം വിധിക്കപ്പെട്ടവരായ പാവം ജനങ്ങളില്‍ നിന്ന് നിര്‍ബന്ധിച്ചു പിരിചെടുക്കും. ഇവിടെ ഭവന രഹിതരും, രോഗികളും അനാഥരുമായവരുടെ കണ്ണുനീര്‍ നാം കാണാതെ പോകരുത്. ആരെങ്കിലും ചോദിക്കുന്ന വരി കൊടുക്കാതെ ബാക്കിവെച്ചാല്‍ അത് കുടിശ്ശിക കണക്കിലെഴുതിവെക്കും. പിന്നീട് കൂദാശകള്‍ നടത്തികിട്ടുന്നതിനുള്ള അവസരത്തില്‍ നിര്‍ബന്ധമായി പിരിച്ചെടുക്കും. ഇത് ദൈവീകനീതിയയാണോ എന്ന് സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു. ഉള്ളവര്‍ നല്‍കട്ടെ. സാധാരണക്കാര്‍ക്ക് പലപ്പോഴും താങ്ങാനാവാത്ത തുകയാണ് ചില മൊത്തക്കച്ചവടക്കാര്‍ ആവശ്യപെടുന്നത്. വര്‍ഷത്തിലിരിക്കല്‍ മാത്രം കോടി ഉയര്‍ത്തുന്നതിനുവേണ്ടി ലക്ഷങ്ങള്‍ മുടക്കി പണിതുയര്‍ത്തുന്ന സ്വര്‍ണകൊടിമരങ്ങള്‍ ഇന്ന് കേരളത്തിലെ ആരാധനാലയങ്ങളില്‍ സര്‍വസാധാരണമായിട്ടുണ്ട്.
ഒരുവശത്ത് കോടികള്‍ ചിലവാക്കി ക്രൈസ്തവര്‍ ദേവാലയം പുതുക്കി പണിയുമ്പോള്‍ അതിനെക്കാള്‍ മികച്ച ദേവാലയങ്ങള്‍ പണിയാനുള്ള മത്സരബുദ്ധി ഇതരമതസ്ഥര്‍ക്കുണ്ടാകുന്നത് സ്വാഭാവികം മാത്രം. അങ്ങനെ അനാവശ്യമായ ഒരു മത്സരം മതങ്ങള്‍ തമ്മിലുണ്ടാകും. തല്ഫലമായി, സമൂഹത്തിനു പ്രയോജനപ്പെടെണ്ട കോടികള്‍ പഴായിപ്പോകും. തിരുത്തലുകള്‍ ആവശ്യമെന്നു മനസ്സ് മന്ത്രിക്കുന്നെങ്കില്‍ താമസം അരുതേ..!
Comments