You are Here : Home / അഭിമുഖം

ന്യൂയോര്‍ക്ക് മാരത്തോണില്‍ അഭിമാനമായി സിറില്‍ ജോസ്

Text Size  

Story Dated: Friday, November 10, 2017 12:12 hrs UTC

 

KORASON

 

 

'ഓടുന്നത് ഹരമാണ്, എല്ലാ ഓട്ടത്തിനും ഒരു അവസാനം ഉണ്ടല്ലോ, ആ ഓട്ടത്തിനിനൊടുവിലെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല ,അതില്‍ കവിഞ്ഞ സംതൃപ്തി ഒന്നിനും കിട്ടില്ല', എന്തിനാണ് ഓടുന്നത് എന്ന് ചോദിച്ചപ്പോള്‍ സിറില്‍ ജോസ് പ്രതികരിച്ചു. നവംബര്‍ അഞ്ചാം തീയതി നടന്ന ന്യൂ യോര്‍ക്ക് മാരത്തോണില്‍ 4 മണിക്കൂര്‍ 34 മിനുട്ട് 13 സെക്കന്റ് കൊണ്ട് 26.219 മൈല്‍ നീളമുള്ള പാത ഓടി തീര്‍ത്ത സിറില്‍, നൂറിലേറെ രാജ്യങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത അന്‍പതിനായിരം ഓട്ടക്കാരില്‍ ഒരാളായി മാറിയപ്പോള്‍ അമേരിക്കന്‍ മലയാളികളുടെ ചരിത്ര പുസ്തകത്തില്‍ ഒരു പുത്തന്‍ അദ്ധ്യായമാണ് സിറില്‍ എഴുതിച്ചേര്‍ത്ത്. വരസോണാ ബ്രിഡ്ജില്‍ നിന്നും ആരംഭിച്ചു സെന്‍ട്രല്‍ പാര്‍ക്കില്‍ അവസാനിക്കുന്ന , 26 .219 മൈലുകള്‍ ദൈര്‍ഘ്യമുള്ള ന്യൂ യോര്‍ക്ക് മാരത്തോണ്‍ ലോകത്തിലെ 6 പ്രധാനപ്പെട്ട ദീര്‍ഘ ദൂര മാരത്തോണ്‍ ഓട്ടങ്ങളില്‍ ഒന്നാണ്.

 

 

ഒരു ലക്ഷത്തോളം മികച്ച ഓട്ടക്കാരില്‍ നിന്നും ലോട്ടറി വഴി തിരഞ്ഞെടുക്കപ്പെട്ട 50,766 പേരാണ് ഈ മാരത്തോണില്‍ പങ്കെടുത്തത്. 139 രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലെ 50 സംസ്ഥാങ്ങളില്‍നിന്നും ഉള്ള ഓട്ടക്കാരില്‍, 82 വയസുള്ള മാന്‍ഫ്രഡ് റിട്ടെരും( 5 :25 :27 )ഉണ്ടായിരുന്നു. 47 വര്ഷം മുന്‍പ് ആരംഭിച്ച ഈ ആഗോള ഓട്ട പൂരം ഫിനിഷിങ് ലൈനില്‍ എത്തുമ്പോള്‍ മില്യണ്‍ കണക്കിന് ആളുകളാണ് കാണികളായി വരുന്നത്. വനിതകള്‍ക്കും വീല്‍ചെയര്‍ ഓട്ടക്കാര്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടത്തപ്പെടുന്നുണ്ട്. കെനിയക്കാരന്‍ ജോഫ്രെ കംവേറൊര് 2 മണിക്കൂര്‍ 10 മിനിട്ട് 53 സെക്കന്റുകൊണ്ട് ഫിനിഷ് ചെയ്താണ് ഇത്തവണ ഒന്നാം സ്ഥാനത്തു എത്തിയത്. അമേരിക്കക്കാരി ഷാള്‍ലനെ ഫ്‌ളാനഗന്‍ വനിതാ വിഭാഗത്തില്‍ 2 മണിക്കൂര്‍ 26 മിനിറ്റ് 53 സെക്കന്റില്‍ ഒന്നാം സ്ഥാനത്തില്‍ എത്തി. മലയാളി അമേരിക്കയില്‍ എന്നും, എന്തിനും ഓട്ടമാണ്, അവനു ഓടാതെ പറ്റില്ലല്ലോ. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ അവനു പെടാപ്പാടാണ്. എന്നാല്‍, ഏറ്റവും തിരക്കുപിടിച്ച ന്യൂയോര്‍ക്ക് ജീവിതത്തില്‍ ഓട്ടം ഒരു ആഭിനിവേശമായി കൊണ്ടുനടക്കാന്‍ അധികം പേര്‍ക്കും സാധിക്കില്ല. ജീവിത സാഹചര്യങ്ങളുടെ പൊല്ലാപ്പുകള്‍ക്കിടയിലും നിതാന്ത ജാഗ്രതയോടെ, ക്ഷമയോടെ, അധ്വാനത്തോടെ ഒരു അഭിനിവേശത്തെ പുണരാന്‍ ഒരു വ്യക്തി എന്ന നിലയില്‍ സിറില്‍ കാട്ടുന്ന ഔചിത്യം പ്രശംസനീയമാണ്.

 

 

 

ദിവസവും ഒരു മണിക്കൂര്‍ നടക്കണം എന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചാല്‍ പോലും, മഴ, വെയില്‍, മഞ്ഞു , കാറ്റ് ഒക്കെ പറഞ്ഞു രക്ഷപെടാന്‍ ശ്രമിക്കുന്ന സാധാരണ മലയാളികളില്‍ നിന്നും വിഭിന്നനാണ് അദ്ദേഹം എന്ന് തെളിയിച്ചു കഴിഞ്ഞു. അവാര്‍ഡോ പ്രശസ്തിയോ പ്രതിഫലമോ എന്തെങ്കിലും കിട്ടും എന്ന് ഉറപ്പില്ലാതെ ഒരു കാര്യത്തിനും ഇറങ്ങിപുറപ്പെടാത്ത സാധാരണ അമേരിക്കന്‍ മലയാളി, ഇത്തരം ഒരു സാഹചര്യത്തെക്കുറിച്ചു ചിന്തിക്കാന്‌പോലും മിനക്കെടാറില്ല. എന്നാല്‍ തന്റെ കുടുംബവും ചുരുക്കം ചില സുഹൃത്തുക്കളും നല്‍കുന്ന ഊര്‍ജ്ജം മാത്രം കൈമുതലാക്കി ഇത്തരം ഒരു സാഹസത്തിനു സിറിലിനെ പ്രേരിപ്പിച്ചത്, സെപ്തംബര് പതിനൊന്നിന്റെ നോവിക്കുന്ന ഓര്‍മ്മകള്‍ കൂടിയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നു വീഴുന്നത് തന്റെ ഓഫീസില്‍ നിന്ന് നേരിട്ട് കണ്ടതാണ്, ആ കറുത്ത ദിനങ്ങളില്‍ നിന്നും ഒരു രക്ഷപെടല്‍ എന്ന നിലയില്‍ കൂടെ ജോലി ചെയ്യുന്ന ചിലരോടൊപ്പം ചേര്‍ന്ന് ഓഫീസിനടുത്തുള്ള ഒരു ജിമ്മില്‍(GYM) ചേര്‍ന്നു. എന്തോ കാരണത്തില്‍ അത് അടച്ചു, പിന്നെ പതുക്കെ ഓട്ടത്തിലേക്കു നീങ്ങി. ജോലിക്കു ഇടയിലെ ചെറിയ ഓട്ടങ്ങള്‍, അതിരാവിലെ അഞ്ചു മണിക്ക് ആക്കിത്തുടങ്ങി. ന്യൂ യോര്‍ക്ക് സിറ്റിയുടെ ഭാഗമായ കോണി ഐലന്‍ഡ് ബീച്ചിലൂടെ പ്രഭാത സൂര്യനെ പുണര്‍ന്നുള്ള ഓട്ടം ഗൗരവമായ ഒരു വിനോദമാക്കി മാറ്റി. കൊടും തണുപ്പുള്ള പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും മുടങ്ങാതെ ഓടാന്‍ തുടങ്ങിയപ്പോള്‍, തന്റെ സഹധര്‍മിണി ടെസ്സിമോള്‍ ഒപ്പം കൂട്ടുചേര്‍ന്നു അങ്ങനെ അത് ഒരു കുടുംബ വിനോദമായി മാറി. കഴിഞ്ഞ രണ്ടു വര്ഷം നീണ്ട തയ്യാറെടുപ്പുകള്‍, അതിനിടെ ലോസ് ആഞ്ചലോസ് മാരത്തോണ്‍ , ഹാര്‍ട്ട്‌ഫോര്‍ഡ് മാരത്തോണ്‍, ന്യൂ ജേഴ്സി ഡിഅത്ലണ്‍, ട്രൈഅത്ലണ്‍ , വെര്‍മോണ്ട് സിറ്റി മാരത്തോണ്‍, ന്യൂ ജേഴ്സി മാരത്തോണ്‍, ഫിലാഡല്‍ഫിയ മാരത്തോണ്‍ ബ്രുക് ലിന്‍ ഹാഫ് മാരത്തോണ്‍ തുടങ്ങി എത്ര വലുതും ചെറുതുമായ ഓട്ടങ്ങള്‍ !

 

 

അതിനിടെ വീട്ടില്‍നിന്നും ജോലിക്കു പോകുന്ന പതിനൊന്നു മൈല്‍ ദൂരം സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങി , കഴിഞ്ഞ മാര്‍ച്ചുമാസം മുതല്‍ ദിവസവും അങ്ങനെ ഇരുപത്തിരണ്ടു മൈലില്‍ കൂടുതല്‍ സൈക്കിള്‍ ചവിട്ടലും, സ്ഥിരമായ ഓട്ടങ്ങളും ഒരു തപസ്സുപോലെ തുടര്‍ന്നത് എന്തെങ്കിലും ഒരു നിലയില്‍ ഓട്ടക്കാരനായി അറിയപ്പെടാന്‍ ആഗ്രഹമുണ്ടായിട്ടല്ല. അതിനിടെ പള്ളിയിലെയും കമ്മ്യൂണിറ്റി ക്ലബ്ബിന്റെയും ചുമതലകള്‍, ജോലി നോക്കുന്ന ന്യൂ യോര്‍ക്ക് സിറ്റി ഹൌസിംഗ് അതോറിറ്റിയുടെ അക്കൗണ്ടിംഗ് ഉത്തരവാദിത്തങ്ങള്‍, തുടങ്ങിയ ഒരു കാരണവും തന്റെ നിശ്ചയ ദാര്‍ഢ്യ ത്തിനു മുന്‍പില്‍ വിലങ്ങുതടി ആയില്ല. തന്റെയുള്ളിലെ ഒരു ഓട്ടക്കാരന്‍ മത്സരത്തിന് ഒരുങ്ങിയത് 2015- ല്‍ പത്രണ്ടു് കൂട്ടുകാര്‍ ചേര്‍ന്ന് റാഗ്‌നേര്‍ റിലേ റേസില്‍ പങ്കെടുത്തതോടുകൂടിയാണ്. അപ്പോള്‍ തുടങ്ങിയ ഓട്ടക്കാരുടെ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പ് നിരവധി മികച്ച ഓട്ടക്കാരോടോത്തു ഓടാന്‍ അവസരം നല്‍കി. അങ്ങനെ ഓട്ടക്കാരുടെ ഒരു മായാലോകത്തേക്കു അറിയാതെ എത്തിച്ചേരുകയായിരുന്നു. മികച്ച മാരത്തോണ്‍ ഓട്ടക്കാരനായ ജെയിംസ് മാത്യു തടത്തില്‍, തന്റെ 'റണ്ണിങ് ഈസ് ഔര്‍ തെറാപ്പി ' എന്ന ടീമില്‍ ഉള്‍പ്പെടുത്തി 200 മൈല്‍ റിലേ ഓടാന്‍ പോയത് ഒരു പുതിയ അനുഭവമായിരുന്നു.

 

 

കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ടാണ് അമ്പതു വയസ്സുകാരനായ സിറില്‍ എണ്ണപ്പെട്ട മാരത്തോണ്‍ ഓട്ടക്കാരനായി മാറ്റപ്പെട്ടത്. പ്രായവും പ്രാരാബ്ധങ്ങളും ഒന്നും പ്രശ്‌നമാകില്ല നിങ്ങളുടെ ഉള്ളിലെ നിങ്ങളെ തിരിച്ചറിഞ്ഞാല്‍ എന്നാണ് സിറില്‍ പറയുന്നത്. 26 മാരത്തോണ്‍ ഓടിയിട്ടുള്ള തന്റെ മേല്‍ഉദ്യോഗസ്ഥന്‍, ഇടുപ്പ് പ്രശ്‌നങ്ങളും നിരന്തരം വേദനയുമായി വളഞ്ഞു നടക്കുന്നത് ഒരിക്കലും തന്നെ പുറകോട്ടു വലിച്ചില്ല. സിറില്‍ ഇതുവരെ 4 ,132 മൈലുകള്‍ ഓടിയതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈല്‍ നദിയുടെ നീളം ഓടിയതായി കരുതുന്നത് ഒരു പുരുഷായുസ്സിന്റെ നിറവാണ്. ഇനി എത്ര ഓട്ടങ്ങള്‍ കിടക്കുന്നു ? തനിക്കു ഇത് സാധിക്കുമെങ്കില്‍ ആര്‍ക്കും ഇതു സാധിക്കും എന്ന് വിനയാതീതനാകുകയാണ് സിറില്‍. തന്റെ മകന്‍ ജോയലിനും ഓട്ടം ഒരു ഹരമായി മാറും എന്നുതന്നെയാണ് സിറില്‍ പ്രതീക്ഷിക്കുന്നത്.

 

 

ലോകത്തു ജീവിക്കുന്ന കാലം എപ്പോഴും ഓടാന്‍ കഴിയുക എന്നതാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. ഒരു ഓട്ടക്കാരന്റെ ഹ്ര്യദയം ചലിക്കുന്നത് അസാധാരണമായിട്ടാണ്. ചുരുങ്ങിയ മിടിപ്പുകള്‍ മതി അവനു ശരീരം മുഴുവന്‍ ജീവന്‍ നിലനിര്‍ത്താന്‍, അതിനു തയ്യാറാകുന്ന മനസ്സും ഒരുക്കവുമാണ് ആവശ്യം, സ്വപ്നം കണ്ടാല്‍ മാത്രം പോരാ, കറതീര്‍ന്ന അധ്വാനവും വേണം, ഒപ്പം ഈശ്വര കൃപയും, സിറില്‍ ഓര്‍മിപ്പിക്കുന്നു. 'മുഹൂര്‍ത്തങ്ങള്‍ പിടിച്ചെടുക്കുക എന്നതല്ല ; നിങ്ങള്‍ മുഹൂര്‍ത്തങ്ങളെ പിടിച്ചെടുക്കുക ' 'ബോയ്ഹുഡ്' എന്ന ഹോളിവുഡ് സിനിമയിലെ അവസാന സംഭാഷണം അന്വര്‍ഥമാകുന്നതാണ് സിറിലിന്റെ ന്യൂ യോര്‍ക്ക് മാരത്തോണ്‍ ഓട്ടത്തിലെ ഓര്‍മ്മപ്പെടുത്തല്‍. അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനവും പ്രചോദനവും ആയി മാറി സിറിലിന്റെ ഓട്ടങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.