You are Here : Home / അഭിമുഖം

കോണ്‍ഗ്രസ് വിജയം തരൂരിലും സുധാകരനിലും ഒതുങ്ങും: രാഷ്ട്രീയജാതകം പ്രവചിച്ച് അഡ്വ.എ.ജയശങ്കര്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, January 03, 2014 04:53 hrs UTC

2014 ല്‍ കേന്ദ്രത്തിലുണ്ടാകുന്ന രാഷ്‌ട്രീയ മാറ്റങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. യു.പി.എ എന്ന സംവിധാനം ഇല്ലാതെയാകും. ഘടകകക്ഷികള്‍ പലതും തെരഞ്ഞെടുപ്പിനു മുമ്പു തന്നെ പിരിഞ്ഞു പോകും. ഇതിന്റെ ഒരു പ്രതിഫലനം കേരളത്തിലും ഉണ്ടാകും. സിറ്റിംഗ്‌ എംപിമാര്‍ മിക്കവര്‍ക്കും തന്നെ സീറ്റുകള്‍ നഷ്‌ടപ്പെടും. ചിലര്‍ക്ക്‌ മത്സരിക്കാനേ സീറ്റ്‌ കിട്ടില്ല. ചിലരൊക്കെ മത്സരിച്ചാലും ജനങ്ങള്‍ വോട്ട്‌ ചെയ്‌ത്‌ വിജയിപ്പിക്കില്ല. കോണ്‍ഗ്രസിന്റെ നില പരിതാപകരമാകും. കേരളത്തിലും ഘടകകക്ഷികള്‍ പലതും പിരിഞ്ഞു പോകും. ഉമ്മന്‍ ചാണ്ടിയുടെ കഷ്‌ടകാലം ഒന്നു കൂടി മൂര്‍ച്ഛിക്കും. കേന്ദ്രത്തില്‍ തന്നെ കോണ്‍ഗ്രസ്‌ തോല്‍ക്കുന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തെ മാറ്റുക എന്ന ആവശ്യത്തിനു വലിയ പ്രാബല്യം ഉണ്ടാവുകയില്ല.

മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ അവസ്ഥ ബംഗാളിനെ അപേക്ഷിച്ച്‌ കേരളത്തില്‍ മെച്ചപ്പെടും. കാരണം ഇവിടെ ഉണ്ടാകുന്നതിനേക്കാള്‍ വലിയ പരാജയമാണ്‌ പാര്‍ട്ടിക്ക്‌ ബംഗാളില്‍ ഉണ്ടാകാന്‍ പോകുന്നത്‌. അതുകൊണ്ട്‌ മാര്‍ക്‌സിസ്‌റ്റു പാര്‍ട്ടികളുടെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും നില ചെറുതായി മെച്ചപ്പെടും. അത്‌ സംഭവിക്കുന്നത്‌ ഇടതുപക്ഷത്തിന്റെ മേന്മ കൊണ്ടല്ല, കോണ്‍ഗ്രസിന്റെ കൊള്ളരുതായ്‌മ കൊണ്ടായിരിക്കും. കാരണം ജനങ്ങള്‍ക്ക്‌ വേറൊരു ഓപ്‌ഷന്‍ ഇല്ലാത്തതുകൊണ്ട്‌. അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ്‌ വിരുദ്ധ വികാരം ബിജെപിക്കാണ്‌ ഗുണം ചെയ്യുകയെങ്കില്‍ ഇവിടെയത്‌ എല്‍ഡിഎഫിനായിരിക്കും ഗുണം ചെയ്യുക. ഒരു പക്ഷേ തിരുവനന്തപുരത്തു നിന്നു ശശി തരൂരോ ചാലക്കുടിയില്‍ നിന്നു കെ.പി ധനപാലനോ അങ്ങനെ ഒന്നു രണ്ടു പേരല്ലാതെ പറയത്തക്ക കോണ്‍ഗ്രസുകാരാരും ഇത്തവണ ഡല്‍ഹിക്കു പോകാന്‍ ഉണ്ടായെന്നു വരില്ല. കെ.എം മാണിയുടെ മകന്റെ കാര്യം വളരെ കഷ്‌ടത്തിലായിരിക്കും. മുസ്ലിം ലീഗിന്റെ പച്ചച്ചെങ്കൊടി വീണ്ടും പാറിപ്പറക്കാനാണ്‌ സാധ്യത. മറ്റു ഘടകക്ഷികളുടെയൊക്കെ കാര്യം പരിതാപകരമാകും. ജെ എസ്‌ എസ്‌.ഓ സി.എം.പിയോ പാര്‍ലമെന്റു തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതു കൊണ്ട്‌ അവര്‍ക്ക്‌ കയ്യില്‍ നിന്നും ഒരു സീറ്റും നഷ്‌ടപ്പെടുകയുമില്ല,.

പി.സ.ിജോര്‍ജിന്‌ ഒരു കുലുക്കവും സംഭവിക്കില്ല. അദ്ദേഹം പണ്ടത്തേക്കാള്‍ ഉഷാറായിട്ട്‌ കേരളത്തിന്റെ നാനാ ഭാഗങ്ങളിലും നടന്ന്‌ പ്രസംഗിക്കുകയും കൂടുതല്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. കെ. സുധാകരന്‍ എത്ര വളര്‍ന്നാലും പിസി ജോര്‍ജാകാന്‍ സാധ്യതയില്ല. പിസി ജോര്‍ജ്‌ അതിനേക്കാള്‍ വളരും. കേരള കോണ്‍ഗ്രസോ ലീഗോ ഇടതു തട്ടകത്തിലേക്കു തിരിയില്ല. അങ്ങനെ തന്നെ തുടരാനാണ്‌ സാധ്യത. ഗൗരിയമ്മ പക്ഷേ ഇടതു കൂടാരത്തിലേക്കു തിരിച്ചു പോകും. സിപിഎമ്മിന്‌ അത്‌ ഗുണകരമായിരിക്കും. കാരണം വന്ദ്യവയോധികയായ ഗൗരിയമ്മയെ അവര്‍ക്ക്‌ കൊണ്ടു നടന്ന പ്രദര്‍ശിപ്പിക്കാം. ഞങ്ങളുടെ പഴയ നേതാവ്‌ തിരിച്ചു വന്നു എന്നു പറഞ്ഞ്‌്‌. പാര്‍ട്ടിക്ക്‌ അവരെ ഒരു ഷോപീസായിട്ട്‌ ഉപയോഗിക്കാം. കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഒരു കാരണവശാലും പിണറായി വിജയന്‍ സമ്മതിക്കില്ല. മുഖ്യമന്ത്രിസ്ഥാനത്തില്‍ കുറഞ്ഞ ഒന്നു കൊണ്ടും മാണി പോരുകയുമില്ല. അതു കൊണ്ടു തന്ന മാണി ഇടതുമുന്നണിയിലേക്‌ പോവില്ല. പിന്നെ മാണിയുടെ പിന്നില്‍ കത്തോലിക്കാ സഭയുള്ളതു കൊണ്ട്‌ സഭയെ വെറുപ്പിച്ചിട്ട്‌ ഒരിക്കലും മാണിക്ക്‌ പോരാനും പറ്റില്ല.

ലീഗ്‌ തങ്ങളുടെ ഭീഷണിയും കുടില തന്ത്രങ്ങളുമായി കൂടുതല്‍ കൂടുതല്‍ ആവശ്യങ്ങള്‍ നേടിയെടുക്കും. ഒരു പക്ഷേ 2014 ല്‍ തന്നെ മലപ്പുറം ജില്ല വിഭജിച്ച്‌ തിരൂര്‍ ജില്ല ഉണ്ടാകാനും സാധ്യതയുണ്ട്‌. പിന്നെ വരാന്‍ പോകുന്ന രാജ്യസഭാ ഇലക്ഷനില്‍ (അതു 2015 ലേ വരൂ). അതും ലീഗുകാര്‌ പിടിച്ചെന്നിരികും. എം.വി രാഘവന്റെ സി.എം.പി ഓക്‌സിജന്‍ ചേമ്പറില്‍ തന്നെ തുടരും. വീരേന്ദ്രകുമാറിന്‌ വടകര സീറ്റു കിട്ടിയില്ലെങ്കില്‍ അദ്ദേഹം കലഹിക്കും . പക്ഷേ മുന്നണി വിട്ടു പോവില്ല. വടകര സീറ്റ്‌ വീരേന്ദ്രകുമാര്‍ ചോദിക്കും. പക്ഷേ കൊടുക്കാന്‍ സാധ്യത കുറവാണ്‌. കിട്ടിയാലും ജയിക്കാന്‍ ബുദ്ധിമുട്ടാണ്‌. അതു വേറെ കാര്യം.

കേരളത്തിലെ ബഹുഭൂരിപക്ഷം സീറ്റുകളും എല്‍.ഡിഎഫിന്‌ കിട്ടും. ശശി തരൂരോ കെ.പി ധനപാലനോ കെ. സുധാകരനോ അങ്ങനെ ആരെങ്കിലുമൊക്കെ ജയിച്ചാല്‍ ജയിച്ചു. വേറെ പറയത്തക്ക ആരും തന്നെ ജയിക്കില്ല. ലീഗിന്റെ ഇ. അഹമ്മദ്‌ ജയിക്കും. ബാക്കി സീറ്റുകള്‍ എല്‍ഡിഎഫിന്‌ കിട്ടും. അടുത്ത കൊല്ലം നടക്കാന്‍ പോകുന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും അതിന്റടുത്ത കൊല്ലം നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്‌ വലിയ പരാജയമുണ്ടാകും. വരാന്‍ പോകുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സീറ്റുകളും എല്‍ഡിഎഫിന്‌ കിട്ടും. അതിനു മുമ്പ്‌ എല്‍ഡി എഫ്‌ അധികാരത്തിലെത്തില്ല. കാരണം എഅവരൊരിക്കലും തെരഞ്ഞെടുപ്പില്‍ കൂടിയല്ലാതെ അധികാരത്തില്‍ വരികയില്ല. മുന്നണി മറ്റാരെയും കൂട്ടുപിടിച്ച്‌ അധികാരത്തിലെത്തില്ല. അവരൊരിക്കലും ബദല്‍ മന്ത്രിസഭ ഉണ്ടാക്കില്ല. അതു കൊണ്ടു തന്നെ ഭരണമാറ്റത്തിന്‌ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്‌ വരെ കാക്കണം. പിണറായി വിജയന്‍ ഭാവിയില്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ട്‌. ലാവ്‌ലിന്‍ കേസ്‌ മാത്രമാണ്‌ ഇത്രയും നാള്‍ അതില്‍ നിന്നും വിജയനെ തടഞ്ഞത്‌. അതില്‍ നിന്നും മുക്തി നേടിയ ശേഷം ഇനി അതിനാവും ശ്രമം. പിണറായിയെ ആളുകള്‍ക്കിഷ്‌ടമല്ലെന്നത്‌ ഒരു സത്യമാണ്‌. പാര്‍ട്ടി ഭരണഘടന അനുസരിച്ച്‌ അദ്ദേഹത്തിനു വീണ്ടും സെക്രട്ടറിയായി തുടരാനാകില്ല. അങ്ങനെ വരുമ്പോള്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേ പറ്റുകയുള്ളൂ. സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനം കിട്ടാന്‍ ശ്രമിക്കും.

സ്ഥാനത്തും അസ്ഥാനത്തും കോണ്‍ഗ്രസിനെയും സ്വന്തം പാര്‍ട്ടിക്കാരെയും വിമര്‍ശിച്ച്‌ മുതിര്‍ന്ന നേതാവായി അച്യുതാനന്ദന്‍ തുടരും. എ.കെ ആന്റണി ഡല്‍ഹിയില്‍ നിന്നും ചാടി ഇവിടെയെത്തി ഉമ്മന്‍ചാണ്ടിയെ പുറത്താക്കി മുഖ്യമന്ത്രിയാകാനുള്ള സാധ്യതയുമുണ്ട്‌. കുഞ്ഞാലിക്കുട്ടി പഴയതുപോലെ എല്ലാ കലാപരിപാടികളും വ്യവസായ പരിപാടികളുമായി പ്രബലനായി തന്നെ തുടരും. കെ.എം മാണി തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും പഴയതു പോലെ തന്നെ തുടരും.

കേരളത്തില്‍ ബി.ജെ.പിക്ക്‌ സീറ്റുകളൊന്നും കിട്ടുകയില്ല. അവരിതു പോലെ തുടരും. പക്ഷേ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ അവരുടെ വോട്ട്‌ ഷെയര്‍ നന്നായി വര്‍ദ്ധിക്കും. കേന്ദ്രത്തിലുണ്ടാകുന്ന മുന്നേറ്റത്തിന്റെ ഭാഗമായി ഇവിടെയും വോട്ടിന്റെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകും. 15 ശതമാനം വോട്ടുകള്‍ അവര്‍ പിടിക്കും. അത്‌ കോണ്‍ഗ്രസിനെ തകര്‍ക്കും. അതില്‍ എല്‍ഡിഎഫിന്റെ വോട്ടുകള്‍ കൂടുതല്‍ ഉണ്ടാവില്ല.. ബി.ജെ.പി ആരോടും കൂട്ടുചേരാനും സാധ്യതയില്ല. വിഡി സതീശന്‍, ടിഎന്‍ പ്രതാപന്‍, വിഎം സുധീരന്‍ എന്നിവര്‍ രക്ഷപ്പെട്ടേക്കും. ഷാഫി പറമ്പില്‍ രക്ഷപ്പെടേണ്ട ചെറുപ്പക്കാരനാണ്‌. വിടി ബല്‍റാം, ഹൈബി ഈഡന്‍, സി.പി.എമ്മിലെ എം ബി രാജേഷ്‌, ലീഗിലെ കെ. എം ഷാജി എന്നിവരൊക്കെ വരാവുന്നതാണ്‌. സമുദായ നേതാക്കന്‍മാരുടെ അഭിപ്രായത്തിന്‌ ജനങ്ങള്‍ വില വെക്കാത്ത കാലത്തോളം ജാതിരാഷ്‌ട്രീയം ഇതുപോലെ തുടരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.