ഒരു നര്‍ത്തകിയുടെ ഏറ്റവും വിലപ്പെട്ട സമ്പാദ്യമാണ് അവളുടെ കാലുകള്‍. സുധാ ചന്ദ്രന് അത് നന്നായി അറിയാം. നൃത്തത്തെ ജീവനു തുല്യം സ്‌നേഹിക്കുന്ന ഒരാള്‍ക്ക് ഇതിലും വലിയൊരു തിരിച്ചടി കിട്ടാനില്ല. കൗമാരപ്രായത്തില്‍ ഒരു അപകടത്തിലൂടെ വലതു കാല്‍ നഷ്‌ടപ്പെട്ടുക, പിന്നീട് ജയ്‌പൂര്‍ കാലുകളില്‍ വീണ്ടും അരങ്ങിലെത്തുക. ആ കാലുകളില്‍ വിസ്‌മയങ്ങള്‍ തീര്‍ക്കുക. സിനിമാക്കഥയെ വെല്ലുന്ന ജീവിത യാഥാര്‍ഥ്യങ്ങളിലൂടെയാണ് സുധാ ചന്ദ്രന്‍ കടന്നുപോയത്. ജീവിതത്തിലേ ഏറ്റവും വേദനാജനകമായ ആ മൂഹൂര്‍ത്തത്തെ കുറിച്ച് അശ്വമേധത്തോട് പറയുമ്പോഴും സുധാ ചന്ദ്രന്റെ മുഖത്തെ പ്രസാദാത്മകമായ ആ ചിരി മായുന്നില്ല.
എങ്ങനെയായിരുന്നു അപകടം?
വയലൂരിലുള്ള പൂര്‍വ്വിക ക്ഷേത്രത്തില്‍ തൊഴുതതിനുശേഷം ട്രിച്ചിയിലേക്കുള്ള യാത്രയിലായിരുന്നു ഞാനും അപ്പയും അമ്മയും. 1981 മെയ് 2. അന്ന് ഒരു അമ്മാവാസി ദിവസമായിരുന്നു. സമയപുരം ക്ഷേത്രത്തിനടുത്തു വച്ചായിരുന്നു അപകടം. മറ്റൊരു ബസ് വന്ന് ഞങ്ങളുടെ ബസില്‍ ഇടിക്കുകയായിരുന്നു.
സുധയുടെ പരുക്ക് ഗുരുതരമായിരുന്നു അല്ലേ?
എന്റെ വലതു കാലിനായിരുന്നു പരുക്ക്. വിശദമായ പരിശോധനകളൊന്നുമില്ലാതെതന്നെ ഡോക്‌ടര്‍ പ്ലാസ്‌റ്റര്‍ ഇട്ടു. കാലിലെ ഒരു ചെറിയ മുറിവ് അപ്പോള്‍ ഡോക്‌ടര്‍ കണ്ടിരുന്നില്ല. ചര്‍മത്തിലെ നിറവ്യത്യാസം കണ്ടാണ് ബന്ധുക്കള്‍ ചെന്നൈയിലെ വിജയാ ഹോസ്‌പിറ്റലിലേക്ക് എന്നെ കൊണ്ടുപോകുന്നത്.
ആ ദിവസത്തെക്കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും മുഖത്തുനിന്ന് ആ നടുക്കം മനസിലാക്കാം?
ഡോക്‌ടര്‍ പ്ലാസ്‌റ്റര്‍ നീക്കം ചെയ്‌ത ആ നിമിഷം ഇപ്പോഴും എനിക്ക് നല്ല ഓര്‍മ്മയുണ്ട്. പ്ലാസ്‌റ്റര്‍ നീക്കിയയുടനെ ഡോക്‌ടറുടെ മുഖത്തെ ഭാവ മാറ്റം ഞാന്‍ തിരിച്ചറിഞ്ഞു. കാല്‍ മുറിക്കണമെന്ന് അറിഞ്ഞതോടെ ഞാന്‍ നടുങ്ങിപ്പോയി. എന്റെ ജീവന്‍ തിരികെ പിടിക്കാന്‍ അതേ മാര്‍ഗം ഉണ്ടായിരുന്നുള്ളൂ.
എങ്ങനെയായിരുന്നു ജീവിതത്തിലേക്കുള്ള മടങ്ങി വരവ്?
മനസിന്റെ കരുത്താണ് പ്രധാനം. ജീവിക്കാനുള്ള അതിയായ ആഗ്രഹവും കരുത്തു പകര്‍ന്നു. എല്ലാ തരണം ചെയ്യാന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസം. അതാണ് ആ വലിയ ദുരിന്തത്തില്‍നിന്ന് കരകയറാന്‍ എന്നെ സഹായിച്ചത്. മാതാപിതാക്കളുടെയും ഡോക്‌ടറുടെയും സ്‌നേഹ പൂര്‍ണമായ വാക്കുകളും മനസിനു കരുത്തായി. പിന്നെ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും.
വീട്ടില്‍ ഒതുങ്ങി കൂടിയ ആ ദിവസങ്ങള്‍ എങ്ങനെയാണ് അതിജീവിച്ചത്?
ആ സമയത്ത് ധാരാളം വായിക്കുമായിരുന്നു. വായന ജീവിതത്തിന് പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളും കൊണ്ടുവന്നു. ജയ്‌പൂര്‍ കാലുകളുടെ രാജകുമാരനായ ഡോ. സേഥിയെക്കുറിച്ച് വായിക്കുന്നത് ആ സമയത്താണ്. ഡോ. സേഥിയെ കണ്ടയുടന്‍ ഞാന്‍ പറഞ്ഞു എനിക്കു നൃത്തം ചെയ്യണം. അതിനെന്താ കുഴപ്പം നൃത്തം ചെയ്യാമല്ലോ അദേഹം പറഞ്ഞു. ഡോക്‌ടറുടെ ആ വാക്കുകള്‍ എന്റെ എല്ലാ ആശങ്കകളും തുടച്ചു നീക്കി. ആ പിന്‍ബലത്തില്‍ ജയ്‌പൂര്‍ കാലുമായി ഞാന്‍ നൃത്തം തുടങ്ങി.
വീണ്ടും നൃത്തം ചെയ്യുക ഏറെ ശ്രമകരമായിരുന്നില്ലേ?
ജയ്‌പൂര്‍ കാലുമായി നൃത്തം ചെയ്‌തതു വേദനയുടെ മറ്റൊരു പരീക്ഷണകാലമായിരുന്നു. വലതു കാലിലെ ബാന്‍ഡേജ് മുഴുവന്‍ രക്‌തത്തില്‍ കുതിരുമായിരുന്നു ആദ്യമൊക്കെ. നൃത്തം ചെയ്യുമ്പോഴേക്കും വേദനയുടെ ആഴങ്ങളിലേക്കു വീണുപോകും. അത് വാക്കുകള്‍കൊണ്ട് പറഞ്ഞറിയിക്കാനാവില്ല. പതുക്കെ പതുക്കെ അതെല്ലാം അതിജീവിച്ചു.
സുധ എപ്പോഴും സ്‌റ്റെലിഷ് ലുക്കിലാണല്ലോ?
ഹിന്ദി സീരിയലില്‍ അഭിനയിക്കുമ്പോള്‍ ഏകതാകപൂര്‍ ഒരു കാര്യം പറഞ്ഞു. നമ്മുക്ക് നമ്മുടേതായ ഒരു സ്‌റ്റൈയില്‍ ഉണ്ടാക്കിയെടുക്കണം. മറ്റുള്ളവര്‍ക്കിടയില്‍ നമ്മുടേതായ ഒരു സ്‌ഥാനം ഉണ്ടാകാന്‍ ഇത് സഹായിക്കും. ആ കാഴ്‌ചപ്പാട് നല്ലതാണെന്നു എനിക്കു തോന്നി.
സുധയെ എപ്പോഴും സന്തോഷവതിയായാണ് കാണുന്നത്. അങ്ങനെ ഒരാള്‍ക്ക് ദേഷ്യം വന്നാലോ?
ഞാന്‍ എത്ര മൂഡ് ഓഫ് ആയിരുന്നാലും ഒരു നല്ല പുസ്‌തകം വായിക്കുന്നതോടെ സന്തോഷവതിയാകും. നമ്മുടെ ചിന്തകളും വിചാരങ്ങളും മാറ്റി മറിയ്‌ക്കാന്‍ ഒരു നല്ല പുസ്‌തകത്തിനു കഴിയും. പെട്ടെന്നു ദേഷ്യപ്പെടുന്ന സ്വഭാവമല്ല എന്റേത്. എന്നാല്‍ അമിത ദേഷ്യം വന്നാല്‍ നിയന്ത്രിക്കാന്‍ എനിക്ക് ഒരു മാര്‍ഗമുണ്ട്. ഒന്നു മുതല്‍ പത്ത് വരെ സാവധാനം എണ്ണും. അപ്പോഴേക്കും ദേഷ്യം മാറിക്കഴിഞ്ഞിരിക്കും.
Comments