You are Here : Home / അഭിമുഖം

നയത്തില്‍ തന്ത്രം

Text Size  

Story Dated: Friday, August 15, 2014 12:27 hrs UTC

കേരളം ലോകത്തിനു സംഭാവന ചെയ്ത അഭിമാനങ്ങള്‍ നിരവധിയാണ്. നാട്ടില്‍
പഠിച്ചുവളര്‍ന്നു വിവിധ രാജ്യങ്ങളില്‍ ഉന്നത പദവികള്‍ വഹിക്കുന്നവരില്‍
പിന്നീട് നാട്ടിലേക്കു തിരിച്ചു വരുന്നവര്‍ വളരെ ചുരുക്കം.

എന്നാല്‍ അമേരിക്കന്‍ ഓഫീസ് ഓഫ് സ്ട്രാറ്റജിക് പ്ലാനിംഗിന്റെ ഡയരക്ടര്‍
ഫാദര്‍. അലക്സാണ്ടര്‍ ജെ കുര്യന് മലയാളം ജീവിതമാണ്.
തിരക്കുകള്‍ക്കിടയിലും അവസരം കിട്ടുമ്പോഴെല്ലാം അദ്ദേഹം തന്‍റെ ജന്മനാടായ
പള്ളിപ്പാട്ടെത്തുന്നു. വീട്ടുവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.പിതാവ് കോശി കുര്യനും മാതാവ് പെണ്ണമ്മയും എളിമയുടെ വിത്തുകള്‍ പാകിയപ്പോള്‍ ഭാര്യ പിതാവ്  ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്ത കാര്‍ ത്തികപള്ളി കല്ലേല്‍ കുടുബാം ഗമായ വര്‍ഗ്ഗീസ് മാത്യുവും അദ്ദേഹത്തിന്റെ പത്നി പൊന്നമ്മയും അലക്സാണ്ടറിലെ നേതൃപാടവത്തെ തിരിച്ചറിഞ്ഞു.

 

 

 

 

 

 


"ലോകത്ത് പഠിക്കാന്‍ ഏറ്റവും പ്രയാസമേറിയ ഭാഷയാണ്‌ നമ്മുടെ
മലയാളം.മൂല്യമേറിയ സംസ്കാരമാണ് നമ്മുടേത്. പക്ഷേ ചിലപ്പോഴെങ്കിലും
ഇതില്ലാം നാം മറക്കുന്നുണ്ടോ എന്നൊരു സംശയം. മലയാളി പലപ്പോഴും
വിദേശിയാകാന്‍ നടിക്കുന്നു. ഇടയ്ക്കിടയ്ക്ക് ഇംഗ്ലീഷ് പറയുന്നതില്‍
അഭിമാനം കൊള്ളുന്നു. വൈദേശിക വസ്ത്രങ്ങള്‍ അണിയാന്‍ താല്പര്യം
കാട്ടുന്നു. നമ്മുടെ മഹത്തായ സംസ്കാരം മറന്നു പടിഞ്ഞാറന്‍ രാഷ്ട്രങ്ങളെ
അനുകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ദുഃഖം തോന്നുന്നു. ലോകംകണ്ട ഏറ്റവും
ശക്തരായ മൂന്നു പ്രസിഡന്റുമാരുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ച
അലക്സാണ്ടര്‍ പറയുന്നു.

ഇപ്പോഴും അവസരം കിട്ടിയാല്‍ പള്ളിയില്‍ മലയാളത്തില്‍ കുര്‍ബാന
അര്‍പ്പിക്കാറുണ്ട് എന്ന് അഭിമാനത്തോടെ അലക്സാണ്ടര്‍ പറയുമ്പോഴാണ് ആ വലിയ
മനുഷ്യന്റെ എളിമ നമ്മള്‍ തിരിച്ചറിയുന്നത്.

വളരെ അധികം ഉത്തരവാദിത്വമുള്ള ഒരു പദവിയില്‍ ഇരിക്കുന്ന ചുരുക്കം ചില
മലയാളികളില്‍ ഒരാളാണ് ഫാദര്‍. അലക്സാണ്ടര്‍. കേരളം അവസരങ്ങള്‍
ഉപയോഗിക്കുന്നില്ലെന്ന് അദ്ദേഹം ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നു.
വളരാന്‍ സാഹചര്യമുള്ള മണ്ണാണ് നമ്മുടേത്. പക്ഷെ വിത്തിടാന്‍ നാം
തയ്യാറാകുന്നില്ല. ഭരണാധികാരികള്‍ ഇക്കാര്യത്തില്‍ അതീവ
ശ്രദ്ധപതിപ്പിക്കണം.അല്ലെങ്കില്

‍ അയല്‍ സംസ്ഥാനങ്ങള്‍ നമ്മളെ മറികടക്കും.

നിരവധി യോഗ്യരായ ഭരണാധികാരികള്‍ നമുക്കുണ്ടെങ്കിലും
നാടിനുവേണ്ടി എന്തെങ്കിലും ചെയ്യുവാന്‍ മുന്‍കൈ എടുക്കുന്നില്ല.
ഒരിക്കല്‍ അമേരിക്കയുടെ കോണ്‍സുലേറ്റ് കൊച്ചിയില്‍ സ്ഥാപിക്കാന്‍
അലക്സാണ്ടര്‍ മുന്‍കൈ എടുത്തെങ്കിലും അതു നമുക്ക് കിട്ടാതെപോയി. ലോകം
മുഴുവന്‍ വലിയ പദ്ധതികളുമായി മുന്നോട്ടു പോകുമ്പോള്‍ നാം ഏറെ പിന്നില്‍
നില്‍ക്കുന്നു. കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി ഉണ്ടാക്കാന്‍
തുടങ്ങിയിട്ട് പത്ത് വര്‍ഷം കഴിഞ്ഞു. എന്നാല്‍ ബാംഗ്ളൂരും ഹൈദരാബാദും
എല്ലാം നേടിയെടുത്തു. വീക്ഷണമില്ലായ്മ വികസനത്തില്‍ 20 വര്‍ഷമെങ്കിലും
പിന്നോട്ടടിച്ചു. ലക്ഷക്കണക്കിനു മലയാളികള്‍ക്ക് അഭിമാനമായ അമേരിക്കന്‍
കോണ്‍സുലേറ്റ്  പ്രയോജനപ്പെടുത്തന്‍ നമുക്ക് കഴിഞ്ഞില്ല. എന്നാല്‍
ഹൈദരാബാദ് അത് കൈക്കലാക്കി. ആ കഥ ഫാദര്‍. അലക്സാണ്ടര്‍ പറയുന്നു.

"ഇന്ത്യയില്‍ ബോബെയില്‍ കോണ്‍സുലെറ്റ് പണിയുന്നതിനു മഹാരാഷ്ട്രാ
സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു.ബന്ദ്രാകുളയില്‍ 13 ഏക്കര്‍
സ്ഥലത്തിനു മഹാരാഷ്ട്രാ സര്‍ക്കാര്‍ 74 മില്യന്‍ ഡോളര്‍ വില പറഞ്ഞു. അത്
കൊടുക്കാന്‍ എനിക്ക് അനുമതി കിട്ടുകയും ചെയ്തിരുന്നു. എന്നാല്‍ 16.3
മില്യന് ഡോളറിനു അത്  ലഭിച്ചു.

 

 



ജോര്‍ജ് ബുഷ്‌ സന്ദര്‍ശനം നടത്തിയ സമയത്ത് കോണ്‍സുലേറ്റ് പണിയാന്‍
ഇന്ത്യയില്‍ മൂന്നു സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നു. ഹൈദരാബാദ്, കൊച്ചി,
ബാംഗ്ളൂര്‍. ഭൂമി കുറഞ്ഞ വിലയ്ക്ക് കിട്ടണം എന്നതായിരുന്നു വ്യവസ്ഥ.
കേരളം തിരിഞ്ഞു നോക്കിയില്ല.ഹൈദ്രബാദ് മുന്നോട്ടു വന്നു.
മുഖ്യമന്ത്രി രാജശേഖര രെഡ്ഡി പദ്ധതിക്ക് അനുകൂലമായിരുന്നു.അമേരിക്കന്‍ സ്ഥാപനങ്ങള്‍
വന്നാല്‍ ഹൈദരാബാദ് വികസിക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടി.

വളരെ ദീര്‍ഘവീക്ഷണമുള്ളയാളായിരുന്നു അദ്ദേഹം.ഞങ്ങള്‍ക്ക് ഭൂമി തരാന്‍
വളരെ താല്പര്യം പ്രകടിപ്പിച്ചു. ആദ്യം അവരുടെ മൂന്നു ഗവ. ഗസ്റ്റ്
ഹൌസുകള്‍ വിട്ടുതന്നു. എന്നാല്‍ അത് ഞങ്ങള്‍ക്ക്
പറ്റിയതാരുന്നില്ല.സൌകര്യമില്ലായിരുന്നു. അപ്പോള്‍ തൊട്ടടുത്തുള്ള പൈഗ പാലസ്
ഞങ്ങള്‍ക്ക് വേണ്ടി ഒഴിപ്പിച്ചു. അതും തുച്ചമായ വാടകയ്ക്ക്. ഞങ്ങള്‍ക്ക്
ആവശ്യമുള്ളതെല്ലാം എടുത്തു കൊള്ളാനും പറഞ്ഞു. എംബസി വന്നാല്‍ പല ഐടി
വ്യവസായങ്ങളും ഹൈദ്രാബാദിലേക്ക് മാറുമെന്നു ഞാന്‍ അദ്ദേഹത്തിനു
വാക്കുകൊടുത്തു. എല്ലാം പിന്നീട് അതുപോലായി.


നയത്തില്‍ തന്ത്രം

180 രാജ്യങ്ങളില്‍ അമേരിക്കയ്ക്ക് വേണ്ടി സംസാരിച്ചു പദ്ധതികള്‍
വിജയിപ്പിക്കുന്നത് എങ്ങിനെയെന്ന് ചോദിച്ചാല്‍ അച്ഛന്‍ പറയും. "എല്ലാം
ദൈവ നിയോഗം. ചര്‍ച്ചകള്‍ക്കു മുന്‍പേ എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചു
പ്രാര്‍ഥിക്കും. രണ്ടു കര്‍മ്മ മേഖലകളിലും വന്‍ വിജയം
നേടുന്നതിനുപിന്നില്‍ അദ്ദേഹം കാണുന്നത് ഭാര്യ അജിതയുടെയും മക്കളായ
അലീസ,നടാഷ,എലിയ എന്നിവരുടെയും ത്യാഗമാണ്.അവരുടെ കരുതലും പ്രാര്‍ഥനയും
ആണ്." കുടുംബമാണ് എന്റെ ശക്തി. മാതാപിതാക്കളുടെ അനുഗ്രഹം ഇപ്പോഴും
എനിക്കുണ്ട്.

കേരളത്തില്‍ ഏറ്റവും  ശക്തമായ ക്രിസ്തീയ സഭകളിലൊന്നാണ് ഓര്‍ത്തഡോക്സ്‌ സഭ.
രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലുള്ള ഒരുപാടുപേര്‍ ഈ സഭയുടെ സംഭാവനയാണ്.
ഇന്ദിരാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പിസി അലക്സാണ്ടര്‍, മനോരമ
പത്രാധിപര്‍ കെഎം മാത്യു, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ അതില്‍
ചിലര്‍ മാത്രം. കേരളത്തിനു പുറത്ത് ഏറ്റവും ശക്തമായ ഭദ്രാസനം
അമേരിക്കയില്‍ ആണുള്ളത്. സഭാമക്കള്‍ മുതല്‍ തുടങ്ങി രാഷ്ട്രീയ വ്യവസായ
രംഗങ്ങളില്‍ ശോഭിച്ച ഒരുപാടു വ്യക്തികള്‍ സഭയ്ക്കുണ്ട്. അതിലെ അവസാന
കണ്ണിയാണ് ഫാദര്‍ അലക്സാണ്ടര്‍ കുര്യന്‍‍.

 

 



സ്ട്രാട്ടജിക് പ്ലാന്‍ ഡയരക്ടര്‍ എന്ന തിരക്കേറിയ പദവിയില്‍
എത്തിയപ്പോഴും എല്ലാ ഞായറാഴ്ചകളിലും കുര്‍ബാനയര്‍പ്പിക്കാന്‍ അദ്ദേഹം
എത്തുന്നു. ദൈവീകതയില്‍ നിന്ന് അകലുന്ന ഇന്നത്തെ കാലത്ത്
അലക്സാണ്ടറെപ്പോലുള്ള ആളുകളാണ് പുതു തലമുറയ്ക്ക് പ്രതീക്ഷയും പ്രത്യാശയും
നല്‍കുന്നത്.
 ഇന്ന് അമേരിക്കയിലെ അറിയപ്പെടുന്ന
പള്ളിയായ സെന്റ്‌. ഗ്രിഗോറിയസ്  പള്ളിയും അനുബന്ധകെട്ടിടങ്ങളും
വാഷിംഗ്ടണ്‍ ഡിസിയില്‍ 4.5 ഏക്കര്‍
സ്ഥലമെടുത്ത്‌ പണിതത് അച്ഛന്‍റെ പ്രത്യേക താല്പര്യത്തിലും നേതൃത്വത്തിലും
ആയിരുന്നു.

അമേരിക്കന്‍ പ്രസിഡന്റിന്റെ വിശ്വസ്തന്‍. ലോകത്തിലെ തന്നെ മികച്ച
നയതന്ത്ര ഉദ്യോഗസ്ഥന്‍, എന്നെങ്കിലും അമേരിക്കന്‍ പ്രസിഡന്റ്റ്
സ്ഥാനത്തേക്ക് വരുമോ എന്ന് തമാശക്ക് ചോദിച്ചപ്പോള്  അദ്ദേഹം പറഞ്ഞു" ഒരിക്കലുമില്ല,
നമ്മള്‍ തലമറന്ന് എണ്ണ തേക്കരുത്"
എന്നാല്‍ ഏതെങ്കിലും ഒരിന്ത്യക്കാരന്‍ ആ പദവിയില്‍ എന്നെങ്കിലും
ഉണ്ടാകുമെന്ന് അദ്ദേഹം സ്വപ്നം കാണുന്നു. അത് ഒരു മലയാളി ആയിരിക്കണമേ
എന്ന് പ്രാര്‍ഥിക്കുന്നു.

ലോകത്തിന്റെ എതു കോണിലായാലും മലയാളത്തെയും പള്ളീപ്പാടിനെയും മറക്കാത്ത
അലക്സാണ്ടര്‍ ജെ കുര്യന്‍ യാത്രതുടരുകയാണ്...അമേരിക്കയ്ക്കായി പുതിയ
തലങ്ങള്‍ തേടി.. പുതിയ പ്രതീക്ഷകളുമായി..

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.