You are Here : Home / News Plus

ജുഡീഷ്യല്‍ അന്വേഷണപരിധിയില്‍ തന്നെയും തന്റെ ഓഫീസിനെയും ഉള്‍പ്പെടുത്തുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്നദ്ധത പ്രകടിപ്പിച്ചു

Text Size  

Story Dated: Tuesday, September 03, 2013 01:16 hrs UTC

സോളാര്‍കേസിന്റെ ജുഡീഷ്യല്‍ അന്വേഷണപരിധിയില്‍ തന്നെയും തന്റെ ഓഫീസിനെയും ഉള്‍പ്പെടുത്തുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്നദ്ധത പ്രകടിപ്പിച്ചു.താന്‍ സംശയത്തിന്റെ നിഴലില്‍ നില്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നിരപരാധിത്വം തെളിയിക്കാന്‍ ഏതാന്വേഷണത്തിനും തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ജുഡീഷ്യല്‍ അന്വേഷണം എന്ന അവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍കുകയും മുഖ്യമന്ത്രി അതിനു തയ്യാറാണെന്ന് അറിയിക്കുകയും ചെയ്ത സാഹചര്യത്തില്‍ കേരളത്തില്‍ ഇതുവരെ ഇത്തരത്തില്‍ പ്രഹസനമായി മാറിയ കേസുകള്‍ ഏതൊക്കെയെന്നു നോക്കാം..മാറാട് സംഭവം, കുമരകം ബോട്ട് ദുരന്തം, കാസര്‍ഗോഡ് വെടിവയ്പ് എന്നീ സമീപകാല സംഭവങ്ങളില്‍ നടത്തിയ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പോലും നടപ്പാക്കുന്നതില്‍ സര്‍ക്കാരുകള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല.റിപ്പോര്‍ട്ട് ലഭിച്ച് ആറു മാസത്തിനകം നിയമസഭയില്‍ വെയ്ക്കണമെന്നാണ് കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് നിഷ്‌ക്കര്‍ഷിക്കുന്നത്. എന്നാല്‍ കക്ഷിവ്യത്യാസമില്ലാതെ ഒരു മന്ത്രിസഭയും ഇന്നേവരെ അങ്ങനെ ചെയ്തിട്ടില്ല. ആ കേസുകളുടെ നിരയിലേക്ക് തന്നെയാണ് സോളാര്‍ അന്വേഷണവും നീങ്ങുന്നത്‌.. ആസന്നമായിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു രാഷ്ട്രീയഒത്തുതീര്‍പ്പിനാണ് ഇരുപക്ഷവും ശ്രമിക്കുന്നത്. 1980-ന് ശേഷം മാത്രം കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനത്ത് നിയമിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷനുകളുടെ എണ്ണം 87 ആണ്. ഇവയില്‍ ഭൂരിപക്ഷം റിപ്പോട്ടുകളിലേയും ശുപാര്‍ശകള്‍ നടപ്പാക്കിയിട്ടില്ല എന്നതാണ് സത്യം. സോളാര്‍ കേസിലെ ആരോപണത്തിന്റെ പേരില്‍ താന്‍ രാജിവെയ്ക്കാനുദ്ദേശിക്കുന്നില്ല. രാജിവെയ്ക്കുകയുമില്ല. രാജിവെയ്ക്കില്ലെന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണപരിധിയില്‍ വരുന്നതില്‍ തെറ്റില്ലെന്നാണ് തന്റെ അഭിപ്രായം എന്നുകൂടി ഉമ്മന്‍ ചാണ്ടി പറയുമ്പോള്‍ സോളാര്‍ അന്വേഷണം ഏതു വഴിക്കാണ് നീങ്ങാന്‍ പോകുന്നത് എന്ന് വ്യക്തം. ഭരണപ്രതിപക്ഷങ്ങള്‍ ഒരേപോലെ ജനങ്ങളെ ഇത്രയേറെ വിഡ്ഢികളാക്കിയ കാലം അടുത്തൊന്നും ഉണ്ടായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.