ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സിന്‍ (എച്ച്പിവി വാക്സിന്‍) പിന്നോക്കവിഭാഗങ്ങളിലെ കുട്ടികളില്‍ പരീക്ഷിച്ചതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദിന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 2010ലാണ് ആന്ധ്രപ്രദേശിലെ 23,500 പെണ്‍കുട്ടികളില്‍ മരുന്നുപരീക്ഷണം നടത്തിയത്. ഏഴു കുട്ടികള്‍ മരിച്ചു. ചിലയിനം അര്‍ബുദങ്ങളെ പ്രതിരോധിക്കാന്‍ ലക്ഷ്യമിടുന്ന മരുന്ന് പ്രയോഗിച്ച നിരവധി കുട്ടികള്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടായി. മരണം റിപ്പോര്‍ട്ടുചെയ്യുന്നതിലും മറ്റു നടപടിയെടുക്കുന്നതിലും ഗുരുതര വീഴ്ചയാണ് നടത്തിയത്. നിരുത്തരവാദപരമായി പെരുമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ആരോഗ്യമന്ത്രിക്കും ഉത്തരവാദിത്തത്തില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ല. ഡിസിജിഐ, ഐസിഎംആര്‍, എന്‍ആര്‍എച്ച്എം എന്നിങ്ങനെ ആരോഗ്യമന്ത്രാലയത്തിനുകീഴിലുള്ള സ്ഥാപനങ്ങള്‍ നിയമം ലംഘിച്ച് വിദേശ മരുന്നുകമ്പനികള്‍ക്ക് വിടുപണിചെയ്യുന്നു. മരുന്നുപരീക്ഷണത്തിന്റെ ഗുരുതരമായ ആരോഗ്യപ്രത്യാഘാതമുണ്ടായ ഓരോകുട്ടിക്കും പത്തുലക്ഷം വീതവും മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും നല്‍കണം. മരുന്നുപരീക്ഷണത്തിന് നേതൃത്വം നല്‍കിയ സന്നദ്ധസംഘടനയായ "പാത്", രണ്ടു മരുന്നുകമ്പനികള്‍, ഗേറ്റ്സ് ഫൗണ്ടേഷന്‍ എന്നിവരില്‍നിന്ന് പിഴ ഈടാക്കണം. മരുന്നുപരീക്ഷണത്തിന് അനുമതി നല്‍കിയ ഐസിഎംആര്‍, ഡിസിജിഐ എന്നിവയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. പാത് സംഘടനയെ കരിമ്പട്ടികയില്‍പ്പെടുത്തണം. രണ്ടു കമ്പനികള്‍ക്ക് വിപണനാനുമതി നല്‍കിയതുസംബന്ധിച്ച് അന്വേഷിക്കണമെന്നും വൃന്ദ ആവശ്യപ്പെട്ടു.
Comments