ലൈംഗികാരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന് കേന്ദ്രകമ്മിറ്റിക്ക് വീണ്ടും കത്തയച്ചു. സ്ത്രീപക്ഷത്ത് നിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കണമെന്നാണ് വിഎസിന്റെ ആവശ്യം. ഇതേ വിഷയമുന്നയിച്ച് വി.എസ് കേന്ദ്രനേതൃത്വത്തിന് അയയ്ക്കുന്ന രണ്ടാമത്തെ കത്താണിത്.
പി.കെ. ശശിക്കെതിരെ ശക്തമായ നടപടി വേണമെന്ന് വി.എസ് നേരത്തെയും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി കേരള നേതൃത്വവുമായി നേരിട്ട് ബന്ധപ്പെട്ടതും തുടര്‍നടപടികള്‍ ഉണ്ടായതും.
സ്ത്രീപീഡന പരാതികള്‍ പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കെതിരെ ഉയരുന്നതിനെ ഗൗരവമായി കാണണമെന്ന് വി.എസ് കത്തില്‍ ആവശ്യപ്പെടുന്നു. ശക്തവും മാതൃകാപരവുമായ നടപടിയാണ് ശശിക്കെതിരെ ഉണ്ടാകേണ്ടതെന്നും കത്തില്‍ പറയുന്നു. ശശിക്കെതിരെ പരാതിയുമായി പെണ്‍കുട്ടി വീണ്ടും കേന്ദ്രകമ്മിറ്റിയെ സമീപിച്ചതിന് പിന്നാലെയാണ് വി.എസിന്റെ കത്ത്.
പീഡനപരാതിയില്‍ അന്വേഷണം നിലനില്‍ക്കുമ്ബോള്‍ പൊതുപരിപാടികളില്‍ ശശിയെ പങ്കെടുപ്പിക്കുകയും ജാഥാക്യാപ്റ്റനാക്കുകയും ചെയ്തതിനെതിരായ പ്രതിഷേധവും വിഎസ് കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശശിക്കൊപ്പം വേദി പങ്കിടുകയും ശശിയെ ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്തവര്‍ക്കെതിരേയും നടപടി ഉണ്ടാവണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഞായറാഴ്ച നടക്കുന്ന കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ വിഎസ് അച്യുതാനന്ദന് പങ്കെടുക്കാത്ത സാഹചര്യത്തിലാണ് കത്തിലൂടെ നിലപാട് അറിയിച്ചിരിക്കുന്നത്.
മൂന്നു മാസങ്ങള്‍ക്ക് മുമ്ബാണ് ശശിക്കെതിരെയുള്ള പീഡന പരാതി ഉയര്‍ന്നുവന്നത്. പരാതി ആദ്യം ഗൗരവമായി കാണാതിരുന്ന പാര്‍ട്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴാണ് അന്വേഷണ കമ്മിഷനെ വെച്ചതും റിപ്പോര്‍ട്ട് തയ്യാറാക്കിയതും. പി കെ ശ്രീമതിയും മന്ത്രി എ കെ ബാലനുമാണ് അന്വേഷണ കമ്മിഷന് അംഗങ്ങള്‍ .
ഇരുവരുടേയും റിപ്പോര്‍ട്ടില്‍ ഇരയായ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയും ശശി തെറ്റുകാരനല്ലെന്ന രീതിയിലുമാണ് അവതരിപ്പിച്ചിട്ടുള്ളത്. അന്വേഷണത്തില്‍ തെറ്റുകാരനെന്ന് കണ്ട് ശശിയെ ആറുമാസത്തേക്ക് പാര്‍ട്ടി ചുമതലയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
Comments