മൂന്ന് സംസ്ഥാനങ്ങളിലെ കനത്ത തോല്‍വിയുടെ ജാള്യത മറച്ചു വെക്കാന്‍ രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷമായ വംശീയാധിക്ഷേപം നടത്തി ബിജെപി നേതാവ് കൈലാഷ് വിജയ വര്‍ഗിയ. ഒരു വിദേശിയായ സ്ത്രീക്ക് ജനിച്ച സന്തതിക്ക് ഒരിക്കലും ദേശഭക്തരാകാനാകില്ലെന്നും, ഹൃദയത്തില്‍ തൊടുന്ന ദേശീയ താത്പര്യം അവര്ക്കുണ്ടാവില്ലെന്നുമാണ് നേതാവിന്റെ വിമര്‍ശനം. തന്റെ ട്വിറ്ററിലൂടെയാണ് വിജയവര്‍ഗിയ രാഹുലിനെതിരെ വംശീയാധിക്ഷേപം നടത്തിയത്.
ഇറ്റലിയില്‍ ജനിച്ച സോണിയാ ഗാന്ധിയുടെയും അവരുടെ മകനായ രാഹുല്‍ ഗാന്ധിയുടെയും ദേശഭക്തിയെ ഉന്നം വെച്ചുകൊണ്ടായിരുന്നു വിജയവര്‍ഗിയുടെ ട്വീറ്റ്. എന്നാല്‍ ഈ ട്വീറ്റിനോട് കോണ്‍ഗ്രസ്സിന്റെ വിവിധ നേതാക്കള്‍ രൂക്ഷമായി തന്നെ പ്രതികരിച്ചു. മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നുള്ള മുറിവ് ആഴമേറിയതായതിനാല്‍ അദ്ദേഹത്തിന് മാനസികാരോഗ്യ ചികിത്സ ലഭ്യമാക്കണമെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിയുടെ മറുപടി ട്വീറ്റ്.
ഇതിനു മുമ്ബും വിവാദ പരാമര്‍ശങ്ങള്‍ നടത്തി വിമര്‍ശനം നേരിട്ട വ്യക്തിയാണ് വിജയവര്‍ഗിയ. ചില സീമകള്‍ ലംഘിക്കുന്ന സ്ത്രീകള്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ബലാത്സംഗത്തെ ന്യായീകരിച്ചു കൊണ്ട് 2013ല്‍ ഇദ്ദേഹം സംസാരിച്ചത് വന്‍ വിവാദമായിരുന്നു.
രാജ്യസ്നേഹിയാണെങ്കില്‍ ഷാരൂഖ് ഖാന്റെ റയീസ് സിനിമയെയല്ല ഹൃത്വിക് റോഷന്റെ കാബിലിനെയാണ് പിന്തുണക്കേണ്ടതെന്നുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവനയും വിവാദമായിരുന്നു. റയീസ് നമ്മുടെ രാജ്യത്തിന്റെ ചിത്രമല്ല, നമ്മള് യഥാര്‍ഥ രാജ്യസ്നേഹിയാണെങ്കില്‍ കാബിലിനെ പിന്തുണയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ ആഹ്വാനം.
Comments