കൊച്ചി നഗരത്തിലെ സിനിമാ നടിയുടെ ആഡംബര ബ്യൂട്ടിപാര്‍ലറിനു നേരെയുണ്ടായ വെടിവയ്പിനു പിന്നില്‍ മുംബൈ കേന്ദ്രീകരിച്ച അധോലോക സംഘമെന്ന് സംശയിക്കുന്നതായി പോലീസ്. മുംബൈ കേന്ദ്രീകരിച്ചുള്ള സംഘങ്ങളിലേക്ക് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
നടി ലീന മരിയ പോളിന്റെ സാമ്ബത്തിക ഇടപാടുകളില്‍ അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചു. മൊഴിയെടുപ്പിന് ഹാജരാകാനായി ലീനയോട് പോലീസ് നിര്‍ദേശിക്കുകയും ചെയ്തു. അക്രമികളെ കണ്ടെത്താന്‍ ലീനയുടെ മൊഴികള്‍ കേസില്‍ നിര്‍ണായകമാണ്.
ഇപ്പോള്‍ ഹൈദരാബാദിലുള്ള ലീനയോട് ഉടന്‍ കൊച്ചിയിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, നഗരത്തിലെ സ്ഥിരം ക്രിമിനലുകളടക്കമുളളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതികളിലേക്ക് കൃത്യമായി എത്താന്‍ പോന്ന വിവരങ്ങളൊന്നും ഇനിയും പൊലീസിന് കിട്ടിയിട്ടില്ല.
ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നടി ലീന മരിയ പോളിന് ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ ചുവടു പിടിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്. മുംബൈ അധോലോക നായകന് രവി പൂജാരിയുടെ പേരിലാണു ലീനയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നത്. ഇരുപത്തിയഞ്ച് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി.
ഈ ഭീഷണി അവഗണിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതികാര നടപടിയാകാം വെടിവയ്പ്പെന്ന നിഗമനത്തിലൂന്നിയാണു പ്രാഥമികാന്വേഷണം. എന്നാല്‍ ഇതിനു പുറമെ മറ്റു സാധ്യതകളും പൊലീസ് തേടുന്നുണ്ട്. ലീനയുമായി സാമ്ബത്തിക ഇടപാടുകള്‍ നടത്തുന്നവരെയും അടുത്തിടെ നടിയുമായി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നവരെയും കുറിച്ചുളള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. അതേസമയം, ശബ്ദം മാത്രം കേള്‍ക്കുന്ന തരത്തിലുള്ള എയര്‍ പിസ്റ്റളാണ് ഉപയോഗിച്ചതെന്നാണ് പോലീസിന്റെ സംശയം.
Comments