വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കുകയാണ്. ഉദ്ഘാടനച്ചടങ്ങിൽ നിന്ന് സ്ഥലം മേയറെയും എംഎൽഎമാരെയും ഒഴിവാക്കിയത് വിവാദമായി. മന്ത്രി മേഴ്സിക്കുട്ടിയമ്മയുൾപ്പടെയുള്ളവർ ഇതിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു. ഇതിന് പിന്നിൽ എം കെ പ്രേമചന്ദ്രനാണെന്നും മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. പ്രധാനമന്ത്രിയെക്കൂടാതെ ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പടെ 12 പേർക്കാണ് വേദിയിൽ ഇരിപ്പിടമുള്ളത്. കൊല്ലം എംഎൽഎ മുകേഷിനൊപ്പം നേമം എംഎൽഎ ഒ രാജഗോപാലാണ് വേദിയിലുള്ളത്. ബിജെപി രാജ്യസഭാ എംപിമാരായ സുരേഷ്ഗോപിയും വി മുരളീധരനും വേദിയിൽ ഇടമുണ്ട്. മറ്റ് എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, കെ സോമപ്രസാദ് എന്നിവരും വേദിയിലുണ്ടാകും. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് പുറമേ മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ, ജി സുധാകരൻ, കെ രാജു എന്നിവർക്കും വേദിയിലിടമുണ്ട്. ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങിന്‍റെ വേദിയിൽ നിന്ന് ബൈപ്പാസ് കടന്നുപോകുന്ന മണ്ഡലങ്ങളിലെ ഇടത് എംഎൽഎമാരെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇരവിപുരം എംഎൽഎ എം നൗഷാദിനെയും ചവറ എംഎൽഎ എൻ വിജയൻ പിള്ളയെയുമാണ് ഒഴിവാക്കിയതായി ആരോപണമുയരുന്നത്.
Comments