സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസ് സാധാരണ പരിശോധിക്കാറില്ല. പാര്‍ട്ടികള്‍ അന്വേഷണവുമായി സഹകരിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
വിഷയം സബ്മിഷനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയില്‍ അവതരിപ്പിച്ചത്. റെയ്ഡ് നിയമപരമാണ്. എസ്.പി. ചൈത്ര തെരേസ ജോണിനെതിരെ നടപടി എടുത്താല്‍ പോലീസ് സേനയുടെ ആത്മവീര്യം തകരുകയും തെറ്റായ സന്ദേശം നല്‍കുകയും ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
ഈ വാദം മുഖ്യമന്ത്രി പൂര്‍ണ്ണമായും തള്ളി. നമ്മുടെ നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസ് ഇത്തരത്തിലുള്ള പരിശോധനകള്‍ നടത്താറില്ല. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളിലൊന്നാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സ്വതന്ത്രമായ പ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യം. അത്തരം സ്ഥാപനങ്ങളെ സംരക്ഷിച്ച് കൊണ്ടുപോകുക എന്നത് പോലീസിന്റെ ചുമതലയാണ്.
പോലീസ് അന്വേഷണത്തില്‍ ഏത് രാഷ്ട്രീയപാര്‍ട്ടിയുടെ നേതാക്കളാണെങ്കിലും സഹകരിക്കാറുള്ള സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് ജനാധിപത്യസമൂഹത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍ ഒന്നാണ്. അതിന് കോട്ടംതട്ടുന്ന രീതിയില്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments