പ്രളയാനന്തരപുനർനിർമാണത്തിന് 25 പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. പ്രളയസഹായം വെട്ടിച്ചുരുക്കിയ കേന്ദ്രസർക്കാരിനെ ധനമന്ത്രി തോമസ് ഐസക് രൂക്ഷമായി വിമർശിച്ചു. പ്രളയകാലത്ത് സഹായിച്ച സൈനികവിഭാഗങ്ങൾക്ക് നന്ദിയും പറഞ്ഞു. രണ്ട് മാസത്തെ ചർച്ചകൾക്ക് ശേഷം 1800 രൂപ വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. എന്തിന് കേരളത്തോട് ഈ ക്രൂരത? ഈ സമീപനം സംസ്ഥാനസർക്കാരിനെ സാമ്പത്തികപ്രതിസന്ധിയിലാക്കി. ആറായിരത്തിൽപ്പരം കോടി രൂപ വായ്പ ഇനത്തിൽ സമാഹരിക്കാനായിരുന്നു പദ്ധതി. ചരിത്രത്തിലേറ്റവും വലിയ പ്രളയം നേരിട്ട കേരളത്തെ കര കയറ്റാൻ വായ്പാ പരിധി ഉയർത്തണമെന്നാവശ്യപ്പെട്ടു. എന്നാൽ ഇത് അനുവദിക്കപ്പെട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ 3229 കോടി രൂപ കിട്ടി. ഇതിനകം നിധിയിൽ നിന്ന് 1732 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതിന് പുറമേ വീട് നിർമാണത്തിന്, വായ്പാസഹായം ഉൾപ്പടെയുള്ള ചെലവുണ്ട്, പുനർനിർമാണത്തിന് ആയിരം കോടി രൂപ അനുവദിച്ചു. കൃഷി ഉൾപ്പടെയുള്ള വരുമാനമാർഗവും തകർച്ചയിലായി. ജീവനോപാധികൾ കണ്ടെത്താൻ ഒരു വാർഷികപദ്ധതി നടപ്പാക്കും. ഇതിനായി 118 സ്കീമുകളുണ്ട്. ഇതിനായി 4700 കോടി രൂപ വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനവിഹിതമായി 210 കോടി രൂപ വകയിരുത്തി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം 75 കോടിയാക്കി. ഈ വർഷത്തെ ജില്ലാ ക്രെഡിറ്റ് സ്കീമുകളുടെ വിഹിതം കൂട്ടി. ഇതിൽ 75 ശതമാനം കൃഷിക്ക് സഹായം നൽകുന്നെന്ന് ഉറപ്പ് വരുത്തും. 20 ശതമാനം ചെറുകിട വ്യവസായമേഖലയ്ക്ക്. പ്രളയബാധിതപഞ്ചായത്തുകൾക്കായി 250 കോടി രൂപ വകയിരുത്തി.
Comments