ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ക്ഷേമ പദ്ധതികൾക്കാണ് പ്രധാന്യം കൊടുക്കുന്നത്. തദ്ദേശസ്വയം ഭരണ സ്ഥാപങ്ങളുടെ പ്ലാൻ ഫണ്ടിന്‍റെ അഞ്ച് ശതമാനമായ 375 കോടി രൂപ വയോജനക്ഷേമത്തിന് നീക്കി വയ്ക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. എല്ലാ പഞ്ചായത്തിലും രണ്ടോ മൂന്നോ വാർഡുകളിൽ പകൽവീടുകൾ ഉണ്ടാക്കും. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇവ പ്രവർത്തിക്കുക. പകൽവീടുകളുടെ നടത്തിപ്പ് ചെലവ് വയോജനഫണ്ടിൽ നിന്നെടുക്കാം. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇരുപതിനായിരം വയോജന അയൽക്കൂട്ടങ്ങൾ രൂപീകരിക്കും. ഇതിനായി ഓരോ അയൽക്കൂട്ടത്തിനും 5000 രൂപ ധനസഹായം നൽകും. ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങളെ സ്നേഹിത കാളിങ് ബെൽ പദ്ധതിയിൽ ഉൾപ്പടുത്തും. കുടുംബശ്രീ പ്രവർത്തകർ ഇവരെ സന്ദർശിക്കും, സംരക്ഷണം ഉറപ്പാക്കുകയും ചെയ്യും. 65 വയസ്സ് കഴിഞ്ഞവരെ കാരുണ്യ സാർവത്രിക ആരോഗ്യ സുരക്ഷപദ്ധതിയിൽ ഉൾക്കൊള്ളിച്ച് കൂടുതൽ ചികിത്സാസഹായം നൽകും. സാമൂഹ്യക്ഷേമ വകുപ്പിന്‍റെ സായംപ്രഭ, വയോമിത്രം എന്നീ പദ്ധതികൾക്ക് 30 കോടി രൂപയും ആശുപത്രികൾ വയോജന സൗഹൃദമാക്കാൻ 10 കോടി രൂപയും നീക്കി വയ്ക്കും. വയോജനങ്ങൾക്കായി അധിക ശാരീരിക അധ്വാനം ആവശ്യമില്ലാത്ത തൊഴിൽ ഗ്രൂപ്പുകൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ രൂപീകരിക്കും. ക്ഷേമ പെൻഷനുകളെല്ലാം പ്രതിമാസം നൂറ് രൂപ വീതം വർദ്ധിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
Comments