കേരളത്തില്‍ രണ്ടുമാസത്തിനകം പെട്രോനെറ്റ് എല്‍എന്‍ജി നാല് ചെറുകിട പ്രകൃതിവാതക വിതരണസ്‌റ്റേഷനുകള്‍ ആരംഭിക്കുമെന്ന് കമ്പനി എംഡിയും സിഇഒയുമായ പ്രഭാത് സിങ് പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിന്റെ 'മീറ്റ് ദി പ്രസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, എറണാകുളം, എടപ്പാള്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് വിതരണസ്‌റ്റേഷനുകള്‍. രണ്ടു മാസത്തിനകം ഇതിന് അന്തിമരൂപമാകും.
ഇപ്പോള്‍ എല്‍എന്‍ജിക്കു കൂടുതല്‍ ആവശ്യക്കാരുള്ള ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ എല്‍എന്‍ജി സ്‌റ്റേഷനുകള്‍ പൂര്‍ത്തിയായാല്‍ അടുത്ത ശ്രദ്ധ കേരളത്തിലാകും. കൊച്ചിയില്‍ മാര്‍ച്ച് അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് എല്‍എന്‍ജി ബസുകള്‍ പെട്രോനെറ്റ് തന്നെ രൂപകല്‍പ്പന നടത്തി പുറത്തിറക്കും.
എല്‍എല്‍ജിയിലേക്ക് മാറാന്‍ ചെലവ് അല്‍പ്പം കൂടുമെങ്കിലും ഉയരുന്ന എണ്ണവിലയും ദൗര്‍ലഭ്യവും കണക്കിലെടുക്കുമ്പോള്‍ ഭാവിയില്‍ വലിയ ലാഭമാകും. പരിസ്ഥിതി സൗഹൃദവാതകമായതിനാല്‍ ഭാവിയില്‍ ബസുകളും ട്രക്കുകളും എല്‍എന്‍ജി അധിഷ്ഠിതമാകുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ കൊച്ചിയിലെ എല്‍എന്‍ജി ടെര്‍മിനല്‍ സ്ഥാപിതശേഷിയുടെ എട്ടുമുതല്‍ 10 ശതമാനംവരെ മാത്രമാണ് ഉപയോഗിക്കുന്നത്. കൊച്ചി- മംഗളുരു പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ശൃംഖല മേയില്‍ പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷ ഉപയോഗം 40 ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗ്യാസ് പൈപ്പ്‌ലൈന്‍ പ്രവൃത്തികള്‍ ഏതാനും വര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം മുഖ്യമന്ത്രി മുന്‍കൈയെടുത്തതോടെയാണ് പദ്ധതി വേഗത്തിലായത്. ഇതിന് സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. വാതക പൈപ്പ്‌ലൈന്‍ യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിന് ഭാവിയില്‍ വലിയ നേട്ടം കൊയ്യാനാകും. കൂറ്റനാട്-ബംഗളൂരു പൈപ് ലൈന്‍കൂടി കമീഷന്‍ ചെയ്യുന്നതോടെ ദേശീയ പൈപ്പ്‌ലൈന്‍ ശൃംഖലയുടെ ഭാഗമാകാന്‍ കഴിയും.
Comments