പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയെ ഉപയോഗപ്പെടുത്തിയതിന് 102.6 കോടി രൂപ കേരളത്തിന് ബില്ല് നല്‍കി കേന്ദ്രസര്‍ക്കാര്‍. ബില്‍ സംസ്ഥാനത്തിന് അയച്ചതായി കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ രാജ്യസഭയെ അറിയിച്ചു. എളമരം കരീം എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഭാംറെ.
ജീവന്‍ രക്ഷിച്ചതടക്കമുള്ള കാര്യങ്ങള്‍ ചെയ്തതിനാണ് ബില്‍. നേരത്തെ പ്രളയ സമയത്ത് നല്‍കിയ അരിയ്ക്കും മണ്ണെണ്ണയ്ക്കും കേന്ദ്ര ഭക്ഷ്യമന്ത്രാലയം കണക്ക് പറഞ്ഞ് ബില്‍ നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ അവസാന ബജറ്റിലും ഒരു പദ്ധതി പോലും കേരളത്തിനായി പ്രഖ്യാപിക്കാതെയും കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചിരുന്നു.
നേരത്തെ നാവികസേനയുടെ സഹായത്തിന് മാത്രമാണ് തുക നല്‍കേണ്ടതെന്ന് അറിയിച്ചിരുന്നെങ്കിലും ബില്‍ അവതരിപ്പിച്ചതോടെ പ്രളയസമയത്ത് കേന്ദ്ര സഹായത്തിനെല്ലാം കാശ് നല്‍കേണ്ട അവസ്ഥയാണ്. കേരളം അടിയന്തിരമായി ആവശ്യപ്പെട്ട തുകപോലും കേന്ദ്രം മുഴുവനായി നല്‍കിയില്ല. വാഗ്ദാനം നല്‍കിയ തുകയുടെ പകുതിമാത്രമാണ് ഇപ്പോഴും നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഓരോ സഹായത്തിനും പ്രത്യേക ബില്ലുകള്‍ അയക്കുന്നത്.
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേന വിമാനങ്ങള്‍ 517 തവണയും ഹെലിക്കോപ്ടറുകള്‍ 634 തവണയും പറന്നു. 3787 പേരെ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. വ്യോമസേന വിമാനങ്ങളില്‍ 1350 ടണ്‍ ലോഡും, ഹെലിക്കോപ്ടറുകളില്‍ 584 പേരെയും 247 ടണ്‍ ലോഡും കയറ്റിയതായി മന്ത്രി വ്യക്തമാക്കി.
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേനയുടെ വിമാനങ്ങളും ഹെലിക്കോപ്ടറുകളും ഉപയോഗിച്ചതിന് ഏകദേശം 102.6 കോടിയുടെ ബില്‍ കേരള സര്‍ക്കാരിന് അയച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടായിട്ടുള്ള ചെലവുകളുടെ വിവരങ്ങള്‍ സൈന്യവും നാവികസേനയും തയ്യാറാക്കിവരുന്നുണ്ടെന്നും ഇതിന്റെ ബില്ല് ഉടനെ അയക്കുമെന്നും ഭാംറെ അറിയിച്ചു.
Comments